പെപ്സിക്കോയും ഉരുളക്കിഴങ്ങ് കർഷകരും ചില സത്യാവസ്ഥകളും

0
443

Gopakumar Mukundan എഴുതുന്നു 

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്സി കമ്പനി (PIH-pepsi India Holdings Pvt Ltd) കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു എന്ന് കേട്ട് അന്തം വിടാത്ത ആരുമില്ലെന്ന് തോന്നുന്നു. സംസ്ഥാന സർക്കാരും അഹമ്മദ് പട്ടേലും ഒക്കെ ഞെട്ടിയ ഞെട്ടൽ കണ്ട് നമ്മൾ ഞെട്ടിപ്പോയി. സംഗതി അന്യായമാണ്. നിയമപരമായി ഇത്തരമൊരു കേസിന് വകുപ്പുണ്ടോ? ഉണ്ടല്ലോ. കോടതി പെപ്‌സിക്ക് അനുകൂലമായി ഒരു താല്ക്കാലിക നിരോധന ഉത്തരവ് നൽകിയതിൽ നിന്നും അതല്ലേ മനസ്സിലാക്കേണ്ടത്? പെപ്സിക്ക് രജിസ്ട്രേഷൻ ഉള്ള ഒരു പൊട്ടറ്റോ ഇനമുണ്ട്. FL 2027 . അത് ഈ പൊട്ടൻ പൊട്ടറ്റോ കൃഷിക്കാർ എടുത്ത് കൃഷി ചെയ്യുന്നതും മറ്റും സ്ഥായിയായി വിലക്കണമെന്ന ആവശ്യപ്പെട്ടാണ് കേസ്. അതിലാണ് കർഷകർക്കെതിരെ താല്ക്കാലിക നിരോധനം.

Gopakumar Mukundan

Protection of Plant Varieties and Farmer’s Rights Act (PPV&FR Act 2001) എന്നൊരു നിയമമുണ്ട് നാട്ടിൽ. പേര് കേട്ടാൽ കർഷകരുടെ താല്പര്യം പരിരക്ഷിക്കാഞ്ഞിട്ട് കിടക്കപ്പൊറുതിയില്ലാതെ ഉണ്ടാക്കിയതാണെന്ന് തോന്നും. അങ്ങനെയാണ് വെയ്പ്പ്. ഇതിന്റെ ഒരു മൂലം മനസ്സിലാക്കുന്നത് നല്ലതാണ്.

TRIPS കരാറിന്റെ ആർട്ടിക്കിൾ 27 (3) ( b) ൽ ഒരു വ്യവസ്ഥയുണ്ട്. ഇതാണ് സംഗതി. ” …. However members shall provide for the protection of Plant Varieties by either by Patents or by an effective sui generis system or by any combination there of.. ” സംഭവം സിമ്പിളാണ്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന് ഫലപ്രദമായ ഒരു ബൗദ്ധിക സ്വത്തവകാശം കൊണ്ടു വന്നേ പറ്റൂ എന്നായി എന്നർത്ഥം. Shall എന്ന് തന്നെയാണ് പദ പ്രയോഗം. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ എന്നതിന് പ്ലാന്റ് ബ്രീഡേഴ്സ് റൈറ്റ്(PBR) എന്നുമാത്രമാണ് പ്രായോഗിക അർത്ഥം. ബാക്കിയൊക്കെ വാചകമടിയാണ്.

യൂറോപ്പ് 1960 കളിൽ തന്നെ PBR നിയമം കൊണ്ടു വന്നിരുന്നു. അവർക്ക് കൃഷിയിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് റിട്ടേൺ ഉറപ്പാക്കണം. അത് അവരുടെ രാഷ്ട്രത്തിന്റെ പൊളിറ്റിക്കൽ ഇക്കണോമിയുടെ രീതി ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിന് ഉതകുന്ന അന്തർദേശീയ പ്രമാണവും 1960 കളിൽ തന്നെ നിലവിൽ വന്നു. UP0V (Inter national Union for the Protection of New Varieties of
plants). 1978 ലും 1991 ലുo പ്ലാന്റ് ബ്രീഡേഴ്സിന്റെ താല്പര്യം കൂടുതൽ കൂടുതൽ സംരക്ഷിക്കാൻ വേണ്ടി UP0V കൺവെൻഷനിൽ ഭേദഗതികളും കൊണ്ടുവന്നു. എന്നാൽ നാം ഒന്ന് മനസ്സിലാക്കണം. ഇന്ത്യ ഈ ഉപ്പുമാവ് വിഴുങ്ങിയില്ല.
UPOVൽ ചേർന്നില്ല.
നമ്മുടെ നാടിന്റെ നട്ടെല്ല് കൃഷിയാണ്. അതിനാവശ്യമായ ജനറ്റിക് മെറ്റീരിയൽ, തണ്ടും, കിഴങ്ങും, വിത്തുമെല്ലാം നാട്ടിലെ കർഷകരും കാർഷിക സമൂഹവും കാത്ത് സംരക്ഷിച്ച് വികസിപ്പിക്കുന്നതാണ്. അവിടെ വൻകിട അഗ്രി ബിസിനസ് കോർപ്പറേഷനുകൾക്ക് കുത്തകാവകാശം നൽകുന്നത് നാടിന്റെ നട്ടെല്ലു തകർക്കും എന്ന് നാം കണക്കാക്കി. മറ്റൊന്നു പറഞ്ഞാൽ അതാണ് നമ്മുടെ നാടിന്റെ പൊളിറ്റിക്കൽ ഇക്കോണമി.

