കമൽഹാസന്റെ “ചാച്ചി 420”
Gopala Krishnan
കേരളത്തിൽ കമൽഹാസന് മാത്രം കൂടുതൽ അവകാശപ്പെടാവുന്ന ഒരു ക്രെഡിറ്റുണ്ട്. കമൽഹാസന്റെ തമിഴ് സിനിമകളുടെ അദ്ദേഹം തന്നെ നായകനായി അഭിനയിച്ച ഹിന്ദി റീമേക്കുകൾക്ക് കേരളത്തിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്.. ഭാരതിരാജയുടെ “ടിക് ടിക് ടിക്” എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് ഐ വി ശശിയുടെ “Karishma” ബോളിവുഡിനെക്കാൾ കൂടുതൽ കേരളത്തിൽ പ്രദർശന വിജയം നേടിയിരുന്നു. “സട്ടം എൻ കൈയിൽ” എന്ന ചിത്രം ഹിന്ദിയിൽ “Yeh Tho Kamaal Hogaya” ആയപ്പോഴും കേരളത്തിൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ക്ലാസിക് ചിത്രം “മൂന്നാംപിറെ”യുടെ ഹിന്ദി റീമേക്ക് “Sadma” കേരളത്തിൽ മൂന്നാഴ്ചയിലേറെ പ്രദർശനം തുടർന്നിരുന്നു.. “മാറോചരിത” അഥവാ “തിരകൾ എഴുതിയ കവിത”യുടെ റീമേക്കായ “Ek Duuje ke liye” കേരളത്തിൽ റെക്കോർഡ് ഹിറ്റായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
എന്നാൽ ചില പരാജയങ്ങളും അന്ന് സംഭവിച്ചിട്ടുണ്ട്. “വരുമയിൻ നിറം സിവപ്പ്” ഹിന്ദിയിൽ “Zara si Zindagi” എന്ന ടൈറ്റിലിൽ റീമേക്ക് ചെയ്തപ്പോൾ കേരളത്തിൽ വിജയിച്ചില്ല..! “അപൂർവ രാഗങ്ങളുടെ റീമേക്കിനോടും (“Ek Nai Paheli”) മലയാളികൾ അത്ര താത്പര്യം പ്രകടിപ്പിച്ചില്ല..! ഈ ശ്രേണിയിൽ ഉൾപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട ചിത്രം “Chachi 420” റിലീസായിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. (19-12-1997) “അവ്വൈ ഷണ്മുഖി”യുടെ ഈ ഹിന്ദി പതിപ്പിന് കേരളത്തിൽ പരിമിത റിലീസ് മാത്രമേ ഉണ്ടായിട്ടുള്ളു. കമൽഹാസൻ (ഔദ്യോദികമായി) സംവിധാനം ചെയ്ത ആദ്യചിത്രം, 12 വർഷങ്ങൾക്ക് ശേഷം റിലീസായ കമൽഹാസന്റെ ഹിന്ദി ചിത്രം എന്നിങ്ങനെ പ്രത്യേകതകളുള്ള “Chachi 420” നോർത്തിൽ ഹിറ്റായിരുന്നു എന്ന് മാത്രമല്ല ഇന്നും ഈ ചിത്രത്തിന് അവിടെ ആരാധകരുണ്ട്..! ചാച്ചിയ്ക്ക് മുമ്പ് കമലിന്റെ ഒറിജിനൽ ഹിന്ദി ചിത്രം പ്രദർശനത്തിന് എത്തിയതും ഒരു ഡിസംബർ 20നു ആയിരുന്നു എന്നത് തികച്ചും യാദൃച്ഛികം.. (Dekha Pyar Tumhara 20-12-1985)
