ജയന് മുമ്പ് ആക്ഷന്‍ ഹീറോ ഇമേജ് ഉണ്ടാക്കിയ നടനെങ്കിലും പുതിയ തലമുറയ്ക്ക് വിൻസെന്റിന്റെ സ്റ്റണ്ട് സിനിമകൾ അധികം പരിചയമില്ല
ഇന്ന് (August 30), മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ വിൻസന്റിന്റെ വേർപാടിന് മുപ്പതാണ്ടുകൾ തികയുന്ന ദിവസം.. ഒരു ക്രിസ്മസ് സീസണിൽ സിനിമയില്‍ വരികയും ഒരു ഓണക്കാലത്തിന്റെ
231 total views, 1 views today

written by Gopalakrishnan
ഓർമ്മകളിൽ “വിൻസന്റ്”
ഇന്ന് (August 30), മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ വിൻസന്റിന്റെ വേർപാടിന് മുപ്പതാണ്ടുകൾ തികയുന്ന ദിവസം.. ഒരു ക്രിസ്മസ് സീസണിൽ സിനിമയില്‍ വരികയും ഒരു ഓണക്കാലത്തിന്റെ നഷ്ടമായി അവസാനിക്കുകയും ചെയ്ത നടനായിരുന്നു വിന്‍സന്റ്.. കൊച്ചിയിലെ എടവനക്കാടാണ് വിന്‍സന്റിന്റെ സ്വദേശം. ഒരു Workshop ജീവനക്കാരനായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു, 1969ലെ ക്രിസ്മസ് റിലീസായി ശശികുമാര്‍ സംവിധാനം ചെയ്ത കെ പി കൊട്ടാരക്കരയുടെ “റസ്റ്റ് ഹൌസ്” എന്ന പ്രേംനസീര്‍ ചിത്രത്തില്‍ കോളേജ് കുമാരന്മാരിൽ ഒരാളായി വിന്‍സന്റ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.. തുടര്‍ന്ന് മൂടല്‍മഞ്ഞിലും തുടർന്ന് ശശികുമാര്‍ തന്നെ ഒരുക്കിയ ലങ്കദഹനത്തില് സിനിമ ഷൂട്ടിംഗ് രംഗത്തില്‍ കൊള്ളക്കാര്‍ സീതയെ കട്ടുകൊണ്ടു പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്ന ശ്രീരാമനായും എം കൃഷ്ണന് നായരുടെ “ഭീകര നിമിഷ”ങ്ങളിലെ സത്യന് മാഷിന്റെ തല്ലു കുറെ കൊള്ളുന്ന പാവം പയ്യനായും ഒക്കെ കൊച്ചു കൊച്ചു വേഷങ്ങളില്‍ അഭിനയിച്ചു.
മെറിലാന്‍ഡ് ചിത്രങ്ങളിലൂടെയാണ് വിന്‍സന്റ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. 1970 ഒക്ടോബര്‍ മാസത്തില്‍ വിന്‍സന്റ് എന്ന നടന്റെ ഭാവി തന്നെ തിരുത്തിക്കുറിച്ച രണ്ടു സിനിമകള്‍ സുബ്രമണ്യം മുതലാളിയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങി. ഒന്ന് സുബ്രഹ്മണ്യംതന്നെ സംവിധാനം ചെയ്ത “സ്വപ്നങ്ങള്‍”.. മറ്റൊന്ന് ശങ്കരന് നായര്‍ ഒരുക്കിയ, വിൻസന്റ് ആദ്യമായി ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട “മധുവിധു”.. തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയ്യറ്ററില്‍ ആ ചിത്രം ഒരു മാസത്തിലേറെ ഓടി. കരിയറിലെ ആദ്യത്തെ ഹിറ്റ് “മധുവിധു”വിലൂടെ വിന്‍സന്റിനെ തേടിയെത്തി. തൊട്ടടുത്ത വര്‍ഷം, 1971, വിന്‍സന്റിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു.. മഞ്ഞിലാസിന്റെ കരകാണാകടലില് സത്യന് മാഷിന്റെ കൂടെ വളരെ പ്രധാനപ്പെട്ട വേഷത്തില്‍ ( ജോയിച്ചന്‍ എന്ന കൊച്ചു മുതലാളി) വിന്‍സന്റ് ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷം തന്നെ പി. ഭാസ്കരന് സംവിധാനം ചെയ്ത് സത്യനും നസീറും മധുവും ഒരുമിച്ചഭിനയിച്ച “മൂന്നുപൂക്കള്‍” എന്ന ചിത്രത്തില്‍ സുരേന്ദ്രന് എന്ന വേഷത്തിലും വിന്‍സന്റ് തിളങ്ങി.
