ഏപ്രിൽ 18 വെറുമൊരു തിയതിയല്ല

53

ഏപ്രിൽ 18 വെറുമൊരു തിയതിയല്ല

മലയാള സിനിമാപ്രേമികളെ സംബന്ധിച്ച് ഏപ്രിൽ 18 എന്നത് കേവലം ഒരു ദിവസം മാത്രമല്ലാതായി മാറിയിട്ട് 37 വർഷങ്ങൾ കഴിഞ്ഞു. 1984, ഏപ്രിൽ 12നായിരുന്നു ഏപ്രിൽ 18 റിലീസായത്. 1984 ജനുവരിയിൽ അഗസ്റ്റിൻ പ്രകാശ് എന്ന നിർമ്മാതാവ്, തന്റെ അടുത്ത സിനിമ ചെയ്യാൻ ബാലചന്ദ്ര മേനോന് അഡ്വാൻസ് കൊടുക്കുമ്പോൾ എന്താണ് കഥ എന്ന് ചോദിച്ചിരുന്നില്ല. ചോദിച്ചാൽ പറയാനൊരു കഥ പോലും അന്ന് ബാലചന്ദ്ര മേനോന്റെ മനസ്സിലുണ്ടായിരുന്നില്ല എന്നതാണ് സത്യം! അഗസ്റ്റിൻ ജോസഫ് ഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നിരുന്ന സമയമായിരുന്നു അന്ന്. മുമ്പ് അദ്ദേഹം നിർമ്മിച്ച സിനിമകളുടെ മൊത്തം അവകാശവും മറ്റൊരു കമ്പനിയ്ക്ക് വിറ്റിട്ട് സ്വരൂപിച്ച പണവുമായിട്ടാണ് താൻ മേനോനെ സമീപം വന്നിരിക്കുന്നതെന്ന് കൂടി അദ്ദേഹം പറഞ്ഞതോടെ അകാരണമായി ഒരു ടെൻഷൻ ബാലചന്ദ്ര മേനോനെ പിടികൂടി. അതായത്, ഈ സിനിമ പരാജയപ്പെട്ടാൽ, അത് ആ നിർമ്മതാവിന്റെ അവസാനം കൂടിയാകുമോ എന്ന പേടി.. ഈ ഭയം കാരണമാണോ.. പെട്ടെന്നൊരു പുതിയ പ്രമേയമോ / കഥാതന്തുവോ യാതൊന്നും മേനോൻ സാറിൻ്റെ മനസ്സിൽ തെളിഞ്ഞില്ല. അടുത്ത തവണ കണ്ടപ്പോൾ, എന്തായി നമ്മുടെ കഥ എന്ന് അഗസ്റ്റിൻ ജോസഫ് ചോദിച്ചു. കഥ ഒന്നുമായിട്ടില്ല എന്ന സത്യം അദ്ദേഹത്തോട് പറയാൻ പറ്റില്ലല്ലോ.. എന്ത് പറയണം എന്ന് മേനോൻ സർ ആലോചിച്ചു നിന്നപ്പോഴായിരുന്നു, ചുവരിലുണ്ടായിരുന്ന കലണ്ടർ മെല്ലെ മറിച്ചുകൊണ്ട് അഗസ്റ്റിൻ ജോസഫ്, “നമ്മുടെ പടം, വിഷുവിന് തന്നെ ഇറക്കണം..” എന്ന് പറഞ്ഞത്. മേനോൻ സാറിന്റെ കണ്ണ് അതിലൊരു തീയതിയിൽ ഉടക്കി. ഉടനെ അദ്ദേഹം നിർമ്മാതാവിനോട് പറഞ്ഞു.. “നമ്മുടെ സിനിമയുടെ ടൈറ്റിൽ അന്നൗൺസ് ചെയ്തോളൂ.. ഏപ്രിൽ 18..!” ഇത് കേട്ട് സന്തോഷത്തോടെ അദ്ദേഹം മടങ്ങി പോയി..

