written by Gopalakrishnan
അഭിനയത്തിലെ “സുകുമാര” ശൈലി
ജൂണ്‍ 16, അനശ്വരനായ നടൻ സുകുമാരന്റെ ചരമവാര്‍ഷിക ദിനം. ഈ കുറിപ്പിലൂടെ ഞാൻ സുകുമാരനെ അനുസ്മരിയ്ക്കുന്നത്, അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടാക്കിയിട്ടുള്ള ചില സംവിധായകരുടെ കാഴ്ചപ്പാടിലൂടെയാണ്.. അദ്ദേഹം ഉള്‍പ്പെട്ട അവരുടെ ഓരോരുത്തരുടെയും സിനിമകളിലൂടെയാണ്. കൂടാതെ അദ്ദേഹം അവതരിപ്പിച്ചതിൽ, ഇന്നധികമാരും ഓര്‍ക്കാതെ പോകുന്ന ചില വേഷങ്ങളെയും അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ ചില പ്രത്യേകതകളായി സഹപ്രവർത്തകർ പങ്കുവെച്ചിട്ടുള്ള ചില നുറുങ്ങുകളും ഇവിടെ പ്രതിപാദിക്കുന്നുണ്ട്..
തുടക്കം ബാലചന്ദ്ര മേനോനില്‍ നിന്ന് തന്നെ ആകട്ടെ.. കാരണം ഇരുവരും തമ്മില്‍ വളരെ സാമ്യതകള്‍ അവകാശപ്പെടാവുന്ന രണ്ടു പ്രതിഭകളാണ്. സുകുമാരന്‍ സ്റ്റൈല്‍ ഓഫ് ഡയലോഗ് ഡെലിവറി ഏതാണ്ട് അതുപോലെ തന്നെ വഴങ്ങുന്ന ആളാണ് മേനോന്‍. ഇവരുടെ ആദ്യ സമാഗമത്തിന് നാലര പതിറ്റാണ്ടന്റെ വര്‍ഷത്തെ പഴക്കമുണ്ട്.. അന്ന് മേനോന്‍ നാന സിനിമാവാരികയില്‍ ലേഖകനായിരുന്ന കാലം. അധ്യാപക ജോലിയില്‍ നിന്നും രാജി വച്ച് സുകുമാരനും സിനിമകളുമായി മദ്രാസില്‍ തന്നെ നില്‍ക്കുന്നു. “കോമാളിക്കൂട്ടമാണ് ഈ സിനിമാലോകം” എന്ന തലക്കെട്ടിൽ സുകുമാരനുമായി ബാലചന്ദ്ര മേനോൻ നടത്തിയ അഭിമുഖം അന്ന് നാനയിൽ പ്രസിദ്ധീകരിച്ചിരുന്നു.
നിര്‍മ്മാല്യത്തിലെ വേഷത്തിനു ശേഷം അതുപോലെ എടുത്തു പറയാന്‍ മേന്മയുള്ള വേഷങ്ങളൊന്നും സുകുമാരനെ പെട്ടെന്ന് തേടിയെത്തിയില്ല. സിനിമയിൽ നിലനിൽക്കാൻ വേണ്ടി കിട്ടിയ വേഷങ്ങൾ അഭിനയിച്ച് കഴിച്ചുകൂട്ടിയിരുന്ന സുകുമാരൻ, ഏറെ പ്രതീക്ഷയോടെ അഭിനയിച്ച രാജന്‍ പറഞ്ഞ കഥ സെന്‍സര്‍ പ്രശ്നത്തിലും കുരുങ്ങി. ഈ സിനിമയിലെ രാജന്‍റെ വേഷം, സംവിധായകൻ മണിസ്വാമി ആദ്യം ഓഫര്‍ ചെയ്തത് മേനോനായിരുന്നു.. അന്നത്തെ ബാലചന്ദ്ര മേനോന്റ മെലിഞ്ഞ കോലം രാജനുമായി സാമ്യതയുണ്ടായിരുന്നു. എന്നാല്‍ അന്ന് സംവിധാനം സ്വപ്നം കണ്ടു നടന്നിരുന്ന, നാന ലേഖകൻ ബാലചന്ദ്ര മേനോന്‍ ആ ഓഫർ വിനയപൂർവം നിരസിച്ചു.. പിന്നീട് മാസങ്ങൾ കഴിഞ്ഞായിരുന്നു സുകുമാരന്‍ ആ റോളില്‍ വരുന്നത്. തന്‍റെ കരിയര്‍ വല്ലാത്ത ഒരവസ്ഥയില്‍ നില്‍ക്കുന്ന സമയത്ത് ഈ ജീവിതം എല്ലാം മറന്നു വിദേശത്തേക്ക് ജോലി തേടി പോകാനുള്ള ഒരു തീരുമാനം വരെ എടുത്തിരുന്ന കാര്യം സുകുമാരൻ അന്ന് മേനോനോട് പറഞ്ഞു. ആ സമയത്ത് റിലീസ് ആയ ലക്ഷ്മിവിജയം എന്ന സിനിമയിലെ റോള്‍ സുകുമാരന് നല്ലൊരു ബ്രേക്ക് ആകും എന്നായിരുന്നു സുകുമാരൻ കരുതിയത്.