1971ൽ തന്നെ, ആരാധകരുടെ കൈയടി വിന്‍സന്റിന് കൂടുതല്‍ നേടി കൊടുത്ത ആക്ഷന്‍ സിനിമകളുടെ ശ്രേണിയിലെ ആദ്യത്തെ സിനിമ “”രാത്രിവണ്ടി“” പുറത്തു വന്നത് . അതില്‍ വിന്സന്റിനു ഏതാണ്ട് എട്ടോളം സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസകരമായ പല സ്റ്റണ്ട് സീനുകളും ഡ്യൂപ്പിന്റെ സേവനം ഇല്ലാതെ തന്നെ ഭംഗിയായി ചെയ്ത വിന്‍സന്റ് അന്നത്തെ യുവാക്കളുടെ മനസ്സില്‍ മെല്ലെ ഹീറോ പരിവേഷം ഉണ്ടാക്കുകയായിരുന്നു. രാത്രിവണ്ടിയുടെ ചിത്രീകരണ സമയത്ത് ഒരു സംഘട്ടന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആ സ്റ്റുഡിയോയില്‍ മറ്റേതോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു വന്നെത്തിയ സത്യന് മാസ്റ്റര്‍, രാത്രിവണ്ടിയുടെ സെറ്റില്‍ വരികയും വിന്‍സന്റിന്റെ സ്റ്റണ്ട് മികവ് ആസ്വദിക്കുകയും ഇത്ര റിസ്ക് എടുത്തു അപകടം പിടിച്ച സീനുകള്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന മറ്റൊരു നടന് അന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ ഇതൊക്കെ ചെയ്യുമ്പോഴും ആരോഗ്യം കൂടി ശ്രദ്ധിക്കണമെന്നും സത്യൻ മാസ്റ്റർ ഉപദേശിക്കുകയും ചെയ്ത കാര്യം വിൻസന്റ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.. തനിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് ആയി സത്യന് മാഷുടെ ആ വാക്കുകളെ കണക്കാക്കുമെന്നും വിന്‍സന്റ് പറഞ്ഞു. പിന്നീട് പലപ്പോഴും സത്യന് മാസ്റ്റര്‍ തന്നെ കാണുമ്പോള്‍ ഇടിവണ്ടി വിന്‍സന്റ് എന്ന് വിളിച്ചിരുന്നതെന്നും വിന്‍സന്റ് പറഞ്ഞിരുന്നു..കോളിനോസ് പുഞ്ചിരി എന്നായിരുന്നു വിന്‍സന്റിന്റെ ചിരിയെ പറ്റി അന്ന് വാരികയിൽ അച്ചടിച്ച് വന്നത്..
പ്രേം നസീറിനെ പോലെ ഒരുപാട് CID കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിന്‍സന്റ്. പ്രേം നസീര്‍ സിനിമകളില്‍ നിന്നും അല്പം വ്യത്യസ്തമായി JAMES BOND സ്വഭാവമുള്ള സിനിമകളായിരുന്നു വിന്‍സന്റ് കൂടുതല്‍ ചെയ്തത്.. തമിഴ് സിനിമയിലെ ജയ് ശങ്കറിന് തുല്യമായ ഇമേജായിരുന്നു മലയാളത്തില്‍ അന്ന് വിന്‍സന്റ്..
“”” സര് വില്യംസിന്റെ ബംഗ്ലാവില്‍ ഒരു കൊലപാതകം നടന്നു.. അതിനു പിന്നിലെ കറുത്ത കൈകള്‍ ആരുടേത്?? “” എന്നെ ചോദ്യ ചിഹ്നവുമായി വന്ന രാജാങ്കണം എന്ന സിനിമയിലെ കൊലപാതകത്തിന് ഇരയായ ഷീലയുടെ ഘാതകനായ ആ കറുത്ത കൈകളുടെ ഉടമ സോമനെ കണ്ടെത്തുന്നത് വിന്‍സന്റ് അവതരിപ്പിച്ച CID ആയിരുന്നു. എഴുപതുകളിൽ CID സിനിമകളുടെ അമരക്കാരനായിരുന്ന ശ്രീ വേണു (ഉദ്യോഗസ്ഥ വേണു) ചെയ്ത ആള്‍മാറാട്ടം എന്ന സിനിമയിൽ CID വേഷം ചെയ്ത വിന്‍സന്റ്, ക്ലൈമാക്സില്‍ ഗോവിന്ദന് കുട്ടിയുടെ മുഖാവരണം അണിഞ്ഞു ആള്‍മാറാട്ടം നടത്തി കൊലപാതകം ചെയ്തിരുന്ന G K പിള്ളയെ പിടികൂടുന്നത് അന്നത്തെ വലിയ ട്വിസ്റ്റുകളിൽ ഒന്നായിരുന്നു. അതുപോലെ “നടീനടന്മാരെ ആവശ്യമുണ്ട്” എന്ന ചിത്രത്തിൽ, സിനിമാമോഹവുമായി നടക്കുന്നവരെ കണ്ടെത്താൻ “നടീനടന്മാരെ ആവശ്യമുണ്ട്” എന്നൊരു പരസ്യവുമായി കെ പി ഉമ്മറിനൊപ്പം വേഷം മാറി എത്തി കേസ് തെളിയിക്കുന്ന CID ആയിരുന്നു വിന്‍സന്റ്..