വ്യക്തിപരമായി ഷണ്മുഖിയെക്കാൾ എനിയ്ക്കിഷ്ടം കുറച്ച് കൂടുതൽ “ചിക്നി ചാച്ചി”യോടു തന്നെയാണ്. ജെമിനി ഗണേശന്റെ ഭാഗം ഹിന്ദിയിൽ അവതരിപ്പിച്ച അംരീഷ് പുരിയുടെ പ്രകടനമാണ് അതിനുള്ള പ്രധാന കാരണങ്ങളിൽ ആദ്യത്തേത്.. വില്ലൻ വേഷങ്ങളിൽ കൂടുതൽ കണ്ടിട്ടുള്ള അംരീഷ് പുരിയുടെ കരിയറിലെ ഏറ്റവും മികച്ച സ്വഭാവ വേഷങ്ങളിൽ മൂന്നെണ്ണം 1997ൽ ആയിരുന്നു. പ്രിയദർശന്റെ “Virasat” സുഭാഷ് ഘായ് ഒരുക്കിയ “Pardes” കമൽഹാസന്റെ “Chachi 420″ലെ ദുർഗാപ്രസാദ് ഭരദ്വാജ്.. (വിരാസത്തിലും “കമൽ ഘടകം” ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം) ഷണ്മുഖിയെക്കാൾ improvisation ഹിന്ദിയിൽ കമൽ കൂടുതലായി ചെയ്തിട്ടുണ്ട്..
ഉദാഹരണത്തിന് മരുമകനുമായി അമ്മായിയച്ഛൻ ഫോണിൽ സംസാരിക്കുന്ന രംഗം കൂടുതൽ പൊലിപ്പിച്ചിട്ടുള്ളത് ഹിന്ദിയിലാണ്.. ഇവിടെ അംരീഷ് പുരിയുടെ “കുമ്പസാരം” മാത്രമല്ല, പരേഷ് റാവലിന്റെ “ഹരി ഭായ്” (തമിഴിൽ മണിവണ്ണൻ അവതരിപ്പിച്ച കഥാപാത്രം) ഗംഭീര പ്രകടനവും ഡയലോഗ് ഡെലിവറിയും പ്രസ്തുത രംഗത്തിനു ഒരു കൾട്ട് പരിവേഷം നൽകുന്നുണ്ട്.. പരേഷ് റാവലും കമൽഹാസനും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം തന്നെ തമിഴിനേക്കാൾ ആകർഷകമായി എനിയ്ക്ക് തോന്നിയത് ചാച്ചിയിൽ തന്നെയാണ്..!
മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവച്ചത് ഓംപുരി ആയിരുന്നു. തമിഴിൽ ഡൽഹി ഗണേഷ് കൈകാര്യം ചെയ്ത “കാര്യസ്ഥ” വേഷമാണ് ഹിന്ദിയിൽ ഓംപുരിയുടെ ബൻവാരിലാൽ പണ്ഡിറ്റ്. എന്നാൽ ഷണ്മുഖിയിൽ ഇല്ലാത്ത ചില സന്ദർഭങ്ങൾ ഹിന്ദിയിൽ ഓംപുരിയ്ക്ക് വേണ്ടി കമൽ ഒരുക്കിയിരുന്നു. മുതലാളിയ്ക്ക് ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്ന വിവരമറിഞ്ഞു ഓടിവരുന്ന ബൻവാരിലാൽ ഫോണിൽ മുതലാളിയുടെ അന്ത്യകർമ്മങ്ങൾക്കുള്ള സാധനങ്ങളുടെ പട്ടിക കൂടി വിളിച്ച് ഏർപ്പാട് ചെയ്യുന്നുണ്ട്.