ആരും ആശ്രയമില്ലാത്ത ഒരമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞ ഒരു മനുഷ്യനായി കടന്നു വരുന്ന സുകുമാരന്‍ പിന്നെ ആ കുട്ടിയുടെയും അമ്മയുടെയും രക്ഷകനാകുന്ന ഒരു കഥയാണ് ലക്ഷ്മിവിജയം. പക്ഷെ ആ സിനിമ അത്ര ഓടിയില്ല. പിന്നെ സുകുമാരന്റെ ആകെയുള്ള പ്രതീക്ഷ ബേബിയുടെ ശംഖുപുഷ്പം എന്ന സിനിമയാണെന്നും അതിന്‍റെ ഗതി അനുസരിച്ചാണ് തന്‍റെ സിനിമ ഭാവിയെന്നും സുകുമാരന്‍ അന്ന് മേനോനോട് പറഞ്ഞു. ഈ കാര്യം ബാലചന്ദ്ര മേനോനെയും വിഷമിപ്പിച്ചു. 1977ല്‍ മാര്‍ച്ച് രണ്ടിന് റിലീസായ ശംഖുപുഷ്പം സുകുമാരനെ നിരാശനാക്കിയില്ല.. ചിത്രം വിജയിക്കുകയും സുകുമാരന്‍റെ അഭിനയ ശൈലിയും സംഭാഷണത്തിലെ പ്രത്യേക താളവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു.
ഈ കാര്യം ഏറെ സന്തോഷിപ്പിച്ചത് മേനോനെയാണ്. അദ്ദേഹം മനസ്സില്‍ താലോലിച്ചു നടന്നിരുന്ന, തന്റെ ആദ്യചിത്രം, ഉത്രാടരാത്രിയിൽ പ്രഭാകരന്‍ എന്ന കഥാപാത്രം സുകുമാരനെ മനസ്സില്‍ കണ്ടായിരുന്നു രൂപപ്പെടുത്തിയത്.. “തുള്ളിച്ചാടി നടക്കുന്ന കന്നിനെ കാണുമ്പോള്‍ തള്ളപ്പശുവിന്‍റെ ഉള്ളില്‍ ഒരുതരം നിസ്സംഗതയാണ്..” എന്ന് തുടങ്ങുന്ന പല ഡയലോഗുകളും സുകുമാരന്‍റെ സംഭാഷണത്തിലെ സ്വാഭാവിക ചടുലതകള്‍ നേരത്തെ അറിഞ്ഞിരുന്ന മേനോന്‍ അതിനനുസരിച്ച് എഴുതി ഉണ്ടാക്കിയതാണ്. എന്തായാലും ഉത്രാടരാത്രിയിലെ സാഹിത്യകാരന്‍ പ്രഭാകരനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു. അതോടൊപ്പം ആ വര്‍ഷം ഇറങ്ങിയ, ഷൂട്ട് ചെയ്തതില്‍ പകുതിയും സെന്‍സര്‍ ബോര്‍ഡ് വിഴുങ്ങിയ, “രാജന്‍ പറഞ്ഞ കഥ”യിലെ സുകുമാരന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. അവസാന സീനുകളിലെ ഉരുട്ടി കൊലപാതകത്തില്‍ സുകുമാരന്‍റെ നിലവിളി ശബ്ദത്തിന്‍റെ ദയനീയത ആ സിനിമ കണ്ടിട്ടുള്ളവർ മറക്കാൻ ഇടയില്ല.
