ആവാസവ്യൂഹം
The Arbit Documentation
Of An Amphibian Hunt.
✍🏻 Gokul Krishna
“കരയിലുള്ളതെല്ലാം കടലിലുമുണ്ട്. കരയിൽ തിമിംഗലമില്ല, കടലിൽ മനുഷ്യരും..!!”
പ്രകൃതിയും മനുഷ്യനും അടങ്ങുന്ന ആവാസവ്യവസ്ഥയും, മതവും ശാസ്ത്രവും മാധ്യമവും രാഷ്ട്രീയവുമെല്ലാം അടങ്ങുന്ന മറ്റൊരു ആവാസവ്യവസ്ഥ ക്രമവും കൊണ്ട് രൂപപ്പെടുന്നതാണ് സമൂഹം. അത്തരത്തിൽ നാനാ ജീവജാലങ്ങളും മനുഷ്യനും പ്രകൃതിയും എല്ലാം അടങ്ങുന്ന ‘ആവാസവ്യൂഹ’ത്തിന്റെ കഥയാണ് ഇത്.
‘വൃത്താകൃതിയിലുള്ള ചതുരം’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷാന്ദ് ആർ. കെ. തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ആവാസവ്യൂഹം’. ഇന്ത്യൻ സിനിമയിൽ തന്നെ പകരംവയ്ക്കാനില്ലാത്ത ആഖ്യാന ശൈലി തന്നെയാണ് ചിത്രത്തെ ഒരു മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നത്. വളരെ ഗൗരവമേറിയ പാരിസ്ഥിതീക പ്രശ്നങ്ങളെ കുറിച്ച് സിനിമ ചർച്ച ചെയ്യുന്നു. ലോക സിനിമയിൽ തന്നെ അപൂർവമായി കണ്ടുവരുന്ന, ചലച്ചിത്ര ഭാഷയുടെ ഒരു പൊളിച്ചെഴുത്ത് രീതിയാണ് കഥാഖ്യന രീതിയായി അവലംഭിച്ചിരിക്കുന്നത്. ‘Mockumentry’ ജോണറിൽ ഉൾപ്പെടുത്താം എന്ന് പറയുമ്പോഴും അതിന്റെ ചട്ടക്കൂടുകളെയും മറികടന്ന് സിനിമ വളരുന്നുണ്ട്.

ഡോക്യൂമെന്ററി സ്വഭാവത്തിൽ തുടങ്ങി സമകാലിക വിഷയങ്ങളും ഡാർക്ക് ഹ്യൂമറും പ്രകൃതിയിലെ രസകാഴ്ചകളും നിറച്ച് മ്യൂസിക്കലി മുന്നോട്ടു പോകുന്ന സിനിമ, കാഴ്ചക്കാരെ അനുനിമിഷം മടുപ്പിക്കാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പിടിച്ചിരുത്തുന്നുണ്ട്. എന്റർടൈൻമെന്റ് സ്വഭാവമുള്ള, ത്രില്ലിംഗ് ആയ, സസ്പെൻസ് സൂക്ഷിച്ചു വച്ച നിലയിലാണ് കഥാഗതി പുരോഗമിക്കുന്നത്. ഒരു ഘട്ടത്തിൽ എത്തുമ്പോൾ അത് Sci-fi ലേക്കും ഫാന്റസിയിലേക്കും മാജിക്കൽ റിയലിസത്തിലേക്കും ചുവടുവച്ചുകൊണ്ട് ഗംഭീരമായി അവസാനിപ്പിച്ച് മലയാള സിനിമയെ അടുത്തൊരു ലെവലിലേക്ക് ഉയർത്തുന്നുണ്ട് ‘ആവാസവ്യൂഹം’.
ആമുഖവും ഉപസംഹാരവും ഉൾപ്പെടെ അഞ്ച് അദ്ധ്യായങ്ങളായി സിനിമ തിരിച്ചിരിക്കുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ build up-ൽ ജോയ് എന്ന കഥാപാത്രം വളരുന്നു. ചിത്രത്തിൽ ഉടനീളം ആ കഥാപാത്രത്തെ നിഗൂഢമായി സൂക്ഷിച്ചുകൊണ്ട് പതിയെ ചുരുളഴിയുന്ന ഒരു രഹസ്യം പോലെ സിനിമ മുന്നോട്ട് പോകുന്നു. രാഹുൽ രാജഗോപാലാണ് പ്രധാന കഥാപാത്രമായ ജോയിയെ അവതരിപ്പിക്കുന്നത്. ഡോക്യൂമെന്ററി സ്വഭാവം നിലനിൽക്കുന്നത് കൊണ്ട് തന്നെ Information-ന്റെ അതിപ്രസരം സിനിമയിൽ ഉണ്ട്. എന്നാൽ നർമവും എക്സൈറ്റിങ് ഫാക്ടർസും സിനിമട്ടോഗ്രാഫിയും കൊണ്ട് അതിന്റെ ഭാരത്തെ നേർപ്പിക്കാൻ കഴിയുന്നുണ്ട് സിനിമയ്ക്ക്.
