നിവിൻ പോളി, നസ്രിയ, ബോബി സിംഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ചിത്രം ഹിറ്റായി. ഇതിന് ശേഷം അൽഫോൺസ് പുത്രൻ വീണ്ടും നിവിൻ പോളിയുമായി സഖ്യമുണ്ടാക്കി പ്രേമം എന്ന ചിത്രം സംവിധാനം ചെയ്തു.പ്രേമം എന്ന ചിത്രം 2015ൽ പുറത്തിറങ്ങി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. മലയാള സിനിമയായാണ് പുറത്തിറങ്ങിയതെങ്കിലും തമിഴ്നാട്ടിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേമം എന്ന ചിത്രത്തിന് ശേഷം കഴിഞ്ഞ 7 വർഷമായി ഒരു ചിത്രവും റിലീസ് ചെയ്തിട്ടില്ലെങ്കിലും ഇപ്പോൾ ഗോൾഡ് എന്ന ചിത്രത്തിലൂടെ റീ എൻട്രി ചെയ്തിരിക്കുകയാണ് അൽഫോൺസ് പുത്രൻ.

പൃഥ്വിരാജാണ് ഗോൾഡിലെ നായകൻ. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായെത്തുന്ന ചിത്രം ട്രെയിലറോ ടീസറോ പോലുള്ള പ്രമോഷനുകളൊന്നുമില്ലാതെയാണ് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ട ആരാധകർ തങ്ങളുടെ അഭിപ്രായങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. . ഗോൾഡ് എന്ന സിനിമ കണ്ട ഒരാൾ പോസ്റ്റ് ചെയ്തതനുസരിച്ച്, അൽഫോൺസ് പുത്രന്റെ അതുല്യമായ ഫിലിം എഡിറ്റിംഗും മേക്കിംഗ് ശൈലിയും നഷ്ടപ്പെട്ട സിനിമ കാണണമെങ്കിൽ നിങ്ങൾക്ക് ഗോൾഡ് സിനിമ കാണാം. ആദ്യ അരമണിക്കൂർ നന്നായി പോയ സിനിമ പിന്നീട് അസാധ്യമായി ബോറടിപ്പിക്കുന്നു. അവിടെയും ഇവിടെയും ചിരിയുണർത്തുന്ന കോമഡികളുണ്ട്. പക്ഷേ പ്രേമം പോലെയാകുമെന്ന് പ്രതീക്ഷിക്കേണ്ട.

മറ്റൊരാൾ പോസ്റ്റ് ചെയ്തു, “എന്തിന് അൽഫോൺസ്.. എന്തിന്? പ്രേമം, നേരം തുടങ്ങിയ സിനിമകൾ നൽകിയ താങ്കൾ ഇങ്ങനെയൊരു സിനിമ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എനിക്കിത് ഒട്ടും ഇഷ്ടമായില്ല,” അദ്ദേഹം സങ്കടത്തോടെ പോസ്റ്റ് ചെയ്തു. അതുപോലെ മറ്റൊരു ട്വീറ്റിൽ, “ഗോൾഡ് സിനിമയുടെ റണ്ണിംഗ് ടൈം വളരെ കൂടുതലാണ്. ലളിതമായ കഥയാണെന്നും ചിത്രീകരിച്ച രീതി പുതുമയുള്ളതല്ലെന്നും മറ്റൊരാൾ പോസ്റ്റ് ചെയ്തു.മേൽപ്പറഞ്ഞ നിരൂപണങ്ങൾ നോക്കുമ്പോൾ, പ്രേമം പോലെ ഗോൾഡ് മികച്ചതല്ലെന്ന് വ്യക്തമാണ്

പ്രേക്ഷകാഭിപ്രായങ്ങൾ

Sanal Kumar Padmanabhan

“ലോക സിനിമ ചരിത്രത്തിലെ പുതുമയൊന്നും ഇല്ലാത്ത ചിത്രം …..”