ആ വര്‍ഷം തന്നെ റിലീസായ, എം ടി സംവിധാനം ചെയ്ത ബന്ധനം, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരനു ലഭിച്ചു. ഈ വിവരം അദ്ദേഹം അറിയുന്നത് ബാലചന്ദ്ര മേനോന്‍റെ രണ്ടാമത്തെ ചിത്രമായ രാധ എന്ന പെണ്‍കുട്ടിയിലെ പിഷാരടിയായി വേഷമിട്ട് നില്‍ക്കുന്ന സമയത്താണ്.. താന്‍ സ്നേഹിക്കുന്ന പെണ്ണിനോട് അപമാര്യദമായ രീതിയില്‍ ഒരു തമാശ പറഞ്ഞതിന് രവി മേനോന്‍ അവതരിപ്പിച്ച കഥാപാത്രം സുകുമാരനെ തല്ലുന്ന ഒരു രംഗം ആ ചിത്രത്തിൽ ഉണ്ടായിരുന്നു.. ആ സീന്‍ എടുത്ത ശേഷമാണ് അവാര്‍ഡ് വിവരം മേനോന്‍ സുകുമാരനെ അറിയിക്കുന്നത്..
“” ഒരേ സമയം തല്ലും തലോടലും ആണല്ലോ ആശാനെ…”” എന്നായിരുന്നു അപ്പോള്‍ സുകുമാരന്‍ മേനോനോട് പറഞ്ഞത്.
കരിയറിന്‍റെ ആരംഭത്തില്‍ പ്രേം നസീറിന്‍റെ അനുജനായി ചുമടുതാങ്ങിയിലും മധുവിന്‍റെ സംവിധാനത്തില്‍ നീലകണ്ണുകളിലും പിന്നെ ലക്ഷ്മിവിജയത്തിലും ഉത്തരായനതിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പലതും ഉണ്ടായിരുന്നെങ്കിലും 1978 മുതലാണ് ശരിക്കും സുകുമാരന്‍റെ “സമയം” തെളിഞ്ഞത്.. ആ വര്‍ഷം 22 സിനിമകള്‍ സുകുമാരന്‍റെതായി പുറത്തു വന്നു. ചില വില്ലന്‍ വേഷങ്ങളും കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മണ്ണ്.. ശ്രീകുമാരന്‍ തമ്പി സാറിന്‍റെ മാളിക പണിയുന്നവര്‍, ഏതോ ഒരു സ്വപ്നം.. തൃപ്രയാര്‍ സുകുമാരന്‍ ചെയ്ത ഭ്രഷ്ട് പോലെയുള്ള ചില സിനിമകളില്‍ വളരെ സീരിയസ് വേഷങ്ങളിലും സുകുമാരന്‍ തിളങ്ങി.
എങ്കിലും 1978ല്‍ സുകുമാരന്‍ മികച്ചു നിന്ന ചില സിനിമകളിളുണ്ട്. അതിലൊന്ന് മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികൾ എന്ന ചിത്രത്തിൽ, തനിയ്ക്ക് നേരെ നീട്ടിയ ഓട്ടോഗ്രാഫില്‍ “” നിനക്കുണ്ടൊരു ലോകം.. എനിക്കുമുണ്ടൊരു ലോകം.. പക്ഷെ നമുക്കില്ലൊരു ലോകം.. “” എന്നെഴുതി വിധുബാലയുടെ പ്രണയം നിഷേധിക്കുന്ന പരുക്കനായ യുവാവിനെയും മണിസ്വാമിയുടെ ആഴി അലയാഴി എന്ന സിനിമയില്‍ കെ പി ഉമ്മര്‍ അവതരിപ്പിച്ച നെഗറ്റീവ് സ്വഭാവമുള്ള അച്ഛന്റെ കഥാപാത്രത്തെ കൊല്ലാനായി കാറിന്‍റെ ബ്രേക്ക് അഴിച്ചിടുന്ന.. അച്ഛന്‍ കിടക്കുന്ന മുറിയിലെ ഫാനിന്‍റെ സ്ക്രൂ അഴിച്ചു വയ്ക്കുന്ന, മകന്‍റെ വേഷമായിരുന്നു സുകുമാരന്.. അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുന്ന ഉമ്മറിനെ കൊല്ലാനാകാതെ നിസ്സഹായനാകുന്ന റോള്‍ സുകുമാരന്‍ ഭംഗിയായി അവതരിപ്പിച്ചു. മറ്റൊരു ശ്രദ്ധിക്കപ്പെട്ട റോള്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത സത്രത്തില്‍ ഒരു രാത്രി സിനിമയില്‍ മമതയുടെ കഥാപാത്രത്തെ ഒരു രാത്രി ലോഡ്ജിൽ വച്ച് വച്ച് ബലാല്‍സംഗം ചെയ്ത് അവളുടെ ജീവിതം തകര്‍ക്കുന്ന വില്ലന്‍ വേഷമായിരുന്നു.
