ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും മൂത്രം മാത്രം അവർക്കു മതി

ശശി കണ്ടോത്ത് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ഗോ = പാലൻ, ഒരു കർഷകന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് പ്രമേയമെങ്കിലും അതിലൂടെ പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ..അല്ലെങ്കിൽ പറഞ്ഞുപോകുന്ന കാര്യങ്ങൾ ഒരു പൗരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ്. ‘ഗോമാതാവിനെ’ സ്നേഹപൂർവ്വം പരിപാലിച്ചിട്ടും ഗതിപിടിക്കാത്ത ഈ കർഷകൻ കേരളത്തിലും ഇന്ത്യയിലും ഉള്ള കർഷകരുടെ ഒരു പ്രതിനിധി തന്നെയാണ്. കേരളീയ ഗ്രാമീണ ജീവിതത്തെ ഹൃദയം കൊണ്ട് നമുക്ക് അനുഭവിച്ചറിയാനും സാധിക്കുന്നു. ആ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ മൂവിയിൽ ഇഴുകിച്ചേർന്നിരിക്കുന്നു.

vote for gopalan

പശുക്കളെ വളർത്തി ഉപജീവനം കഴിക്കുന്ന ഗോപാലേട്ടൻ നമ്മുടെ ഭരണകൂടങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വേട്ടയാടലിന്റെ ഒരു ഇരമാത്രമാണ്. ഒരു കാർഷികരാജ്യമായ ഇന്ത്യയിൽ, ധവളവിപ്ലവം നടന്ന ഇന്ത്യയിൽ ഏതൊരു വിപ്ലവത്തെയും പോലെ അവയ്‌ക്കൊക്കെയും പിൽക്കാല അപചയം സംഭവിച്ചിരിക്കുന്നു. വീടുകളോട് ചേർന്ന് ഗോശാലകൾ പണിതു പാല് വിറ്റു ജീവിക്കാൻ ഒരു കര്ഷകന് സാധിക്കാത്ത അവസ്ഥ. കർഷകരിൽ നിന്ന് പാല് സംഭരിക്കുന്ന മിൽമപോലുള്ള സ്ഥാപനങ്ങൾ പോലും അവരെ കയ്യൊഴിയുകയാണ്. ഗ്യാസ് വിലവർധനയും ബാങ്ക് നോട്ടീസും …അങ്ങനെ കാലഘട്ടം ഒരു സാധാരണ കർഷകനോട് കാണിക്കുന്ന ക്രൂരതകൾ ഏറ്റുവാങ്ങി ജീവിക്കുന്ന ഗോപാലേട്ടൻ എങ്ങനെയാണ് ഒരു വിപ്ലവകാരി ആകാതിരിക്കുന്നത്.

പശു വാഴ തിന്നതിനു ഗോപാലേട്ടനോട് വഴക്കിടുന്ന അയൽകാരി , ഗോപാലേട്ടന്റെ വീടിന്റെ പിന്നാമ്പുറത്തു അയാളുടെ ഭാര്യയിൽ നിന്നും ഓസിനു മോര് കൈപ്പറ്റുമ്പോൾ അവിടെ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നതെന്തെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സമൂഹം കർഷകന്റെ പ്രശ്നങ്ങൾ അറിയുന്നുണ്ടോ ?

ബാങ്ക് നോട്ടീസ്‌ കണ്ട നിരാശയിലും സങ്കടത്തിലും രാത്രി വീടിനുള്ളിൽ കയറി കഥകടയ്ക്കുന്ന ഗോപാലേട്ടന് പിന്നെ സംഭവിച്ചത് എന്താണ് ?