അടുത്താഴ്ച വാരികകളിൽ, “ബാലചന്ദ്ര മേനോന്റെ അടുത്ത ചിത്രം, ഏപ്രിൽ 18” എന്ന പരസ്യം ഇറങ്ങി. പ്രേക്ഷകർ ആ ടൈറ്റിൽ വച്ച് പല പ്രമേയങ്ങളും മനസ്സിൽ കണ്ടു. ബാലചന്ദ്ര മേനോൻ ഒരു ഡിറ്റക്റ്റീവ് സിനിമയാണോ എടുക്കാൻ പോകുന്നത്!! ഏപ്രിൽ 18ന് നാടിനെ നടുക്കിയ ഒരു കൊലപാതകം, അല്ലെങ്കിൽ സ്ഫോടന പരമ്പര.. ഇതായിരിയ്ക്കുമോ വിഷയം!! അതുമല്ലെങ്കിൽ ഏപ്രിൽ 18 എന്ന ദിവസം ആരംഭിച്ച് അന്നുതന്നെ അവസാനിയ്ക്കുന്ന ടൈപ്പിലുള്ള ഒരു കഥയാണോ!! ഇങ്ങനെ പലരും കഥകൾ മെനയുമ്പോൾ, ബാലചന്ദ്ര മേനോൻ, എങ്ങനെ ഏപ്രിൽ 18 എന്ന ടൈറ്റിലിനെ സാധൂകരിയ്ക്കുന്ന ഒരു സിനിമയുണ്ടാകും എന്ന ചിന്തയിലായിരുന്നു. ആ സമയത്താണ് കെ എസ് സേതുമാധവൻ സാറിന്റെ “വാഴ്വേമായം” എന്ന ചിത്രം മേനോൻ സാറിന്റെ മനസ്സിൽ കയറിവന്നത്. വർഷങ്ങൾക്കു മുമ്പിറങ്ങിയ ആ ചിത്രത്തിന്റെ കഥയും കഥാസന്ദർഭങ്ങളും ഇന്നലെ കഴിഞ്ഞപ്പോൾ മേനോൻ സാറിന്റെ മനസ്സിൽ കിടപ്പുണ്ട്. അതിന്റെ പിന്നാലെ ഒരു കഥയും മേനോൻ സാറിന്റെ മനസ്സിലേക്ക് കടന്നെത്തി.. എഴുതാനിരുന്നപ്പോൾ, സബ് ഇൻസ്‌പെക്ടർ രവി കുമാർ അയാളുടെ ഭാര്യ ശോഭന, ഇവരുടെ കുടുംബ സുഹൃത്ത് അഡ്വക്കേറ്റ് തോമാച്ചനും ഭാര്യയും ശോഭനയുടെ അച്ഛൻ നാരായണ പിള്ള, വേലക്കാരി നാണിയമ്മ, മാർക്കോസ് മുതലാളിയും അയാളുടെ തലതെറിച്ച മകനും, പോലീസ് കോൺസ്റ്റബിൾ ഗോപി പിള്ള, എന്നിങ്ങനെയുള്ള കഥാപാത്രങ്ങളും ഉരുത്തിരിഞ്ഞു വന്നു. (ബാലചന്ദ്ര മേനോൻ അവതരിപ്പിച്ച എസ് ഐ രവികുമാർ എന്ന കഥാപാത്രം, അദ്ദേഹത്തിന്റെ ഒരു പോലീസ് സുഹൃത്തിൻ്റെ അനുഭവങ്ങളിൽ നിന്നും ഡെവലപ്പ് ചെയ്തതായിരുന്നു..)

ചിത്രത്തിലെ ആദ്യരംഗത്തിൽ, “കുളത്തിൽ മുങ്ങിമരിച്ചവന്റെ ശവം കരയിലേക്ക് പൊന്തുന്നത് വരെ അവനു രാഷ്ട്രീയമില്ല.. പൊന്തി കഴിഞ്ഞാൽ അവന്റെ നിറം പച്ചയോ, ചുവപ്പോ നീലയോ ആകാമെന്നും അപ്പോൾ അവനൊരു രാഷ്ട്രീയം ഉണ്ടാകുമെന്നും കോൺസ്റ്റബിൾ ഗോപി പിള്ള പറയുന്ന വാക്കുകൾ ഇന്നും നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു. ശവം പൊന്തുന്നതിനു മുമ്പ്, മരിച്ചതാര് എന്നറിയുന്നതിനു മുമ്പ് തന്നെ ബക്കറ്റ് പിരിവുമായി ഇറങ്ങുന്ന മണിയൻ പിള്ളയുടെ കഥാപാത്രത്തെയും നമ്മളിന്നും കാണുന്നില്ലേ.. അതിലുപരിയായി, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ ആഴങ്ങളാണ് ഈ കഥയുടെ വിഷയം. വേണു നാഗവള്ളി അവതരിപ്പിച്ച വക്കീൽ പറയുന്ന ഒരു വാചകം ദാമ്പത്യത്തിൽ എന്നും പ്രസക്തമാണ്..

