ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് പുതിയ തെളിവുകള്‍

0
154

Saneesh Elayadath

ഗോഡ്‌സെ ആര്‍എസ്എസുകാരന്‍ തന്നെയായിരുന്നു എന്നതിന് കാരവന്‍ മാസിക പുതിയ കുറച്ച് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ധീരേന്ദ്ര കെ ഝാ എഴുതിയ ദീര്‍ഘമായ ലേഖനം ഇക്കാര്യത്തില്‍ വലിയ വിവരങ്ങള്‍ നല്‍കുന്നതാണ്.1938 വരെയേ ഗോഡ്‌സെ ആറെസ്സെസ്സുകാരനായിരുന്നുള്ളൂ എന്നാണ് ”ഹിന്ദുത്വ മൈനസ് ഗോഡ്‌സെ”ക്കാര്‍ എന്നഭിനയിക്കുന്നവര്‍ പറയുക. ആ വര്‍ഷം ഗോഡ്‌സെ ഹിന്ദു മഹാസഭയില്‍ ചേര്‍ന്നു എന്ന്. ഗാന്ധിയെ കൊന്നത് ഹിന്ദു മഹാസഭക്കാരനായ ഗോഡ്‌സെയാണ് ,അതിനാല്‍ ആറെസ്സെസ്സിന് ഇക്കാര്യത്തില്‍ പങ്കില്ല എന്ന്. അത് കള്ളമാണ്, ഗോഡ്‌സെ എക്കാലത്തും ആറെസ്സെസ്സുകാരന്‍ തന്നെയായിരുന്നു എന്നാണ് ധീരേന്ദ്ര തെളിവ് നല്‍കി എഴുതുന്നത്.

1938ല്‍ ഹിന്ദു മഹാസഭയില്‍ ചേര്‍ന്നു എങ്കിലും ഗോഡ്‌സെ ആറെസ്സെസ്സിലെയും അംഗമായിരുന്നു. ഇരട്ട അംഗത്വം. ഇരു സംഘടനകളിലും അംഗത്വമുണ്ടായിരുന്ന നിരവധി പേര്‍ അക്കാലത്ത് രണ്ട് സംഘടനകളിലും ഉണ്ടായിരുന്നു. ഇരു സംഘടനകളുടെയും നേതൃത്വം രണ്ടിലും ഒരേ സമയം പ്രവര്‍ത്തിക്കാന്‍ അംഗങ്ങളെ അനുവദിച്ചിരുന്നു.പ്രധാന തെളിവ് ഇതാണ്. 1940ല്‍ ആറെസ്സെസ്സിന്റെ പ്രവിശ്യാ മീറ്റിംഗില്‍ ഗോഡ്‌സെ പങ്കെടുത്തിരുന്നു. 1938ലാണ് അയാള്‍ ഹിന്ദുമഹാസഭയില്‍ ചേരുന്നത് എന്ന് ഓര്‍ക്കണം. അതിന് രണ്ട് വര്‍ഷത്തിന് ശേഷം 1940 മെയില്‍ ബോംബെയില്‍ ചേര്‍ന്ന ആറെസ്സെസ്സിന്റെ പ്രധാന യോഗത്തില്‍ അയാള്‍ പങ്കെടുത്തിരുന്നു. ആ യോഗത്തിന്റെ മിനിട്‌സില്‍ മൂന്നാമനായി കാണുന്ന പേര് ഗോഡ്‌സെയുടേതാണ്. ”എന്‍ വി ഗോഡ്‌സെ , ടെയ്‌ലര്‍” എന്ന്. എട്ട് പേജുള്ള ആ ഡോക്യുമെന്റില്‍ ആര്‍എസ്എസ്എസ് ഓര്‍ഗനൈസേഴ്‌സ് ഓഫ് പൂന എന്ന പേരിലുള്ള പട്ടികയില്‍ മൂന്നാമനാണ് ഗോഡ്‌സെ. മറ്റ് പേരുകാര്‍ ഇവര്‍. തത്യാറാവു സവര്‍ക്കര്‍ ( വി ഡി തന്നെ), കാശിനാഥ് പന്ത് ലിമായ, ഡോ. ഹെഡ്‌ഗേവാര്‍, മാധവ് റാവു ഗോള്‍വാള്‍ക്കര്‍, ബാപുര്‍ സാഹെബ് സൊഹോനി, അപ്പാജി ജോഷി .

