ഇനി നിങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റടിക്കേണ്ടി വരില്ല

582

1

ടൈറ്റില്‍ കേട്ടിട്ട് ചുമ്മാ പുളുവടിക്കാതെ എന്ന് പറയാന്‍ വരട്ടെ. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റ്‌ അടിക്കാനായി ഇനി വര്‍ക്ക്ഷോപ്പ് തേടി അലയേണ്ടതില്ല. കാരണം പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ ഗുഡ്‌ഇയര്‍ നിങ്ങളുടെ കാലാകാലങ്ങളായി ഉള്ള ആവശ്യം പരിഗണിച്ചു കൊണ്ട് നിങ്ങള്‍ക്ക്‌ ഇനിയൊരിക്കലും കാറ്റ്‌ അടിക്കേണ്ടി വരാത്ത ഒരു തരം ടയര്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്ന് വെച്ച് കാറ്റേ വേണ്ടാത്ത ടയര്‍ ആവില്ല, പകരം ഗുഡ് ഇയര്‍ നിര്‍മ്മിച്ച ഈ ടയര്‍ സ്വയം വീര്‍ത്തു കൊള്ളും.

സെല്‍ഫ്‌ ഇന്‍ഫ്ലാറ്റിംഗ് എയര്‍ ടെക്നോളജി എന്ന് പേരുള്ള ഈ ടെക്നോളജി കൊണ്ട് ടയര്‍ എയര്‍ കുറയുന്നതിനനുസരിച്ച് സ്വയം വീര്‍ത്തു കൊള്ളും. യാതൊരു വിധ ഇലക്ട്രോണിക് കണ്ട്രോളുകളുടെയോ എക്സ്റ്റേണല്‍ പമ്പുകളുടെയോ സഹായമില്ലതായാണ് ഇത് സാധിക്കുക എന്നതാണ് അത്ഭുതം. ഒരു മനുഷ്യന്റെ ദഹനവ്യവസ്ഥയോട് സാമ്യമുള്ളതാണ് ഇതിന്റെ പ്രവര്‍ത്തനം. ടയറിന്റെ ഉള്ളില്‍ ഫിക്സ് ചെയ്തിരിക്കുന്ന ട്യൂബ് ആണ് ഈ പ്രവര്‍ത്തനം ചെയ്യുന്നത്. ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ദഹന വ്യവസ്ഥ എങ്ങിനെയാണോ പ്രവര്‍ത്തിക്കുന്നത് അതെ പോലെ ടയര്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിന്റെ ഭാരം കാരണം ഉണ്ടാവുന്ന ഹൈ പ്രഷര്‍ കാരണം ദഹനവ്യവസ്ഥയില്‍ ഉണ്ടാകുന്ന പോലെയുള്ള പമ്പിംഗ് ആക്ഷന്‍ ടയറിന്റെ കാര്യത്തിലും നടക്കുന്നു.

ടയറിന്റെ ഉള്ളിലുള്ള പ്രഷര്‍ ആവശ്യമുള്ള ലെവലിനെക്കാള്‍ കുറഞ്ഞ അവസ്ഥയില്‍ ആണെങ്കില്‍ ഒരു റെഗുലേറ്റര്‍ പുറമെയുള്ള എയറിനെ ഉള്ളിലേക്കു കടത്തി വിടും. മുകളില്‍ പറഞ്ഞതെല്ലാം നടക്കുന്നത് മുകളില്‍ വണ്ടിയോടിക്കുന്ന കക്ഷിയുടെ അറിവോട് കൂടിയല്ല എന്നതാണ് അത്ഭുതം.

ഈ പുതിയ ടെക്നോളജി കാരണം വാഹന ഉടമകള്‍ക്ക് വളരെയധികം ധനലാഭവും കുറഞ്ഞ ഇന്ധന ഉപയോഗവും ആണ് ലഭിക്കാന്‍ പോകുന്നത്. ഏതായാലും ഗുഡ്ഇയര്‍ കമ്പനി കൊമേഴ്സ്യല്‍ ആയി തന്നെ ഈ ടയറിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പോവുകയാണ്. നമുക്ക് കാത്തിരിക്കാം.