ക്ളൈമാക്സ് ഒരു ഫാന്റസി ലെവലിൽ ആണ് പോകുന്നത് . അതിരാവിലെ വീട്ടുമുറ്റത്ത് തടിച്ചുകൂടിയവരെ കണ്ടു പാൽ മേടിക്കാൻ വന്നവരെന്നു കരുതി അദ്ദേഹം സന്തോഷിക്കുന്നു. പശുവിനെ കറക്കാൻ ചെന്നിരിക്കുമ്പോൾ, വന്നവർക്കു പാലുവേണ്ട ഗോമൂത്രം മതിയെന്ന് അറിയുമ്പോൾ , എന്തിനു മൂത്രം മാത്രമാക്കുന്നു രണ്ടു കുഴല് കൊണ്ടുവന്നാൽ ഓക്സിജൻ കൂടി കൊണ്ടുപോക്കൂടെ എന്ന് മുഖമടച്ചു അടികൊടുക്കുന്നുണ്ട് ഗോപാലേട്ടൻ . ഇഹത്തിലെ ജീവിത സമരം നിർത്തി പോകുമ്പോഴും ആ ധാർമ്മിക രോഷങ്ങൾ മുഖത്ത് ബാക്കിയാക്കുന്നുണ്ട്.

ഇതിന്റെ പശ്ചാത്തല സംഗീതം മുഴുവനും ഓടക്കുഴൽ വദനമാണ്. ഈ മൂവിയുടെ ആശയത്തിന് അത് അനുയോജ്യമാണ് എന്നതുമാത്രമല്ല, അത്രമേൽ ഹൃദ്യമാണ് അത്. ഗ്രാമീണമായ അന്തരീക്ഷത്തിൽ ആ സംഗീതം നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ആ കലാകാരന് പ്രത്യക അഭിനന്ദനങ്ങൾ

ശക്തമായ രാഷ്ട്രീയം പറയുന്ന ഈ സിനിമ അധികം ശ്രദ്ധിക്കാതെ പോയതിൽ സങ്കടമുണ്ട്. സമൃദ്ധമായി പാൽ ചുരത്തുന്ന പശുക്കളുടെ പാൽ ആർക്കും വേണ്ട.. മൂത്രം കുടിക്കാൻ നടക്കുന്ന ഒരു ജനതയിലേക്കുള്ള പരിണാമം ആണ് സമകാലിക ഇന്ത്യയിൽ സംഭവിക്കുന്നത്. ഇനി മുതൽ കർഷകർ പശുക്കളെ വളർത്തുന്നത് പാലിനുവേണ്ടി ആകില്ല, മൂത്രത്തിന് വേണ്ടി മാത്രമായിരിക്കും. അത്രമാത്രം മൂത്രദാഹികൾ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പാൽ നൽകുന്ന മൂല്യങ്ങൾ മൂത്രത്തിലും ചാണകത്തിലും പതിക്കുമ്പോൾ കർഷകർ അവിടെ അനാഥരാകുന്നു

നോക്കൂ… ഒരു ഗ്രാമീണ ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളെ സമകാലിക ഇന്ത്യൻ രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസിലായില്ലേ ? ഗോപാലേട്ടൻ ഒരു പക്ഷെ മനസുകൊണ്ട് എത്രയോ തവണ ഡൽഹിയിലേക്ക് മാർച്ച് ചെയുന്നുണ്ടാകും.

vote for gopalan

ഈ ഷോർട്ട് മൂവിയുടെ ഛായാഗ്രാഹകനും നിർമ്മാതാവുമായ വിനോദ് കുമാർ ബൂലോകം ടീവിയോട് സംസാരിക്കുന്നു. വിനോദ് കുമാർ ഒരു സർക്കാർ ജീവനക്കാരനാണ്.