എന്നാൽ മുതലാളിയ്ക്ക് കുഴപ്പമൊന്നുമില്ല എന്നറിയുമ്പോൾ ലിസ്റ്റ് ക്യാൻസൽ ചെയ്യുന്ന ഭാഗത്തിലെ ഓംപുരിയുടെ പ്രകടനം ഇന്നും ചിരി പടർത്തും.. (പ്രസ്തുത രംഗങ്ങൾ തമിഴിൽ ഉണ്ടായിരുന്നില്ല..! താനുമായി ആലോചിച്ച് ഓംപുരി തന്നെ എഴുതിയുണ്ടാക്കിയ രംഗമായിരുന്നു അതെന്ന് പിൽകാലത്ത് കമൽഹാസൻ പറഞ്ഞിട്ടുണ്ട്..) തമിഴിൽ അവതരിപ്പിച്ച വേഷം ഹിന്ദിയിലും നാസർ തന്നെ ചെയ്തു. ഹീരയുടെ കഥാപാത്രത്തെ ഹിന്ദിയിൽ ആയേഷ ജുൽകയ്ക്ക് നൽകി.. (മറ്റൊരു നടിയായിരുന്നു ഈ വേഷത്തിൽ ആദ്യം..!)
കമലിന്റെ ഭാര്യയായി ചാച്ചിയിൽ വേഷമിട്ടത് തബു ആണ്. ഷണ്മുഖിയിലെ “കാതലാ..” എന്ന ഗാനത്തിന്റെ സന്ദർഭത്തിൽ ഹിന്ദിയിൽ ഉൾപ്പെടുത്തിയ “Ek Woh Din” എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഗുൽസാർ രചിച്ച് വിശാൽ ഭരദ്വാജ് ഈണമിട്ട രേഖ ഭരദ്വാജ് ആലപിച്ച ഈ ഗാനത്തിന്റെ ചിത്രീകരണവും തമിഴിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. കമലും തബുവും തമ്മിലുള്ള ആകസ്മിക കണ്ടുമുട്ടലും പ്രണയവും വിവാഹവും അകൽച്ചയും എല്ലാം ഈ ഗാനത്തിലൂടെ ഭംഗിയായി കമൽഹസൻ എന്ന സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. “ചാച്ചി 420″ൽ കമൽഹാസന്റെ മകളുടെ ഭാഗമെടുത്തത്, ഇന്നത്തെ നായികനടി കൂടിയായ, ഫാത്തിമ സന ഷെയ്ഖ് ആയിരുന്നല്ലോ.. അഞ്ചു വയസുകാരി സനയ്ക്ക് ശബ്ദം നൽകിയത് അന്നത്തെ പതിനൊന്നുകാരിയും കമലിന്റെ മകളുമായ ശ്രുതിഹാസൻ ആയിരുന്നു. ശ്രുതിയും ആദിത്യ നാരായണനും ചേർന്ന് ആലപിച്ച ടൈറ്റിൽ ഗാനമായ “Chupdi Chachi”യും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു..
“അവ്വൈ ഷണ്മുഖി” എന്ന കഥാപാത്രനാമം ലക്ഷ്മി ഗോഡ്ബോലെ എന്ന് ഹിന്ദിയിലേക്ക് മാറ്റിയപ്പോൾ ഒരേ കഥ ആയിരുന്നിട്ടും വ്യത്യസ്തത അനുഭവപ്പെടുത്തുന്ന സിനിമയാക്കി മാറ്റാൻ സാധിച്ചതിന് കമൽഹാസൻ എന്ന സംവിധായകനും ഗുൽസാർ എന്ന എഴുത്തുകാരനും ഒരുപോലെ കൈയടി നൽകേണ്ടതുണ്ട്. ഗുൽസാർ രചിച്ച സംഭാഷണങ്ങളിൽ പൊട്ടിച്ചിരി പടർത്തുന്ന സംഗതികൾ ധാരാളം ഉണ്ടായിരുന്നെന്ന് മാത്രമല്ല, ഒട്ടുമിക്കതും തമിഴിൽ നിന്നും പകർത്തിയതും ആയിരുന്നില്ല..! തമിഴിൽ നാഗേഷ് അവതരിപ്പിച്ച ജോസഫ് എന്ന നിർണ്ണായക വേഷത്തിലേക്ക് ബോളിവുഡിലെ വിഖ്യാത കൊമേഡിയൻ ജോണി വാക്കറിനെ അല്ലാതെ മറ്റൊരാളെയും കമൽഹാസന് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സിനിമാഭിനയം അവസാനിപ്പിച്ച് 17 വർഷത്തോളമായി മാറിനിന്ന ജോണി വാക്കറിനെ ഈ “ചാച്ചി”യിലേക്ക് കൊണ്ടുവരാൻ കമൽഹാസന് കുറച്ച് പ്രയാസപ്പെടേണ്ടി വന്നു. വിളിച്ചത് കമൽഹാസൻ ആയത്കൊണ്ട് മാത്രമാണ് ജോണി വാക്കർ ഒരിക്കൽ കൂടി ക്യാമറയുടെ മുന്നിൽ എത്തുവാൻ സന്മനസ്സ് കാണിച്ചതും.. അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രവും ചാച്ചിയെ അണിയിച്ചൊരുക്കുന്ന “ജോസഫ്” ആയിരുന്നു.!
