ലോകം ഉണർന്നു കഴിഞ്ഞു. ഇനി ഒരുമാസത്തോളം ഭൂമി ഒരു കാല്പന്തായി ഉരുളുകയാണ് . ആവേശത്തിന്റെ കൊടുമുടിയിൽ ആണ് ലോകം. ഇതുവരെ ലോകകപ്പിൽ കളിക്കാത്ത ഇന്ത്യയിലെ ഈ കൊച്ചുകേരളത്തിലും ആവേശം അലതല്ലുകയാണ്. ഇവിടെ ഓരോ വ്യക്തികൾക്കും ഫുട്ബാൾ ഒരു നൊസ്റ്റാൾജിയ കൂടിയാണ്. പാട് ലോകകപ്പിന്റെ ആരവങ്ങൾ നെഞ്ചിലേറ്റി കളി കാണാൻ പോയ കഥകൾ പറയാനുണ്ട് പലർക്കും. ഈ മനോഹരമായ കുറിപ്പും അത്തരത്തിൽ ഒന്നാണ് .Gopi Thadathil എഴുതിയത്. വായിക്കാം
കളിക്കാർക്ക് കളിച്ച് തോറ്റു പോയാ മതി, ഇവിടെ ഈ ഫാൻസ് കാരുടെ കഷ്ടത വല്ലോം അവർക്കറിയണോ.
വിശേഷിച്ച് ഇഷ്ട ടീമിന്റെ വിജയത്തേക്കാളേറെ ലവൻമാരുടെ തോൽവീം ചമ്മിയ മോന്തേം നോക്കിയിരിക്കുന്ന ലെ ഫാൻസുകാരുടെ കാര്യം ഇവർക്കറിയണോ.1986 ലെ ലോകകപ്പാണ് ആദ്യമായി ടി.വി.യിൽ കാണുന്നത്.പൗലോ റോസിയെന്ന ഇറ്റാലിയൻ വീരനായകൻ 1982 ലെ കപ്പു കൊണ്ടുപോയ കഥ വായിച്ചനുഭവിച്ചതേയുള്ളൂ.ഫുട്ബോളിനോട് അന്നും ഇന്ത്യൻ ഭരണകൂടം ഒരു ചിറ്റമ്മ നയം എടുത്തിരുന്നത് മൂലം കുറച്ച് മൽസരങ്ങൾക്ക് ശേഷമാണ് ദൂരദർശനിൽ കളി ലൈവാൻ തുടങ്ങിയത്.
ഉറക്കമൊഴിച്ച്, മഴയത്ത് ടി.വിയുള്ള വീട്ടുകാരുടെ ഔദാര്യവും തേടി അലഞ്ഞ രാത്രികൾ. കണംകാലിനൊപ്പം മഴ വെള്ളത്തിൽ നിന്ന് , പത്രക്കാരൻ ഇട്ടിച്ചൻ ചേട്ടന്റെ ഒരു പാളി തുറന്ന ജനലിലൂടെ, പുറത്ത്, മഴയത്ത് കുട ചൂടി നിന്നാണ് ഞാനും ചേട്ടനും മെക്സിക്കൻ ലോകകപ്പിലെ ഒരു കളി മുഴുവൻ കണ്ടത്.
തിരിച്ചു പോരുമ്പോൾ തണുത്ത താടികൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. വെറുങ്ങലിച്ച കാൽപാദം ഉദ്ദേശിച്ചിടത്തേക്ക് നീങ്ങുന്നുണ്ടായിരുന്നില്ല. പിന്നേയും വീടുകൾ അന്വേഷിച്ച പകലുകൾ…അപ്പോഴാണ് സന്തോഷ വാർത്തയുമായി ജോമോൻ എത്തിയത് അവന്റെ വീട്ടിൽ ടി.വി. വാങ്ങി.അശോകൻ ജോമോൻ ബിനു ഇവരെല്ലാം പത്താം ക്ലാസ് കഴിഞ്ഞ് പുതിയ അഡ്മിഷന് കാത്തു നിൽക്കുന്നു.