ആദ്യ രണ്ടു വട്ടവും ഇങ്ങനെയൊരു ക്യാപ്‌ഷനും കൊടുത്ത് പുതുമ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അൽഫോൻസ് പുത്രന്റെ മൂന്നാമത്തെ ചിത്രം അതിന്റെ പരസ്യ വാചകം പോലെ അറം പറ്റുകയാണ് …..ഒരു നല്ല കഥയോ ….തമാശകളോ …പാട്ടുകളോ…പശ്ചാത്തല സംഗീതമോ….ഇടിയോ …പ്രണയമോ..
സൗഹൃദമോ ..നല്ല അഭിനയ മുഹൂർത്തമോ തുടങ്ങി ഓർത്തു വക്കാൻ ഒന്നുമില്ലാത്ത ഒരു പടം …ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു സിനിമയിലെ ഒരു നടീനടന്മാർക്കും ഒരു വ്യക്തിത്വം ഇല്ലാത്ത വേഷം കിട്ടുന്നത് ..ലാലു അലക്‌സും, ഷമ്മി തിലകനും , സൗബിനും, ഷറഫുദ്ധീനും, റോഷനും ചെമ്പനും തുടങ്ങി സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രങ്ങളും എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആകുകയാണ് ….

നെഗറ്റീവ് :അര മണിക്കൂർ കൊണ്ടു പറഞ്ഞവസാനിപ്പിക്കാവുന്ന പ്ലോട്ട് നെ രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടി.ചിരിപ്പിക്കുവാൻ വേണ്ടി കുത്തി തിരുകി ചീറ്റിപ്പോയ കോമെഡികൾ..കഥയിൽ ഒരാവശ്യവുമില്ലാതെ എവിടെ നിന്നോ വന്നു എങ്ങോട്ടൊ പോകുന്ന കുറെ കഥാപാത്രങ്ങൾ..200 കിലോ സ്വർണമൊക്കെ ചുമ്മാ പത്ത് കിലോ റേഷനരി പോലെ ഡീൽ ചെയ്യുന്ന കഥാപാത്രങ്ങൾ..ഒരു കയറ്റമിറക്കങ്ങളോ വഴിതിരുവുകളോ ഒന്നുമില്ലാതെ ഫ്ലാറ്റ് ആയി പോകുന്ന തിരക്കഥ..യൂട്ടൂബിലെ ചാനലുകളിൽ അവതാരകർ പ്രോഗ്രാമിന് ഇടയിൽ ഓരോ പ്രൊഡകറ്റിന്റെ പരസ്യം പറയുന്നത് പോലെ പടത്തിനിടയിൽ വോക്സ്വാഗൻ പോളോ യുടെയും, കാരോതുകുഴി ഹോസ്പിറ്റലിന്റെയും ഒക്കെ ആഡ് കയറ്റുന്ന പരിപാടി!!

പോസിറ്റീവ് :കോമഡി വേഷങ്ങൾ ചെയ്താൽ കോമഡി ആയി പോകുന്ന പൃഥ്വിയെ നൈസ് ആയി ഉപയോഗിച്ചിരിക്കുന്നു..കൂമന് ശേഷം വീണ്ടുമൊരു നല്ല വേഷത്തിൽ ബാബുരാജ്.ഒരുപാട് നാളുകൾക്ക് ശേഷം പ്രേം കുമാറിനെ സ്ക്രീനിൽ കണ്ടതിന്റെ സന്തോഷം..

റേറ്റിംഗ് 2.5/5
വാൽകഷ്ണം : പുത്രൻ സാറേ ഈ കോഴി മുട്ട ചുമ്മാ ഇങ്ങനെ വെക്കൊലിന്റെ മുകളിൽ കുറെ നാൾ വച്ചു കൊണ്ടിരുന്നാൽ അതു വിരിഞ്ഞു കുഞ്ഞാവില്ല! അതിന്റെ മുകളിൽ അടയിരിക്കണം…… കേട്ടോ…
****

Ahnas Noushad

നന്ദി പറയാനുള്ളത് രാജേഷ് മുരുഗേശനോട് മാത്രമാണ് .ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ സംവിധായകനും ചെറുതും വലുതുമായി സ്‌ക്രീനിൽ വന്നു പോയ എല്ലാ കഥാപാത്രങ്ങളും മത്സരിച്ച് ടോർച്ചർ ചെയ്ത് കൊണ്ടിരുന്നപ്പോൾ തെല്ലൊരു ആശ്വാസം താങ്കളുടെ ബിജിഎം മാത്രമായിരുന്നു ????❤️
അതും കൂടി ഇല്ലായിരുന്നേൽ എന്റെ പൊന്നോ എനിക്ക് ഓർക്കാനെ വയ്യാ ഇത്രയും നേരമൊക്കെ എങ്ങനെ പിടിച്ചിരിക്കും ഹോ കടുപ്പം തന്നെ!!