പരസ്യ സംവിധായകൻ ശന്തനു ഷെറോയിയെ സംവിധായകനാക്കി ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആറാം നാൾ സംവിധായകന്റെ സ്ഥാനത്ത് കമൽഹാസൻ സ്വയം പ്രതിഷ്ഠിക്കുക ആയിരുന്നു എന്നറിയാമല്ലോ..! എന്നാൽ ചാച്ചിയുടെ റിലീസിന് മുമ്പ് ബോളിവുഡിൽ ഏറെ ചർച്ചയായത് ചിത്രീകരണത്തിന് എടുത്ത സമയമായിരുന്നു. 1997 ഓഗസ്റ്റ് 27നു ആദ്യ ഷോട്ട് എടുത്ത ഈ ചിത്രം കൃത്യം നാലാം മാസത്തിൽ തിയറ്ററിൽ എത്തിച്ച കമൽഹാസൻ എന്ന സംവിധായകനെ അന്നത്തെ ഹിന്ദി പത്രക്കാർ ഏറെ പ്രശംസിച്ചു.. തന്നെക്കാൾ ഈ കാര്യത്തിൽ മിടുക്ക് മലയാളത്തിലെ വിഖ്യാത സംവിധായകർ മുമ്പേ കാണിച്ചിട്ടുണ്ടെന്നും, ഹൃഷികേശ് മുഖർജിയെ പോലുള്ള പ്രതിഭാധനർ കേവലം ഒരു മാസം കൊണ്ട് സൂപ്പർതാരങ്ങളെ നായകന്മാരാക്കി സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ചരിത്രവും അവരോടു പങ്കുവച്ചു കൊണ്ടു കമൽഹാസൻ തന്റെ പ്രയത്നത്തെ “വലിയ സംഭവം” ആയി വിലയിരുത്താൻ ശ്രമിച്ചില്ല..
നോർത്തിന്ത്യക്കാരായ എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ ചിത്രത്തിനു വാനോളം പുകഴ്ത്തലുകളും കമൽഹാസന് അഭിനന്ദനങ്ങളും ഇന്നും ഞാൻ കണ്ടിരുന്നു. രണ്ടര പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ മനസ്സുകളിൽ ഇപ്പോഴും ചാച്ചി നിറഞ്ഞു നിൽക്കുന്നുണ്ട് എന്നറിയുന്നതിൽ കമൽഹാസൻ ആരാധകനായ എനിയ്ക്കും അല്പം അഭിമാനക്കൂടുതൽ തോന്നുന്നുണ്ട്.. ഈ സിനിമയുടെ കേരളം റിലീസ് പോസ്റ്ററിലെ വാചകം കടമെടുത്താൽ “കമൽഹാസന് പകരം കമൽഹാസൻ മാത്രം..!” ജയ്ഹിന്ദ്..!