ഗോകുൽ കൃഷ്ണ ✍????

നഗര വികസനത്തിന്റെ ഭാഗമായി കോർപ്പറേഷൻ അധികാരികൾ ചെറിയ പെട്ടിക്കടകൾ പൊളിച്ച് മാറ്റാനും അവിടെ വലിയ ഷോപ്പിംഗ് മാളുകൾ കെട്ടിപ്പൊക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ചില്ലറ നാണയങ്ങളാണ് അവർക്ക് പ്രശ്നം. അവർ അതിനെ ഇല്ലാതാക്കി അതിന് മുകളിൽ നോട്ടുകൾ നിറയ്ക്കാൻ ശ്രമിക്കുന്നു. ചെറിയ മനുഷ്യരുടെ പാട്ടും ചില്ലറ നാണയങ്ങളുടെ ശബ്ദവും നിലവാരമില്ലാത്തതാണ് എന്ന് അവർ അനുമാനിക്കുന്നു. ചെറിയ മൂല്യമുള്ള ചില്ലറ പൈസകൾ അവർ നിരോധിക്കുന്നു.

ഭരണകൂടത്തിനെതിരായ സാധാരണക്കാരുടെ പോരാട്ടത്തിന്റെയും കൂടിച്ചേരലിന്റെയും പ്രതിഷേധത്തിന്റെയും കഥയാണ് മലപ്പുറം ലിറ്റിൽ എർത്ത് തിയേറ്റർ അവതരിപ്പിക്കുന്ന, അരുൺ ലാൽ സംവിധാനം ചെയ്ത ‘ചില്ലറ സമരം’ എന്ന നാടകത്തിന്റെ ഇതിവൃത്തം. ചെറുകിട കച്ചവടക്കാരുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള നാടകത്തിൽ കോർപ്പറേഷനും ചില്ലറ വ്യാപാരികളും പാവപ്പെട്ട മനുഷ്യരും തമ്മിലുള്ള ചർച്ചകളാണ് രംഗാവിഷ്ക്കാരം. എങ്ങനെയാണ് അധിനിവേഷ ശക്തികൾ തങ്ങളുടെ കൈപ്പിടിയിൽ ചെറിയ മനുഷ്യരെ ഒതുക്കുന്നത് എന്ന് നാടകം കാണിച്ചു തരുന്നുണ്ട്. ഒടുവിൽ കൂട്ടുചേർന്ന് പാട്ടുപാടിയുള്ള ചെറിയ മനുഷ്യരുടെ ഉയർന്ന ശബ്ദത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് പരാജയം സമ്മതിക്കുന്നുണ്ട് കോർപ്പറേറ്റ് കുതന്ത്രങ്ങൾ.ഒത്തൊരുമിച്ചു നിന്ന്,
“പാട്ടുപാടാനറിയാത്ത വെളുമ്പൻ ചെക്കാ
പാട്ടുകൊണ്ട് ചൂട്ടുകെട്ടി മോത്തടിക്കും ഞാൻ”
എന്ന് പാടി അവർ അവരെ തുരത്തുന്നുണ്ട്. മണ്ണിന്റെയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും നിലനിൽപ്പിന്റെയുമെല്ലാം വീര്യമുണ്ട് അവരുടെ പാട്ടുകളിൽ.
കേരളത്തിന്‌ അകത്തും പുറത്തും നിരവധി വേദികളിൽ ‘ചില്ലറ സമരം’ അവതരിപ്പിക്കുകയും ദേശീയ തലത്തിൽ അനവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
*****

സമൂഹത്തിൽ ചവിട്ടുന്നവരും ചവിട്ടു കൊള്ളുന്നവരും എല്ലാ കാലത്തും നിലനിൽക്കുന്നുണ്ട്. അധികാരത്തിന്റെയും പണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ചവിട്ട് കൊണ്ട് ചെറിയ മനുഷ്യരെ അവർ അപമാനിക്കുകയും വഞ്ചിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു. മധ്യവർഗ്ഗ സമൂഹത്തിന്റെ പൊള്ളയായ ‘സംസ്കാര’ത്തിന് നേരെയുള്ള രോക്ഷത്തിന്റെ ആഞ്ഞാഞ്ഞു ചവിട്ടലുകളാണ് ‘ചവിട്ട്’ എന്ന സിനിമ കാണിച്ചുതരുന്നത്. ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ എന്നിവർ(റഹ്‌മാൻ ബ്രദർസ്)’ചവിട്ട്’ സംവിധാനം ചെയ്തിരിക്കുന്നത്.

