Gopakumar Purushothaman
ഈ അടുത്തകാലത്തൊന്നുമൊരുപടംകണ്ടിങ്ങനെ ഡിസോറിയന്റഡായിട്ടില്ല. പത്തനംതിട്ടയിലാണോ തിരിവുനന്തപുരത്താണോ കോട്ടയത്താണോ കോഴിക്കോടാണോ പടത്തിലെ സംഭവങ്ങൾ നടക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല . കണ്ടിരിക്കുന്നവർക്കു മാത്രമല്ല സ്ക്രിപ്റ്റിനും കഥാപാത്രങ്ങൾക്കും സ്ഥലകാലബോധം നഷ്ടപെട്ട അവസ്ഥ. അതിവേഗം ബഹുദൂരം എന്നൊക്കെ പറയുന്ന പോലെ കഥാപാത്രങ്ങൾ കണ്ണടച്ചുതുറക്കുമുമ്പു ജില്ലവിട്ടു ജില്ലമാറുന്നു. ഇനി കെ റെയിൽ വന്നതിനു ശേഷമുള്ള വെല്ല കാലഘട്ടമാണോ എന്നറിയില്ല.
ടീഷർട്ടും മുണ്ടുമുടുത്തോണ്ട് ഏതോ ഹൈറേഞ്ചിലെ വീട്ടിൽ നിന്ന് തേങ്ങാപൊതിക്കുന്ന എബ്രഹാം മാത്യു മാത്തൻ ജാക്കറ്റിട്ടോണ്ടു സാഗർ ഏലിയാസ് ജാക്കിയെപ്പോലെ തിരുവനന്തപുരത്ത്. ഐപിഎസ്കാര് വീട്ടിൽ പോയി കേസ് ചർച്ച ചെയ്യുമോ എന്നറിയില്ല. ഇനി പുള്ളി ശെരിക്കും സിദ്ധനോ മറ്റോ ആയതുകൊണ്ടാണോ പുള്ളിക്കാരിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത്? മറ്റേ ജാക്ക് അമേരിക്കകാരനാണെന്നും പുള്ളി തന്നെയാരിക്കും പഠിപ്പിച്ചത്. ചിലപ്പോ ജാക്കെന്നു കേട്ടപ്പോ ഡി കാപ്രിയോയെ ഓർമ്മ വന്ന് കാണും . ഇടയ്ക്ക് ഈ കേസ് വിടാം എന്ന് വരെ പുള്ളി പറയുന്നുണ്ട്. അല്ല പണ്ടിങ്ങനെ പല സിദ്ധന്മാരും സ്വാമിമാരും പറഞ്ഞത് കേട്ട് നാട് ഭരിച്ച മന്ത്രി തൊട്ടു പ്രധാനമന്ത്രി വരെ ഇവിടൊക്കെ തന്നെ ഉണ്ടാരുന്നല്ലോ അപ്പൊ ഇതൊക്കെ എന്ത്. ഒടുവിൽ പക്ഷെ പെട്ടി എങ്ങനെ പുള്ളിയുടെ സ്റുഡിയോയിലെത്തിയെന്നും പുള്ളിയെങ്ങനെ കട്ടിലിന്റടിയിലെത്തിയെന്നതും സിനിമയിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിൽ ചിലതുമാത്രം.
പിന്നെ വീട്ടുകാര് കേറി കേസിന്റെ കാര്യത്തിലിടപെടുന്നത് പാപ്പന്റെ കുടുംബത്തിലെ പഴയ ആചാരമാണല്ലോ. പണ്ടൊക്കെ സിനിമയിൽ രണ്ടു കഥാപാത്രങ്ങളുതമ്മിൽ കത്തിയോ തോക്കോ കൊണ്ട് മൽപ്പിടുത്തം തുടങ്ങിയാൽ അബദ്ധത്തിൽ ഒരാള് ഉറപ്പായിട്ടും കാഞ്ഞു പോകുമാരുന്നു. സ്വപ്നക്കൂടിലൊക്കെ മലയാളസിനിമ ഈ സമ്പ്രദായത്തെ മറ്റൊരു തലത്തിലെത്തിച്ചിരുന്നു. പാപ്പനിൽ പാപ്പന്റെ ഭാര്യക്ക് വാർക്കകമ്പിയിൽ ഒരു താജ്മഹൽ തന്നെയാണ് തിരക്കഥയിലൊരുക്കിയിരിക്കുന്നത്. അതിന്റെ ട്രോമയിൽനിന്നു പാപ്പന് ഇതുവരെ പൂർണമായി മുക്തനാവാൻ കഴിയാത്ത കൊണ്ടായിരിക്കണം സൂസന്നയ്ക്ക് ഫ്ലാസ്കും കൊണ്ട് ഇപ്പോഴും തറയിൽ കിടക്കേണ്ടി വരുന്നത്. പാപ്പനും സൂസന്നേം എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന് വിചാരിച്ചാ അപ്പൊ നാരങ്ങാ വെള്ളോംന്നും പറഞ്ഞു ആ ചെക്കൻ കേറി വരും. അല്ല ചെക്കനേം കുറ്റം പറയാൻ പറ്റില്ല.