‘ഗോപാലനെ’ കുറിച്ച്

ആ ആശയത്തിലേക്ക് എത്തിച്ചേരാൻ ഉണ്ടായ സാഹചര്യം , ലോക് ഡൗണിന്റെ കാലത്തു നമ്മുടെ കൃഷിഭൂമിയും കൃഷിക്കാരനും എന്തായിരുന്നു എന്നത് ചിന്തിക്കാനുള്ളൊരു സാഹചര്യമുണ്ടായി. ആ സാഹചര്യത്തിൽ ഒരു കൃഷിക്കാരൻ എങ്ങനെ ആയിരിക്കണം , അവന്റെ പ്രയാസങ്ങൾ എന്താണ് …അതൊക്കെ സമൂഹം അറിയുന്നുണ്ടോ …. അതൊക്കെ വളരെ ലഘുവായി , ലളിതമായി എടുത്തുകാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഈ കർഷകൻ  വലിയൊരു പ്രസ്ഥാനത്തിന്റെ ഉടമയോ സമ്പന്നനോ ഒന്നുമല്ല… അവളരെ ചെറിയ രീതിയിൽ കൃഷി നടത്തി ഉത്പാദിപ്പിക്കുന്നു . അത് വളരെ മൂല്യമുള്ള ഒന്നായാണ് നമ്മുടെ സമൂഹത്തിൽ എത്തുന്നത്. അതിന് കോട്ടംതട്ടാത്ത രീതിയിൽ അദ്ദേഹത്തിന് വരുന്ന പ്രയാസങ്ങൾ ലളിതമായി ഒന്ന് എടുത്തുകാണിക്കുക .അതിൽ സമകാലിക വിഷയങ്ങളും രാഷ്ട്രീയവും ചെറിയ രീതിയിൽ പറയുക എന്നതുമാത്രമാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.

ഇത്രയും പ്രസക്തമായ പ്രമേയം ലളിതമായി പറഞ്ഞിട്ടും അതിനു സ്വീകാര്യത കിട്ടാത്തത് എന്തുകൊണ്ടാകും ?

ലളിതമായി ഈ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനു സ്വീകാര്യത കിട്ടും എന്നാണ് ഞാൻ കരുതിയത്. സമൂഹത്തിൽ നല്ല സാധനങ്ങൾ നമുക്ക് വേണ്ട മോശമായ വസ്‌തുക്കൾ മതി എന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. ഗോമൂത്രം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. വളരെ ഹ്രസ്വമായ കാലമേ ആയിട്ടുള്ളൂ അവരൊക്കെ വന്നിട്ട്. യഥാർത്ഥത്തിൽ… മൂല്യമുള്ള സാധനങ്ങളായ പാലും അതുമായി ബന്ധപ്പെട്ട ഉത്പനങ്ങളും കാലങ്ങളോളം പശു കൊടുത്തുകൊണ്ടിരിക്കുന്നതിനെ , നമ്മൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതിനെ…. പെട്ടന്നവർ മറക്കുന്നു. . പെട്ടന്ന് വരുന്നതൊക്കെ പെട്ടന്നുതന്നെ പോകും. അതൊന്നുമല്ല നമ്മുടെ ശരീരത്തിനും മനസിനും ഗുണം ചെയ്യുന്നതെന്നുമാണ് ഞാനവിടെ പറയാൻ ഉദ്ദേശിച്ചത്.

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം’ എന്നതിലെ ചോര മാറ്റി മൂത്രം ആക്കണം അല്ലെ ?

തീർച്ചയായും..പഴയ കവികൾ പറഞ്ഞിട്ടുള്ളത് വളരെ സത്യമാണ് . അവർ വളരെ അഡ്വാൻസ്ഡ് ആണ്. 2031 വരെയുള്ള കാലത്തെ കുറിച്ച് പണ്ടേ എഴുതിവച്ച കവികളുണ്ട്.

അഭിമുഖത്തിന്റെ ശബ്‍ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”M VINODKUMAR” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/gopalan-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

മുൻവർക്കുകൾ ?

മൂന്നു ഷോർട്ട് ഫിലിമുകൾ ആണ് ചെയ്തിട്ടുള്ളത്. നാലാമത്തേതിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുന്നു. ഷൂട്ടിങ് നടക്കുന്നതേയുള്ളൂ. ഗോപാലൻ ചെയ്തുകഴിഞ്ഞ ഉടനെ ചെയ്ത വർക്ക് ‘ഉല’ നമ്മളിപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഒരു സർക്കാരുദ്യോഗസ്ഥനായ വിനോദ് ഛായാഗ്രഹണത്തിൽ എത്തിയത് ?

