Gopal Krishnan
‘സഹനടൻ’ തന്നെ വിളിച്ച നായകന്മാരെ തൻ്റെ ഉജ്വലമായ ‘സഹനടനം’ കൊണ്ടു പിന്നിലാക്കിയ അഭിനയ പ്രതിഭ…. തൻ്റെ സ്വാഭാവിക അഭിനയ മികവുകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച നടൻ….. അഭിനയത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഒരു പാട് വേഷങ്ങൾ ‘ഒടുവിൽ’ ചെയ്തിട്ടുണ്ട്. ഇന്ന്, ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ 16-ാം ചരമവാർഷിക ദിനം.
എൻ്റെ ഓർമ്മയിൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ മുഖ്യവേഷമായി ആദ്യമായി അഭിനയിച്ചത് ‘ദൂരദർശ’നുവേണ്ടി ചെയ്ത ഒരു ടെലിഫിലിമിൽ (1996) ആണ്; സന്തോഷ് ജോർജ് കുളങ്ങര (#സഞ്ചാരം #സഫാരി) ചെയ്ത ആദ്യ ചിത്രം. ‘കൃഷ്‌ണഗാഥ’യുടെ ഐതീഹ്യത്തെ അടിസ്ഥാനമാക്കി എടുത്ത അതിൽ, ചെറുശ്ശേരി ആയി ഉണ്ണികൃഷ്ണൻ അഭിനയിച്ചു. സന്തോഷ് ജോർജ് കുളങ്ങരക്ക് വേണ്ടി ഒടുവിൽ ഉണ്ണികൃഷൻ്റെ contact ഫോൺ നമ്പർ ഞാൻ നൽകിയതും പിറവത്തെ പാഴൂർ മനയിൽ ഷൂട്ടിംഗ് നടത്തിയതും ഓർക്കുന്നു…
🌍
1944 ഫെബ്രുവരി 13-ന് വടക്കാഞ്ചേരിയിൽ (തൃശ്ശൂർ ജില്ല), എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോൻ്റെയും പാറുക്കുട്ടി അമ്മയുടേയും മകനായി ആണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട് എന്ന ഗ്രാമത്തിൽ ഉള്ള ഒരു തറവാട്ടു പേരാണ് ‘ഒടുവിൽ’. അദ്ദേഹത്തിന്റെ (ഉണ്ണികൃഷ്ണൻ്റെ) അമ്മാവൻ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ വെൺമണിപ്രസ്ഥാനത്തിലും പച്ചമലയാളപ്രസ്ഥാനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ഒരു സരസ കവിയും മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന നർത്തകനും ആയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തെ സർക്കാർ ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കി. ചെറുപ്പകാലം തൊട്ടേ സംഗീതത്തിൽ തല്പരനായിരുന്നു ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഗുരു. അദ്ദേഹത്തിന് ചില സംഗീത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടക വേദിയായ കെ. പി. എ. സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ച് അദ്ദേഹത്തിന്റെ തന്റെ സംഗീതത്തിലുള്ള കഴിവ് തെളിയിച്ചു. . ഇവിടെയൊക്കെ പ്രധാനമായും തബലിസ്റ്റ് ആയിരുന്നു. ഒരു ഗായകനും സംഗീത സംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ, പിൽക്കാലത്തു് നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
🌍
1973-ൽ എ. വിൻസൻ്റ് സംവിധാനം ചെയ്ത ‘ചെണ്ട’ ആയിരുന്നു ആദ്യ സിനിമ; (മധു – ശ്രീവിദ്യ എന്നിവർ നായികാനായകൻമാരായ ‘ചെണ്ട’/ റിലീസ്: 1973 ഏപ്രിൽ 27). രണ്ടാമത്തെ സിനിമ 1973 ജൂലൈയിൽ ഇറങ്ങിയ ‘ദർശനം’.. പിന്നീട് 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ദയനീയതയും ഒറ്റപ്പെടലും അവമതിക്കലും നിരാലംബമായ അവസ്ഥയുമൊക്കെയുള്ള കഥാപാത്രങ്ങളെ വൈവിധ്യങ്ങളിലൂടെ ഒടുവിൽ പ്രകടമായി അനുഭവിപ്പിച്ചിട്ടുണ്ട്.
വളയത്തിലെ “ഭർത്താവ് ജോലി”, പാഥേയത്തിലെ “പൂക്കുകയുമില്ല കായ്ക്കുകയുമില്ല കൊന്ന തെങ്ങുപോലെ ഒരു ജന്മം”,സർഗ്ഗത്തിലെ “ഒറ്റ തോര്‍ത്തിലൊതുങ്ങിപോയ ജന്മം”, ദേവാസുരത്തിലെ “ഊരുതെണ്ടി”, ആറാം തമ്പുരാനിലെ “ഗതികെട്ട തമ്പുരാൻ”, നിഴല്‍കുത്തിലെ ‘ആരാച്ചാർ’, രസതന്ത്രത്തിലെ ‘ഹൌസ് ഓണർ’, ‘കുട്ടേട്ട’നിലെ നാണു നായർ എന്ന ബധിരനായ അരിവെപ്പുകാരൻ (“ഞാനും ഒരു മനുഷ്യനല്ലേ?”), ‘സല്ലാപത്തിൽ’ ഉത്സവ കമ്മിറ്റി പ്രസിഡന്റ് മേനോൻ ….ഇങ്ങനെ പക്വതയാർന്ന അഭിനയത്തികവിൻറെ കലാകാരനായിരുന്നു ഒടുവിൽ.
‘ഒരു ചെറുപുഞ്ചരി’ ( 2000) എന്ന എം. ടി.- ചിത്രത്തിൽ (രചനയും സംവിധാനവും എം. ടി.- ഏഷ്യാനെറ്റിന് വേണ്ടി ) നായകൻ; അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴല്‍കുത്ത്’-ലെ (2002) മുഖ്യവേഷം. സത്യൻ അന്തിക്കാടിൻ്റെ ‘രസതന്ത്ര’ത്തോടെ (റിലീസിങ് തീയതി: 2006 ഏപ്രിൽ 7) ആ അഭിനയ ജീവിതത്തിന് തിരശ്ശീല വീണു.