പ്രേം നസീര്‍ എന്ന നിത്യഹരിത നായകനും മധു എന്ന ശക്തനായ നായകനും ഇടയില്‍ നിന്നുകൊണ്ട് തന്നെ അവരോടൊപ്പം ഉയര്‍ന്നു വന്ന രണ്ടു നടന്മാരും താരങ്ങളും ആയിരുന്നു സോമനും സുകുമാരനും. സിനിമകളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ സ്വഭാവത്തിലും ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. തന്‍റെ കഥാപാത്രം മറ്റേയാളുടെ കഥാപാത്രത്തേക്കാള്‍ മികച്ചു നില്‍ക്കണം എന്ന വാശി ഇരുവര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ ഒരുമിച്ചു വരുന്ന സിനിമകള്‍ അക്കാലത്തു പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ഇവരുടെ ഇടയിലേക്ക് ജയന്‍ കൂടി വന്നതോടെ മറ്റൊരു തരംഗത്തിനും കാരണമായി.
സോമന്‍ സുകുമാരന്‍ നിറഞ്ഞുനിന്ന സിനിമകളില്‍ ശ്രദ്ധേയമായതിൽ ഒന്നായിരുന്നു ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ലൗലി.. രൂപ ആയിരുന്നു ആ സിനിമയിലെ ലൗലിയെ അവതരിപ്പിച്ചത്. അവളുടെ കാമുകനായി സോമനും ഭര്‍ത്താവായി സുകുമാരനും. ക്ലൈമാക്സിലെ സോമന്‍ സുകുമാരന്‍ സംഘട്ടനത്തിനിടയില്‍ സുകുമാരനെ വെടിവെച്ചു കൊല്ലുകയാണ് നായിക. 1979ലെ നീയോ ഞാനോ എന്ന സിനിമയിലും സോമന്‍ സുകുമാരന്‍ മത്സരാഭിനയം നിറഞ്ഞു നിന്നിരുന്നു..
ഈ മത്സരത്തിനു ഒരിക്കല്‍ ബാലചന്ദ്ര മേനോനും ഇരയായി. ആ സംഭവം മേനോന്‍ തന്‍റെ പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. ഞാനത് ചുരുക്കി പറയാം.. അണിയാത്ത വളകള്‍ എന്ന സിനിമയില്‍ സോമന്‍ അവതരിപ്പിച്ച കഥാപാത്രം ഒരു സീനില്‍ സുകുമാരന്റെ കരണത്തടിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗം അഭിനയിക്കാന്‍ സുകുമാരന്‍ വിസ്സമ്മതിച്ചു. ആദ്യത്തെ അടി താൻ അടിയ്ക്കും എന്നായിരുന്നു സുകുമാരന്‍റെ ഡിമാൻഡ്. ഒടുവില്‍ സുകുമാരന്‍റെ വാശിയ്ക്ക് മുന്നില്‍ വഴങ്ങിയ ബാലചന്ദ്ര മേനോന്, വെറും ഒരു കരണത്തടിയില്‍ ഒതുങ്ങേണ്ട ആ രംഗത്തെ, ഒരു ചെറിയ സംഘട്ടനമാക്കി ഷൂട്ട് ചെയ്തിട്ടായിരുന്നു തീര്‍ത്തത്.
ബാലചന്ദ്ര മേനോന്‍റെ അടുത്ത ചിത്രമായ ഇഷ്ടമാണ് പക്ഷെയില്‍ ജഗതിയും സുകുമാരനും തമ്മില്‍ ആദ്യ രാത്രിയെ പറ്റി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം എടുക്കാന്‍ ഇരുവര്‍ക്കും എന്തോ പ്രയാസം പോലെ.. കാരണം മറ്റൊന്നുമല്ല ആയിടയാണ് സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം നടന്നത്.. ആ സമയത്ത് തന്നെ ഇങ്ങനെ ഒരു രംഗത്തില്‍ വരാന്‍ ജഗതിയ്ക്കും സുകുമാരനും പ്രയാസമുണ്ടാകുമെന്ന് മനസ്സിലാക്കിയ മേനോന്‍ ഇരുവര്‍ക്കും പറയാനുള്ള ഡയലോഗ് ക്ലോസ് ഷോട്ടിലെടുത്ത് പ്രശ്നം പരിഹരിച്ചു.
