ലോകത്ത് ആദ്യമായി ഹലാൽ മാംസം വിളമ്പിയത് ഇങ്ങ് ആര്യാവർത്തത്തിലാണ്, സംഭവം നടന്നത് ബി.സിയിലാണ്

133

Gopalakrishnan Kooriparambil

ലോകത്ത് ആദ്യമായി ഹലാൽ മാംസം വിളമ്പിയത് ഇങ്ങ് ആര്യാവർത്തത്തിലാണ് ; അതായത് നമ്മുടെ ഇന്ത്യയിൽ. സംഭവം നടന്നത് ബി.സിയിലാണ്. ഇസ്രായേലികൾക്കും അറബികൾക്കും വെളിപാട് കിട്ടുന്നതിനും ഏറെ മുൻപ്.

പണ്ട് .. പണ്ട് .. കാമ്യ വനത്തിൽ പാണ്ഡവരും പാഞ്ചാലിയും താമസിച്ചിരുന്ന കാലം. ചൂതിൽ തോറ്റ് ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് കാട്ടിലേക്ക് യാത്രയായ പാണ്ഡവരോടൊത്ത് കുറേ ബ്രാഹ്മണരും ഉണ്ടായിരുന്നു. അവർക്ക് പാണ്ഡവർ നല്കിയ ഭക്ഷണത്തെക്കുറിച്ച് വ്യാസൻ മഹാഭാരതത്തിലെ വനപർവ്വത്തിൽ വിശദമാക്കുന്നു.”……ബ്രാഹ്മണാർത്ഥേ പരാക്രാന്താ, ശുദ്ധേ ബാണേ മഹാരഥാ……. ” ശ്ലോകം ഇങ്ങനെ പോകുന്നു.വിദ്വാൻ പ്രകാശത്തിൻ്റെ മലയാളം പരിഭാഷ ഇതാ. “മഹാരഥന്മാരായ അവർ ബ്രാഹ്മണർക്കു ഭക്ഷണം നല്കുവാൻ ബഹുവിധം മൃഗങ്ങളെ ശുദ്ധബാണങ്ങൾ കൊണ്ടു കൊന്നു കൊണ്ടുവന്ന്, നിത്യവും അവയെ ആ നരവ്യാഘ്രൻമാർ ബ്രാഹ്മണർക്കു ശുചിയോടെ കൊടുത്തു…….” തീർത്ഥയാത്രാപർവ്വം, അർജ്ജുനാനുശോചനം.

പുരാണങ്ങളിൽ ഇന്ദ്രൻ മുതൽ നിഷാദന്മാർ വരെ മാംസം കഴിച്ചിരുന്നതായി പറയുന്നുണ്ട്. അവരൊന്നും കഴിച്ചിരുന്ന മാംസമല്ല ബ്രാഹ്മണർ കഴിച്ചിരുന്നത് എന്ന മേനിപറയലാണോ എന്നറിയില്ല മഹാഭാരതത്തിൻ്റെ ഈ ഭാഗത്ത്, ബ്രാഹ്മണർ കഴിച്ചിരുന്ന മാംസം ശുദ്ധ ബാണങ്ങൾ കൊണ്ട് കൊല്ലപ്പെട്ട മൃഗങ്ങളുടേതായിരുന്നു എന്ന്‌ പറയുന്നുണ്ട്. ഇതായിരുന്നു ആര്യാവർത്തത്തിലെ ഹലാലായ മാംസാഹാരം. ലോകത്തിലെ തന്നെ ആദ്യത്തെ ഹലാൽ മാംസം.

പിൻകുറിപ്: ഹലാൽ ബ്രാൻ്റ് മതരാഷട്രീയം കടത്തലും ബ്രാഹ്മിൻസ് മാങ്ങാത്തൊലി ജാതിരാഷ്ട്രീയം കടത്തലുമല്ല എന്ന് പറയുന്നവർക്ക് നല്ല നമസ്ക്കാരമുണ്ട്. പിന്നെ, ഹലാൽ വിവാദത്തിൻ്റെ നേട്ടം സംഘപരിവാറിനു മാത്രമാണ് എന്നതിനോട് യോജിപ്പില്ല. സമൂഹത്തിൽ ഡിവിഷൻ ഉണ്ടാകുന്നത് കൊണ്ട് സുഡാപ്പി രാഷ്ട്രീയത്തിനും നേട്ടമുണ്ടാകും. നഷ്ടം മതത്തിൽ പുളയ്ക്കാത്ത മനുഷ്യർക്ക് മാത്രമാണ്.