Gold : ഉറുമ്പിൻ്റെ പ്രതികാരം – ട്രോൾ റിവ്യൂ
- Bilal Nazeer
പൃഥ്വിരാജ്, ഷമ്മി തിലകൻ, ബാബുരാജ്, ഉറുമ്പ്, പൂമ്പാറ്റ, പച്ചക്കുതിര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കാള, കുരുവി, തുളവട, അണ്ണാൻ, നയൻതാര, സൗബിൻ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നു.
തൻ്റെ വീടിന് മുന്നിൽ ആരോ പാർക്ക് ചെയ്തിട്ട് പോയ ബൊലേറോ കാരണം രാജു ഏട്ടന് പുതിയ കാർ മുറ്റത്തേക്ക് കയറ്റാൻ പറ്റുന്നില്ല. മുറ്റത്ത് സൊറ പറഞ്ഞിരിക്കുന്ന പുൽചാടിയും പൂമ്പാറ്റയും ഏട്ടൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഏട്ടൻ്റെ വിഷമം മനസ്സിലാക്കി രാത്രി വണ്ടി കൊണ്ട് പോകാൻ വരുന്ന ഗുണ്ടയെ ഏട്ടൻ തല്ലി ഓടിക്കുന്നു. എന്നിട്ട് വണ്ടി എടുത്ത് കൊണ്ട് പോകാത്തതിന് ചീത്തയും വിളിക്കുന്നു. ഇത് കണ്ട് പൂമ്പാറ്റ പറന്ന് ചിരിക്കുന്നു.
ഇവിടെയാണ് വില്ലൻ ഉറുമ്പിൻ്റെ രംഗ പ്രവേശം. തൻ്റെ മഞ്ഞ ലഡ്ഡു കട്ട് തിന്നാൻ വരുന്ന ഉറുമ്പിനെ വണ്ടിയിൽ നിന്ന് കിട്ടിയ സ്പീക്കർ എറിഞ്ഞ് ഏട്ടൻ ഓടിക്കുന്നു. 10 രൂപയുടെ ലഡ്ഡു സംരക്ഷിക്കാൻ 8000 രൂപയുടെ സ്പീക്കർ എറിഞ്ഞ എച്ചിയോട് പ്രതികാരം ചെയ്യാൻ ഉറുമ്പ് തീരുമാനിക്കുന്നു. പക്ഷേ സ്പീക്കറിൻ്റെ രൂപത്തിലുള്ള സ്വർണം ആണ് വണ്ടിയിൽ എന്ന് മനസ്സിലാക്കിയ ഏട്ടൻ മുഴുവൻ സ്പീക്കറും അടിച്ച് മാറ്റാൻ പ്ലാൻ ഇടുന്നു. താൻ വന്ന് കയറിയത് കൊണ്ടാണ് ഏട്ടന് സ്വർണം കിട്ടിയത് എന്ന ഗമയിൽ പിൽചാടി ചിരിക്കുന്നു.
ഈ സമയം പോലീസുകാർ വീട്ടിൽ എത്തുമ്പോൾ സ്വർണം സംരക്ഷിക്കാൻ ഏട്ടൻ ഓടുന്നു. ബിൽ ഇല്ലാതെ ഏട്ടന് സ്വർണം എത്തിച്ച് കൊടുത്തതിന് തന്നെ പോക്കുമോ എന്ന് പേടിച്ച് പുൽചാടി ജീവനും കൊണ്ട് ചാടുന്നു. എട്ടനോട് പ്രതികാരം ചെയ്യാൻ 20 ഉറുമ്പുകളെയും കൂട്ടി വില്ലൻ ഉറുമ്പ് എത്തുന്നു. എന്നാൽ 20 സ്പീക്കറുമായി നിൽക്കുന്ന ഏട്ടനെ കണ്ട് “നിനക്ക് പ്രാന്താടാ” എന്ന് അലറി കൊണ്ട് തിരിഞ്ഞ് ഓടുന്നു. ഇതിനിടക്ക് ഏട്ടൻ്റെ കല്യാണം മുടങ്ങുന്നു. ഇതറിഞ്ഞ് അക്വേറിയത്തിലെ മീനുകൾ പൊട്ടി കരയുന്നു. അക്വേറിയത്തിൽ നിറയെ വെള്ളം ആയത് കൊണ്ട് മാത്രം കണ്ണീർ നമ്മൾ കാണുന്നില്ല.
സ്വർണം മുഴുവൻ ഏട്ടന് കിട്ടുമോ അതോ ഏട്ടനെയും പുൽചാടിയെയും പോലീസ് പൊക്കുമോ എന്നത് ക്ലൈമാക്സ്. 2 തവണ തോറ്റ് മടങ്ങിയ വില്ലൻ ഉറുമ്പ് തിരിച്ച് വരുന്നതും, 200 സ്പീക്കർ ഉള്ള ഏട്ടനും 20000 ഉറുമ്പുകളും തമ്മിലുള്ള ബ്രഹ്മാണ്ഡ സംഘട്ടന രംഗം ആയിരുന്നു സംവിധായകൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ 2021 ലേ ലോക് ഡൌൺ കാരണം ഉറുമ്പുകൾ എത്താൻ വൈകിയതും, ഒടുവിൽ എത്തിയ ഉറുമ്പുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയതും കാരണം ചിത്രത്തിൻ്റെ ക്ലൈമാക്സ് റീഷൂട്ട് ചെയ്യേണ്ടി വന്നു. ഇതിനാൽ റിലീസ് നീണ്ട് പോവുകയായിരുന്നു. അല്ലാതെ വിരോധികൾ പ്രചരിപ്പിച്ചത് പോലെ സിനിമ ഡിലീറ്റ് ആയി പോയതല്ല.
***
2. Sajith M S




