ഇന്നലെ ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നെന്ന് അവൾ പറഞ്ഞപ്പോൾ ജയകൃഷ്ണനെപ്പോലെ നമ്മളും സദാചാരമൂല്യങ്ങൾ ഉയർത്താതെ മൗനം അവലംബിക്കുവാൻ കാരണമായത് അതുകൊണ്ടു തന്നെയാകും

0
85

Gokul Arackal

പത്മരാജൻ സിനിമകൾ എന്നും ഒരു അതിശയമാണ്. കുറഞ്ഞ വാക്കുകൾ കൊണ്ട് കടലുപോലെ ആശയങ്ങൾ പ്രതിപാദിക്കുന്ന ഗന്ധർവനെ അത്ഭുതത്തോടെ അല്ലാതെ എങ്ങനെ നോക്കിക്കാണും? അതിൽ നഷ്ട്ട പ്രണയത്തിൻ്റെ കഥ പറഞ്ഞ്, മലയാള സിനിമയിലെ തന്നെ ക്ലാസ്സിക് ലൗ സ്റ്റോറി ആയി മാറിയ തൂവാനതുമ്പികൾ എന്നെന്നും ഹൃദയത്തോട് ചേർത്തു നിൽക്കുന്നു.

“അടുത്ത ജന്മത്തിൽ എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവായാൽ മതി. ചങ്ങലയുടെ ഒറ്റക്കണ്ണിയുമായി ബന്ധമുള്ള ഉണങ്ങാത്ത മുറിവ്‌.” എന്ന് ക്ലാര പറയുമ്പോൾ, അവിടെ വിമർശനങ്ങൾക്കോ അനുമോദനങ്ങൾക്കോ സ്ഥാനമില്ല. ഒരുതരം നിർവികാരതയാണ് കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നത്. അതുതന്നെയായിരിക്കാം കുപ്പിവളപ്പൊട്ടു പോലെ ചിരിച്ചുകൊണ്ട് “ഇന്നലെ ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നു” എന്ന് അവൾ പറഞ്ഞപ്പോൾ ജയകൃഷ്ണനെപ്പോലെ തന്നെ നമ്മളും സദാചാരമൂല്യങ്ങൾ ഉയർത്താതെ മൗനം അവലംബിക്കുവാൻ കാരണമായത്.

“കുറേ കൊച്ച് വാശികളും, കുറച്ച് അന്ധവിശ്വാസങ്ങളും, കൊച്ച് ദുശ്ശീലങ്ങളും. അതാ ഞാൻ” എന്ന് ജയകൃഷ്ണൻ പറഞ്ഞപ്പോൾ ഇത് ഞാൻ തന്നെയല്ലെ എന്നാണ് ആദ്യം തോന്നിയത്. പിന്നെ മനസ്സിലായി ഒരു ശരാശരി മലയാളിയെയാണ് ജയകൃഷ്ണൻ പ്രതിനിധാനം ചെയ്യുന്നത് എന്ന്.
“ആദ്യം ഞാനവൾക്ക്‌ കത്തെഴുതുമ്പോൾ മഴ പെയ്തിരുന്നു. ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തു” എന്നുപറഞ്ഞപ്പോൾ നിങ്ങൾ അറിഞ്ഞോ മനുഷ്യാ, ആ മഴയിൽ കാൽപ്പനികതയുടെ വിത്തുകൾ ഞങ്ങൾക്കുള്ളിൽ മുളച്ചു തുടങ്ങി എന്ന്?

“മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കുമായിരിക്കും അല്ലേ. പക്ഷേ എനിക്ക് മറക്കണ്ട.” സത്യത്തിൽ ഇത് പറയേണ്ടിയിരുന്നത് ഞങ്ങളല്ലേ? ഏതൊക്കെ കഥാകാരന്മാർ വന്നാലും അവർ എത്രയൊക്കെ കൊടുമുടികൾ കയറിയാലും നിങ്ങളുടെ ആ മുഖം ഞങ്ങൾ മറക്കില്ല.

മീനച്ചൂടിൽ വെന്തുരുകുമ്പോൾ ഞങ്ങളിൽ പലരും നാടൻ തൃശ്ശൂർ ഗഡിയാകും. അറിയാവുന്ന തൃശ്ശൂർ ഭാഷയിൽ, സഹയാത്രികനോട് വെച്ചങ്ങ് അലക്കും “മ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?” എന്ന്.
“കാണാതെയിരിക്കുമ്പോൾ മറക്കാൻ കുറച്ചൂടെ എളുപ്പമല്ലേ?” എന്ന് പറഞ്ഞ് ഞങ്ങളും ആശ്വാസം കൊണ്ടിട്ടുണ്ട്. ആരും കാണാതെ മാറി നിന്ന് കരഞ്ഞിട്ടുമുണ്ട്. ഒടുവിൽ ആ വിഷമങ്ങൾ മറക്കുന്നത് ഏതെങ്കിലും ഡേവിഡേട്ടന്മാരുടെ അടുക്കലെ കിംഗ്ഫിഷർ കുപ്പിയുടെ നുരയിലും പതയിലുമാണ്.
“ഒരു നല്ല കലാസൃഷ്ട്ടിയുടെ അന്തിമവിധി കൽപ്പിക്കപ്പെടുന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടായിരിക്കും. ഒരു പക്ഷെ അതിന്റെ പൂർണമായ അർത്ഥം മനസ്സിലാക്കാൻ വേറൊരു തലമുറ തന്നെ പിറക്കേണ്ടിയിരിക്കും” എന്ന് നിങ്ങൾ പറഞ്ഞപ്പോൾ ഒരുകാര്യം ഞങ്ങൾ ഉറപ്പിച്ചു. ഞങ്ങളുടെ മുൻഗാമികൾ പറഞ്ഞു തന്നതോ ഞങ്ങൾ കണ്ടു മനസ്സിലാക്കിയതോ പൂർണ്ണമായിരുന്നില്ല. വരികൾക്ക് ഇടയിൽ ഒളിപ്പിച്ച നേരിന്റെ നീലക്കല്ലുകൾ വരും തലമുറയും തേടിയിറങ്ങും. ഉദകപ്പോളകൾക്ക് ഇടയിലെ തൂവാനതുമ്പിയെ അവർ ഒരുപക്ഷേ കണ്ടെത്തുമായിരിക്കും. കണ്ടെത്തട്ടെ…

തൂവാനത്തുമ്പികൾ എന്നും വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്. മലയാളിയുടെ മനസ്സിലെ പ്രണയബിംബങ്ങളെ തച്ചുടച്ചതിന്, പ്രണയത്തെ മനോഹരമായി രചിച്ചു കാണിച്ചതിന്, നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എന്താണ് എന്ന് പറഞ്ഞു തന്നതിന്…
ഒരായിരം നന്ദി പപ്പേട്ടാ, ഇത്ര മനോഹരമായ പ്രണയകാവ്യം ഞങ്ങൾക്കായി ഒരുക്കിയതിന്. നന്ദി ജോൺസൺ മാഷ്, കഥയോട് 100 ശതമാനം നീതി പുലർത്തുന്ന പശ്ചാത്തല സംഗീതം ഒരുക്കിയതിന്. നന്ദി ലാലേട്ടാ, ജയകൃഷ്ണനായി ഞങ്ങളെ വിസ്മയിപ്പിച്ചതിന്. നന്ദി സുമലത മാം, സ്വപ്നങ്ങളിലെ കാമുകിയുടെ മുഖം ഞങ്ങൾക്ക് നൽകിയതിന്.