പശുമൂത്രത്തിലെ സ്വർണ്ണം !

0
304

Manoj V D Viddiman

പശുമൂത്രത്തിലെ സ്വർണ്ണം !

ഒരു ലിറ്റർ ഗീർപശു മൂത്രത്തിൽ നിന്ന് 3 മില്ലി ഗ്രാം മുതൽ 10 മില്ലിഗ്രാം വരെ സ്വർണ്ണം വേർതിരിച്ചെടുക്കാമെന്ന് ജൂനഗഡ് കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു എന്നാണ് വാർത്ത. അതായത് പത്ത് ലിറ്റർ ഗോമൂത്രത്തിൽ നിന്ന് 30 – 100 മില്ലി ഗ്രാം സ്വർണ്ണം !!

ഒരു ഏകദേശ കണക്ക് ഉണ്ടാക്കി നോക്കാം.

ഒരു ഗീർ പശു 10 ലിറ്റർ മൂത്രം വിസ്സർജ്ജിക്കുന്നുണ്ട് ( രണ്ട് ദിവസം കൊണ്ട്) എന്നു കരുതുക

10 പശുക്കൾ ഉണ്ടെങ്കിൽ 10 x 10 = 100 ലിറ്റർ മൂത്രം.

100 ലിറ്റർ മൂത്രത്തിൽ നിന്ന് വേർതിരിച്ചെടുക്കാവുന്ന സ്വർണ്ണം = 100 x( 3 ~ 10  300 ~ 1000 മില്ലി ഗ്രാം = 0.3 ~ 1.0 ഗ്രാം

ഏകദേശക്കണക്കായതുകൊണ്ട് പരമാവധി സാധ്യതയിലേക്ക് തന്നെ പോകാം.

രണ്ടു ദിവസം കൊണ്ട് ഒരു ഗ്രാമോളം സ്വർണ്ണം.

ഒരു മാസം കൊണ്ട് 15 ഗ്രാം.

ഒരു വർഷം കൊണ്ട് 15 x 12 = 180 ഗ്രാം സ്വർണ്ണം = 22.5 പവൻ

ഇന്നത്തെ വിലയനുസരിച്ച് 180 x 3525 = 6,34,500/- രൂപ.

അതായത് 10 ഗീർ പശുവിൽ നിന്ന് ഒരു വർഷം ആറ് ലക്ഷത്തിലധികം രൂപ !!!

ഒരിച്ചിരി പിണ്ണാക്ക്.. ഒരിച്ചിരി പരുത്തിക്കുരു- മൂത്രപ്പണം ഇങ്ങനെ ശറാശറാ ഒഴുകുകയല്ലേ !!!

ആഹാ.. ഐശ്വരത്തിന്റെ സ്വർണ്ണം വിളി !!

ഈ ഐഡിയ നമുക്കെന്തേ നേരത്തേ തോന്നാതിരുന്നത് ദാസാ…


ഈ വാർത്ത എന്നാണ് പുറത്തു വന്നതെന്നറിയാമോ ?

ജൂൺ 2016 ൽ.

ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു.

ജൂനഗഡ് സർവ്വകലാശാലയിൽ 10 ഗീർ പശുക്കളുണ്ടെങ്കിൽ, അവർ ഈ കണ്ടുപിടിത്തം ഉപയോഗിച്ച് അരക്കിലോക്കടുത്ത് സ്വർണ്ണം ഉത്പാദിപ്പിച്ചിട്ടുണ്ടാവണം.

അങ്ങനെയുണ്ടായിട്ടുണ്ടോ ? സർവ്വകലാശാലയിൽ നിന്ന് ഇത് സംബന്ധിച്ച് പിന്നെയെന്തെങ്കിലും വിവരം പുറത്തു വന്നിട്ടുണ്ടോ ?

ഈ വാർത്ത പങ്കു വെച്ച ജന്മഭൂമിയിലെ വാചകം ശ്രദ്ധിക്കുക .