ജയന് മുമ്പ് ആക്ഷന്‍ ഹീറോ ഇമേജ് ഉണ്ടാക്കിയ നടനാണ് വിന്‍സന്റ്. എങ്കിലും പുതിയ തലമുറയ്ക്ക് വിൻസെന്റിന്റെ സ്റ്റണ്ട് സിനിമകൾ അധികം പരിചയമില്ല.. വിന്‍സന്റ് അഭിനയിച്ച പല സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളും ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്തത് കൊണ്ടോ, അന്ന് കണ്ടവര്‍ ഇപ്പോള്‍ വിസ്മരിച്ചത് കൊണ്ടോ ഒക്കെ ആകാം.. വിന്‍സന്റ് ചെയ്ത രസകരമായ ചില സൂപ്പര്‍ ആക്ഷന്‍ സീനുകള്‍ ഓർത്തെടുക്കാം..
- വിന്‍സന്റിനെ നായകനാക്കി കൂടുതല്‍ ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കിയത് ക്രോസ്സ്ബെല്‍റ്റ് മണിയാണ്. ഇരുവരും ഒന്നിച്ച ഒരു ഹിറ്റ് സിനിമയാണ്, വെട്ടൂര്‍ പുരുഷന് ടൈറ്റില്‍ റോള്‍ ചെയ്ത “കുട്ടിച്ചാത്തന്”. ഈശ്വര വിശ്വാസികളും നിരീശ്വര വാദികളും തമ്മിലുള്ള തര്‍ക്കത്തെ ആസ്പദമാക്കി ചെയ്ത ഈ കോമഡി ത്രില്ലറില്‍, എം.ജി.ആര് ചിത്രങ്ങളിലെ വില്ലന്‍ സാനിധ്യമായിരുന്ന നടരാജനും വിൻസന്റും തമ്മിലുള്ള സ്റ്റണ്ട് സീനുകൾ വളരെ ശ്രദ്ധ നേടിയിരുന്നു. വിഖ്യാതമായ ഒരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ കാണിച്ച ഒരു ഫൈറ്റ് ട്രിക്ക് ഈ സിനിമയില്‍ നടരാജന് – വിൻസന്റ് തമ്മിലുള്ള സംഘട്ടന സീനില്‍ ഉപയോഗിച്ചിട്ടുണ്ട്. തൊപ്പിയുടെ തുമ്പില്‍ മൂര്‍ച്ചയേറിയ ഇരുമ്പിന്റെ ഭാഗം വച്ച് കൊണ്ട് നടരാജന് ആളുകളെ എറിഞ്ഞു കൊല്ലുന്നത്. എന്നാല്‍ വിന്‍സന്റിന് നേരെ ആ തൊപ്പി നടരാജന് എറിയുമ്പോള്‍ അത് സമര്‍ത്ഥമായി പിടിച്ചെടുക്കുന്ന വിൻസന്റ് നടരാജന് നേരെ അത് തിരിച്ചെറിയുന്നത് ആളുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ച സീനായിരുന്നു.
-
നിരവധി ഹിറ്റ് സിനിമകള്‍ പിറന്ന ഈ കൂട്ടുക്കെട്ടിലെ അവസാന കാലത്തെ കളര്‍ സിനിമയായിരുന്ന പഞ്ചരത്നം പരാജയമായി.. ഭൂമിയുടെ അടിയിൽ ഒളിപ്പിച്ച അമൂല്യ രത്നം കണ്ടെടുക്കാൻ ശ്രമിക്കുന്ന സംഘത്തിലെ തലവൻ എം എൻ നമ്പ്യാരും കൂട്ടരും, അത് തടയാനും ആ ഖനി സർക്കാരിൽ ഏല്പിക്കാൻ നിയോഗിക്കപ്പെട്ട വിൻസന്റും തമ്മിലുള്ള ഗംഭീര സംഘട്ടനങ്ങൾ പഞ്ചരത്നത്തിന്റെ ഹൈലൈറ്റാണ്..
