ഇന്ദിരയെ അഭിമാനത്തോടെ ദുർഗ്ഗയെന്നു വിശേഷിപ്പിച്ച വാജ്പേയി സ്വയംതന്നെയായിരുന്നു ഉന്നതപ്പെട്ടത്

82

Gopalakrishnan Kooriparambil ന്റെ പോസ്റ്റ്

1971 ൽ ജനസംഘ് ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനുവേണ്ടി ‘ ഗണസത്യാഗ്രഹ ‘ നടത്തിയിട്ടുണ്ടോ ? ഉണ്ട്. ശ്രീ. വാജ്പേയി അതിൽ പങ്കെടുത്തിട്ടുണ്ടോ ? ഉണ്ട്. ബംഗ്ലാദേശ് അത് ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. ഈ സത്യാഗ്രഹത്തിൽ ശ്രീ. മോദി പങ്കെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ടോ ?

പബ്ലിക് ഡൊമൊയിനിൽ അതിന് തെളിവുകളൊന്നുമില്ല എന്നു കരുതുന്നു. അതിനാൽ ശ്രീ. മോദിയെ വിശ്വാസത്തിലെടുക്കുന്നവർ അദ്ദേഹത്തിൻ്റെ അവകാശവാദം വിശ്വസിക്കുകയും അല്ലാത്തവർ വിശ്വാസിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമുക്ക് മുന്നിലുള്ള വഴി.

ശ്രീ. മോദിയുടെ അവകാശവാദം, മറ്റ് അവകാശവാദങ്ങളായ Entire Political Science ലുള്ള ഡിഗ്രി, 1988ലെ ഡിജിറ്റൽ കാമറയുടെയും ഇ മെയിലിൻ്റെയും ഉപയോഗം, ചായക്കച്ചവടം, ഹിമാലയത്തിലെ പാർപ്പ്, മുതലക്കുഞ്ഞുങ്ങളുമായുള്ള കളികൾ എന്നിവ പോലെ വിവാദവും ട്രോളുകൾക്കാധാരവുമായി മാറിയിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി അപരിചിതവും അസ്വാഭാവികവും അമ്പരപ്പിക്കുന്നതുമായ അവകാശവാദങ്ങൾ നടത്തുന്നതും മറ്റുള്ളവർക്കതിനെ ട്രോളേണ്ടിവരുന്നതും നല്ല കാഴ്ചകളല്ലതന്നെ.

ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യം പക്ഷേ, ബംഗ്ലാദേശ് സ്വാതന്ത്ര്യം സുസാധ്യമാക്കിയ ഇന്ത്യൻ ഭരണാധികാരിയാരായിരുന്നു എന്നതാണ് ? ബംഗ്ലാദേശിൻ്റെ അൻപതാം ദേശീയദിന പരിപാടിയിലെ തൻ്റെ പ്രസംഗത്തിൽ ഒരിന്ത്യൻ പ്രധാനമന്ത്രിക്ക് ഉചിതമായും സൂചിപ്പിക്കാമായിരുന്നതും എന്നാലദ്ദേഹം പരാമർശിക്കാതിരുന്നതുമായ ആ ഇന്ത്യൻ ഭരണാധികാരിയുടെ പേര് ഇന്ദിരഗാന്ധി എന്നാണ്. സാമദാനങ്ങൾ വെടിഞ്ഞ് ദണ്ഡം സ്വീകരിക്കുകയും പാക്കിസ്ഥാനിൽനിന്ന് കിഴക്കൻ പാക്കിസ്ഥാൻ എന്ന പ്രദേശത്തെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമാക്കുകയും ചെയ്ത കോൺഗ്രസ്സ് പ്രധാനമന്ത്രിയും തൻ്റെ രാഷ്ട്രീയ എതിരാളിയുമായ ഇന്ദിരയെ ശ്രീ. അടൽ ബിഹാരി വാജ്പേയി അന്നു വിശേഷിപ്പിച്ചത് ദുർഗ്ഗ എന്നായിരുന്നു.

അന്ന് ഇന്ത്യയുടെ ആവേശമായി മാറിയിരുന്ന ഇന്ദിരപ്രിയദർശിനിയെ അഭിമാനത്തോടെ ദുർഗ്ഗയെന്നു വിശേഷിപ്പിച്ചതിലൂടെ ഇന്ദിരയല്ല ശ്രീ. വാജ്പേയി സ്വയംതന്നെയായിരുന്നു ഉന്നതപ്പെട്ടത്. ബി ജെ പി ക്കാരനായ വാജ്പേയിയിൽനിന്നു ബി ജെ പി ക്കാരനായ മോദിയിലേക്കുള്ള ദൂരം ഏറെയായതും സ്വയം കേന്ദ്രീകൃതമായിട്ടുള്ള മുൻ അവകാശവാദങ്ങളുടെ ബാഹുല്യവുമാണ് ബംഗ്ലാദേശിലെ ശ്രീ.മോദിയുടെ പ്രസംഗം ഒരു സ്വയം തള്ളായി തോന്നിപ്പിക്കുന്നതിൻ്റെ കാരണമെന്നു തോന്നുന്നു.