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലെ ഒരു സ്കിറ്റ് സ്റ്റാർ വാല്യൂ ഉള്ളവരെ വെച്ച് സിനിമയാക്കിയാൽ
ഏകദേശം അൽഫോൻസ് പുത്രന്റെ ഗോൾഡ് പോലെ ഇരിക്കും ഒരു ലോഡ് കഥാപാത്രങ്ങൾ സ്വിച്ച് ഇട്ട പോലെ വരും.. എന്തേലും കോമഡി പറയും പോകും ഇതിനിടയിൽ ഒരു 10 സ്ലോ മോഷൻ, ചിത്രശലഭം /പച്ചില പക്കി / ഉറുമ്പ് / ചെമ്പരത്തി / കുറച്ച് പച്ചിലയുടെ ക്ലോസപ്പ് ഷോട്സ്
പിന്നെ വീണ്ടും കുറച്ച് കോമഡി, വീണ്ടും സ്ലോ മോഷൻ ഇതിങ്ങനെ റിപീറ്റ് അടിച്ചോണ്ടിരിക്കും
കോമഡി ചിലതൊക്കെ ക്ലിക്കായിട്ടുണ്ട് !.ചിലതൊക്കെ ദയനീയമാണ് ????

ഒടുക്കം ക്ലൈമാക്സിൽ എല്ലാം കലങ്ങി തെളിഞ് ഒരു നന്മ /ഉപദേശം ശുഭം ഇതുപോലെ ഒരു തട്ടി കൂട്ട് പടം ചെയ്ത് വിടാനാണോ ആശാനേ 7 കൊല്ലം ബ്രേക്ക് എടുത്തത് !!വിഷമം ഉണ്ട് നിങ്ങളെ പോലെ ഒരാളിൽ നിന്ന് ഇത്രയും lazy writing വിശ്വസിക്കാനേ വൈയ്യാ..!!!ഒരൊറ്റ കഥാപാത്രങ്ങൾക്ക് കൃത്യമായ ഐഡന്റിറ്റി ഇല്ലാ
ചുമ്മാ വന്നങ്ങ് എന്തൊക്കെയോ ഡയലോഗ് അടിച്ചിട്ട് പോകുവാണ്. എന്തോന്നിത്.എല്ലാം പോട്ടേ ആദ്യമായിട്ടാണ് അമ്മ വേഷത്തിൽ സ്‌ക്രീനിൽ കസറുന്ന മല്ലിക സുകുമാരന്റെയൊക്കെ പെർഫോമൻസിന് ഇത്രയും നാടകീയത തോന്നുന്നത് .കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല
എന്നെ യാതൊരു പോയിന്റിലും ഇമ്പ്രെസ്സ് ചെയ്യിക്കാതെ പോയ ഒരു ചിത്രമാണ് ഗോൾഡ്. അൽഫോൻസിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം

****
Sony K Koshy

7 വർഷത്തിന് ശേഷം വീണ്ടും ഒരു അൽഫോൻസ് പുത്രൻ മാജിക് . നേരവും പ്രേമവും പോലെ ഗോൾഡും ഒരു സിമ്പിൾ സ്റ്റോറി തന്റെ വെറൈറ്റി മേക്കിങ് കൊണ്ട് അൽഫോൻസ് പടത്തിനെ മറ്റൊരു ലെവലിലേക് uplift ചെയ്തിരിക്കുന്നു . റിയലിസ്റ്റിക് മേക്കിങ് ചിലപ്പോൾ എല്ലാവര്ക്കും ദഹിച്ചു എന്ന് വരില്ല .കോമഡി ട്രാക്കിൽ ആണ് കഥ പുരോഗമിക്കുന്നത് ,പടത്തിന്റെ കഥയെ കുറിച്ചു പറഞ്ഞാൽ സ്പോയ്ലർ ആകും എന്നത് കൊണ്ട് ഒന്നും പറയാൻ കഴിയില്ല .അൽഫോൻസ് നല്ലൊരു എഡിറ്റർ ആയത് കൊണ്ട് തന്നെ സീൻ transitions എല്ലാം മികച്ചതായിരുന്നു . പ്രിത്വിരാജിനെ കൂടാതെ ബാബുരാജ് ,ഷമ്മി തിലകൻ , ലാലു അലക്സ്, ചെമ്പൻ എന്നിവർ നല്ല പോലെ സ്കോർ ചെയ്തു . ഗോൾഡിന് ധൈര്യമായി തന്നെ ടിക്കറ്റ് എടുകാം , ഗോൾഡ് നിങ്ങളെ നിരാശരാകില്ല

**

Manish Manikuttan

20 മിനുട്ടിൽ പറയുവുന്ന ഒരു കഥ 2:45 മണിക്കൂറിൽ പറഞ്ഞു. പാളിപ്പോയ തിരക്കഥയെ എഡിറ്റിംഗ് ഗിമ്മിക്സ് കൊണ്ട് നികത്താൻ ഉള്ള ശ്രമം. നയൻ‌താര പ്രിത്വി രണ്ടു പേരെയും ഒരു രീതിയിലും ഡിമാൻഡ് ചെയ്യാത്ത തിരക്കഥ. പ്രേമത്തിൽ വിജയിച്ച ചില പൊടികൈകൾ ഇവിടെ പാടെ പൊളിഞ്ഞു ????. (ബിത്വ സൗബിൻ & ഗണപതി വരുന്ന ആ ഏരിയ എന്തിനാരുന്നു എന്നു തന്നെ മനസിലായില്ല ). മല്ലിക സുകുമാരൻ ഒക്കെ അസാധ്യമായി കോമഡി വഴങ്ങുന്ന നടിയാണ്. സ്കോപ്പ് ഉണ്ടായിട്ടും അതൊന്നും ഉപയോഗിച്ചില്ല. ബിജിഎം, ലാലു അലക്സ്‌, ചില കോമഡി സീനുകൾ നന്നായി തോന്നി. തീരെ മോശം എന്ന് പറയുന്നില്ല. പക്ഷെ അൽഫോൻസിന്റെ അടുത്ത് നിന്ന് ഇതല്ല പ്രതീക്ഷിച്ചതു ) (അൽഫോൻസിന്റെ എലിക്ക് ഇതിലും നല്ല കഥ ഉണ്ടായിരുന്നു ????????????)

***
Akshya PM

അൽഫോൺസ് ആയതു കൊണ്ട് ഒരു മിനിമം ഗ്യാരണ്ടീ പ്രേതീക്ഷിച്ച് ആണ് എല്ലാവരും കയറുക.
എന്നാൽ ഇത്രയും ബോർ അടിപ്പിച്ച സിനിമ ഈ അടുത്ത് ഒന്നും കണ്ടിട്ട് ഇല്ല. ഒരു ഷോർട്ട് ഫിലിം പോലും ആകാൻ ഇലാത്ത ഒരു സ്ക്രിപ്റ്റ് വലിച്ചു നീട്ടി സിനിമ ആകിയിട്ട്, ലാഗ് അടിപ്പിച്ചു പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിൽ ഒരു ലിമിറ്റ് ഒക്കെ ഇല്ലേ.ഇത്ര അധികം താരങ്ങൾ ഉണ്ടായിട്ടും, ഒരാൾ പോലും ഒരു ഇമ്പാക്ട് ഉണ്ടാക്കിയില്ല എന്നത് ആണ് ഏറ്റവും സങ്കടം.നയൻസിനെ കാണാൻ പോലും കിട്ടിയില്ല എന്നത് വേറെ ഒരു സങ്കടം. സൗബിൻ ഒക്കെ എന്തിനാണാവോ വന്നത്.P. S. ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു പുത്രേട്ടാ.