‘സംസ്കാര’ റെസിഡൻസ് അസോസിയേഷന്റെ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ചില്ലറ സമരം’ നാടകം അവതരിപ്പിക്കാൻ ‘ഹൈനസ്’ ഓഡിറ്റോറിയത്തിൽ അണിയറപ്രവർത്തകർ എത്തുന്നത് മുതൽ നാടകാവതരണം വരെയാണ് ‘ചവിട്ട്’ ചിത്രീകരിക്കുന്നത്.നാടകത്തിന്റെ ചിത്രീകരണമല്ല ചവിട്ട്. നാടകീയമാകുന്നുമില്ല സിനിമ. നാടകം തുറന്നുവിടുന്ന ശക്തമായ രാഷ്ട്രീയത്തിനപ്പുറം സിനിമയുടെ ആഖ്യാനരൂപം വളരുന്നുണ്ട്. ക്രമരഹിതമായ റിഹേഴ്സൽ ദൃശ്യങ്ങൾ പല ആവർത്തി പല സന്ദർഭങ്ങളിലായി വിതറിയിരിക്കുന്നു. പൂർണമായ നാടകം കാണിക്കുകയല്ല സിനിമയുടെ ലക്ഷ്യം. കേവലം വിനോദനാടകമല്ല ‘ചില്ലറ സമരം’. പച്ചയായ രാഷ്ട്രിയം പറച്ചിൽ തന്നെയാണ്. ആ രാഷ്ട്രീയത്തിന്റെ അന്തരീക്ഷത്തിൽ ‘ചവിട്ട്’ രൂപപ്പെടുന്നു.

ചില്ലറ മനുഷ്യരുടെ കരുത്തിന്റെ, ചേർന്നുനിൽക്കലിന്റെ കഥപറയുന്ന നാടകം സ്റ്റേജിൽ അല്ല റിഹേഴ്സൽ ചെയ്യുന്നത്. നാട്ടിലുടനീളം അവരുടെ ആവർത്തിച്ചുള്ള പരിശീലനം കാണാൻ കഴിയും. കുളിക്കുന്ന പുഴയിലും കളിക്കുന്ന നിലത്തിലും ഇടവഴികളിലും മുറിക്കുള്ളിലും പാടങ്ങളിലും പറമ്പുകളിലും അവർ ആഞ്ഞു ചവിട്ടി നാടകം പരിശീലിക്കുന്നുണ്ട്. നാടകം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രിയം ആ അന്തരീക്ഷങ്ങളിൽ തഴച്ച് വളരും. മധ്യവർഗ്ഗത്തിന്റെ പണക്കൊഴുപ്പ് കാണിക്കാൻ സംഘടിപ്പിച്ച അസോസിയേഷൻ ചുറ്റുപാടിൽ ചെറിയ മനുഷ്യരുടെ രാഷ്ട്രീയം വളരില്ല.

“ഞങ്ങടെ പാട്ട് പോയ
ഞങ്ങള് പാട്യേടുക്കും,
ഞങ്ങടെ ചോട് പോയ
ഞങ്ങള് ചവിട്ട്യേടുക്കും
ഇങ്ങടെ ജീവൻ പോയ
ഇങ്ങള് എന്താ ചെയ്യാ… ”

പണിയെടുക്കുന്നവരുടെ പാട്ടിന്റെയും ചവിട്ടിന്റെയും താളത്തിലാണ് സിനിമയുടെയും നാടകത്തിന്റെയും ഓജസ്സ്. സിനിമ കണ്ടിറങ്ങി ദിവസങ്ങളോളം അതിലെ വരികളും താളവും മസ്തിഷ്ക ഭിത്തികളിൽ അലയടിക്കും.
******
കല കലയ്ക്ക് വേണ്ടി എന്ന് വാദിക്കുമ്പോഴും എല്ലാ കാലത്തും സമൂഹത്തിൽ ശക്തമായ ഇടപെടൽ നടത്താൻ കലകൾക്ക് സാധിച്ചിട്ടുണ്ട്. വിനോദോപാധി എന്നതിൽ കവിഞ്ഞ് ജനമനസ്സുകളിലേക്ക് ആഴത്തിലുള്ള ചിന്തകളെ അവ നിക്ഷേപിക്കുന്നുണ്ട്.നാടകത്തിൽ ചില്ലറ മനുഷ്യരുടെ ചെറുത്തു നിൽപ്പും ചേർന്ന് നിൽപ്പും കാണിക്കുമ്പോൾ പരിശീലന വേളകളിൽ അവരുടെ ഒത്തൊരുമ കൂടെ സിനിമ കാണിച്ചുതരുന്നുണ്ട്. ബോളില്ലാതെ ആവേശത്തോടെ വോളിബോൾ കളിക്കുന്നവർ, കടവിൽ കുളിക്കുമ്പോൾ ഒരുമയോടെ ഉച്ചത്തിൽ പാടി പരിശീലിക്കുന്നവർ. ‘ചില്ലറ സമരം’ പോലൊരു രാഷ്ട്രീയ നാടകം കാണാനുള്ള താല്പര്യമോ സമയമോ അസോസിയേഷനിലുള്ളവർ പ്രകടിപ്പിക്കാതെ വരുമ്പോൾ കരുത്തോടെ കയ്യും മെയ്യും ചേർത്ത് കെട്ടി ഒന്നാകുന്നവർ.