നമുക്ക് ചുറ്റും നിലനിൽക്കുകയും നിരന്തരം കാണുകയും എന്നാൽ നാം ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്ന ആവാസവ്യവസ്ഥയിലെ ജീവിവർഗങ്ങളെ ശ്രദ്ധയോടെ പകർത്തിവയ്ക്കുന്നുണ്ട് സിനിമറ്റോഗ്രഫി ചെയ്തിരിക്കുന്ന വിഷ്ണു പ്രഭാകർ. വളരെ റിയലിസ്റ്റിക്കായ മേക്കിങ് ആണ് സിനിമറ്റോഗ്രാഫിയിൽ കാണാൻ കഴിയുന്നത്. രാഹുൽ രാജഗോപാൽ ഉൾപ്പെടെ ചിത്രത്തിൽ വന്നുപോയിട്ടുള്ള എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്. Sounding, VFX, Color grading,Tonality തുടങ്ങിയവ എല്ലാം സിനിമയുടെ narattive style-ന് impact നൽകുന്നുണ്ട്.
ചിത്രം ഉടനീളം സംഗീതം കൊണ്ട് കൂടി ആവേശം കൊള്ളിക്കുന്നുണ്ട്. Cliché revenge സ്റ്റോറിയിൽ കാഴ്ചക്കാർക്ക് മുൻപരിചയമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി predictable അല്ലാത്ത മേക്കിങ് രീതികൊണ്ട് Crime noir-ൽ ചിത്രത്തിന്റെ കഥ ഒരു ലയറിൽ ചർച്ച ചെയ്യുമ്പോഴും, അതിഗൗരവമേറിയ, പ്രകൃതിയിൽ നിന്ന് മനുഷ്യന്റെ പ്രവർത്തികൾ മൂലം അനേകം ജീവി വർഗ്ഗങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന വിഷയവും മറ്റൊരു ലയറിൽ ചർച്ച ചെയ്യുന്ന Spiral narrative structure ആണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. ആർട്ട് ഹൗസ് സിനിമയുടെയോ, വാണിജ്യ സിനിമയുടെയോ സിനിമാറ്റിക് ലാംഗ്വേജിന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങുന്നില്ല എന്നത് പോലെ തന്നെ ഡോക്യൂമെന്ററിയുടെ പരിധികളിലേക്കും ചുരുങ്ങാത്ത കമ്മ്യൂണിക്കേഷൻ ഡിസൈൻ ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
2021-ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ‘വാസന്തി’യിൽ നാടകത്തിന്റെയും സിനിമയുടെയും അതിർവരമ്പുകളെ തമ്മിൽ ലയിപ്പിക്കുന്ന അവതരണ ശൈലി പരീക്ഷിച്ച് കണ്ടിരുന്നു. ഇത്തരം പരീക്ഷണങ്ങൾ വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്.
കൃത്യമായ രാഷ്ട്രിയമുള്ള സിനിമ തന്നെയാണ് ‘ആവാസവ്യൂഹം’. മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു ഘടനരീതി തിരക്കഥയിൽ സാധ്യമാണോ എന്ന് അറിയില്ല. സിനിമയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ വളരെ ജൈവികമായി ഉരുവം കൊള്ളുന്ന ദൃശ്യഘടനയാണ് സിനിമയ്ക്ക്. വളരെ കയ്യടക്കത്തോടെയും ചിട്ടയോടെയും രൂപപ്പെടുത്തിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കാതൽ. കോവിഡ് കാലഘട്ടത്തെ കൂടി സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
ഒരു നിർമാതാവിലേക്ക് ഇതിന്റെ കഥ എത്തിക്കുക എളുപ്പമല്ല. അത്തരത്തിലുണ്ടായ ശ്രമങ്ങളെ കൃഷാന്ദ് ഒരു ഇന്റർവ്യൂയിൽ പരാമർശിച്ച് കണ്ടിരുന്നു. ഒരു synopsis-ലേക്ക് ചുരുക്കാൻ കഴിയുന്ന കഥയിലല്ല ചിത്രം നിലനിൽക്കുന്നത്. അതിന്റെ ദൃശ്യവൽക്കരണ രീതിയിലാണ്.
ബഡ്ജറ്റ് കുറയുമ്പോൾ ക്രീയേറ്റിവിറ്റി കൂടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ സർഗ്ഗാത്മകതയുടെ സീമകളെ ഇനിയും വിശാലമായി തുറന്നിടുന്നുണ്ട് ആവാസവ്യൂഹം. മുൻമാതൃകകൾ ഇല്ലാതെ, മണ്ണിലും മനുഷ്യനിലും മിത്തിലും പ്രകൃതിയിലും വേരൂന്നി, സകല ജീവിജാലങ്ങളുടെയും ആസന്നമായി കൊണ്ടിരിക്കുന്ന നാശത്തെയും അതിജീവനത്തെയും പുതുമയുള്ളതും തീവ്രവുമായ ദൃശ്യ ഭാഷയിൽ, ഗൗരവം ചോർന്നു പോകാതെ അവതരിപ്പിക്കാൻ കൃഷാന്ദിന് സാധിച്ചിട്ടുണ്ട്.
മലയാള സിനിമയ്ക്ക് ഇതൊരു പാഠപുസ്തകമായി നിലനിൽക്കും. വാണിജ്യ സിനിമകളുടെ വിശാലമായ ഇടങ്ങളിലേക്ക് ഇത്തരം ദൃശ്യ പരീക്ഷണ സാധ്യതകളെ ഉപയോഗപ്പെടുത്താവുന്നതാണ്.