ഡോ. R.H. റിച്ചാറിയയെ കേട്ടിട്ടുണ്ടോ? 19000 നെൽ വിത്തിനങ്ങൾ നാട്ടിൽ സംരക്ഷിച്ച് സംഭരിച്ച അതി സാഹസികതയുടെ കഥ. ഇന്റർ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IRRI) ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത കാലം. ഗ്രേറ്റ് ജീൻ റോബറിയും, ക്രഷ്ഡ് ബട്ട് നോട്ട് ഡിഫീറ്റഡ് തുടങ്ങിയ ലേഖനവും അഭിമുഖവുമൊക്കെ ഇല്ലുസ്ട്രേറ്റഡ് വീക്കിലിയിൽ പ്രകമ്പനങ്ങൾ തീർത്ത കാലം. റായ്പൂരിലെ ഇന്ദിരാഗാന്ധി അഗ്രി. യൂണിവേഴ്സിറ്റിയിലുണ്ട് റിച്ചാറിയ കാത്തു രക്ഷിച്ച ആ നെൽവിത്തിനങ്ങൾ. ഇന്നോളം പിന്നീട് 5000 ഇനങ്ങൾ കൂടിമാത്രമാണ് കൂട്ടിച്ചേർക്കപ്പെട്ടത്.

2002 ൽ ഇന്ദിരാഗാന്ധി അഗ്രി. യൂണിവേഴ്സിറ്റി ബഹുരാഷ്ട്ര അഗ്രി ബിസിനസ് കോർപ്പറേഷനായ Syngenta യുമായി ഒരു ധാരണാ പത്രം ഒപ്പിട്ടു. റായ്പൂർ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ Rice germ Plasm ഉപയോഗിച്ച് കൊളാബറേറ്റീവ് റിസർച്ച് നടത്താൻ! വലിയ ഒച്ചപ്പാടിനെ തുടർന്ന് യുണിവേഴ്‌സിറ്റിയ്ക്ക് ഈ കരാർ റദ്ദാക്കേണ്ടി വന്നു. കാലവും കഥയും ഇങ്ങനെയാണ് പരിണമിച്ചത്.

1970ലെ പുകൾപെറ്റ ഇന്ത്യൻ പേറ്റന്റ് നിയമമുണ്ടല്ലോ? ഇന്ത്യൻ ഔഷധ വ്യവസായത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബൗദ്ധിക സ്വത്തവകാശ നിയമം. അതിൽ പ്ലാന്റ് വെറൈറ്റിക്ക് പേറ്റന്റ് അനുവദിച്ചിരുന്നില്ല. മറ്റൊരു Sui generis നിയമവും ഉണ്ടായിരുന്നില്ല. സസ്യ വൈവിദ്ധ്യത്തെ നാം നാടിന്റെ പൈതൃക സമ്പത്തായി സംരക്ഷിക്കുകയാണ് ചെയ്തത് . പക്ഷെ TRlPS കാര്യങ്ങളെ കീഴ്മേൽ മറിച്ചു. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ കൊണ്ടു വന്നേ മതിയാകു എന്നായി. ഒരിളവു മാത്രം. പേറ്റന്റ് തന്നെ വേണമെന്നു നിർബന്ധമില്ല. മറ്റൊരു സവിശേഷ , തനത് നിയമ സംവിധാനവുമാകാം. അങ്ങനെയാണ് 2001ൽ PPV & FR Act വരുന്നത്.

