32 പിന്നിട്ട മൗനദാഹം
Gopalakrishnan
എഴുപതുകളുടെ അവസാനം മുതൽ ഏകദേശം തൊണ്ണൂറുകളുടെ ആരംഭകാല വരെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, “പ്രായപൂർത്തിയായവർക്കു മാത്രം കാണാൻ” വേണ്ടി എടുത്ത കുറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാന റിലീസ് സെന്ററുകളെക്കാൾ ബി സി ക്ളാസ് പ്രേക്ഷകരുടെ ഇടയിൽ “കുപ്രസിദ്ധി” നേടിയ ചിത്രങ്ങളായിരുന്നു അവയിൽ കൂടുതലും. സെൻസറിങ്ങിനു കാണിക്കാത്ത പല സീനുകളും കൂട്ടിച്ചേർത്തായിരുന്നു ഇവയിൽ പലതും തിയറ്ററുകളിൽ ആളെ നിറച്ചിരുന്നത്. പുതുമുഖങ്ങൾ മുതൽ അന്നത്തെ വളരെ സീനിയർ ആയ അഭിനേതാക്കൾ വരെ ഇത്തരം സിനിമകളുടെ ഭാഗമായിരുന്നു. ഈ വകുപ്പിൽ ഉൾപ്പെട്ട സിനിമകളെ കുറിച്ചുള്ള “സുവർണ്ണ സ്മരണകൾ” കുറേപേരുടെ മനസ്സിലെങ്കിലും ഇന്നും ഉണ്ടാകുമെന്നറിയാം. അത്തരം ക്ലാസിക്കുകൾ അന്ന് തിയറ്ററിൽ കാണാനുള്ള പ്രായം ഇല്ലാതിരുന്ന എന്നെ പോലെയുള്ളവർക്കു രണ്ടായിരാമാണ്ടിൽ സംപ്രേഷണം തുടങ്ങിയ, സൂര്യ ടിവിയുടെ “പാതിരപ്പടങ്ങൾ” മാത്രമായിരുന്നു ആശ്രയം. ആ പാതിരാകാലത്ത് കണ്ടിട്ടുള്ള അനേകം ക്ളാസിക്കുകളിൽ എനിയ്ക്കേറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു
ചന്ദ്രതാരാ സിനി ആർട്സിന്റെ ബാനറിൽ കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത “മൗനദാഹം”, അന്നത്തെ ഒരു ടിപ്പിക്കൽ “ഇക്കിളി” സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ച സിനിമയായിരുന്നു. “കൗമാരക്കാരനായ നായകന്, മധ്യവയസ്സോടു അടുക്കുന്ന ഒരു സ്ത്രീയോട് തോന്നുന്ന വികാര വിചാരങ്ങൾ..” മൗനദാഹത്തിന്റെ കഥ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. ഈ ശ്രേണിയിലെ ഏറ്റവും മഹനീയ ചിത്രം, രതിനിർവേദം, വിജയിപ്പിച്ച പ്രേക്ഷകരുടെ തൊട്ടടുത്ത ജനറേഷന് മുന്നിലേക്കായിരുന്നു മൗനദാഹവുമായി സംവിധായകൻ എത്തിയത്. ഈ ചിത്രം അന്ന് തിയറ്ററിൽ ആളുകളെ ആകർഷിച്ചതിനു പിന്നിലെ “വാസ്തവം” എന്തായിരുന്നാലും, എന്നെ സംബന്ധിച്ച് ഈ ചിത്രം പ്രിയപ്പെട്ടതായതിന് പ്രധാന കാരണം കഥാനായികയായ സുമിത്രയെ അവതരിപ്പിച്ച പ്രിയങ്ക എന്ന നടിയായിരുന്നു.