ഛായാഗ്രഹണത്തിൽ പെട്ടന്ന് വന്നതല്ല.. എനിക്ക് മുന്പരിചയങ്ങൾ ഒന്നും ഇല്ല. 1987 കാലത്താണ് ഒരു സിനിമയുടെ ചിത്രീകരണം ആദ്യമായി കാണുന്നത്. മീനമാസത്തിലെ സൂര്യൻ എന്ന ലെനിൻ രാജേന്ദ്രൻ സിനിമ എന്റെ വീടിന്റെ മുന്നിൽ വച്ചാണ് ഷൂട്ട് ചെയ്തത്. അപ്പോൾ ലൈറ്റ് ഓൺ ലൈറ്റ് ഡൌൺ എന്നൊക്കെ പറഞ്ഞത് എന്താണെന്ന് തിരിച്ചറിയുന്നത് ഏകദേശം 1990 കാലത്തിൽ ആയിരുന്നു. ക്യാമറയിലൂടെ ഒരാളെ നോക്കുമ്പോൾ അയാളുടെ കണ്ണിലൂടെ..അല്ലെങ്കിൽ മുഖത്തിലൂടെ ഉള്ള രോഷപ്രകടനങ്ങൾ പകർത്തി മറ്റൊരാളെ കാണിക്കുമ്പോൾ ഏതെല്ലാം രീതിയിലൊക്കെ അങ്ങനെ കാണിക്കാൻ പറ്റുമെന്നൊക്കെയുള്ള രീതിയിലേക്ക് ഞാൻ വന്നതിനു ശേഷമാണ് ക്യാമറയിലേക്ക് വന്നത്. ശരിക്കും ഞാനതിന്റെ ശിശു മാത്രമാണ്.   ജോലി സമയങ്ങൾ കഴിഞ്ഞുള്ള ഫ്രീ സമയങ്ങളിൽ ആണ് ഞാൻ ഇതൊക്കെ ചെയുന്നത്. മാമ്പഴം എന്ന വൈലോപ്പിള്ളി കവിതയുടെ ദൃശ്യാവിഷ്‌കാരം ഞാൻ നടത്തിയിട്ടുണ്ട്. അതിന്റെ ക്യാമറ മൊത്തം ചെയ്തത് ഞാനാണ്. അതിനു നല്ലൊരു സ്വീകാര്യത കിട്ടിയിട്ടുണ്ട്.

vote for gopalan

ഗോപാലന്റെ ലൊക്കേഷൻ എവിടെയായിരുന്നു , നല്ല സ്ഥലം…

ലൊക്കേഷന് വേണ്ടി തിരഞ്ഞുനടക്കേണ്ട ആവശ്യമൊന്നും വന്നില്ല. എന്റെ വീട്ടുമുറ്റത്തെ വയലുകൾ തന്നെയാണ് നമ്മുടെ ലൊക്കേഷൻ. നെല്പാടങ്ങളിൽ മഞ്ഞുവീഴുന്നത് കണ്ടുകൊണ്ടാണ് ഞാൻ എന്നും എഴുന്നേൽക്കുന്നത്. ഒരു വയലിന്റെ കരയിലാണ് എന്റെ വീട്. എന്റെ അയൽവാസിയായ ശ്രീധരേട്ടന്റെ വീടാണ് മൂവിയിലെ ആ വീട്. അതിലെ ആക്ടേഴ്സും പരിചയമുള്ളവർ തന്നെയാണ്.

ക്ളൈമാക്സിലെ ആ ഫാന്റസി ?

നമ്മൾ ക്ളൈമാക്സില് ഒരു പഞ്ചിനു വേണ്ടി.. സസ്പെന്സിനു വേണ്ടി എന്താണ് കൊടുക്കുക എന്ന് ഞാൻ അണിയറപ്രവർത്തകരോട് ചോദിച്ചു. അയാൾ വീട്ടിൽ കയറി വാതിലടക്കുമ്പോൾ ഒരു സസ്പെൻസ് കൂടി അവിടെ കൊടുക്കണം എന്നുതോന്നി. അങ്ങനെയാണ് അയാൾ പുനർജനിച്ചു പാൽ കറക്കാൻ വാതിൽ തുറന്നു വരുന്ന സീനൊക്കെ ഉൾപ്പെടുത്തിയത്.