“സ്വർണ്ണം ഇനി മണ്ണിൽ നിന്നും കുഴിച്ചെടുക്കേണ്ടതില്ല. ഗോമൂത്രത്തിലും ലഭ്യം “

ഈ ‘കണ്ടുപിടിത്തം’ കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത്, ജുനഗഡ് സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ഗുജറാത്തിൽ, ഈ സാങ്കേതീകവിദ്യ ഉപയോഗിച്ച് എത്ര സ്വർണ്ണം വേർതിരിച്ചെടുത്തു ? അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നതു കൊണ്ട് മണ്ണിൽ നിന്നും സ്വർണ്ണം കുഴിച്ചെടുക്കുന്ന എത്ര സ്വർണ്ണഖനികൾ പ്രവർത്തനം അവസാനിപ്പിച്ചു ?


ഈ വിഷയത്തിൽ ശ്രീ. Rageshpp Chelembra നൽകുന്ന വിശദീകരണം ശ്രദ്ധിക്കുക :

മിക്ക ചെടികളിലും ആ പ്രദേശത്തെ മണ്ണിലടങ്ങിയിരിക്കുന്ന പല ലോഹ ലവണ ധാതുക്കളും PPM ( പാർട്ട്സ് പെർ മില്ല്യൺ = 1000 ലിറ്ററിൽ ഒരു ഗ്രാം) അളവിൽ ഉണ്ടാവും

കർണാടകത്തിൽ കോലാർ മേഖലയിലും ദക്ഷിണ കർണാടകത്തിലും കാസർഗോഡ് അതിർത്തിയിലും മുരിങ്ങക്കായിൽ പോലും സ്വർണത്തിന്റെ ppm അളവിൽ സാന്നിദ്ധ്യം കാണുന്നു. ഇത്തരം സസ്യവസ്തുക്കൾ ഭക്ഷിക്കുന്ന മനുഷ്യനിലും മൃഗങ്ങളിലും ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യത ഉണ്ട്, കാരണം ഘന ലോഹങ്ങൾ ജൈവ വ്യവസ്ഥിതിക്ക് അനുകുലമല്ലാത്തതിനാൽ അവ കരൾ വേർതിരിച്ച് ശരീരത്തു നിന്ന് പുറം തള്ളും. മൂത്ര സംവിധാനത്തിലൂടെ ആയിരിക്കും പുറം തള്ളപ്പെടുക എന്നത് സാധാരണം മാത്രം.

ഉദ്ദാഹരണത്തിന് സ്വർണ ലവണം (AuCl3) വളരെ നേർപ്പിച്ച അളവിൽ പാനീയമായി കഴിക്കുന്ന മനുഷ്യന്റെയൊ മൃഗത്തിന്റെയൊ മൂത്രത്തിൽ സ്വർണത്തിന്റെ സാമീപ്യം തീർച്ചയായും ഉണ്ടാവും കാരണം സ്വർണം ജീവ വ്യവസ്ഥിതിക്ക് അനാവശ്യമായതിനാൽ അത് പുറം തള്ളപ്പെടും എന്ന സാമാന്യപ്രക്രിയ മാത്രമാണ്.

ഇതിൽ പശുക്കളും ഉൾപ്പെടാം, കേവലം അതിന്റെ ആഹാരവസ്തുക്കളിൽ സ്വർണലവണങ്ങൾ ഉണ്ടായിരിക്കണം എന്നു മാത്രം.


കുറിപ്പ് : വളരെ നേരിയ അംശം സ്വർണ്ണം മനുഷ്യശരീരത്തിലുമുണ്ട് കെട്ടോ – ഏകദേശം 0.2 മില്ലിഗ്രാമോളം.


മനുഷ്യരക്തത്തിൽ, കടൽ വെള്ളത്തിൽ, എന്തിന് ഒട്ടകമൂത്രത്തിൽ എല്ലാം ഇങ്ങനെ സ്വർണ്ണത്തിന്റെ അംശം കണ്ടെത്തിയ ശാസ്ത്രീയ പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ ലിങ്കിൽ നിന്ന് ലഭ്യമാണ് >> https://skeptics.stackexchange.com/…/does-cow-urine-contain…


ഇനി ഈ വിഷയത്തിൽ പ്രൊഫസർ കെ പാപ്പുട്ടി ലൂക്ക ഓൺലൈൻ മാസികയിൽ നിന്നെഴുതിയ ഈ വസ്തുത ശ്രദ്ധിക്കുക.