ഈ വിഭാഗത്തിൽപ്പെട്ട സിനിമകളിൽ അന്ന് തിളങ്ങി നിന്നിരുന്ന മറ്റു ചില സ്ഥിരം നായികമാരെക്കാൾ എന്തുകൊണ്ടോ പ്രിയങ്ക ഒരു വേറിട്ട മുഖമായി എനിക്ക് തോന്നി. ഒരുപക്ഷെ കൂടുതൽ നല്ല സിനിമകളിൽ വേഷം കിട്ടിയിരുന്നെങ്കിൽ നല്ലൊരു അഭിനേത്രിയായി മാറാൻ പ്രിയങ്കയ്ക്ക് കഴിയുമായിരുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. വളരെ നിഷ്കളങ്കവും, ആകർഷണം തോന്നുന്നതുമായ മുഖഭാവവും ശരീരഭാഷയും, (ശബ്ദം നൽകിയ സ്ത്രീയുടെ മിടുക്കും) പ്രിയങ്ക ചേച്ചി എന്റെ മനസ്സിൽ ആദ്യ കാഴ്ചയിലെ കുടിയേറി എന്നതാണ് സത്യം! അവരുടെ കണ്ണുകൾക്ക് വല്ലാത്ത ആകർഷണം ആയിരുന്നു..
മൗനദാഹത്തിന്റെ കഥാസാരം..
****************************
പ്രതാപചന്ദ്രൻ അവതരിപ്പിച്ച മാധവൻ മാഷുടെ കൗമാരക്കാരനായ മകൻ സുരേഷ് കുമാറിനെ (ഹരീഷ്) നഗരത്തിലെ കോളേജിൽ ചേരാനായി എത്തുന്നതാണ് കഥയുടെ തുടക്കം. മാധവൻ മാഷുടെ അതേ നാട്ടുകാരിയാണ് സുമിത്ര (പ്രിയങ്ക) . മാത്രമല്ല, വിവാഹം കഴിഞ്ഞ് ആ നാട് വിടുന്ന വരെ, സുമിത്രയുടെ സാരിത്തുമ്പിൽ തൂങ്ങി നടന്നിരുന്ന പയ്യനായിരുന്നു സുരേഷ്. പരിചയമില്ലാത്ത നാട്ടിൽ തന്റെ മകനെ ഹോസ്റ്റലിൽ നിർത്താൻ മാധവൻ മാഷിന് ധൈര്യം പോരായിരുന്നു. എന്നാൽ സുരേഷിന്റെ കാര്യം താൻ ഏറ്റു എന്ന് പറഞ്ഞു, അവനു സ്വന്തം ബംഗ്ലാവിൽ വിശാലമായ ഒരു മുറി തന്നെ സുമിത്ര നൽകുന്നു.
സുമിത്രയുടെ ഭർത്താവ് ജയപാലൻ (കക്ക രവി) എന്തൊക്കെയോ കാരണങ്ങളാൽ സുമിത്രയിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. അയാൾ വീട്ടിൽ വരുന്നത് തന്നെ അപൂർവം. സുമിത്രയല്ലാതെ ആ വീട്ടിൽ അവരുടെ ഡ്രൈവറും (മാള അരവിന്ദൻ) വേലക്കാരിയും (ശ്യാമള) മാത്രമേയുള്ളു. സുമിത്ര ചേച്ചിയുടെ അനുസരണയുള്ള “അനുജ”നായി സുരേഷ് അവിടെ സസുഖം ജീവിച്ചുപോരുന്ന സമയത്താണ് കോളേജിലെ തല്ലിപ്പൊളി പയ്യൻ വില്ലി എന്ന വിൽഫ്രഡ് (മെർവിൻ) സുരേഷുമായി ചങ്ങാത്തം കൂടുന്നത്. സുരേഷ് അന്നോളം അറിയാത്ത സിഗരറ്റിന്റെ പുകയും മദ്യത്തിന്റെ ലഹരിയും വില്ലി അവനു പകർന്നു നൽകി. മാത്രമല്ല, സുമിത്രയെ പോലൊരു സുന്ദരിയായ സ്ത്രീയുടെ കൂടെ കഴിയുന്നതിന്റെ ആനുകൂല്യം മുതലാക്കാൻ ശ്രമിക്കാത്ത സുരേഷിനെ വിൽഫ്രഡ് പരിഹസിച്ചു. അതോടെ സുരേഷിന്റെ കണ്ണുകളിലും മനസിലും സുമിത്രയുടെ രൂപവും അവളോടുള്ള മനോഭാവവും മെല്ലെ മാറാൻ തുടങ്ങി..