**

Syam Kumar M

അൽഫോൻസ് പുത്രന്റെ നേരവും പ്രേമവും ലെവൽ ഒന്നും പ്രതീക്ഷിച്ചു ആരും പോകേണ്ട .ചെറിയ ഒരു കണ്ടെന്റ് വലിച്ചു നീട്ടി എടുത്ത ഒരു സിനിമ പോലെ തോന്നിച്ചു.ഇടക്കൊക്കെ കുറച്ചു സീനുകൾ നല്ല പോലെ തോന്നി കുറച്ചു കോമഡി ഒക്കെ വലിയ കുഴപ്പം തോന്നി ഇല്ല .അൽഫോൻസ് സ്റ്റൈലിൽ ഉള്ള എഡിറ്റിംഗ് ഒക്കെ സിനിമ യെ കുറച്ചു ഭേദപെട്ട ലെവലിൽ എത്തിച്ചു .
മൊത്തത്തിൽ ഒരു ആവറെജ് നിലവാരം ഉള്ള ചിത്രം

**

Firaz Abdul Samad

നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്‌. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ്‌ ഒരു മൾട്ടിയോണർ ചിത്രമാണ്.

പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ്‌ എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ.

ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ് പലയിടത്തും പ്രേമത്തെ ഓർമ്മിപ്പിച്ചു. ചില ട്രാൻസിഷനുകളും, അനാവശ്യ എഴുത്തുകളും, പ്രസക്തമല്ലാത്ത ഷോട്ട് പ്ളേസ്മെന്റുമൊക്കെ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. സാമാന്യം നന്നായി പോയ ആദ്യ പകുതിയും, ചടുലതയും, ത്രില്ലും, ആകാംഷയുമുള്ള രണ്ടാം പകുതിയുമുള്ള ചിത്രത്തിന്റെ ക്ലൈമാക്സ് അൽപ്പം ഫോഴ്സ്ഡ് ആയി തോന്നി. അത് പോലെ തന്നെ ഫില്ലറുകൾ പോലെ ഉപയോഗിച്ച ചില കാരക്ടർ പ്ളേസ്മെന്റുകളും, തമാശകളും, സിറ്റുവേഷൻസുമൊക്കെ മുഴച്ചു നിന്നു ചിത്രത്തിൽ.

പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് ഗോൾഡിനെ മുന്നോട്ട് നയിക്കുന്നത്, അത് അദ്ദേഹം വൃത്തിയായി ചെയ്തിട്ടുമുണ്ട്. അത് പോലെ തന്നെ മികച്ചതായി തോന്നിയത് ഷമ്മി തിലകൻ, ബാബുരാജ്, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനങ്ങളാണ്. നയൻതാര ഉൾപ്പെടെ പല കഥാപാത്രങ്ങളും, താരങ്ങളും ചിത്രത്തിൽ വന്ന് പോകുന്നുണ്ടെങ്കിലും, എന്ത് കൊണ്ടോ പല കഥാപാത്രങ്ങളും അത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല.
ആകെത്തുകയിൽ, അൽഫോൻസ് പുത്രൻ പറഞ്ഞതു പോലെ ഒരു പ്രേമം പ്രതീക്ഷിച്ചു പോകാതെ, ഒരു നേരം മൂഡുള്ള സിനിമ പ്രതീക്ഷിച്ചു പോയാൽ സാമാന്യം നന്നായി ഇഷ്ടപ്പെടാവുന്ന, ഒരു തവണ തീയേറ്ററുകളിൽ നിന്ന് കാണാവുന്ന ചിത്രമായാണ് ഗോൾഡ്‌ എനിക്കനുഭവപ്പെട്ടത്.

മൂവി മാക് ഗോൾഡിന് നൽകുന്ന റേറ്റിങ്- 7.5/10..
സ്നേഹത്തോടെ, മാക്..

*********

Shaju Surendran

അൽഫോൺസ് പുത്രന്റെ തന്നെ മുൻ ചിത്രമായ നേരം, ബോളീവുഡിൽ ഈ വർഷം ഇറങ്ങി മികച്ച അഭിപ്രായം നേടിയ ലുഡോ, മോണിക്കാ ഓ മൈ ഡാർലിംഗ് തുടങ്ങിയ സിനിമകളുടെയൊക്കെ ശൈലിയിൽ ഒരു കോമഡി, ക്രൈം ത്രില്ലർ സിനിമയാണ് ഉദ്ദേശിച്ചത് പക്ഷെ സംഭവം മൊത്തത്തിൽ നല്ല അസ്സല് ബോറായിട്ടുണ്ട്.