1980കളുടെ ആദ്യം സുകുമാരന് നിന്ന് തിരിയാന്‍ സമയമില്ലാത്ത കാലമായിരുന്നു.. മേനോന്‍ തന്‍റെ മൂന്നാമത്തെ സിനിമയായ കലികയില്‍ നോവലില്‍ നിന്നും വ്യത്യാസപ്പെടുത്തി ജോസഫ് എന്ന കഥാപാത്രത്തിന് പ്രാധാന്യം കൂട്ടി. സുകുമാരനില്‍ ഉള്ള വിശ്വാസമായിരുന്നു അതിനു കാരണം. ഡേറ്റ് ചോദിച്ചു സുകുമാരനെ സമീപിച്ചപ്പോള്‍ തന്‍റെ ഡയറി മേനോന് നേരെ നീട്ടി സുകുമാരന്‍ പറഞ്ഞു..
“”ഡേറ്റ് ഇല്ല ആശാനെ ഞാനെന്തു ചെയ്യാനാ…!!”” എന്നുള്ള മറുപടിയായിരുന്നു. സുകുമാരന് അടുപ്പമുള്ള ചില നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി കുറെ ഡേറ്റ് മാറ്റി വെച്ചിരിക്കുകയാണ് എന്നറിഞ്ഞ മേനോന്‍..
“”അതേയ്.. പണ്ട് രാജന്‍ പറഞ്ഞ കഥ സിനിമയില്‍ ഞാനുപേക്ഷിച്ച റോളാണ് സുകുമാരന്‍ കയറി ചെയ്തു ഷൈന്‍ ചെയ്തത്.. ഇനിയും ആ മനസ്സ് ഞാന്‍ കാണിച്ചെന്ന് വരില്ല.. സുകുമാരന്‍ വന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യും.. അതെങ്ങാനും ഹിറ്റ് ആയാല്‍ പിന്നെ തനിക്കുള്ള സിനിമകളും എനിക്ക് തന്നെ വരും..”
എന്തായാലും തമാശ കലര്‍ന്ന ഈ ഭീഷണി ഏറ്റു.. ഉടനെ സുകുമാരന്‍ കലികയുടെ സെറ്റില്‍ ഹാജരായി..
സുകുമാരനെന്ന നടന് ഏറ്റവും മികച്ച വേഷങ്ങള്‍ കൊടുക്കാന്‍ ബാലചന്ദ്ര മേനോനെ പോലെ തന്നെ ശ്രദ്ധിച്ച സംവിധായകനാണ് മോഹനും.. രണ്ടു പെണ്‍കുട്ടികള്‍, വാടകവീട്, സൂര്യദാഹം, കഥയറിയാതെ, മുഖം, നിറം മാറുന്ന നിമിഷങ്ങള്‍ എന്നിങ്ങനെയുള്ള മോഹന്‍റെ സിനിമകളെല്ലാം സുകുമാരനെന്ന നടന് വെല്ലുവിളി നിറഞ്ഞ കഥാ സന്ദര്‍ഭങ്ങള്‍ നല്‍കിയ സിനിമകളാണ്. മേനോന്‍ സുകുമാരന്‍റെ സംഭാഷണ ചാതുര്യത്തിനു പ്രാധാന്യമുള്ള അല്പം പരുക്കനായ രസികനെ നല്‍കിയപ്പോള്‍ തീര്‍ത്തു ഗൗരവമുള്ള വേഷങ്ങളാണ് മോഹന്‍ സുകുമാരന് നല്‍കിയത്.
ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായ ഒരു സാധരനക്കാരനെയാണ് എം ടി സാര്‍ അദ്ദേഹത്തിന്‍റെ തിരക്കഥകളില്‍ സുകുമാരന് വേണ്ടി ഒരുക്കിയത്. സുകുമാരന് ഏറെ പരിചിതമായ വള്ളുവനാടന്‍ നായകന്മാരെയാണ് അദ്ദേഹം സുകുമാരനായി കരുതിവച്ചത്. ബന്ധനവും വാരിക്കുഴിയും വില്‍ക്കാനുണ്ട് സ്വപ്നങ്ങളും എല്ലാം ആ കൂട്ടത്തില്‍ പെടും. റിലീസ് ആകാതെ പോയ “എവിടെയോ ഒരു ശത്രു” എന്ന സിനിമയില്‍ സുകുമാരന്‍റെ കരിയറില്‍ തന്നെ ഏറ്റവും മികച്ചതെന്നു പറയാവുന്ന വേഷം എം ടി സുകുമാരന് വേണ്ടി ഒരുക്കി. അതിലെ കൊച്ചു മുതലാളി എന്ന വില്ലന്‍ വേഷം സുകുമാരന്‍ തന്‍റെ കൂടെ അഭിനയിക്കുന്നവരെ നിഷ്പ്രഭരാക്കിയാണ് ചെയ്തതെന്ന് ആ സിനിമയിലെ നായകനായ വേണു നാഗവള്ളി ഒരിക്കല്‍ പറഞ്ഞിരുന്നു. (പിന്നീട് ചില മാറ്റങ്ങളോടെ ആ സിനിമ ഏഴാമത്തെ വരവ് എന്ന പേരില്‍ ഇറങ്ങിയപ്പോള്‍ പ്രസ്തുത വേഷം സുകുമാരന്‍റെ പുത്രന്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചല്ലോ.)
സത്യന്‍ അന്തിക്കാട് സ്വന്തന്ത്രമായി സംവിധാനം ചെയ്തു പുറത്തു വന്ന ആദ്യ സിനിമയായ കുറുക്കന്‍റെ കല്യാണത്തിലും രണ്ടാമത് ചെയ്ത കിന്നാരത്തിലും അന്നോളം സുകുമാരന്‍ ചെയ്യാത്ത രീതിയിൽ കോമഡി കഥാപാത്രം ഫലപ്രദമായി അദ്ദേഹം അഭിനയിച്ചു പ്രേക്ഷക പ്രീതി നേടി. ഒട്ടുമിക്ക സംവിധായകരും സുകുമാരന്‍റെ ആക്ഷന്‍ – ഡയലോഗ് കഥാപാത്രത്തിന് പ്രാധാന്യമൊരുക്കി ചിത്രങ്ങള്‍ എടുത്തപ്പോള്‍ ഈ നാല് സംവിധായകരും സുകുമാരന് ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കാനുള്ള സിനിമകള്‍ കൂടുതല്‍ നല്‍കി.. (സുകുമാരന് നല്ല വേഷങ്ങൾ നൽകിയ വേറെയും സംവിധായകരുണ്ട്. എങ്കിലും ഇവർ നാല് പേരെ കുറിച്ചുള്ള കാര്യങ്ങളാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തത്..!)
തന്‍റെ റോളിന്‍റെ പ്രാധാന്യത്തെ കുറിച്ച് സദാ ബോധമുള്ള സുകുമാരന്‍, അര്‍ഹിച്ച പരിഗണന തനിയ്ക്ക് കിട്ടാതെ വരുന്ന അവസരങ്ങളില്‍ പ്രതികരിയ്ക്കാറുണ്ട്. അത്തരം ചില പരാമർശങ്ങൾ അന്ന് ചെറിയ വിവാദമൊക്കെ ഉണ്ടാക്കിയിരുന്നു. സ്വന്തമായി, ലോകോത്തര നിലവാരമുള്ള പുസ്തകങ്ങളുടെ വലിയൊരു ഖനി തന്നെയുണ്ടായിരുന്ന സുകുമാരന്‍ ഒരിക്കല്‍ മാര്‍ക്സിന്‍റെ ദാസ് കാപിറ്റല്‍ എന്ന പുസ്തകം മുഴുവനും വായിച്ച ഒരു മലയാള നടന്‍ താന്‍ മാത്രമായിരിക്കുമെന്നും പറഞ്ഞതും വിവാദമുണ്ടാക്കി. പറഞ്ഞത് മാറ്റി പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പലരും ഇതിനെ ധിക്കാരമായി കണ്ടു. മലയാള സിനിമയുടെ ഈറ്റില്ലമായ ഉദയായുടെ സിനിമയിലോ മെറിലാന്‍ഡ് സിനിമകളിലോ മഞ്ഞിലാസിന്റെ സിനിമകളിലോ ഒന്നും സജീവമാകതെയാണ് സുകുമാരന്‍ അക്കാലത്ത് മലയാള സിനിമയിലെ നായകനായി വിലസിയത്.
എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ സിനിമയില്‍ അവസരം കുറഞ്ഞപ്പോഴും സുകുമാരനിലെ കര്‍ക്കശക്കാരനു മാറ്റമുണ്ടായിട്ടില്ല. ഒരിക്കൽ ബാലചന്ദ്ര മേനോന്‍ “അച്ചുവേട്ടന്റെ വീട്” എന്ന സിനിമയുടെ തിരക്കഥ രചനയിൽ മുഴുകിയിരുന്ന സമയത്ത്, സുകുമാരൻ അവിടേക്ക് വന്നു..
“” എന്താ ആശാനെ തന്‍റെ ആദ്യ പടത്തില്‍ അഭിനയിച്ചവരെ എല്ലാരെയും ഇരുപത്തിയഞ്ചാം പടത്തില്‍ വിളിക്കുമെന്ന് പറഞ്ഞിട്ട് എന്നെ വിളിക്കുന്നില്ലേ..??”” എന്ന് സുകുമാരന്‍ ചോദിച്ചു. സുകുമാരന് പറ്റിയ വേഷമില്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ സുകുമാരന്‍ കൂടുതൽ പ്രതിഫലം ചോദിച്ചാൽ നല്‍കാന്‍ പറ്റിയ അവസ്ഥയിലല്ല താൻ എന്നും മേനോന്‍ പറഞ്ഞു.
“” തനിയ്ക്ക് എന്ത് തരാം പറ്റും??”” എന്ന് സുകുമാരന്‍ തിരിച്ചു ചോദിച്ചു. “” നെടുമുടിയുടെ ചേട്ടന്‍റെ ഒരു റോള്‍ ഉണ്ട്. അധികം സീനുകള്‍ ഇല്ല..” പ്രതിഫലമായി കൊടുക്കാൻ കഴിയുന്ന, സാമാന്യം ഭേദപ്പെട്ട അഞ്ചക്ക തുക തന്നെ മേനോൻ പറഞ്ഞു. കവിളില്‍ ഒന്ന് ചൊറിഞ്ഞു കൊണ്ട് സുകുമാരന്‍റെ ഡയലോഗ് ഉടനെയെത്തി..
“ചേട്ടൻ റോള്‍ എങ്കില്‍ അങ്ങനെ.. എന്‍റെ വീട്ടിലെ പട്ടികള്‍ക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാമല്ലോ..!!!”
ഈ സ്വഭാവം അദ്ദേഹം പണ്ടും കാണിച്ചിരുന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടിയില്ലെങ്കില്‍ സുകുമാരന്‍ തന്‍റെ പ്രതിഷേധം തീര്‍ക്കുന്നത് ആ സിനിമയുടെ ഡബ്ബിങ് സമയത്തായിരിക്കും. പന്ത്രണ്ടു റീലുകളുടെ ഡബ്ബിങ് കഴിഞ്ഞാല്‍ സുകുമാരന് തൊണ്ടയില്‍ “കിച് കിച്” വരും.. ശബ്ദം കുറയും.. ബാക്കിയുള്ള പ്രതിഫലം കിട്ടാതെ ആ “അസ്വസ്ഥത” മാറുകയുയില്ല. ആ സമയത്ത് അദ്ദേഹം തിരുവനന്തപുരത്ത് ഈവെനിംഗ് കോളേജില്‍ ചേര്‍ന്ന് വക്കീല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തി. മാത്രമല്ല അന്ന് അവിടെ SFIക്ക് വേണ്ടി ഇലക്ഷന്‍ മത്സരിച്ചു ജയിച്ച ചരിത്രവും സുകുമാരനുണ്ടായിരുന്നു. വക്കീല്‍ പരീക്ഷ പാസായ സുകുമാരന്‍ CONSUMER FORUMല്‍ ( അവിടെ ആകുമ്പോള്‍ വക്കീല്‍ UNIFORM അനിവാര്യമല്ല..) Appear ചെയ്തിരുന്ന കാര്യം അന്നത്തെ അദ്ദേഹത്തിന്‍റെ കൂടെ പഠിച്ചവര്‍ ഇന്നും ഓര്‍ക്കുന്നു.