കൃഷിക്കാർക്കും തങ്ങളുടെ പുതിയ വെറൈറ്റി രജിസ്റ്റർ ചെയ്യാം. അതിനും വൻകിട ബ്രീഡർമാരെ പോലെ സ്വത്തവകാശം ലഭിക്കും. പക്ഷെ ഈ പുതിയ വെറൈറ്റി എന്നു പറഞ്ഞാൽ വട്ടുകളിയല്ല.
ചില്ലറ ഐറ്റങ്ങൾ വേണം.
നോവൽറ്റി, ഡിസ്റ്റിങ്ങ്റ്റിവ്നസ് , യൂണിഫോർമിറ്റി, സ്റ്റെബിലിറ്റിയൊക്കെ വേണം.
അതെ സംഗതി ഇതൊക്കെ തെളിയിക്കണം. പരമ്പരാഗത കർഷകർക്ക് സംഗതി വളരെ സിമ്പിളല്ലേ? 2001 ലെ നിയമത്തിൻ കീഴിൽ 25 പൊട്ടറ്റോ ഇനങ്ങൾക്കോ മറ്റോ രജിസ്ട്രേഷൻ കൊടുത്തു . ICAR ഒഴിച്ചാൽ ബാക്കി വൻകിട ബഹുരാഷ്ട്ര അഗ്രി. ബിസിനസ് കോർപ്പറേഷനുകൾ. അതിലൊന്നാണ് പെപ്സിയുടെ PBR .ഈ കർഷകർ നിയമം ലംഘിച്ച് തങ്ങളുടെ വരുതിയിലുള്ള കിഴങ്ങ് ഇനം കൃഷി ചെയ്തോ എന്ന് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയെക്കൊണ്ടാണത്രേ അന്വേഷിപ്പിച്ചത്.(
Indus Intellirisk and Intellisense Services Private Ltd !!)
ഇവൻമാര് കൃഷി ചെയ്ത കിഴങ്ങ് തങ്ങളുടേത് തന്നെയെന്ന് തെളിവു വേണ്ടേ? അതിനുള്ള DUS (Distinctiveness, Uniformity, Stabilility Test) പരിശോധന നടത്തി കൊടുത്തത് ICAR ലാബ് ആണ്. അതാണ് ആർഷ ഭാരതം. നീതി, തുല്യത…. അതിൽ വിട്ടു വീഴ്ച്ചയില്ല.

അപ്പോൾ നിയമത്തിലെ 39 വകുപ്പിലെ ഫാർമേഴ്സ് റൈറ്റ്സ് ഉണ്ടല്ലോ? ഉണ്ട്, അത് ഗ്രേറ്റപ്പാ! മേൽപറഞ്ഞ എല്ലാ ടെസ്റ്റും പാസായി അവർക്കും തങ്ങളുടെ തണ്ടും വിത്തുമൊക്കെ രജിസ്റ്റർ ചെയ്യാം. ഗ്രേറ്റല്ലേ? പിന്നല്ലാതെ?

അതേ വകുപ്പിൽ 39(iv) ഉണ്ട്. ” Farmers shall be deemed to be entitled to save,sow, resow, exchange, share or sell his farm produce including seed of a variety protected under this Act in the same manner as he was entitled before coming into force of this Act….

Provided that the farmer shall not be entitled to sell branded seed of a variety protected under this Act. ..

അതാണ്. അപ്പോൾ ബ്രാൻഡഡ് സംഗതിയിന്മേൽ ഉഡായിപ്പിനിറങ്ങരുത്. ഇറങ്ങിയാലോ?
64 വകുപ്പു വച്ച് ഇൻഫ്രിൻജ്മെന്റാണ്. അത് ഇങ്ങനെയാണ്.

” who , not being the breeder of a variety registered under this Act or a registered agent or registered licensee of that variety, sells, exports,imports, or produces such variety without permission of its breeder. ……

Who uses sells ,exports, imports or produces any other variety giving such variety the denomination identitical with or deceptively similar to the variety registered uunder this Act……

ഇതൊക്കെ നിയമലംഘനമാണ്. പണീം കിട്ടും. തെങ്ങ് ഉള്ള നാട്ടിൽ കൂടി തേങ്ങായും കൊണ്ട് പോകാൻ പറ്റില്ലെന്ന്.:. അത്രേ പെപ്സി പറഞ്ഞിട്ടുള്ളൂ…. അതിനാണ് സ്റ്റേ …

പാളത്താറുമുടുത്ത് അഷ്ടിക്ക് അരി തേടി നഗരങ്ങൾ വളയാൻ വിധിക്കപ്പെട്ട ഇൻഡ്യൻ കർഷകർ Novelty യും Distinctivness ഉം Uniformity യും Stability യും തെളിയിച്ച് പ്ലാന്റ് വെറൈറ്റി രജിസ്ട്രേഷൻ നേടിയെടുക്കുന്ന കാലം വരും. ആശിക്കുക. മംഗള വചസ് പക്ഷെ തൊണ്ടയിൽ കുരുങ്ങുന്നു.