• വിന്സന്റ്നെ വച്ച് ക്രോസ്സ്ബെല്റ്റു മണി ചെയ്ത പെണ്‍പുലി എന്ന ചിത്രത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു. സ്ഥിരമായി വിന്സന്റ്നെ വച്ച് പടമെടുത്ത് വിജയിപ്പിച്ചിരുന്ന മണി, ഇടയ്ക്ക് ശൈലി ഒന്ന് മാറ്റി പ്രേംനസീറിനെ നായകനാക്കി എടുത്ത താമരത്തോണിയും മധുവിനെ നായകനാക്കിയ നീതിപീഠവും പരാജയപ്പെട്ടു. ആ ക്ഷീണം മണി മാറ്റിയത് വിന്‍സന്റിനെ നായകനാക്കി പെണ്‍പുലി എന്ന ചിത്രത്തിലാണ്. വീണ്ടും ആ കൂട്ടുക്കെട്ടില്‍ വന്ന ചിത്രമായിരുന്നു ബ്ലാക്ക് ബെല്‍റ്റ് .. ഷോലേ സിനിമയില്‍ നിന്നും ഒരുപാട് പ്രചോദനം കൊണ്ട് എടുത്ത ഈ സിനിമയില്‍ അംജദ് ഖാന്റെ ഗബ്ബാർ സിംഗിനെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ ബാലന് കെ നായര്‍ ആയിരുന്നു. ഗബ്ബര്‍ സിംഗ് എന്ന പേരിനു പകരമായി ഫ്രാങ്കോ.. നായകന്മാരായി വിന്‍സന്റ് – രവികുമാര്‍. ബാലന് കെ നായരുടെ, ഫ്രാങ്കോ ഗബ്ബറിനെ പോലെ പാറകെട്ടുകള്ക്കിടയിലാണ് താവളം.. ഷോലെയുടെ ക്ലൈമാക്സില്‍ ധര്‍മേന്ദ്രയുടെ വിഖ്യാതമായ “” MAIN AA RAHA HOON GABBAARRR.. “” എന്ന അലര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന പോലെ ഈ സിനിമയില്‍ വിന്‍സന്റ് ആണ് അലറുന്നത് … “” ഞാന്‍ വരുന്നെടാ… ഫ്രാങ്കോ…..” എന്നും പറഞ്ഞു കുതിരപുരത്ത് കയറി മലനിരകളില്‍ ചെന്ന് ബാലന് കെ നായരുമായി നടത്തുന്ന സംഘട്ടനം അന്നത്തെ കാലത്ത് വിൻസന്റ് ആരാധകര്‍ക്കു ആര്പ്പൂ വിളിക്കാനുള്ള വകുപ്പുകൾ പ്രദാനം ചെയ്തിരുന്നു..
- പുത്തരിയങ്കം എന്ന സിനിമയില്‍ ചാട്ടവാര്‍ ചുഴറ്റി കൊണ്ടുള്ള സംഘട്ടന രംഗങ്ങളും വിന്‍സന്റ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്…
ജയന് വില്ലനയിട്ടും വിന്‍സന്റ് നായകനായിട്ടും വന്ന പി. ചന്ദ്രകുമാര്‍ ചിത്രമായിരുന്നു മനസ്സൊരു മയില്‍.. ഒരു പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞുടനെ റിലീസായ ഈ സിനിമയുടെ, വിൻസന്റും ജയനും തമ്മിൽ സ്റ്റണ്ട് ചെയ്യുന്ന, പോസ്റ്ററിൽ കൊടുത്തിരുന്ന പരസ്യ വാചകം ഇതായിരുന്നു..
“”” ഇലക്ഷന് ഒക്കെ കഴിഞ്ഞില്ലേ.. ഇനി നമ്മള് തമ്മിലെന്തു വിരോധം!! വരൂ നമുക്കൊരുമിച്ചു വിന്‍സന്റിന്റെ മനസ്സൊരു മയില്‍ കാണാം…””””
മലയാള സിനിമയ്ക്ക് വേണ്ടി മാത്രമായി ചിട്ടപ്പെടുത്തിയ, ഒരു മുഴുനീളൻ ഹിന്ദി ഗാനം ആദ്യമായി ഉള്‍പ്പെടുത്തിയത് ഈ സിനിമയിലാണ്.. യേശുദാസ് പാടിയ “” HUM SE SUNLO EK BAAT…”” എന്ന ഗാനം പാടിയഭിനയിച്ചത് വിന്‍സന്റ് ആയിരുന്നു. ഈ ചിത്രത്തിൽ ബോംബെയിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന വിന്‍സന്റിനെ സ്വീകരിക്കാൻ ഒരുക്കുന്ന പാർട്ടിയിലാണ്, ബോംബെ ജീവിതത്തിന്റെ ഹാങ്ങോവർ വിട്ടുമാറാത്ത വിൻസന്റിന്റെ നായക കഥാപാത്രം ഈ ഹിന്ദി ഗാനം പാടുന്നത്..!
