Gopalakrishnan
അനശ്വരനായ നടൻ ശ്രീ ബാലൻ കെ നായരുടെ ഓർമ്മകൾക്ക് ഇന്നലെ 22 വർഷങ്ങൾ..! ബാലൻ കെ നായർ മൂന്നു സിനിമകളിൽ ഇരട്ട കഥാപാത്രങ്ങളെ (ഡബിൾ റോൾ) അവതരിപ്പിച്ചിട്ടുണ്ട്.. ആദ്യത്തേത് 1983 ജനുവരിയിൽ റിലീസായ, പ്രേം നസീർ – കെ ബാലാജി ചിത്രമായ, “ജസ്റ്റിസ് രാജ”യിലെ നരേന്ദ്രൻ – നാഗേന്ദ്രൻ എന്ന സഹോദര കഥാപാത്രങ്ങൾ.. ആ വർഷം തന്നെ തമ്പി കണ്ണംതാനം സംവിധാനം ചെയ്‌ത പാസ്സ്‌പോർട്ട് എന്ന ചിത്രത്തിലും ചന്ദ്രസേനൻ – വിജയസേനൻ എന്നീ സഹോദര വേഷങ്ങളിൽ ബാലൻ കെ നായർ അഭിനയിച്ചിരുന്നു.. പക്ഷെ 1984ൽ എ. വിൻസന്റ് സംവിധാനം ചെയ്‌ത “ശ്രീകൃഷ്ണപ്പരുന്ത്” എന്ന ചിത്രത്തിൽ ബാലൻ കെ നായർക്ക് ഇരട്ട വേഷങ്ങൾ ഉണ്ടായിരുന്ന കാര്യം ഒരുപക്ഷെ ഇന്ന് പലരും ഓർക്കുന്നുണ്ടാവില്ല.. അതേക്കുറിച്ച് ചിലത് പറയാം.
പുത്തൂർ തറവാട്ടിലെ മാന്ത്രികന്മാരെ പറ്റിയായിരുന്നല്ലോ ശ്രീകൃഷ്ണപ്പരുന്തിന്റെ പ്രമേയം. പുത്തൂർ തറവാടിന്റെ ഉത്ഭവം ചിറയ്ക്കൽ കോവിലിലെ മങ്കുവിൽ നിന്നായിരുന്നു.. എന്നാൽ മങ്കുവിന്റെ മക്കൾക്ക് മാന്ത്രിക ശക്തി കിട്ടുന്നത് ചിറയ്ക്കൽ കോവിലകത്ത് നിന്നായിരുന്നില്ല.. മങ്കുവിന്റെ ഇഷ്‌ടക്കാരനായിരുന്ന കേളു നായരായിരുന്നു മങ്കുവിന് അപൂർവ മന്ത്രസിദ്ധിയുള്ള താളിയോലകൾ നൽകിയത്. ചിറയ്ക്കൽ കോവിലിലെ തമ്പുരാന്റെ അനന്തിരവളെ പ്രണയിച്ച കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ആളാണ് തമ്പുരാന്റെ ആശ്രിതൻ കൂടിയായിരുന്ന കേളുനായർ.. മങ്കുവാകട്ടെ കേളുനായരിൽ നിന്നും ഗർഭം ധരിച്ചതിനാൽ തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ടു.
എന്നാൽ തടവറ ഭേദിച്ച് പുറത്തെത്തുന്ന കേളുനായർക്ക് മങ്കുവിന്റെ കൂടെ പോകാനാവുന്നില്ലെങ്കിലും, തനിയ്ക്ക് പിറക്കാൻ പോകുന്ന മക്കൾക്ക് വേണ്ടി അയാൾ ആ താളിയോല ഗ്രന്ഥങ്ങൾ മങ്കുവിനെ ഏൽപ്പിക്കുന്നു. അതിനോടകം തമ്പുരാന്റെ ആളുകൾ കേളുനായരുടെ പിറകെ എത്തിയിരുന്നു. മങ്കുവിനെ സുരക്ഷിതയായി നദി കടത്തിയ ശേഷം, കേളുനായർ തമ്പുരാന്റെ ആളുകളോട് പടപൊരുതി വീരമൃത്യു വരിയ്ക്കുന്നു.. പുഴകടന്ന് അനന്തപുരം കൊട്ടാരത്തിലെത്തിയ മങ്കുവിന് അവിടെ അഭയം ലഭിച്ചു. അങ്ങനെ പുത്തൂർ തറവാട് പിറവിയെടുത്തു. അവിടെ വച്ച് മങ്കു ഇരട്ടപ്രസവിച്ചു. അവരിൽ മൂത്തയാളായിരുന്ന രവിവർമ്മൻ തമ്പി പുത്തൂർ തറവാട്ടിലെ ആദ്യത്തെ മഹാമന്ത്രികനായി. അയാൾ ബ്രഹ്മചാരിയും ഗരുഡ ഉപാസകനുമായി.. അയാളുടെ കാലശേഷം മരുമക്കത്തായത്തിലൂടെ ഈ മാന്ത്രിക പദവി തലമുറകൾ കൈമാറി പോരുകയായിരുന്നു.
ഇത്രയും ഭാഗങ്ങൾ വിവരിച്ച് കാണിച്ച ശേഷമാണ് “ശ്രീകൃഷ്ണപ്പരുന്ത്” ടൈറ്റിൽ സ്‌ക്രീനിൽ തെളിയുന്നത്. എന്നാൽ ഇപ്പോൾ ലഭ്യമായ ഡിജിറ്റൽ – ഓൺലൈൻ പ്രിന്റിൽ നിന്ന് പത്ത് മിനിറ്റോളം വരുന്ന ഈ തുടക്ക ഭാഗങ്ങൾ മുഴുവനായി ഒഴിവാക്കപ്പെട്ടു. (തിയറ്ററിലും പിന്നീട് വീഡിയോ കാസറ്റിൽ മാത്രമേ ഈ രംഗങ്ങൾ ലഭ്യമായിട്ടുള്ളൂ..) കേളുനായരുടെ പരമ്പരയിലെ കണ്ണികളിൽ ഒരാളായ “കുഞ്ഞമ്പു” എന്ന വൃദ്ധ മാന്ത്രികൻ കഥാപാത്രമായി ബാലൻ കെ നായർ വേഷമിട്ട രംഗങ്ങൾ മാത്രമേ നിലവിലെ പ്രിന്റുകളിൽ ലഭ്യമായിട്ടുള്ളൂ. വിവിധ ഡാറ്റാബേസുകളിലും കുഞ്ഞമ്പുവിനെ കുറിച്ച് മാത്രമേ പരാമർശവുമുള്ളൂ.. എന്നാൽ കേളു നായർ എന്ന കഥാപാത്രമായും ഈ ചിത്രത്തിൽ ബാലൻ കെ നായർ അഭിനയിച്ചിട്ടുള്ള കാര്യം ഈ ചിത്രം തിയറ്ററിൽ കണ്ടിട്ടുള്ളവർക്ക് ഓർമ്മയുണ്ടാകും..! ബാലൻ കെ നായർക്ക് ഓർമ്മപ്പൂക്കൾ..!