കോളേജിൽ തന്നെ ഇഷ്ടപ്പെട്ടിരുന്ന നിഷയുടെ (രജിത) പ്രണയം തിരസ്കരിച്ച് സുരേഷ്, സുമിത്രയ്ക്കു വേണ്ടി ദാഹിച്ചു. സുരേഷിന്റെ മനസ്സ് മാറിയതറിയാതെ നാട്ടിൻപുറത്തെ പഴയ നിഷ്കളങ്ക ബാലനോടുള്ള അതേ സ്നേഹവും വിശ്വാസവും നിലനിർത്തി സുമിത്ര അവനെ സ്നേഹിച്ചു. സുമിത്രയുടെ ദാമ്പത്യത്തിലെ പൊരുത്തക്കേട് മുതലെടുക്കാൻ സുരേഷിനോട് വില്ലി ആവശ്യപ്പെട്ടു. സുമിത്രയ്ക്കു വിവാഹത്തിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്ന കാര്യം സുരേഷിനും അറിയാം. സ്റ്റീഫൻ (ജോസ്) എന്ന ആ പഴയ കാമുകനുമായുള്ള ബന്ധം തകർത്തതും ഇഷ്ടമില്ലാത്ത വിവാഹത്തിന് സുമിത്രയെ ഒരുക്കിയതും അവളുടെ അച്ഛനായിരുന്നു. സ്റ്റീഫൻ ഇപ്പോഴും തന്നെ ഓർത്ത് ജീവിയ്ക്കുന്നുണ്ടെന്ന സത്യം സുമിത്രയ്ക്ക് അറിയാം.. ഈ ബന്ധത്തെ കുറിച്ച് എങ്ങനെയോ വിവരം കിട്ടിയതോടെയാണ് സുമിത്രയുടെ ഭർത്താവ് ജയപാലൻ അവളിൽ നിന്നും അകന്നത്.
ഇടയ്ക്കെപ്പോഴോ മദ്യലഹരിയിൽ വീട്ടിൽ കയറി വന്ന ജയപാലൻ തന്റെ ഭാര്യയെ ഒരു പയ്യനോടൊപ്പം കണ്ടത് ഒട്ടും താല്പര്യമായില്ല. അവനോടു വീടുവിട്ടു ഹോസ്റ്റലിൽ പോകാൻ അയാൾ ആവശ്യപ്പെട്ടു. പക്ഷെ സുമിത്രയുടെ നിർബന്ധം കാരണം സുരേഷ് ആ വീട്ടിൽ തന്നെ തുടർന്നു. അനുകൂല സാഹചര്യങ്ങൾ സുരേഷിനു സുമിത്രയോടുള്ള ആസക്തി കൂട്ടി. ഇതിനിടയിൽ പെൺവിഷയത്തിൽ ഒരു വില്ലനായ വില്ലിയും സുമിത്രയുടെ അടുപ്പം ഉണ്ടാക്കാൻ ശ്രമിച്ചത് സുരേഷിനെ സംശയാലുവാക്കി. സുരേഷ് ഇല്ലാത്ത സമയത്ത് ഒരിക്കൽ വില്ലി ആ വീട്ടിൽ വന്നതും അവൻ സുമിത്രയുടെ അടുത്തിരുന്നു സംസാരിച്ചതും സുരേഷിനെ കോപാകുലനാക്കി. അവൻ വില്ലിയുമായി വഴക്കുണ്ടാക്കി. അവിടെനിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോയ വില്ലി ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് സുരേഷിനെ വിഷമിപ്പിച്ചു. കൂട്ടുകാരൻ്റെ മരണത്തിനു താനാണ് ഉത്തരവാദി എന്ന ചിന്ത സുരേഷിനെ മാനസികമായി തളർത്തി.