ഒരുപാട് റീമേക്ക് സിനിമകള്‍ വിജയിപ്പിച്ച ചരിത്രവും വിന്സന്റ്നുണ്ട്. അമിതാബ് ബച്ചന്റെ സൂപ്പർഹിറ്റ് സിനിമയായ ഡോണ്‍ മലയാളത്തില്‍ “പൊന്നില്‍ കുളിച്ച രാത്രി” എന്ന പേരില്‍ remake ചെയ്തപ്പോള്‍ ബച്ചന് ചെയ്ത വേഷം വിന്‍സന്റ് ആയിരുന്നു ചെയ്തത്. അതുപോലെ അമര്‍ അക്ബര്‍ ആന്റണി എന്ന മന്മോഹന് ദേശായി ചിത്രത്തില്‍ നിന്നും കുറെയൊക്കെ കടമെടുത്തു “വർക്കല” ജോഷി എന്ന യുവസംവിധായകന് തന്റെ ആദ്യ ചിത്രമായി TIGER SALIM എന്ന പേരില്‍ ഒരുക്കിയപ്പോൾ, വിനോദ് ഖന്നയുടെ പോലീസ് വേഷം വിന്‍സന്റ് ചെയ്തു. ഹിന്ദിയിലെ പോലെ വിനോദ് ഖന്ന – അമിതാബ് ബച്ചന് സംഘട്ടന രംഗം ഇതില്‍ വിന്‍സന്റ് – രവികുമാറും തമ്മിലാണ് പുനരവതരിപ്പിച്ചത്. ഹിന്ദിയില്‍ ബച്ചനെ അടിച്ചു നിലപരിശാക്കി തോളിലേറ്റി വിനോദ് ഖന്ന പോകുമ്പോള്‍ ഇന്റർവെൽ ആയതുപോലെ.. ഇതില്‍ രവികുമാറിനെ അടിച്ചു നിലംപരിശാക്കി വിന്‍സന്റ് തന്റെ തോളില്‍ ചുമന്നു കൊണ്ട് പോകുന്ന സീനിലാണ് ഇടവേള വരുന്നത്..
അതുപോലെ “കമൽഹാസൻ – ശ്രീദേവി – രജനികാന്ത്” അഭിനയിച്ച മൂണ്ട്രു മുടിച്ച് എന്ന ചിത്രം ഭാസ്കരന് മാസ്റ്റര്‍ മലയാത്തില്‍ “മറ്റൊരു സീത” എന്ന പേരില്‍ എടുത്തപ്പോള്‍ തമിഴില്‍ കമലഹാസന് ചെയ്ത വേഷം വിന്‍സന്റ്, രജനികാന്ത് ചെയ്ത വില്ലന്‍ വേഷം കമൽഹാസനും ചെയ്തു. “ചെമ്പരത്തി” ശോഭന ആയിരുന്നു ശ്രീദേവിയുടെ റോള്‍ ചെയ്തത്. തമിഴില്‍ നിന്നും മലയാളത്തിലുള്ള ഏക വ്യത്യാസം കമൽഹാസന് വിന്സന്റ്നെ കൊല്ലുന്ന രംഗം മാത്രമായിരുന്നു. തമിഴില്‍ വള്ളം മറിഞ്ഞു നായകനായ കമലഹാസനെ മുങ്ങി മരിക്കുന്നത് വില്ലനായ രജനികാന്ത് വെറുതെ നോക്കിനിന്നപ്പോൾ.. മലയാളത്തിലെ വില്ലനായ കമലഹാസന് നായകനായ വിന്‍സന്റിനെ ആളെ വിട്ടു അടിച്ചു കൊല്ലുന്നതായിട്ടാണ് ചിത്രീകരിച്ചത്. ജയൻ പ്രധാന വില്ലനായ പട്ടാളം ജാനകിയിലും വിൻസന്റായിരുന്നു നായകൻ..
പ്രേം നസീര്‍ – വിന്‍സന്റ് ജോടികള്‍ ഒരുമിച്ച കുറെ ഹിറ്റ് സിനിമകളും അക്കാലത്തുണ്ടായി. എ വിൻസന്റ് സംവിധാനം ചെയ്ത “അച്ചാണി” ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. അതുപോലെ “വരദക്ഷിണ”യിലും പ്രേം നസീറിനു തുല്യമായ വേഷം തന്നെ വിന്സന്റ്നു കൊടുക്കുന്നതിൽ നസീര്‍ സര് യാതൊരു എതിര്‍പ്പും കാണിച്ചില്ല. മറ്റൊരു അപൂര്‍വ സൗഭാഗ്യം വിന്സന്റ്നു കിട്ടിയത് തന്റെ കരിയറില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുള്ള പ്രേം നസീറിനെ തന്നെ “അഴകുള്ള സലീന” എന്ന ചിത്രത്തില്‍ പ്രതിനായകനായി കിട്ടി എന്നതാണ്. അതിനു മുമ്പ്,പ്രേം നസീർ നായകനായ ചില സിനിമകളിൽ വിൻസന്റ് പ്രധാന വില്ലനായും അഭിനയിച്ചിരുന്നു.. ഷമ്മി കപൂര്‍ – സഞ്ജീവ് കുമാര്‍ ഒരുമിച്ചു അഭിനയിച്ച SACHAAI എന്ന ചിത്രം “ഇനിയും കാണാം” എന്ന പേരില്‍ മലയാളത്തില്‍ നിര്‍മ്മിച്ചപ്പോള്‍ ഷമ്മി കപൂറിന്റെ റോളില്‍ നസീര്‍ സാറും സഞ്ജീവ് കുമാറിന്റെ റോളില്‍ വിൻസന്റ് ആയിരുന്നു. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ട നസീര്‍-വിൻസന്റ് കളര്‍പടം ആയിരുന്നു “അനുഗ്രഹം” .. നസീര്‍ ജയഭാരതി ജോടികള്‍ പോലെതന്നെ ജനപ്രിയമായിരുന്നു വിന്‍സന്റ് – ജയഭാരതി ജോഡികളും…
അന്നത്തെ പല ഹിറ്റ് ഗാനങ്ങള്‍ വിന്‍സന്റ് പാടിയഭിനയിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും.. പാട്ടുകള്‍ക്ക് ചുണ്ട് ചലിപ്പിച്ചു വിജയിപ്പിക്കുന്ന കാര്യത്തില്‍ പ്രേം നസീര്‍ കഴിഞ്ഞാല്‍ വിൻസന്റ് ആയിരുന്നു അന്ന് മികച്ചു നിന്നത്. വിന്‍സന്റ് അഭിനയിച്ചു ഗംഭീരമാക്കിയ ഏതാനും ഗാനങ്ങള്‍ കൂടി ഈയവസരത്തില്‍ പറയേണ്ടതുണ്ട്..