കരുണാകരന്‍ കേരളം ഭരിച്ച കാലത്ത് KSFDC ല്‍ ഉന്നത സ്ഥാനം അലങ്കരിച്ച ചരിത്രവും സുകുമാരനുണ്ട്. ഈ സമയത്ത് തന്നെയാണ് അദ്ദേഹം തന്‍റെ കരിയറിന്‍റെ മൂന്നാം അദ്ധ്യായത്തില്‍ മികച്ച പോലീസ് വേഷങ്ങള്‍ ചെയ്തതും. സിബിഐ ഡയറികുറിപ്പ്, മൂന്നാമുറ, മുഖം അടിക്കുറിപ്പ്, ദശരഥം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന് പ്രേക്ഷക കയ്യടി നേടിക്കൊടുത്തു. ന്യായവിധിയിലെ മൊട്ടത്തലയന്‍ വേഷം തനിക്ക് പ്രിയപ്പെട്ട ഹോളിവുഡ് നടന്‍ “YUL BRYNNER”നുള്ള തന്‍റെ ആദരവാണ് എന്ന് സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 1990കളില്‍ CID ഉണ്ണികൃഷ്ണന്‍, പിന്‍ഗാമി തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലും കോട്ടയം കുഞ്ഞച്ചനിലെ ഉപ്പുക്കണ്ടം കുടുംബത്തിലെ മൂത്ത സഹോദരനായും സുകുമാരന്‍ തിളങ്ങിയിരുന്നു.
അഭിനയ തിരക്കിനിടയില്‍ ഇരകള്‍ എന്ന നല്ല സിനിമ നിര്‍മ്മിക്കാനും സുകുമാരന്‍ സമയം കണ്ടെത്തി. കെ ജി ജോര്‍ജ് ആയിരുന്നു ഇരകളുടെ സംവിധായകന്‍. ഗണേഷ് കുമാറിനെ സിനിമക്ക് പരിചയപ്പെടുത്തിയ ആ ചിത്രത്തിന്‍റെ നഷ്ടം തീര്‍ക്കാന്‍ സ്വന്തം മക്കളുടെ പേരില്‍ ഇന്ദ്രരാജ് ക്രിയേഷന്‍ ബാനറില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് “പടയണി” എന്ന സിനിമയും എടുക്കേണ്ടി വന്നു സുകുമാരന്. അതോടെ നിര്‍മ്മാണ പരിപാടിയും അദ്ദേഹം അവസാനിപ്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം, മരണത്തിനു കുറച്ചു നാള്‍ മുമ്പ്, തന്‍റെ ഉള്ളില്‍ കുറെ കാലമായി നിന്നിരുന്ന സംവിധായക മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങിയതായും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഉടനെ ചെയ്യുമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. എന്തായാലും ആ മോഹം ബാക്കി വെച്ചിട്ടാണ് സുകുമാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകം വിട്ടുപോയത്.
സുകുമാരനെ കുറിച്ചുള്ള ഈ ലേഖനം, എന്റെ അയൽവാസിയായ കാരക്കത്ത് വീട്ടിൽ ഉണ്ണി മേനോനെ കൂടി പരാമർശിച്ച് കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സംവിധായകനല്ല. പക്ഷെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ ഇദ്ദേഹത്തെ നിങ്ങളറിയും. സിനിമയിൽ വരുന്നതിന് മുമ്പുള്ള സുകുമാരന്റെ ഉറ്റചങ്ങാതിമാരിൽ ഒരാളായിരുന്നു ഉണ്ണി മേനോനും. ഇരുവരും കൂടി തൃശൂർ റൗണ്ടിലൂടെ സായാഹ്നങ്ങളിൽ നടക്കുമായിരുന്നു. ഭയങ്കര സിനിമാപ്രേമിയായ ഉണ്ണിമേനോൻ, തിയറ്ററിനു മുന്നിലെത്തുമ്പോൾ അങ്ങോട്ടേക്ക് നീങ്ങും. സുകുമാരനെ ക്ഷണിച്ചാൽ, ഉടനെ നിരസിച്ച് കൊണ്ടുള്ള മറുപടി വരും.. “ഇതൊക്കെ കണ്ടു ചുമ്മാ സമയം കളയാൻ എനിയ്ക്ക് താല്പര്യമില്ല..!” (ഈ സുകുമാരനാണ് പിന്നീട് 250ലധികം സിനിമകളിൽ അഭിനയിച്ചത് എന്നത് ഉണ്ണി മേനോൻ കൗതുകത്തോടെ ഇന്നും ഓർക്കുന്നു..!
അഭിനയത്തിലെ സുകുമാര കലകള്‍ മലയാളിക്ക് കാണിച്ചു കൊടുത്ത സുകുമാരന്‍, മലയാള സിനിമയുള്ള കാലത്തോളം ഓർമ്മിയ്ക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല..! സുകുമാരന് ഓർമ്മപ്പൂക്കൾ!