Gopalkrishna Pillai
സിനിമാപരിചയം
‘കറുപ്പ് ചട്ടൈക്കാരൻ ‘
(കറുത്ത കുപ്പായക്കാരൻ)
അഴിമതിയിലൂടെയും അരാജകത്വത്തിലൂടെയും സമൂഹത്തെ ചൂഷണംചെയ്യുന്ന പകൽമാന്യന്മാർക്കെതിരെ പടപൊരുതാൻ കറുത്ത കുപ്പായമണിഞ്ഞ്, കുതിരമേൽ ചീറിപ്പാഞ്ഞെത്തിയ ഒരു സാഹസിക പോരാളിയുടെ കഥ .കറുപ്പ് ചട്ടൈക്കാരൻ. 1985ൽ അമ്മു ക്രിയേഷൻസിന്റെ ബാനറിൽ M.സരോജിനി ദേവി നിർമ്മിച്ച കറുപ്പ് ചട്ടൈക്കാരൻ എന്ന ആക്ഷൻ ത്രില്ലർ ചിത്രം ’70കളിൽ തമിഴ് ചലച്ചിത്രരംഗത്ത് വീരസാഹസിക ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ച M.കർണ്ണൻ സംവിധാനം ചെയ്തു.
അക്കാലത്തെ പ്രമുഖ താരമായിരുന്ന ത്യാഗരാജൻ ആയിരുന്നു ഇതിൽ നായകവേഷം അവതരിപ്പിച്ചത്. 1981ൽ ഭാരതിരാജയുടെ അലൈകൾ ഓയ്വ്വതില്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ത്യാഗരാജൻ ആദ്യകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു കൂടുതലായും പ്രത്യക്ഷപ്പെട്ടിരുന്നത്. 1983ൽ രാജശേഖർ സംവിധാനം ചെയ്ത മലൈയൂർ മമ്പട്ടിയാൻ എന്ന ചിത്രത്തിലൂടെയാണ് ത്യാഗരാജൻ നായക പദവിയിലേക്ക് ഉയരുന്നത്. ആ ചിത്രം തമിഴ്നാടിന്റെ മുക്കിലും മൂലയിലും തരംഗം സൃഷ്ടിച്ച് സൂപ്പർഹിറ്റായി മാറിയതോടെ ത്യാഗരാജന്റെ താരപദവി കുതിച്ചുയർന്നു.
കൊമ്പേരിമൂ’ക്കൻ, നെഞ്ചിലൊരു രാഗം, നെരുപ്പുക്കുൾ ഈറം, നല്ലനാൾ, മുരട്ടുക്കരങ്കൾ, മച്ചക്കാരൻ, എരിമലൈ, പൂവുക്കുൾ ഭൂകമ്പം, സേലംവിഷ്ണു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ’80കളിൽ ത്യാഗരാജൻ സൂപ്പർതാര പരിവേഷത്തോടെ തമിഴ് സിനിമയിൽ തിളങ്ങിനിന്നു. ത്യാഗരാജന്റെ താരമൂല്യം അതിന്റെ പാരമ്യത്തിൽ നില്ക്കുമ്പോൾ ഇറങ്ങിയ ചിത്രമായിരുന്നു കറുപ്പ് ചട്ടൈക്കാരൻ. അംബികയായിരുന്നു ഇതിലെ നായിക. M.N.നമ്പ്യാർ, വിനു ചക്രവർത്തി,മേജർ സുന്ദർരാജൻ, ശങ്കിലി മുരുകൻ, രാമകൃഷ്ണ, കൗണ്ടമണി, S.S.ചന്ദ്രൻ, സിൽക്ക് സ്മിത, അനുരാധ, ജയമാലിനി, മനോരമ, വിജയചന്ദ്രിക തുടങ്ങിയവരും വേഷമിട്ട ഈ ചിത്രം തമിഴ്നാടിനു പുറമേ കേരളത്തിലും (പ്രത്യേകിച്ച് B/C സെന്റർകളിൽ) മികച്ച കളക്ഷൻ നേടിയിരുന്നു.
(ഈ ചിത്രം ഇപ്പോൾ കാണാൻ താല്പര്യപ്പെട്ട് YouTubeൽ തിരയുന്നവരുടെ ശ്രദ്ധയ്ക്ക് :
മുഴുവൻ ഗാനരംഗങ്ങൾ അടക്കം പല പ്രധാന രംഗങ്ങളും വെട്ടിമുറിച്ച്, ഒട്ടും തെളിച്ചമില്ലാത്ത വിളറിവെളുത്ത ഒരു Print മാത്രമാണ് നിലവിൽ ലഭ്യം. അത് കാണാതിരിക്കുന്നതാണ് ഭേദം)