ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.

0
408

മത്സ്യത്തൊഴിലാളികളെ ഒട്ടും തന്നെ മാനിക്കാത്ത ബാല്യമായിരുന്നു എൻ്റേത്.തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളോടൊപ്പം പഠിച്ചിട്ടുണ്ട്.അവരുടെ ‘കടപ്പുറം സ്ലാങ്ങിനെ’ കൂട്ടം ചേർന്ന് പലതവണ പരിഹസിച്ചിട്ടുണ്ട്.

‘ചെമ്മീൻ’ എന്ന സിനിമയിലെ ഷീലയുടെ ‘കൊച്ചുമുതലാളി ഡയലോഗിനെ’ ആസ്പദമാക്കി ഇറങ്ങിയ തമാശകൾ ഫോർവേഡ് ചെയ്ത് രസിച്ചിട്ടുണ്ട്.കടപ്പുറത്ത് ജീവിക്കുന്നവർ സംസ്കാരമില്ലാത്തവരാണെന്ന് മുതിർന്നവർ പറയുമ്പോൾ നിശബ്ദത പാലിച്ചിട്ടുണ്ട്.

വളർന്നപ്പോൾ ഇതെല്ലാം ഒാർത്ത് ലജ്ജ തോന്നിയിട്ടുണ്ട്.ആ ലജ്ജ അതിൻ്റെ പാരമ്യത്തിലെത്തിയത് പ്രളയം വന്നപ്പോഴാണ്.ഒരു ജനത എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ ബോട്ടുകളുമായി രണ്ടും കല്പിച്ചിറങ്ങിയ പച്ച മനുഷ്യരെ കണ്ടപ്പോഴാണ് !

അരലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾക്ക് മലയാള മനോരമയുടെ 2018ലെ ന്യൂസ്മേക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നു.കഴിഞ്ഞ 12 വർഷങ്ങളായി മനോരമ ഈ അവാർഡ് നൽകുന്നുണ്ട്.ആദ്യമായിട്ടാണ് ഒരു സമൂഹം ഈ നേട്ടം കരസ്ഥമാക്കുന്നത്.അതും കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ അനവധി പ്രമുഖരെ പിന്തള്ളിക്കൊണ്ട് !

ഈ അംഗീകാരം നമ്മുടെ ഒൗദാര്യമൊന്നുമല്ല.മത്സ്യത്തൊഴിലാളികൾ അത് നേടിയെടുത്തത് തന്നെയാണ്.അംഗീകരിക്കാനും ബഹുമാനിക്കാനും ഏറ്റവും പ്രയാസമുള്ള മലയാളിയ്ക്ക് ഇവിടെ വേറെ വഴിയില്ലായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തെ പ്രകീർത്തിക്കുന്ന ഒരു പരസ്യം ഇൗയിടെ പുറത്തിറങ്ങിയിരുന്നു.അത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയിരുന്നു.

ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള ലൈസൻസ് നേടിയ രേഖയും സ്ത്രീകൾക്ക് ബോട്ടിൽക്കയറാൻ തൻ്റെ പുറം ചവിട്ടുപടിയാക്കിയ ജൈസലും ആ കമ്മ്യൂണിറ്റിയുടെ അഭിമാനസ്തംഭങ്ങളാണ്.

സ്ത്രീ ദുർബലയാണെന്ന മുടന്തൻ ന്യായം പറഞ്ഞ് അവർക്ക് തൊഴിലിടങ്ങളും അവസരങ്ങളും നിഷേധിക്കുന്നവർക്ക് കിട്ടിയ മുഖമടച്ചുള്ള അടിയാണ് രേഖ.ജൈസലാണെങ്കിൽ മനുഷ്യത്വത്തിൻ്റെ അവസാന വാക്കും…

ഇങ്ങനെയൊക്കെയാണെങ്കിലും മത്സ്യത്തൊഴിലാളികളെ പുച്ഛിക്കാൻ പലർക്കും ഒരു മടിയുമില്ല.ജൈസലിൻ്റെ പ്രവൃത്തി പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞവരുണ്ട്.രേഖ ‘അടക്കവും ഒതുക്കവും’ ഇല്ലാത്ത പെണ്ണാണെന്ന് അഭിപ്രായപ്പെട്ട കുലപുരുഷൻമാരും കുലസ്ത്രീകളുമുണ്ട് !

ഹർത്താൽ സമയത്ത് പാവങ്ങളായ മത്സ്യത്തൊഴിലാളികളെയും വെറുതെ വിട്ടിരുന്നില്ല.അവരെ ആക്രമിച്ചും അവരുടെ അന്നമായ മീനുകളെ റോഡിലിട്ട് ചവിട്ടിയരച്ചും ചിലർ പ്രത്യുപകാരം ചെയ്തു !

പ്രളയസമയത്ത് കൈവരിച്ച ഒരുമയെ കാറ്റിൽപ്പറത്തിക്കൊണ്ട് കേരളീയർ തമ്മിൽത്തല്ലി.ജാതിയും മതവും നോക്കാതെ മനുഷ്യരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കു നേരെ കൊഞ്ഞനം കാണിച്ചു!

അമ്പതുരൂപയ്ക്ക് മീൻ വാങ്ങാൻ പോവുമ്പോൾ കൃത്യം അമ്പതുരൂപയെടുത്ത് പോക്കറ്റിലിടുന്ന ആളുകളെ എനിക്കറിയാം.കാരണം നൂറു രൂപ കൊടുത്താൽ ബാക്കിയുള്ള അമ്പതുരൂപ വാങ്ങേണ്ടിവരും.മീൻനാറ്റമുള്ള നോട്ട് നമ്മുടെ ചുളിയാത്ത ഷർട്ടിൻ്റെ പോക്കറ്റിലിടേണ്ടിവരും.അങ്ങനെ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് !!

ഈ പുരസ്കാരം കൊണ്ട് തിരസ്കാരങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല.എങ്കിലും ഒത്തിരിയൊത്തിരി നന്ദികേടുകൾക്കിടയിൽ ഇതുപോലുള്ള അംഗീകാരങ്ങൾ വലിയ ആശ്വാസം തന്നെ…

Written by-Sandeep Das