പാലരുവി കരയില്‍ ( പത്മവ്യൂഹം)… വാകപ്പൂ ( അനുഭവം )… കാമദേവന് എനിക്ക് തന്ന ( ഭാര്യ വിജയം ).. രാഗങ്ങള്‍ ഭാവങ്ങള്‍ ( കുട്ടിച്ചാത്തന് ) മനസ്സ് മനസ്സിന്റെ .. ( ചോറ്റാനിക്കര അമ്മ ), പുഷ്പതല്‍പ്പത്തില്‍.. (അഭിനന്ദനം), നീല ജലാശയത്തില്‍.. ( അംഗീകാരം) ശൃംഗാരഭാവങ്ങള്‍ (സൊസൈറ്റി ലേഡി), പ്രത്യുഷ പുഷ്പമേ ( സതി,) പുഷ്പഗന്ധീ.. ( അഴകുള്ള സലീന ), കടാക്ഷ മുനയാല്‍ കാമുക ഹൃദയം ( പ്രിയേ നിനക്ക് വേണ്ടി ) ചുംബനത്തില്‍ (( സംഗമം..)) തുടങ്ങി എത്രയെത്ര അനശ്വര ഗാനങ്ങള്‍… ഇവയൊന്നും കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീമതി ജയലളിതയുടെ ആത്മകഥാപരമായ സിനിമയായ ഉന്നെ സുട്ട്രും ഉലകം (1977) എന്ന തമിഴ് സിനിമയില്‍ ഒരു വേഷം ചെയ്തിട്ടുള്ള വിൻസന്റ്, അതിൽ വിധുബാലയുടെ കൂടെ ഒരു ഗാനം പാടിയഭിനയിച്ചിട്ടുണ്ട്.
പ്രേംനസീര്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ B, C കേന്ദ്രങ്ങളില്‍ വിന്‍സന്റ് ചിത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രേക്ഷകർ. 1978ല്‍ കരിമ്പുലി എന്നൊരു ആക്ഷന്‍ സിനിമയും വിന്‍സന്റ് നിര്‍മ്മിച്ചു.. “അടിയ്ക്കടി” എന്നായിരുന്നു ഈ സിനിമയുടെ ആദ്യത്തെ പേര്.. ജയശങ്കറിനെ വച്ച് ജംബു എന്ന തമിഴ് ആക്ഷന്‍ സിനിമ സംവിധാനം ചെയ്ത കര്ണ്ണന് തന്നെ ആയിരുന്നു കരിമ്പുലിയുടെ സംവിധായകനും ക്യാമറമാനും.. ചിത്രം അത്ര വിജയിച്ചില്ല. ഹരിഹരൻ സംവിധാനം ചെയ്ത സംഗമം എന്ന ചിത്രത്തിൽ, കമൽഹാസൻ അഭിനയിച്ചു പാതിയാക്കിയ വേഷം പിന്നീട് വിൻസന്റ് ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്.. സംഗമം ആരംഭിച്ച സമയത്ത്, ലക്ഷ്മിയും മോഹനും കമൽഹാസനും ആയിരുന്നു പ്രധാന താരങ്ങൾ.. പക്ഷെ പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം മുടങ്ങി.. പിന്നീടത് പുനരാരംഭിച്ചപ്പോൾ മോഹന്‍ പകരം ജോസും ലക്ഷ്മിയ്ക്ക് പകരം ചെമ്പരത്തി ശോഭയും കമൽഹാസന് പകരം വിൻസന്റും അഭിനയിച്ചു. വിൻസെന്റിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സംഗമത്തിന്, ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് പട്ടികയിൽ അവസാന റൌണ്ട് വരെ അദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു.. ക്രോസ്സ്ബെൽറ്റ് മണിയുടെ “വെളിച്ചം അകലെ” വിന്‍സന്റിലെ നടനെ ചൂഷണം ചെയ്ത മറ്റൊരു പ്രധാനപ്പെട്ട ചിത്രം ആയിരുന്നു.