ജയപാലൻ, തന്റെ സുഹൃത്തിന്റെ (വി പി രാമചന്ദ്രൻ) ഉപദേശങ്ങളുടെ ഫലമായി, ഭാര്യയോട് മനസ്സിൽ തോന്നിയിരുന്ന അനിഷ്ടവും എല്ലാം മറന്നു, വീണ്ടും അവളോടൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നു. ജയപാലൻ വീണ്ടും സുമിത്രയുമായി അടുക്കുന്നത് സുരേഷിന് ഇഷ്ടമായില്ല. സുരേഷ് ആ വീട്ടിൽ വീണ്ടും തുടരുന്നത് ജയപാലനും താൽപര്യമില്ല. അവന് കോളേജ് ഹോസ്റ്റലിൽ സൗകര്യം ഒരുക്കികൊടുക്കാൻ ജയപാലന് സാധിച്ചു. സുമിത്രയെ വിട്ടു പോകേണ്ടിവരുന്നതിന്റെ വിഷമം സുരേഷിനെ തളർത്തി. വില്ലിയുടെ മരണത്തെ കുറിച്ചുള്ള കുറ്റബോധവും അവന്റെ ഉള്ളിൽ വളർന്നിരുന്നു. കോളേജിൽ തന്നെ ഇഷ്ടപ്പെട്ടിരുന്ന നിഷയുടെ അടുത്തേക്ക് പോകാമെന്നു കരുതിയപ്പോൾ അവൾ മറ്റൊരാളുമായി ഇഷ്ടത്തിലായി കഴിഞ്ഞിരുന്നു.. എല്ലാംകൊണ്ടും സമനില തെറ്റിയ സുരേഷ്, മുമ്പ് വിൽഫ്രഡ് തനിക്കു നൽകിയ ലഹരി ഗുളിക വീണ്ടും കഴിക്കുന്നു. ജയപാലൻ വീട്ടിലില്ലാതിരുന്ന ആ രാത്രിയിൽ, സുരേഷ് സുമിത്രയുടെ മുറിയിൽ കയറി അവളെ കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യുന്നു.
ലഹരിയുടെ കെട്ടടങ്ങിയപ്പോൾ താൻ ചെയ്ത തെറ്റ് മനസ്സിലാക്കിയ സുരേഷ് കുറ്റബോധത്തോടെ മുറിയിൽ കയറി വാതിലടക്കുന്നു. സുരേഷിനെ കൊല്ലാൻ കത്തിയുമായി മുറിയിലേക്ക് വന്ന സുമിത്ര കാണുന്നത് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന സുരേഷിനെയാണ് കാണുന്നത്. മൗനദാഹം എന്ന “ദുരന്ത പ്രണയകഥ” ഇവിടെ അവസാനിക്കുന്നു..
സെക്സിന്റെ അതിപ്രസരമൊന്നും സൂര്യ ടിവിയിൽ ഈ ചിത്രം സംപ്രേഷണം ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. മാള അരവിന്ദനും വീട്ടിലെ വേലക്കാരിയും തമ്മിലുള്ള അവിഹിതബന്ധം, തിയറ്ററിലും പിന്നീട് വീഡിയോ കാസറ്റിലും “വിസ്തരിച്ച് തന്നെ” കാണിച്ചിരുന്നതായി പഴയ പ്രേക്ഷകർ ഓർക്കുന്നുണ്ട്. എന്നാൽ സൂര്യ ടിവിയാകട്ടെ, “ഈ ബന്ധം” വളരും മുമ്പേ മുമ്പ് കത്രികവച്ചു. മൗനദാഹത്തിന് മുമ്പോ ശേഷമോ പ്രിയങ്ക വേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടോ എന്നറിയില്ല.. മൗനദാഹം വിജയമായിട്ടും വേറെ സിനിമകളിൽ ഇവരെ അധികം കണ്ടതായി ഞാൻ ഓർക്കുന്നില്ല.. ഈ ചിത്രത്തിന്റെ അന്യഭാഷാ ഡബ്ബിങ് പ്രിന്റുകൾ ഇപ്പോൾ ഓൺലൈനിൽ കാണാമെങ്കിലും, സൂര്യ ടിവിയിൽ കാണിച്ചിരുന്ന picture clarity തീരെയില്ല. പൂവച്ചൽ ഖാദർ എഴുതി എസ് പി വെങ്കടേഷ് ഈണം നൽകി ഉണ്ണി മേനോൻ ആലപിച്ച രണ്ടു പാട്ടുകൾ മൗനദാഹത്തിൽ ഉണ്ട്. മയക്കുമരുന്നിന്റെ ലഹരിയിൽ വില്ലിയും സുരേഷും ഒരു സംഘം തരുണീമണികളും കാണുന്ന സ്വപ്നലോകമാണ്, “ഈ രാവിൽ.. ഈ ദ്വീപിൽ..” എന്ന ഗാനം. സുരേഷും കോളേജ് കാമുകി നിഷയും സംഘവും ചേർന്നുള്ള ഒരു അടിപൊളി ഗാനരംഗമായിരുന്നു, “നില്ല് നില്ല് പെണ്ണെ..”