അസോസിയേഷൻ പരിപാടിയിൽ സദസിൽ നിന്ന് പരസ്പരം പുകഴ്ത്തുന്ന ഭാരവാഹികളെ കാണാൻ കഴിയും. എംടിക്കും വിജയനും തകഴിക്കും ശേഷം സാഹിത്യം മരിച്ചുപോയി എന്നും അരവിന്ദനും ഭരതനും അടൂരിനും ശേഷം സിനിമ മരിച്ചുപോയി എന്നും നീണ്ട പ്രസംഗം നടത്തുന്ന അസോസിയേഷൻ ഭാരവാഹികളെ കാണാം. അവർ ഭാരത സംസ്കാരത്തെക്കുറിച്ചും ഭഗവാന്റെ അവതാരങ്ങളെക്കുറിച്ചും പ്രസംഗിക്കുന്നു. തിരുവാതിര, ശാസ്ത്രീയ സംഗീതം പോലുള്ള വരേണ്യ വർഗ്ഗ കലാപരിപാടികൾ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നു. ഒരു വർഷം ആയിരം കവിതകൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചതിനും,യൂ ട്യൂബിൽ പാചക വീഡിയോകൾ ഇട്ട് ലക്ഷക്കണക്കിന് സബ്സ്ക്രൈബെർസിനെ സ്വന്തമാക്കിയവർക്കും അനുമോധാനവും സമ്മാനങ്ങളും നൽകുന്നു. പരിഷ്ക്കാരത്തിന്റെ ലോകത്തെ അടയാളപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ഗാനവും സദസ്സിൽ അവതരിപ്പിക്കപ്പെടുന്നു. ഇവിടെയെല്ലാം പിന്നണിയിൽ നാടകത്തിന്റെ ചമയമണിയുന്ന അണിയറപ്രവർത്തകരെ കാണാം.

സിനിമയ്ക്കുള്ളിൽ നാടകത്തിന്റെ ഇതിവൃത്തം കാണിയിലേക്ക് എത്തുന്നത് വളരെ പതിയെയാണ്. ക്രമമില്ലാത്ത പരിശീലനവും ഓഡിറ്റോറിയത്തിൽ സ്റ്റേജ് അലങ്കരിക്കുന്നതും മാറി മാറി വരുമ്പോൾ, പരിശീലന വേളയിൽ ഉപയോഗിക്കാത്ത പ്രോപ്പർറ്റീസ്, വസ്ത്രങ്ങൾ എന്നിവയിലൂടെ നിഗൂഢതയിൽ നിന്ന് പതിയെ നാടകത്തിന്റെ വിഷയം അനാവരണം ചെയ്യപ്പെടുന്നുണ്ട്. ഒരു ജിഗ്സോ പസ്സിൽ പൂർണമാകുന്നത് പോലെ കൗതുകത്തോടെ അവയെ ചേർത്തടുക്കാം. പണപ്പെരുപ്പത്തിന്റെ പളപളപ്പ് കാണിക്കാൻ ഒത്തുകൂടിയ അസോസിയേഷനിലെ അംഗങ്ങൾക്ക് നാടകം എന്ന കലാരൂപം ആകർഷണീയമല്ല. അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും. ഭക്ഷണം കഴിച്ച് നാടകത്തിനു മുൻപ് അവർ പിരിയുന്നു. നാടകത്തിന്റെ മഹത്വത്തെക്കുറിച്ചും കലയുടെ ആവശ്യകതയെക്കുറിച്ചും പ്രസംഗിച്ച ഭാരവാഹികൾ പോലും നാടകാവതരണ വേളയിൽ അവിടെ കാണുന്നില്ല. ഈ ദൃശ്യങ്ങൾ സമൂഹത്തിന്റെ നേർക്കഴ്ച്ചയുടെ ചിത്രീകരണം തന്നെയാണ്. ഒഴിഞ്ഞു കിടക്കുന്ന കസേരകൾക്ക് മുന്നിൽ നിന്ന് നാടകം കളിക്കുന്ന പ്രവർത്തകരെ നമ്മുക്ക് ചുറ്റുമുള്ള അസോസിയേഷൻ പരിപാടികളിൽ കാണാം. പൊങ്ങച്ചം കാണിക്കൽ മാത്രമായി കല പ്രത്യക്ഷപ്പെടുമ്പോൾ കലാകാരന്മാരുടെ അർപ്പണവും നാളുകൾ നീണ്ടു നിന്ന കഠിന പരിശീലനങ്ങളും അപമാനിക്കപ്പെടുന്നു. ഇത്തരത്തിൽ സാമൂഹികമായ കനമുള്ള ചിന്തകൾ ഉണർത്തുന്നുണ്ട് ‘ചവിട്ട്’.