ഓടക്കുഴൽ സംഗീതം മനോഹരമായി.. അതാണ് ആ കലാകാരൻ ?

ഇത് ഷൂട്ട് ചെയ്തു എഡിറ്റ് ചെയുമ്പോൾ ഞാൻ പറഞ്ഞു, ഒരു കാരണവശാലും ഇതിൽ മോഡേൺ സംഗീതം ഒന്നും കൊടുക്കരുത് എന്ന്. നമ്മൾ ഉദ്ദേശിച്ച പേരിന് ഫ്ലൂട്ട് തന്നെയാണ് ചേരുന്നത്. അതിന്റെ കൂടെ നമ്മുടെ ഗ്രാമീണ ഭംഗി കൂടി ആകുമ്പോൾ അതിനെ ഒരു ഊർജ്ജസ്വലതയോടെ കാണും.ജോൺസൺ  സാർ (ജോൺസൺ മാസ്റ്റർ പുഞ്ചക്കാട്  ) വളരെ മനോഹരമായി ഫ്ലൂട്ട് വായിക്കുന്ന ആളാണ്. അദ്ദേഹത്തോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മനോഹരമായി ചെയ്തു തരികയായിരുന്നു. ഞാൻ ഇതിന്റെ സിറ്റുവേഷൻ ഒക്കെ പറഞ്ഞു കൊടുത്തിരുന്നു . അങ്ങനെ അദ്ദേഹം ആ സംഗീതം അയച്ചു തരികയാണുണ്ടായത്.

ക്യാമറയും പിന്നെ സ്റ്റോറിയും ഒക്കെയാണ് എനിക്ക് താത്പര്യം, സംവിധാനത്തിലേക്കൊന്നും പോകുന്നില്ല. കൃത്യമായൊരു ഒരു സ്റ്റോറി എപ്പോഴും ഉണ്ടായിരിക്കണം എന്നൊരു നിർബന്ധമുണ്ട്.

***

Leave a Reply
You May Also Like

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

സിനിമാപരിചയം Malice (1993)???????? Unni Krishnan TR പ്രേക്ഷകനെ ഞെട്ടിക്കുന്ന കിടിലൻ ടിസ്റ്റുകളും സസ്പെൻസുകളും ഉള്ള…

ഒരു വിജയ് ബിരിയാണിക്ക് വേണ്ട ചേരുവകൾ, സോഷ്യൽ മീഡിയ കുറിപ്പ്

വിജയ് പടങ്ങൾക്ക് സ്ഥിരമായൊരു ഫോർമുലയാണ് ഉള്ളത്. എല്ലാത്തിലും ഒരു രക്ഷകൻ റോൾ ആണ് വിജയ്ക്കുള്ളതെന്നു വിമർശനങ്ങൾ…

കോടികളുടെ ആസ്തിയും വീടും എല്ലാം ഉണ്ടായിട്ടെന്താ, നന്ദിനിയുടെ ജീവിതം നീണ്ടകഥയാണ്

ഒരുകാലത്തു മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നടി നന്ദിനി. മലയാളം, തമിഴ് ചലച്ചിത്രമേഖലയിലാണ് താരം കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്.…

ദൃശ്യം 2 മോഹൻലാൽ റിവ്യൂ അല്ലെ വായിച്ചിട്ടുള്ളൂ, അജയ് ദേവ്ഗൺ റിവ്യൂ കൂടി വായിക്കൂ

അജയ് ദേവ്ഗണിന്റെ ഇതുവരെയുള്ള ഏറ്റവും ജനപ്രിയവും ചർച്ച ചെയ്യപ്പെടുന്നതുമായ സിനിമകളിലൊന്നായ ‘ദൃശ്യം 1 ‘ അതിന്റെ…