ഞാൻ പ്രീഡിഗ്രി കഴിഞ്ഞ് വല്യ പ്രതീക്ഷയില്ലാതെ റിസൽട്ടും കാത്ത് നിൽക്കുന്നു.ഇഷ്ടം പോലെ സമയം തീറ്റ കളി ഉറക്കം.അച്ചാദിൻ ….. അതായിരുന്നു ഇപ്പൊ പറയുന്ന ആ കാലം. അങ്ങിനെ ടി.വിയുള്ള വീട് സെറ്റായി. ഇനി രാത്രി എങ്ങിനെ വീട്ടീന്ന് ചാടും.തെക്കേ കപ്പേള വരെ ഒരു കിലോമീറ്റർ അകലമുണ്ട് ജോമോന്റെ വീട്ടിലേക്ക്.ജോമോൻ പകൽ മുഴുവൻ ഇവിടെയാണ് , പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവന്റെ അപ്പച്ചൻ വാങ്ങിക്കൊടുത്ത ഒരു വിശ്വഭാരതിയുടെ കവറിംഗ് ബാറ്റുമായി രണ്ടുനേരവും വരും.അച്ചനോട് ചോദിച്ചാൽ രാത്രി വിടില്ല.അപ്പോഴാണ് അവസരം മെക്സിക്കൻ തിരമാല പോലെ അലയിച്ച് വന്നത്.രാജുട്ടൻ ചേട്ടൻ റാണിബന്നൂർക്ക് പണിക്ക് പോകുന്നു ഒരു മാസം കഴിഞ്ഞേ വരൂ. അമ്മായി അന്ന നാട്ടിലേക്കും പോകുന്നു.
തെക്കേല് ആരുമില്ല.
അമ്മേ, ഞങ്ങള് രാത്രി തെക്കേല് കെടക്കാം.
കാലത്ത്
കോത്തിലുച്ചയാവുന്നവരേയാണോടാ കെടന്നുറങ്ങണേ – എന്ന അച്ചന്റെ ചോദ്യം ഒഴിവാക്കാലോ..
നിങ്ങള് രണ്ടാളോ പേടിച്ച് പായേ ക്കെടന്ന് മുള്ളിട്ട്ണ്ടെങ്കി ഞാൻ പായ കഴുകി തരില്ലാ ട്ടാ… അമ്മ
ഏയ് കെഴക്കേ ന്ന് സേവിച്ചേട്ടനും , സജീവേട്ടനും ഉണ്ട്. ഞങ്ങള് നാലാളും അവടെ കെടന്നോളാം.
അതും സെറ്റായി.
ഇനി മുൻ വശത്തു കൂടി പോകാൻ പറ്റില്ല. തെക്കേലെ പെര പിന്നിൽ പൂട്ടാനുള്ള സംവിധാനവുമില്ല.
നോക്കീപ്പോ അടുക്കളേ ടെ നീക്കു തണ്ടിന്റെ അറ്റത്ത് ചെറിയൊരു ഹോൾ ഉണ്ട്.അതിലൂടെ കടക്കാവുന്ന ഒരു താഴ് സംഘടിപ്പിച്ചു. എല്ലാം സെറ്റ്.മിടുക്കൻമാരായ പുത്രൻമാർ രാത്രി നേരത്തേ ചോറുണ്ട് തെക്കേല്ക്ക് ഓടും . സജീവേട്ടനും സേവിച്ചേട്ടനും വരും ലൈറ്റെല്ലാം കെടുത്തി വടക്കോട്ട് നോക്കിയിരിക്കും വീട്ടിലെ ലൈറ്റുകൾ ഓഫായാൽ നാലുപേരിവിടെ ഓണാകും മിണ്ടാതെ, ഉരിയാടാതെ എണീക്കുന്നു. തെക്കുവശത്തെ വാതിൽ തുറക്കുന്നു. അടക്കുന്നു. വെളിച്ചമില്ലാതെ നീക്കു തണ്ടിന്റെ ചെറിയ ദ്വാരം കണ്ടെത്തുന്നു. എല്ലാം ശുഭം.
പിന്നെ പടിഞ്ഞാറേ കൂടെ നടന്ന് ശബ്ദമില്ലാതെ ബിനുവിനെ വിളിക്കുന്നു.താണ്ടക്കുട്ടിയുടെ വഴിക്കൂടെ റോഡിലേക്ക് ..മൂക്ക് പൊത്തിപ്പിടിച്ച് പകൽ നടക്കുന്ന ഈ വഴിയിൽ കള്ളനടത്തത്തിന് മൂക്ക് പൊത്തണ്ട. റോഡുവരെ ശ്വാസം പോലും അടക്കിപിടിച്ചാണ് നടത്തം. റോഡിൽ ചെന്നാൽ അഞ്ചും നാലുവഴി .