“ഇനി, ഗിര്പശു മറ്റു മൂലകങ്ങളെ സ്വര്ണാക്കി മാറ്റുന്നുണ്ടെങ്കില് അതിനുള്ള എന്തു യന്ത്രമാണ് അവയുടെ വൃക്കയിലുള്ളത്? സ്വര്ണം ഒരു ഹെവി മെറ്റല് ആണ്. ആറ്റമിക സംഖ്യ 79ഉം ആറ്റമികഭാരം 197ഉം ആണ്. പശു ഭക്ഷിക്കുന്ന വസ്തുക്കളിലടങ്ങിയ മറ്റു മൂലകങ്ങളെ (മുഖ്യമായും നൈട്രജനും ഓക്സിജനും കാര്ബണും) സ്വര്ണമാക്കി മാറ്റണമെങ്കില് അനേകം പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റേണ്ടിവരും. ഇതിനെ ന്യൂക്ലിയര് ട്രാന്സ്മ്യൂട്ടേഷന് എന്നു പറയും. വലിയ കണത്വരിത്രങ്ങള് (particle accelarators) ഉപയോഗിച്ചാണ് മനുഷ്യര് ചില ന്യൂക്ലിയര് ട്രാന്സ്മ്യൂട്ടേഷനൊക്കെ നടത്തുന്നത്. ഗിര്പശുവിന് ഇതിന് എങ്ങനെ കഴിയും?.”

ഗ്യാസ് ക്രൊമാറ്റോഗ്രാഫി – മാസ്സ്പെക്ട്രോമെട്രി (GC – MS) എന്ന രസതന്ത്രവിദ്യയാണ് ഗോമുത്രത്തിലെ സ്വർണ്ണം വേർതിരിച്ചെടുക്കാൻ ജുനഗഢ് സർവ്വകലാ ശാസ്ത്രജ്ഞർ ഉപയോഗിച്ചതായി പറയുന്നത്.

ഇത് ഒരു പരീക്ഷണ സാമ്പിളിലെ വ്യത്യസ്ത പദാർത്ഥങ്ങളെ തിരിച്ചറിയുന്നതിന് ആദ്യം അമേരിക്കയിലും തുടർന്ന് മറ്റ് രാഷ്ട്രങ്ങളും 1959 മുതൽ ഉപയോഗിച്ചു വരുന്ന ഒരു വിശകലന സാങ്കേതീകവിദ്യയാണ് . ക്രിമിനൽ ഫോറൻസിക്, മയക്കുമരുന്ന് കണ്ടെത്തൽ, പരിസ്ഥിതി വിശകലനം, സ്ഫോടകവസ്തു അന്വേഷണം, അജ്ഞാത സാമ്പിളുകൾ തിരിച്ചറിയൽ തുടങ്ങിയ പ്രക്രിയകൾക്കായി ഈ സാങ്കേതീക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഏതെങ്കിലും ജന്തുസ്രവങ്ങൾ/വിസ്സർജ്ജ്യങ്ങളിൽ നിന്ന് നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്ത് വ്യാവസായീകമായി സ്വർണ്ണം ഉത്പാദിപ്പിക്കുന്ന പരിപാടി ലോകത്തെവിടെയും നിലവിലില്ല.

ഈ സാങ്കേതീകവിദ്യയെ കുറിച്ച് ഇവിടെ വായിക്കാം >> https://en.wikipedia.org/…/Gas_chromatography%E2%80%93mass_….

കടൽവെള്ളം, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ സ്വർണ്ണത്തിന്റെ അംശമുണ്ടെന്ന് പണ്ടേ പാശ്ചാത്യരാജ്യങ്ങളിൽ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. ഓരോന്നിലും അതെത്രത്തോളമുണ്ട് എന്ന് പഠിച്ച് 1970 ൽ ‘യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റീരിയർ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈ വിവരത്തിന് അതിനേക്കാളേറേ പഴക്കമുണ്ട് എന്ന് വ്യക്തമാണ്.

പഠനറിപ്പോർട്ടിന്റെ ലിങ്ക് ഇവിടെ >> https://pubs.usgs.gov/circ/1970/0625/report.pdf

ഇങ്ങനെ സസ്യജന്തുജാലങ്ങളിലുള്ള സ്വർണ്ണത്തിന്റെ അംശത്തെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക, അതിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള സാങ്കേതീകവിദ്യയും കൈവശമുണ്ടായിരിക്കുക – എന്നിട്ടും എന്തുകൊണ്ടായിരിക്കണം സായിപ്പ് ഇങ്ങനെ സ്വർണ്ണം ഉത്പാദിപ്പിക്കാതിരുന്നത് ?