കൂടുതലും ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിന്സന്റിനു, ഐ വി ശശിയുടെ ആദ്യകാല സിനിമകളിൽ പക്ഷെ മികച്ച വേഷങ്ങൾ ലഭിച്ചിരുന്നു.. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിലും തുടര്‍ന്ന് അംഗീകാരം, അഭിനന്ദനം ആലിംഗനം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ വിന്‍സന്റ് വളരെ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങി. വിന്‍സന്റ് പ്രാധാന്യം കുറഞ്ഞ എണ്‍പതുകള്‍ കാലഘട്ടത്തിലും പല ഐ വി ശശി സിനിമകളിലും അദ്ദേഹത്തിന് ശ്രദ്ധേയമായ വേഷം കൊടുക്കുവാന്‍ ശശി ശ്രമിച്ചിരുന്നു.. അതിനൊക്കെ വളരെ മുമ്പ് തന്നെ മധു സര് നിര്‍മ്മിച്ചു സംവിധാനം ചെയ്ത “സതി” എന്ന ചിത്രത്തില്‍ മധു അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ പ്രാധാന്യമുള്ള നായകതുല്യനായ സുകുമാരന്‍ നായര്‍ എന്ന കഥാപാത്രം അദ്ദേഹം വിന്സന്റിനു നല്‍കിയിരുന്നു. “പ്രത്യുഷ പുഷപ്പമേ..” എന്ന മനോഹര ഗാനവും.. അക്കാലത്തെ ചലച്ചിത്ര നിരൂപകരില്‍ പ്രധാനിയായ, നല്ലത് പറയാൻ മടിക്കുന്ന, മലയാളനാട് വാരികയിലെ മംഗലശ്ശേരി വിന്‍സന്റ് ചെയ്ത വേഷത്തേയും അതിനു അവസരം നൽകിയ മധുവിനെയും ഒരുപാട് പ്രകീര്‍ത്തിച്ചിരുന്നു.
വിന്‍സന്റിനും സ്വന്തമായി ഒരാധകവൃന്ദം എഴുപതുകളുടെ മധ്യത്തിൽ സജീവമായി ഉണ്ടായിരുന്നു.. യാതൊരു താര ജാടകളും ഇല്ലാത്ത വളരെ സാധാരണക്കാരനായ മനുഷ്യനായിരുന്നു വിന്‍സന്റ് എന്ന്, അന്നത്തെ ചില വിൻസന്റ് ആരാധകർ ഇപ്പോഴുമോർക്കുന്നു.. മറ്റു ചില താരങ്ങള്‍ ലൊക്കേഷനിൽ ആപ്പിള്‍ – ഓറഞ്ച് ജ്യൂസ് ഒക്കെ ആവശ്യപ്പെടുമ്പോള്‍ വെറും നാരങ്ങവെള്ളം മാത്രം വാങ്ങി സന്തോഷത്തോടെ കുടിക്കുന്ന വിന്‍സന്റിന്റെ മുഖം അവരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.. ജയനും പ്രേം നസീറും ഒന്നിച്ച ഇത്തിക്കര പക്കി എന്ന ചിത്രത്തിന്റെ റിലീസ് ദിവസം മാറ്റിനി ഷോയിൽ പ്രേം നസീറിനു കൈയടിക്കുകയും പിന്നെ അടുത്ത ഷോയ്ക്ക്, അതിലെ ഒരു നല്ല വേഷം ചെയ്ത വിന്‍സന്റ് സ്ക്രീനില്‍ വരുമ്പോള്‍ മാത്രം കൈയടിക്കാനായി വീണ്ടും പോയിട്ടുള്ള വിൻസന്റ് ആരാധകരുടെ പ്രവർത്തി, താരാരാധനയുടെ അന്നത്തെ കാലത്തെ ഇനന്ധികമാരും ഓർക്കാത്ത ഒരു ചരിത്രമാണ്.
പിൽക്കാലത്ത് സിനിമയില്‍ അവസരം കുറഞ്ഞ സമയത്ത് ഉണ്ടായ ഒരനുഭവം എന്റെ പ്രിയ സുഹൃത്തും അന്നത്തെ വിൻസന്റ് ഫാൻസ് അസോസിയേഷൻ പ്രധാനിയുമായ തിരുവനന്തപുരം നിവാസി രാധാകൃഷ്ണൻ ഒരിക്കല്‍ എന്നോട് സൂചിപ്പിച്ചത് കൂടി ഇവിടെ ചേർക്കാം.. പ്രേം നസീറിന്റെ മകന് ഷാനവാസിന്റെ കല്യാണ സമയത്ത് ഹാളിലെ ഒരു ഒഴിഞ്ഞ കോണില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുകയായിരുന്ന വിന്‍സന്റിനോട്, എന്താണ് മാറി ഇരിക്കുന്നതെന്ന് രാധാകൃഷ്ണന് ചേട്ടനും കൂടെയുണ്ടായിരുന്ന മറ്റു ചില വിൻസന്റ് ഫാൻസും ചോദിച്ചപ്പോൾ, സ്വതസിദ്ധമായ കോളിനോസ് പുഞ്ചിരിയിലൂടെ ഒന്നുമില്ലെന്നും പ്രേം നസീര്‍ തന്റെ അടുത്ത് നിന്നും ഇപ്പോള്‍ അങ്ങോട്ട് പോയതെ ഉള്ളെന്നും വിന്‍സന്റ് മറുപടി പറഞ്ഞു. പുതിയ സിനിമകളെ പറ്റി അവർ ചോദിച്ചപ്പോള്‍ തനിയ്ക്ക് ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറവാണെന്നും എന്നാലും ജീവിക്കാനുള്ളത് ഒരുവിധം കിട്ടുന്നുണ്ടെന്നും സത്യസന്ധമായി വിന്‍സന്റ് മറുപടി പറഞ്ഞു.
