Gopala Krishnan
ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ ഒരുപിടി അഭിനേതാക്കൾ നമുക്കുണ്ട്. അവരിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്. കൊച്ചിക്കാരനായ ജോസഫ്, “മണവാളൻ” എന്ന ഹാസ്യനാടകത്തിലഭിനയിച്ചതോടെ മണവാളൻ ജോസഫായി മാറി. പിൽക്കാലത്ത് സിനിമാനടനായി തിളങ്ങിയെങ്കിലും സിനിമകളിൽ കിട്ടിയതിനേക്കാൾ ഗൗരവമുള്ള കഥാപാത്രങ്ങൾ നാടകത്തിലായിരുന്നു അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. “മൂലധനം” എന്ന നാടകത്തിലെ കാസിംപിള്ള എന്ന കഥാപാത്രം അദ്ദേഹത്തിന് ഒരുപാട് പ്രശംസകൾ നേടിക്കൊടുത്തു. അമ്പതുകളിൽ നീലക്കുയിലിലൂടെ സിനിമയിലെത്തിയെങ്കിലും അറുപതുകളുടെ തുടക്കത്തിൽ ഉദയാ സ്റ്റുഡിയോ വീണ്ടും നിർമ്മാണരംഗത്തേയ്ക്ക് മടങ്ങി വന്നതോടെയായിരുന്നു മണവാളൻ ജോസഫിന് സിനിമാനടനെന്ന നിലയിൽ തിരക്കേറാൻ തുടങ്ങിയത്. “ഉണ്ണിയാർച്ച” മുതൽ കുഞ്ചാക്കോയുടെ മരണം വരെ ഉദയാ സ്റ്റുഡിയോയുടെ സ്ഥിരം നടനായിരുന്നു മണവാളൻ.
കൂടുതലും കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മണവാളൻ ജോസഫിന്റെ എനിയ്ക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം മുത്തയ്യയുടെ “ചിത്രമേള”യിലെ രണ്ടാമത്തെ കഥയായ പെണ്ണിന്റെ പ്രപഞ്ചത്തിലെതാണ് (ടി ഇ വാസുദേവൻ സാറിന്റെ രചന). അടൂർഭാസിയോടും ബഹദൂറിനോടുമൊപ്പം എസ് പി പിള്ളയുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പരിശീലിയ്ക്കാൻ പോയി, ചില പ്രത്യേക സാഹചര്യത്തിൽ ഒരുപറ്റം പെൺകുട്ടികളുടെ മർദ്ദനത്തിനിരയായി ക്ഷീണിച്ച് വണ്ടിയിൽ കിടന്നുറങ്ങിയ പിള്ള-ഭാസി-ബഹദൂർ-മണവാളന്മാർ ഒരുമിച്ചൊരു സ്വപ്ന ലോകത്തിലേയ്ക്ക് വഴുതിവീഴുന്നതാണ് പ്രമേയം.. ആ ലോകത്തിൽ അധികാരം പെണ്ണുങ്ങൾക്കായിരുന്നു.. സ്ത്രീകളുടെ ലോകത്തിലെ ഏക ആൺ പഞ്ചായത്ത് മെമ്പറായിരുന്ന മണവാളന്റെ കഥാപാത്രം മറ്റു മൂവരോടൊപ്പം മുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ആ സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്തിട്ടുണ്ട്.
എഴുപതുകളുടെ തുടക്കത്തിൽ സിനിമയിൽ തിരക്കു കുറഞ്ഞപ്പോൾ മണവാളൻ നാടകത്തിലേയ്ക്ക് മടങ്ങി. ( സിനിമയിൽ തിരക്കു കുറയാനുള്ള കാരണം തിരക്കിയപ്പോൾ.. “എന്റെ വീട് അങ്ങ് കൊച്ചീലായതു കൊണ്ടാവും..” എന്ന് മണവാളൻ പറഞ്ഞതായി അന്ന് നാന റിപ്പോർട്ട് ചെയ്തിരുന്നു..) സിനിമയിൽ കൂടുതൽ ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങൾ വീണ്ടും മണവാളനെ തേടിയെത്തിയത് എഴുപതുകളുടെ മധ്യത്തോടെയായിരുന്നു. സർവ്വേകല്ലിലെ വൃദ്ധനായ പലിശക്കാരൻ പാച്ചു എന്ന കഥാപാത്രം ആ കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ്. അപ്പോഴും കോമഡി റോളുകൾ അദ്ദേഹം കൈവിട്ടില്ല. അദ്ദേഹം ഉൾപ്പെട്ട പല കോമഡി ഗാനരംഗങ്ങൾ ഹിറ്റുകളായിരുന്നല്ലോ.. 1986 ജനുവരി 23നു ആയിരുന്നു മണവാളൻ ജോസഫ് അന്തരിച്ചത്. മണവാളൻ ജോസഫ് ഒരു പ്രധാനവേഷം ചെയ്ത, പ്രിയദർശന്റെ “മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു” റിലീസായത് മണവാളൻ മരിച്ച അതേ ആഴ്ചയിൽ തന്നെയായിരുന്നു. പ്രിയന്റെ തന്നെ ” ധിം തരികിട തോം ” എന്ന ചിത്രത്തിലായിരുന്നു മണവാളൻ ജോസഫ് അവസാനമായി അഭിനയിച്ചതും.. മണവാളൻ ജോസഫിന്റെ മുപ്പത്തിയഞ്ചാം ചരമവാർഷിക വേളയിൽ അദ്ദേഹത്തിന് ഓർമ്മപൂക്കൾ..