Malayalam Cinema
പാട്ടെഴുതാൻ റൂമിലേക്കുപോയ ഗിരീഷ് പുത്തഞ്ചേരിയെ ഏറെനേരമായിട്ടും കണ്ടില്ല, കമൽ ചെന്ന് നോക്കിയപ്പോൾ
കമൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സംഗീതസംവിധാനം ജോൺസൺ മാഷാണ്. പാട്ട് എഴുതാൻ ഒരാള് വേണം. സ്വാഭാവികമായും കമൽ ജോൺസൺ മാഷിനോട് ആര് വേണം എന്ന് ചോദിച്ചു.
398 total views

കമൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സംഗീതസംവിധാനം ജോൺസൺ മാഷാണ്. പാട്ട് എഴുതാൻ ഒരാള് വേണം. സ്വാഭാവികമായും കമൽ ജോൺസൺ മാഷിനോട് ആര് വേണം എന്ന് ചോദിച്ചു. ‘ഗ്രാമാന്തരീക്ഷത്തിൽ ഒരുങ്ങുന്ന കഥ അല്ലേ, അതുകൊണ്ട് തന്നെ ഗിരീഷ് ആയിരിക്കും നല്ലത്’ എന്ന് മാഷ് മറുപടി കൊടുത്തു. ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെ മുൻപ് പടം ഒന്നും ചെയ്തിട്ടില്ലാത്ത കമൽ ഒന്ന് മടിച്ചു. ശാഠ്യക്കാരൻ, മദ്യപാനി തുടങ്ങിയ പട്ടങ്ങൾ ഗിരീഷിന് ആവോളം ഉണ്ടല്ലോ, അതുകൊണ്ട് തന്നെ അയാള് വേണോ എന്നായിരുന്നു കമലിന്റെ സംശയം. ‘അതൊന്നും ശ്രദ്ധിക്കണ്ട, ഗിരീഷ് മതി’ എന്ന ജോൺസൺ മാഷിന്റെ വാക്കിന് കമൽ ഒടുവിൽ സമ്മതം മൂളി.
“ദേവകന്യക സൂര്യ തംബുരു മീട്ടുന്നു,
സ്നേഹ കോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു…”❤️
ഈ ടൈറ്റിൽ സോങ്ങിന്റെ അതേ ഈണത്തിൽ ഒരു സന്ധ്യ പ്രാർത്ഥന കൂടെ വേണം. നായികാ കഥാപാത്രങ്ങൾ ചൊല്ലുന്ന ഒരു കീർത്തനം. എന്നാ പിന്നെ അത് കൂടി എഴുതിക്കോളൂ എന്ന് പറഞ്ഞ കമലിനെ സത്യത്തിൽ ഞെട്ടിച്ച വരികളായിരുന്നു പിന്നീട് വന്നത്.
“ശ്രീലലോലയാം സന്ധ്യാ ദേവിക്കു വന്ദനം,
കാർത്തിക ദീപം ചാർത്തി നേരും നമസ്കാരം” ❤️
ചുറ്റുപാട് നിന്നും കണ്ടതും കേട്ടതുമായ കാര്യങ്ങൾ തന്റെ സൃഷ്ടിയിലൂടെ മറ്റുള്ളവരുടെ മനസ്സിലേക്ക് എത്തിക്കുന്നവനാണ് യഥാർത്ഥ കലാകാരൻ. ഗിരീഷ് പുത്തഞ്ചേരിയേ വെറുമൊരു കലാകാരൻ എന്ന വാക്കിൽ തളച്ചിടരുത്. അദ്ദേഹം അതിന് എത്രയോ അപ്പുറമാണ്. ലോകത്തെ ഏത് ബാങ്ക് തകർന്നാലും പദസമ്പത്ത് എന്ന എന്റെ ബാങ്ക് തകരില്ല എന്ന് പറഞ്ഞ മനുഷ്യൻ. അതൊരു പാഴ് വാക്കല്ല എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ശ്രദ്ധിക്കണ്ട. ഇപ്പൊൾ പറഞ്ഞ പാട്ടിന്റെ അനുപല്ലവിയുടെ അവസാനം മാത്രം ശ്രദ്ധിച്ചാൽ മതി.
“നാഴിയിൽ മുള നാഴിയിൽ
ഗ്രാമം നന്മ മാത്രമളക്കുന്നു”
ഇങ്ങനെയൊക്കെ എഴുതാൻ സാധാരണക്കാരനായ ഒരാൾക്ക് സാധിക്കുമോ? പുരാണങ്ങളിൽ പറഞ്ഞുകേട്ട ഒന്നാണ് ഓർമ്മ വരുന്നത്. ‘ശാപം കിട്ടിയ ദേവന്മാർ ഭൂമിയിൽ ജനിക്കും. മോക്ഷം കിട്ടുമ്പോൾ ആരോടും ഒന്നും പറയാതെ അവർ ഇഹലോക വാസം വെടിഞ്ഞു തിരിച്ച് പോവുകയും ചെയ്യും.’ അതല്ലേ ഇവിടെ സംഭവിച്ചത്? ജോൺസൺ മാഷിന് വേണ്ടി എഴുതിയ തന്റെ ആദ്യ കമൽ സിനിമയുടെ ഈ വരികൾ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും സാധാരണ എഴുത്തുകാരിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയേ വ്യത്യസ്തനാക്കുന്ന ലാളിത്യവും പദസമ്പത്തും. ❤️
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ..
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..
മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ…
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..
അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻപാടം കൊയ്യുന്നു..
വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..
നന്മ മാത്രമളക്കുന്നു..
തെങ്ങിളം നീരാം പൊൻനിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ..
വാർമണൽ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു..
കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു..
തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോക്കുന്നു..
തിങ്കൾ നോയമ്പു നോക്കുന്നു..
399 total views, 1 views today