Gopala Krishnan :
ഓർമ്മകളിൽ “ടി കെ ബി”
പഴയൊരു മാഗസിനിൽ വായിച്ച സംഗതിയാണ്.. ഒരിക്കൽ തിക്കുറിശ്ശി സുകുമാരൻ നായർ ഉൾപ്പെടുന്ന ഒരു സദസ്സിൽ, അദ്ദേഹം ഒരു ചോദ്യമുന്നയിച്ചു..
” മലയാള സിനിമയിൽ അനിയത്തിക്കും ചേട്ടത്തിക്കും ഭർത്താവിനും കൂടി പൊതുവായ ഒരു വ്യക്തി ആരാണ്??”
സദസ്സിലെ കേൾവിക്കാർ തെല്ലൊന്നമ്പരന്നു. ഇതെന്ത് ചോദ്യം.. അതാരാണ് അങ്ങനെയൊരാൾ..!! ചോദ്യം തിക്കുറിശ്ശിയുടേത് ആയതിനാൽ എന്തെങ്കിലും കുനിഷ്ട് ഉണ്ടായിരിക്കുമോ എന്നും ചിലർ സംശയിച്ചു..
ഒടുവിൽ തിക്കുറിശ്ശി തന്നെ ഉത്തരം പറഞ്ഞു..
“മറ്റാര് !! നമ്മുടെ സ്വന്തം “നാരദൻ”..
ടി കെ ബാലചന്ദ്രൻ തന്നെ..!” തിക്കുറിശ്ശിയുടെ ഈ മറുപടിയിൽ ഒരു പൊട്ടിച്ചിരി സദസ്സിലുയർന്നു..
“അനിയത്തി”, “ഭർത്താവ്”, “ചേട്ടത്തി”, എന്നീ സിനിമകളിൽ എല്ലാം ടി കെ ബാലചന്ദ്രൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്..! മലയാള സിനിമയിലെ നാരദ വേഷത്തിന് പകരക്കാരനില്ലാത്ത മുഖമായിരുന്നല്ലോ ടി കെ ബി എന്ന ടി കെ ബാലചന്ദ്രൻ..
അദ്ദേഹം കൂടുതലും അഭിനയിച്ചിട്ടുള്ളത് മെറിലാൻഡ് നിർമ്മിച്ച സിനിമകളിലായിരുന്നു. 1955 – ൽ “അനിയത്തി” എന്ന ചിത്രത്തിലെ ഉപനായക കഥാപാത്രം മുതൽ 1974 – ലെ “ദേവി കന്യാകുമാരി”യിലെ നാരദ വേഷം വരെ പതിനാലോളം മെറിലാൻഡ് സിനിമകളിൽ ടി കെ ബി ഭാഗമായിരുന്നു. 1960 – ൽ മെറിലാൻഡ് നിർമ്മിച്ച “പൂത്താലി” ടി കെ ബിയുടെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കാം..! ഈ ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി ഡബിൾ റോൾ കൈകാര്യം ചെയ്ത “നായക നടൻ” എന്ന ഖ്യാതി ടി കെ ബിയ്ക്ക് ലഭിച്ചു.. (പക്ഷെ മലയാളത്തിലെ ആദ്യത്തെ ഇരട്ട കഥാപാത്രം, 1955 – ൽ മെറിലാൻഡ് നിർമ്മിച്ച “CID”യിലെ പിച്ചു-പാച്ചുമാരെ അവതരിപ്പിച്ച എസ് പി പിള്ളയുടെ ക്രെഡിറ്റിലാണ്.)
1973 – ൽ പ്രേംനസീറിനെ നായകനായി “പൊയ്മുഖങ്ങൾ” എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് ടി കെ ബി ചലച്ചിത്ര നിർമ്മാണ രംഗത്തേയ്ക്കും പ്രവേശിച്ചു. ഈ സിനിമയിലെ “ധനികന്റെ” ഉപനായക വേഷമാണ് അഭിനേതാവ് എന്ന നിലയിൽ ടി കെ ബിയുടെ മികച്ച പ്രകടനമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. “അദ്ധ്വാനിക്കുന്ന ജനതയ്ക്ക് സമർപ്പണം” എന്ന് ടാഗ്ലൈൻ ടൈറ്റിൽ കാർഡിൽ പ്രത്യേകം കൊടുക്കുന്ന പതിവുണ്ടായിരുന്ന ടി കെ ബി നിർമ്മിച്ച കൂടുതൽ ചിത്രങ്ങളിലും പ്രേം നസീറായിരുന്നു നായകൻ. മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിന് ആദ്യമായി നേടിക്കൊടുത്ത “ടി പി ബാലഗോപാലൻ എം എ ” എന്ന ചിത്രം ടി കെ ബാലചന്ദ്രന്റെ പ്രൊഡക്ഷൻ ആയിരുന്നല്ലോ. അഭിനേതാവ് എന്ന നിലയിലും ടി കെ ബിയെ അവസാനമായി കണ്ടത് ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രം വരുന്ന പക്ഷിശാസ്ത്രക്കാരന്റെ വേഷത്തിൽ ആയിരുന്നു എന്നാണെന്റെ അറിവ്! പൊയ്മുഖങ്ങൾ മുതൽ 1990 – ലെ പി. ചന്ദ്രകുമാർ ചിത്രം “ആലസ്യം” വരെ ഏകദേശം 17 ചിത്രങ്ങൾ ടി കെ ബാലചന്ദ്രൻ നിർമ്മിച്ചു.
ഞാനിവിടെ കൊടുത്ത ചിത്രങ്ങളിൽ ആദ്യത്തേത് ഏവർക്കും സുപരിചതമായ ടി കെ ബിയുടെ “നാരദ” രൂപം.. (ചിത്രം – ദേവി കന്യകുമാരി) രണ്ടാമത്തേതിൽ, ടി കെ ബാലചന്ദ്രനും റാണിചന്ദ്രയും.. ജ്യോതിലക്ഷ്മി ഇരട്ട വേഷത്തിൽ അഭിനയിച്ച “ഒരു കന്യാസ്ത്രീയുടെ കഥ” എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ നിശ്ചല ചിത്രമാണിത്.. ജേസിയുടെ തിരക്കഥയിൽ പി വിജയൻ 1972 – ൽ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ് പാതിയിൽ മുടങ്ങുകയായിരുന്നു.. ടി കെ ബിയും റാണിചന്ദ്രയും ഒന്നിച്ചുള്ള പ്രണയഗാനം കോവളം ബീച്ചിൽ വച്ച് ചിത്രീകരിച്ചിരുന്നു.. ഭാസ്കരൻ മാഷിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്ന്, ജയചന്ദ്രനും ജാനകിയും ആലപിച്ച, “മന്ദാകിനിയുടെ മടിത്തട്ടിൽ പ്രേമമന്ദാരമൊന്നു നട്ടൂ..” എന്ന ഗാനത്തിന്റെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണത്.. ഇന്ന് ടി കെ ബാലചന്ദ്രന്റെ പതിനേഴാം ചരമവാർഷിക ദിനം.. ഓർമ്മപ്പൂക്കൾ..