ലിറ്റിൽ എർത്ത് തിയേറ്റർ പ്രവർത്തകർ തന്നെയാണ് ഇവിടെ നിറഞ്ഞാടുന്നതും. നാടകത്തിൽ അതിനാടകീയവും അല്ലാത്തപ്പോൾ സ്വഭാവികവുമായ അഭിനയം കൊണ്ട് ആദ്യാവസാനം അവർ നിറഞ്ഞു നിൽക്കുന്നു.ആവിഷ്‌ക്കാരത്തിന്റെ അതിരില്ലാത്ത സ്വാതന്ത്ര്യവും സാധ്യതയും ചലച്ചിത്രമെന്ന മാധ്യമത്തിനുണ്ട് എന്ന് ‘ആവാസവ്യൂഹം’ പോലെ തന്നെ ‘ചവിട്ടും’ തെളിയിക്കുന്നുണ്ട്. മലയാള സിനിമ മരിച്ചു എന്ന കരച്ചിൽ പൊള്ളയായ ഒന്നാണ്. പുതുതലമുറയിൽ നിന്ന് നവീനമായ ആശയങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുന്നുണ്ട്. കൂടുതൽ നല്ല സിനിമകളും ഉണ്ടാകുന്നുണ്ട്. ഇത്തരം പാരലൽ സിനിമകൾ കാണാനും ആസ്വദിക്കാനും കാണികൾ തയ്യാറാകുന്നില്ല എന്നത് വാസ്തവമാണ്. വാർപ്പുമാതൃകകളെ പൊളിച്ചു മാറ്റുന്ന ഇതുപോലുള്ള സിനിമകൾ നിർമ്മിക്കാൻ കലാബോധമുള്ള, താല്പര്യമുള്ള മുഖ്യധാരാ സംവിധായകരും നിർമ്മാതാക്കളും തയ്യാറാവേണ്ടത് മലയാള സിനിമയുടെ വളർച്ചയുടെയും നിലനിൽപ്പിന്റെയും കൂടി ആവശ്യമാണ്. ഒടിടി പ്ലാറ്റഫോമുകൾ പോലും അർഹതപ്പെട്ട പ്രതിഫലം കൊടുത്ത് ഇതുപോലുള്ള വേറിട്ട സിനിമകളെ വാങ്ങുന്നില്ല എന്നത് ശോചനീയമാണ്.

NB : Banner Film Society നടത്തിയ സിനിമ പ്രദർശനത്തിലാണ് ‘ചവിട്ട്’ കണ്ടത്.

Leave a Reply
You May Also Like

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ – “മദനോത്സവം” വിഷുവിന്

” മദനോത്സവം” വിഷുവിന് സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

മുഖ്യധാരാ സംവിധായകർ തന്നെ അകറ്റി നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കി അനൂപ് മേനോൻ

സീരിയൽ ആണ് പല താരങ്ങളെയും സിനിമയിൽ എത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ സീരിയലിൽ നിന്നും…

ശിവാഞ്ജലി പ്രണയ വീഡിയോ വൈറലാകുന്നു (വീഡിയോ )

ശിവാഞ്ജലി വീഡിയോ ശിവാജ്ഞലി പ്രണയ വീഡിയോ വൈറലാകുന്നു ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ…

മെയ്ൻസ്ട്രീം സിനിമകളിലൂടെ വന്നു ബി ഗ്രേഡ് സിനിമകളിൽ എത്തപ്പെട്ട ജയലളിത

Moidu Pilakkandy പഴയകാല സൂപ്പർ നായികയും തമിഴ്‌നാട് മുഖ്യമന്ത്രിയും ആയിരുന്ന തലൈവി ജയലളിതയുടെ അതേപേരിൽ വന്ന്…