മദ്രാസ് ആയിരുന്നു മൗനദാഹത്തിന്റെ പ്രധാന ലൊക്കേഷൻ. ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാർ സ്ഥാപിച്ച സൈദാപ്പേട്ടയിലെ YMCA College of Physical Educationൽ ആയിരുന്നു സുരേഷിന്റെയും വില്ലിയുടെയും മറ്റും കോളേജ് രംഗങ്ങൾ ചിത്രീകരിച്ചത്. അവിടെനിന്നും നാലഞ്ച് കിലോമീറ്റർ മാറി, അന്ന് സിനിമാക്കാരുടെ സ്ഥിരം ഷൂട്ടിങ് ലൊക്കേഷനായിരുന്ന ഒരു ഹൗസിങ് കോളനിയിലായിരുന്നു കഥാനായിക സുമിത്രയുടെ വീടായി ചിത്രീകരിച്ചത്. ഇവ രണ്ടും ഇന്നും നിലനിൽക്കുന്നു എന്ന സത്യം, ഒരിക്കൽ ഒരു മദ്രാസ് യാത്രയിൽ ഞാൻ കണ്ടെത്തി. ഇങ്ങനെയൊരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ തേടിപ്പോയ വേറെ സിനിമാപ്രേമികൾ ഉണ്ടോ എന്നറിയില്ല..! ഈ ചിത്രത്തിന്റെ സഹസംവിധായകനെ ഈ അടുത്തകാലത്ത് പരിചയപ്പെടാൻ സാധിച്ചു.. അദ്ദേഹം വഴി സംവിധായകനെയും വിളിച്ച് സംസാരിച്ചു. പ്രിയങ്ക ഏതോ ഒരു ബിസിനസുകാരനെ വിവാഹം ചെയ്തു വിദേശത്ത് സെറ്റിലായി എന്ന് അദ്ദേഹത്തിൽ നിന്നറിഞ്ഞു.. രണ്ടോ മൂന്നോ സിനിമകളിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളൂ..
മൗനദാഹം എന്ന ചിത്രം റിലീസായിട്ടു 32 വർഷവും ഞാൻ ഈ ചിത്രം ആദ്യമായി കണ്ടിട്ട് ഏകദേശം 22 വർഷവും പൂർത്തിയായിട്ടും, ആ ജെനുസിലെ നിരവധി സിനിമകൾ പിന്നേയും കണ്ടിട്ടും, അവ മറന്നിട്ടും, “മൗനദാഹം” മാത്രം ഇന്നും മനസ്സിൽ നിലനിൽക്കുന്നു.. മൗനദാഹത്തെ കുറിച്ചുള്ള തിയറ്റർ സ്മരണകൾ ഓർമ്മയുള്ളവർ ഇവിടെ പങ്കുവെയ്ക്കുമെന്നു വിശ്വസിക്കുന്നു.