ഗോഡ്‌സെയ്‌ക്കൊപ്പമുള്ള മറ്റ് പേരുകാരെ നമുക്ക് അറിയാം, സംഘപരിവാരത്തിന്റെ നേതൃശ്രേണിയിലെ ഏറ്റവും പ്രധാന പേരുകാര്‍ ഉണ്ട് അവരില്‍. 1938ല്‍ ഹിന്ദു മഹാസഭയില്‍ ചേര്‍ന്ന ശേഷവും മറ്റ് അതിപ്രധാനനേതാക്കള്‍ക്കൊപ്പം ബോംബെ പ്രവിശ്യാ യോഗത്തില്‍ പൂനെയില്‍ നിന്നുള്ള നേതാക്കളുടെ കൂട്ടത്തിലെ മൂന്നാം പേരുകാരനായി പങ്കെടുക്കാന്‍ സാധിക്കും വിധം അതിശക്തമായ സ്ഥാനമുള്ള ആറെസ്സെസ്സ് നേതാവ് തന്നെയായിരുന്നു ഗോഡ്‌സെ എന്ന് ഈ ലേഖനത്തില്‍ ധീരേന്ദ്ര കെ ഝാ പറയുന്നു. ഡെല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ ലൈബ്രറിയുടെ റെക്കോര്‍ഡ് സെക്ഷനില്‍ ”എന്‍ വി ഗോഡ്‌സെ , ടെയ്‌ലര്‍” എന്ന പേരുള്ള ആ ആര്‍എസ്എസ് മീറ്റിംഗിന്റെ രേഖ ഇപ്പോഴുണ്ട്. അയാള്‍ തീവ്രവാദരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ കാലത്ത് തന്നെ ഒരു തുന്നല്‍ക്കടയും നടത്തിയിരുന്നു. അത് കൊണ്ടാണ് പേരിനൊപ്പം ടെയ്‌ലര്‍ എന്ന് കൂടെ മിനുട്‌സില്‍ വന്നത്.
തീര്‍ന്നില്ല.

1949 നവംബര്‍ 15ന് തൂക്കിക്കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് ആ തീവ്രവാദി ചൊല്ലിയത് ആര്‍എസ്എസിന്റെ പ്രാര്‍ഥനാ ഗീതം ആയിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. ”നമസ്‌തേ സദാ വല്‍സലേ മാതൃഭൂമേ” എന്ന് തുടങ്ങുന്നത്. ഇന്നും ആറെസ്സെസ്സുകാര്‍ ചൊല്ലുന്ന ഔദ്യോഗിക പ്രാര്‍ഥനാഗീതമാണത്. ഇവിടെ ഓര്‍ക്കേണ്ട കാര്യം 1939ല്‍ മാത്രമാണ് ഈ പാട്ട് ആറെസ്സെസ്സ് ഔദ്യോഗിക പ്രാര്‍ഥനാ ഗീതമായി നിശ്ചയിച്ചത് എന്നതാണ്. ( 1940 മെയിലാണ് ആദ്യമായി ആലപിക്കപ്പെട്ടത് എന്നും യൂട്യൂബില്‍ ചിലയിടങ്ങളില്‍ കാണുന്നു. ) എന്തായാലും 1938ല്‍ തന്നെ ആറെസ്സെസ്സ് വിട്ട ഗോഡ്‌സെ പിറ്റേക്കൊല്ലം മാത്രം ഔദ്യോഗികഗീതമാക്കിയ പാട്ട് 1949ല്‍ മരിക്കുന്നതിന് തൊട്ട് മുമ്പ് ചൊല്ലി എന്നത് സംഘടനയും ഗോഡ്‌സെയും തമ്മിലുള്ള ബന്ധം എന്തെന്ന് വെളിവാക്കുന്നതാണ് ,ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് തെളിവുകളുമുണ്ട്. ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ 1994ല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍. ഗോഡ്‌സെ ഒരിക്കലും ആര്‍എസ് എസ് വിട്ടിരുന്നില്ല. ഞങ്ങള്‍ എല്ലാ സഹോദരങ്ങളും എക്കാലത്തും ആറെസ്സെസ്സായിരുന്നു. ഗോഡ്‌സെയ്ക്ക് ആര്‍എസ്എസ് സ്വന്തം വീട് പോലെയായിരുന്നു.ഗോപാല്‍ ഗോഡ്‌സെ അതില്‍ പറയുന്നുണ്ട്.( ഇത് നേരത്തെ തന്നെ അറിയാവുന്ന സംഗതി)ഇപ്പറഞ്ഞവയില്‍ ഏറ്റവും പ്രധാനം നെഹ്രു ലൈബ്രറിയിലെ ആ രേഖയാണ്. സംഘപരിവാറിന്റെ പ്രമുഖ നേതാക്കള്‍ക്കൊപ്പം 1940 മെയിലെ യോഗത്തിന്റെ , എന്‍ വി ഗോഡ്‌സെ, ടെയ്‌ലര്‍ എന്ന് പേര് രേഖപ്പെടുത്തപ്പെട്ട ആ മിനുട്‌സ്. ഈ ലേഖനം വായിക്കുമ്പോള്‍ ഉള്ളില്‍ നിഗൂഢമായി അഭിമാനം അനുഭവിക്കുന്ന സംഘമനസ്സുകളെ സങ്കല്‍പ്പിക്കാനാവുന്നതേയുള്ളൂ, പുറത്ത് അവരീ തെളിവുകളെയും ലേഖനത്തെയും നിഷേധിക്കുമെങ്കിലും.