മലയാള സിനിമ ബ്ലാക്ക് & വൈറ്റിൽ നിന്നും കളറിലേക്ക് മാറിയതാണ് വിന്സന്റിനു തിരിച്ചടിയായത്. ഏകദേശം പന്ത്രണ്ടോളം വിൻസന്റ് ചിത്രങ്ങൾ റിലീസാകാതെ എന്നന്നേക്കുമായി പെട്ടിയിൽ ഒടുങ്ങി.. വിന്‍സന്റിനെ നായകനാക്കി മുട്ടത്ത് വർക്കിയുടെ ആറാം പ്രമാണം എന്ന വലിയ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. സി ഗ്രേഡ് തെലുങ്ക് സിനിമകളിലെ രംഗങ്ങൾ കൂട്ടിച്ചേർത്ത്, വിൻസന്റ് നായകനായ ചിത്രം, “കാടാറുമാസം” എന്ന അപൂർണ്ണ ചിത്രം, തിയറ്ററിൽ എത്തിയതും ആദ്യദിവസം തന്നെ മടങ്ങിയതും ആ തലമുറ ഓർക്കുന്നു… 1980കളില്‍ കൂടുതലും B ഗ്രേഡ് സിനിമകളില്‍ അപ്രധാനമായതോ അല്ലെങ്കില്‍ വെറും സാദാ വില്ലന്‍ വേഷങ്ങളിലോ ഒക്കെ മാത്രമേ നമ്മള് വിന്സന്റ്നെ കണ്ടിട്ടുള്ളു. ഒരു നിമിഷം തരു എന്ന ചിത്രമായിരുന്നു ആ സമയത്ത് വിന്‍സന്റ് അഭിനയിച്ച ശ്രദ്ധേയമായ സിനിമ.. പിന്നെ കണികാണും നേരം എന്ന സിനിമയിലെ സ്ഥിരം ശൈലിയിൽ നിന്നും മാറിയ ഒരു വില്ലന്‍ വേഷവും വിന്സന്റിന്റെതായി വന്നിരുന്നു.
രതീഷ് നായകനായ എൺപതുകളുടെ മധ്യത്തിൽ എപ്പോഴോ ഷൂട്ടിംഗ് കഴിഞ്ഞ് ഒടുവില്‍ വിന്‍സന്റിന്റെ മരണ ശേഷം, 1992ല്‍ മാത്രം റിലീസ് ചെയ്ത “എന്റെ സോണിയ” ( പന്തയക്കുതിര ) എന്ന ചിത്രമാണ് വിൻസന്റ് അഭിനയിച്ചു പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മരിക്കുമ്പോള്‍ അദ്ദേഹത്തിന് 51 വയസ്സായിരുന്നു. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പത്ത് കൊല്ലം കൂടി മലയാള സിനിമയില്‍ സ്വഭാവ നടനായി നില്‍ക്കാനുള്ള ആരോഗ്യം അപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതോ ഒരു കല്യാണത്തിന് വീട്ടില്‍ നിന്നും പോകാനൊരുങ്ങുന്ന സമയത്ത് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടനെ മരണപ്പെടുകയായിരുന്നു.
ഇന്നത്തെ തലമുറയിലെ സിനിമാപ്രേമികളിൽ വിന്‍സന്റിനെ കൃത്യമായി മനസ്സിലാക്കിയത് എത്രപേര്‍ ഉണ്ടെന്നു പറയാനാകില്ല.. മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ നമ്മുടെ ഈ ജെയിംസ് ബോണ്ടിനെ മറക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു കാലം ഉത്തരം പറയണം..അതുകൊണ്ട് തന്നെയാണ് ഞാന്‍ ഈ വിന്‍സന്റ് പുരാണം കുറച്ച് വിശാലമായി തന്നെ എഴുതാമെന്ന് കരുതിയത്.. ഇനിയുമേറെ കൗതുകങ്ങൾ വിൻസന്റിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചും പറയാനുണ്ട്.. മറ്റൊരിക്കൽ എഴുതാം. ഈ ലേഖനത്തെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.. വിൻസന്റിന് ഓർമ്മപ്പൂക്കൾ..
232 total views, 2 views today