April 18 | Malayalam Full Movie | Balachandra Menon & Shobhana | Family  Entertainer Movie - YouTube“ഈ ഇണക്കവും പിണക്കവുമൊക്കെ എല്ലായിടത്തും ഉള്ളതാണ്. പക്ഷെ സൂര്യനസ്തമിയ്ക്കുന്നതിനു മുമ്പ് എല്ലാം തീർന്നിരിക്കണം.. ഈ കട്ടില് വിട്ടുള്ള കളി വേണ്ട..!!”
ഏപ്രിൽ 18ന്റെ, കഥയോ കഥാപാത്രങ്ങളോ ഒന്നുംതന്നെ വാഴ്വേമായതിൽ ഉള്ളവയല്ല.. പിന്നെങ്ങനെ ബാലചന്ദ്ര മേനോനെ ആ ചിത്രം സ്വാധീനിച്ചു.. ഭാര്യയുടെ റോളിൽ ശോഭന അഭിനയിയ്ക്കുമ്പോൾ അവരുടെ പ്രായം പതിമൂന്നര വയസ്സ്.. ശോഭനയുടെ ആ പ്രായത്തിന്റെ ചില കുഴപ്പങ്ങൾ ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഉണ്ടാക്കിയ തലവേദനകൾ, ഇവയെ കുറിച്ചെല്ലാം “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന തന്റെ പുസ്തകത്തിൽ ബാലചന്ദ്ര മേനോൻ വിശദീകരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ നിർമ്മാതാവ് ശോഭനയെ സിനിമയിൽ നിന്നും ഒഴിവാക്കുന്ന കാര്യം വരെ ചിന്തിച്ചിരുന്നു. (1984 ചിത്രഭൂമിയിൽ അഗസ്റ്റിൻ പ്രകാശിൻ്റെ അഭിമുഖത്തിൽ ഇത് പരാമർശിച്ചിട്ടുണ്ട്..) താൻ കണ്ടെത്തിയ നായികയുടെ അഭിനയം മോശമല്ലെന്നും മറ്റുള്ള കാര്യങ്ങൾ തനിയ്ക്ക് വിട്ടേക്കൂ.. ഉത്തരവാദിത്വം തന്റെയാണെന്നും നിർമ്മാതാവിനോട് പറഞ്ഞിട്ട് മേനോൻ സർ ശോഭനയുടെ മുന്നോട്ടു പോയി. (അന്ന് ബാലചന്ദ്ര മേനോൻ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ, ശോഭന എന്ന നടിയുടെ കരിയർ എന്താകുമായിരുന്നു എന്ന്, മനോരമ ചാനലിലെ “നേരെ ചൊവ്വേ” പ്രോഗ്രാമിൽ ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, “അദ്ദേഹം എന്നെ ഒഴിവായിരുന്നെങ്കിൽ, ഒരുപക്ഷെ രാജ് കപൂർ എന്നെ നായികയാക്കിയേനെ..” എന്നായിരുന്നു ശോഭനയുടെ മറുപടി.. ഇതുപോലെ രസകരമായ സംഭവങ്ങൾ, (വായനക്കാർക്ക് രസകരം, ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അത് അങ്ങനെയാകണം എന്നില്ല) ഈ സിനിമയെ കുറിച്ച് ബാലചന്ദ്ര മേനോന് പറയാനുണ്ട്.

ശോഭനയെ “മീര” എന്ന പേരിലായിരുന്നു ഈ സിനിമയുടെ ടൈറ്റിൽ കാർഡിൽ അവതരിപ്പിച്ചത്. കഥാപാത്രത്തോട് കൂടുതൽ അടുപ്പം ഉണ്ടാകാനായി ശോഭന എന്ന പേര് തന്നെ കഥാപാത്രത്തിന് നൽകി. തിലകനെ ആയിരുന്നു നാരായണ പിള്ളയുടെ റോളിൽ ആദ്യം വിളിച്ചത്. ഒരപകടത്തെ തുടർന്ന് തിലകൻ ആശുപത്രിയിലായതോടെ അവസാന നിമിഷത്തിൽ അടൂർ ഭാസിയെ ആ വേഷം ഏൽപ്പിയ്ക്കുകയായിരുന്നു. മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും കൂടി “അഴിമതി നാറാപിള്ള” ഭാസിയ്ക്ക് നേടിക്കൊടുത്തു. അമ്മാവൻ്റെ പറമ്പിൽ കേറി തേങ്ങയിട്ട കേസിന് പോലീസ് പിടിച്ച കുട്ടി “ബൈജു”വിൻ്റെ പ്രകടനം മറക്കാൻ കഴിയില്ല. വിഷാദ നായകൻ എന്ന മുദ്ര കുത്തിയിരുന്ന വേണു നാഗവള്ളിയുടെ ഊർജ്ജസ്വലമായ വേഷമായിരുന്നു വക്കീൽ തോമാച്ചൻ.. ബിച്ചു തിരുമല – എ ടി ഉമ്മർ ടീമായിരുന്നു സംഗീതം.