അൽഫോൻസ് പുത്രൻ എഡിറ്റ് വർക്കിന് കൂടുതൽ സമയമെടുത്തത് കൊണ്ടാണ് റിലീസ് നീണ്ടത് എന്ന് കേട്ടിരുന്നു. പക്ഷേ സിനിമ കണ്ടപ്പോ എഡിറ്റിങ് എന്ന പരിപാടിയേ നടന്നിട്ടില്ല എന്ന് തോന്നി. റിലീസ് ഡേറ്റ് പോലെ, സിനിമയും നന്നായി നീണ്ടിട്ടുണ്ട്. സിനിമയിൽ കാണിക്കുന്ന, വണ്ടിയിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതും, ഇറക്കുന്നതുമായ രംഗങ്ങൾ പോലും ഒരൽപ്പം പോലും കട്ട് ചെയ്യാതെ മുഴുവൻ കാണിക്കുന്നുണ്ട്. അത് പോലെ പല രംഗങ്ങളും, നല്ല ലാഗ് ഫീൽ ചെയ്യുന്നുമുണ്ട്. (ഞാൻ ഒരു സിനിമാ വിദഗ്ദനല്ല , അതുകൊണ്ട് എഡിറ്റിങ്ങിനെയും, ലാഗിനെയുമൊക്കെ പറ്റി ഈ പറഞ്ഞത് വേണമെങ്കിൽ വിശ്വസിച്ചാൽ മതി). ????????

പ്രിത്വിരാജും, നയൻ താരയും മുതൽ അണ്ണാനും, കുഞ്ഞനുറുമ്പും വരെയുള്ള ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആരും മോശമാക്കിയില്ല. പക്ഷേ ഈ പറഞ്ഞ കഥാപാത്രങ്ങളെയൊക്കെ തന്നെ പിരി പോയ ആൾക്കാരെപ്പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത് . ഒന്നിനും ഒരന്തവും, കുന്തവുമില്ല.
പ്രിത്വിരാജിന് മസ്സിലൊക്കെ വിട്ട് റിലാക്സ് ചെയ്ത് അഭിനയിക്കാൻ ഒരവസരം കിട്ടി എന്നതാണ് ഏക പ്ലസ്സ് പോയിന്റ്. പടത്തിലെ ഭൂരിഭാഗം കോമഡികളും വെറും ചളികളാണ്, എങ്കിലും ഇടയ്ക്കൊക്കെ വന്ന് പോവുന്ന ചില തമാശകളൊക്കെ കൊള്ളാം. BGM നന്നായിട്ടുണ്ട്.മൊത്തത്തിൽ പടം പോരാ..!

 

Leave a Reply
You May Also Like

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

മാളവിക മേനോന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിദ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം…

ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ‘തങ്കമണി’ എന്ന കഥാപാത്രത്തെ കുറിച്ചും അത് തന്റെ കരിയറിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും അനുമോൾ

തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അനുമോൾ തന്റെ ആദ്യ മലയാളം ചിത്രമായ ‘ഇവൻ മേഘരൂപനെ’…

വിജയൻറെ കവിളിൽ ദാസന്റെ ഉമ്മ

മോഹൻലാലും ശ്രീനിവാസനും മലയാളികൾക്ക് പ്രിയപ്പെട്ട കോമ്പിനേഷനാണ്. അവർ ഒരുമിച്ചപ്പോഴെല്ലാം അടിപൊളി സിനിമകൾ പിറന്നിട്ടുണ്ട്. അതിൽ പലതും…

ആരാണ് ബൊമ്മനും ബെല്ലിയും ?

ആരാണ് ബൊമ്മനും ബെല്ലിയും ? അറിവ് തേടുന്ന പാവം പ്രവാസി ????കുട്ടിയാനയായ രഘുവിന്റെയും , അവന്റെ…