ഇങ്ങനെ വ്യാവസായീകമായി സ്വർണ്ണം ഉത്പാദിപ്പിക്കുക പ്രായോഗീകമല്ല, സാധ്യമല്ല എന്ന തിരിച്ചറിവു തന്നെ.

‘അതൊക്കെ കേട്ടറിവാണ്. നമ്മുടെ നാടൻ പശുക്കളുടെ മൂത്രത്തിന്റെ രാസവിശകലനമൊന്നും അവർ നടത്തിയിട്ടില്ല, അതുകൊണ്ടാണ് ഇത് ചെയ്തത്’ എന്ന് ജുനഗഢ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടേക്കാം. അത് സമ്മതിക്കുകയും ചെയ്യാം.

പക്ഷേ ഇത്തരം പഠനങ്ങളെ കുറിച്ചും റിസൾട്ടിനെ കുറിച്ചും അറിവുണ്ടായിട്ടും അതൊരു മഹാ അത്ഭുതമായി പ്രചരിപ്പിക്കുകയും ‘സ്വർണ്ണം ഇനി മുതൽ കുഴിച്ചെടുക്കേണ്ടതില്ല’ എന്നൊക്കെ തട്ടി വിടുകയും ചെയ്യുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കും ?

ജന്മഭൂമിയും മറ്റ് പ്രസിദ്ധീകരണങ്ങളും ഈ വാർത്തയിങ്ങനെ പ്രസിദ്ധീകരിക്കുന്നത്, ഇടയ്ക്കിടെ ആ പത്രക്കട്ടിങ്ങും വാർത്താലിങ്കുകളും പൊങ്ങി വരുന്നത് നിഷ്ക്കളങ്കമായ ശാസ്ത്രസ്നേഹവും ദേശാഭിമാനവും കൊണ്ടാണെന്ന് കരുതുന്നുണ്ടോ ?

അല്ല കെട്ടോ. അതല്ല ഇതിങ്ങനെ അടിച്ചിറക്കുന്നവരുടെ ലക്ഷ്യം.

നിങ്ങളുടെ ദേശീയബോധത്തെ ഒരു അഭിമാനഗർവ്വാക്കി പെരുപ്പിച്ചെടുത്ത് നിങ്ങളെ ഒരു ദേശരാഷ്ട്രമൗലീകവാദിയായി മാറ്റിയെടുക്കുക എന്ന നിഗൂഢ താല്പര്യമാണ് അതിനു പിന്നിൽ.രാഷ്ട്രത്തിന്റെയും ജനതയുടെയും കുറവുകളെ കുറിച്ചുള്ള യാഥാർത്ഥ്യബോധം ഇല്ലാതാക്കി, എല്ലാത്തിലും മുന്നിലായിരുന്നു/മുന്നിലാണ് എന്ന മിഥ്യാഭിമാനം സ്ഥാപിച്ചെടുത്ത്, കാര്യകാരണബോധത്തോടെ വസ്തുതകൾ വിശകലനം ചെയ്ത് ശരിതെറ്റുകൾ തിരിച്ചറിയാൻ നിങ്ങൾക്കുള്ള ശേഷി ഇല്ലായ്മ ചെയ്യുക – പിന്നെ തങ്ങളോടുള്ള അനുസരണയും വിധേയത്വവുമല്ലാതെ മറ്റൊന്നും നിങ്ങളിൽ ബാക്കിയുണ്ടാവില്ല എന്ന് ഈ വൈതാളികവൃന്ദത്തിന് – സംഘ് പരിവാറിന് കൃത്യമായി അറിയാം.

അർദ്ധസത്യങ്ങളും പെരും നുണകളും കൊണ്ട് പൊതിഞ്ഞ ഇത്തരം ഓരോ ‘വാർത്താ’ ഏറുകളും അതിനുള്ളതാണ്.

കരുതിയിരിക്കുക, പരിശോധിക്കുക, പ്രതിരോധിക്കുക, പ്രതിരോധപ്രചരണങ്ങളും ശാസ്ത്രവും യുക്തിയും പ്രചരിപ്പിക്കുക , ചെറുക്കാൻ ഇതൊക്കെ മാത്രമാണ് മാർഗ്ഗങ്ങൾ.

@ Viddiman

Advertisements