അതിന്റിടയ്‌ക്ക് കുക്കറി ഷോ നടത്തുന്ന ലാഘവത്തോടെ പ്ലെസന്റായി പോസ്റ്റ്മോർട്ടം ചെയുന്ന ഫോറൻസിക് സർജനെ കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. പുള്ളികാരിയാണേൽ ദൃശ്യംതൊട്ടിങ്ങോട്ടു മലയാളസിനിമയിലെയെല്ലാ പ്രധാന കൊലക്കേസുകളിലും ഒരു സീരിയൽ (പൺ അണിന്റെഡെഡ്) പ്രെസെൻസാണല്ലോ. കേരളത്തിലെയല്ലാ ജില്ലയിലും പോസ്റ്റ് മോർട്ടം നടത്തുന്നതും ഈ സർജൻ തന്നെ. ആദ്യത്തെ പോസ്റ്റ് മോർട്ടം സീൻ കണ്ടപ്പോ തോന്നിയത് പക്ഷെ ഡ്രൈവർ രാജന്റെ കാസ്റ്റിംഗ് ആരോ അറിഞ്ഞ് ചെയ്തതാണെന്നാ. “മെറ്റ” ആണെന്നൊക്കെ പിള്ളേര് പറയുന്ന കേട്ടു.
ക്ളൈമാക്സിൽ പാപ്പനും മറ്റേ കോപ്പനും സോറി കില്ലറും കൂടെ സാറ്റും വടംവലിയും കബഡിയും കളിക്കുന്നത് കണ്ടപ്പോഴാണ് ഒറ്റക്കൈ കൊണ്ട് പാപ്പാൻ തേങ്ങ പൊതിക്കുന്ന സീനിന്റെ പ്രാധാന്യം മനസിലായത്. ഐപിസ് ഓഫിസർ അപ്പോഴും പെട്ടിക്കുള്ളിൽ തന്നെ. ഇത്രയും ഹാർഡ് വർക്ക് ചെയ്‌ത മറ്റൊരു കില്ലറെ ഞാനെന്റെ കെരിയറിൽ കണ്ടിട്ടിട്ടില്ല. ചാക്കികെട്ടിത്തൂക്കണം ചവറ്റുകൂനയിലിടണം കത്തിക്കണം പെട്ടിലാക്കണം കുഴിക്കണം വീണ്ടും പെട്ടിലാക്കി കത്തിക്കണം അതും കേരളത്തിലങ്ങോളമിങ്ങോളം. പിന്നെ പാപ്പനേം ടീമിനേം വട്ടം കറക്കാൻ പോയി ക്ലൂ ഇടണം.
പടം കഴിഞ്ഞപ്പോ പക്ഷെയൊരു പ്രഹേളികയായി നിലനിന്നത് കോർപറേഷൻ ചവറ്റുകൂനെടെ മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ തീരുമാനിച്ച കാമുകനും കാമുകിയുമാണ്. നൈസ് എന്നും പറയുന്നുണ്ട്. പാപ്പൻ എന്നാദ്യം കേട്ടപ്പോ പ്രതീക്ഷിച്ചത് ഒരു ചാക്കോച്ചി എയ്ജിഡ് വേർഷൻ മോഡൽ സാധനം ആയിരുന്നു. ഫസ്റ്റ് ലുക്ക് ഒക്കെ ആ ഒരു വൈബ് ആണ് തന്നത്. ഒരുമാതിരി ആശിപ്പിക്കരുത്. ട്രയ്ലർ കണ്ടപ്പൊത്തന്നെ ആ പ്രതീക്ഷ അസ്തമിച്ചിരുന്നെങ്കിലും പാപ്പൻ ഇത്രേം ചുറ്റിക്കുമെന്ന് വിചാരിച്ചില്ല. താമരശ്ശേരിന്നു ചുരം കേറി വൈത്തിരി എത്തിയ ഫീലിംഗ്.