പിന്നെ തകർത്താണ് നടത്തം. ഒച്ച. കളി. ചിരി..ജോമോന്റെ വീട്ടിലെത്തുമ്പോഴേക്കുംജോജോയും ചേട്ടൻ ചാക്കോച്ചനും വന്നിട്ടുണ്ടാവും. (നല്ലൊരു ടെയിലറായിരുന്ന ചാക്കോച്ചൻ മൂകനും ബധിരനുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഈർക്കിലിയിൽ തുള്ളിച്ചാടുന്ന കടലാസു പാവയെ ഉണ്ടാക്കുമായിരുന്നു. എന്തു പറഞ്ഞാലും ശബ്ദമില്ലാതെ ചിരിക്കുന്ന സുന്ദരനായ ചാക്കോച്ചൻ അകാലത്തിൽ മരിച്ചു പോയി.
പ്രിയപ്പെട്ടവന് ആദരം🌹)
ഒന്നാം റൗണ്ട് പല കളികളും കഴിഞ്ഞിരുന്നു. വെളുത്ത പെലെ എന്നറിയപ്പെട്ട സീക്കോ. കരേക്കെ,
സോക്രട്ടീസ്., മറഡോണ, പ്ലാറ്റീനി , ക്ലാൾ ഹെയിൻസ് റുമനിഗെ, റൂഡി വൊള്ളർ, പൗലോ റോസി, ആൻസലോട്ടി.വിയാലി ,പത്രങ്ങളിലൂടെ അറിഞ്ഞ പേരുകൾ.കാഴ്ചയിൽ ആദ്യം മനം കവർന്നവർ ഉറുഗ്വായുടെ ഫ്രാൻസസ് കോലിയും, ബൽജിയത്തിന്റെ എൻസോസ്കിഫോയുമാണ്.ഫ്രാൻസിന്റെ ഴാങ് ടിഗാന ബൽജിയത്തിന്റെ ജാൻകുലൈമാൻസ് ഇംഗ്ലണ്ടിന്റെ ലിനേക്കർ അർജന്റീനയുടെ വാൽദാനോ
സ്പെയിനിന്റെ ബൂട്രഗാനോ… എതയോ താരങ്ങൾ.
മൽസരം ഫ്രാൻസും ബ്രസീലും തമ്മിലുള്ള ക്വാർട്ടറായിരുന്നു.ആ ലോകകപ്പിലെ മാതമല്ല ഞാനിതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മൽസരം അതായിരുന്നു. 120 മിനിട്ട് … ഹാ സുന്ദരം നിശ്ചിത സമയത്ത് 1-1 കരേക്ക യും പ്ലാറ്റീനിയും ഗോൾ നേടി കളി തീരാൻ പതിനഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ സാക്ഷാൽ സീക്കോ യെടുത്ത പെനാൽട്ടി ഇടത്തോട്ട് ചാടി ഫ്രഞ്ചു ഗോളി ജോയൽ ബാറ്റ്സിന്റെ രക്ഷപ്പെടുത്തൽ
എക്സ്ട്രാ ടൈമിൽ ഇരുടീമുകളുടേയും കടുത്ത ആക്രമണങ്ങൾ. ഫ്രാൻസിൽ വിങ്ങർ ടിഗാനയുടെ മിന്നലാക്രമണങ്ങൾ അമറോസിന്റെ മൂളിപ്പറക്കുന്ന ഷോട്ടുകൾ.കരേക്ക യും ജൂലിയോ സീസറും അലി മാവോയും സോക്രട്ടീസുമൊത്തു നടത്തുന്ന ബ്രസീലിയൻ സൗന്ദര്യ ഫുട്ബോൾ , ബ്രാങ്കോയുടെ ലെഫ്റ്റ് ഫൂട്ടറുകൾ ഒടുവിൽ ഷൂട്ട് ഔട്ട് ബ്രസീൽ കൃാപ്റ്റൻ സോക്രട്ടീസിന്റെ ആദ്യ ഷോട്ട് വലത്തേക്ക് ചാടി ഇടം കൈ കൊണ്ട് കുത്തി തെറിപ്പിക്കുന്ന ജോയൽ ബാറ്റ്സ്.ഫ്രാൻസിന്റെ ഷോട്ട് ഗോൾ സ്റ്റോപ്പിറ
ബ്രസീലിന്റെ ഷോട്ട് ഗോൾ – അലിമാവോ
ഫ്രാൻസിന്റെ ഷോട്ട് ഗോൾ. – അമറോസ്
ബ്രസീലിന്റെ ഷോട്ട് ഗോൾ – സീക്കോ.. ( കളിക്കിടയിൽ നഷ്ടപ്പെട്ട പെനാൽടിയുടെ അതേ മാതൃകയിൽ തന്നെയുള്ള ഷോട്ട്) അടുത്ത ഷോട്ട് ബ്രസീലിനു വേണ്ടി എടുത്തത് ബെല്ലോൺ ബെല്ലോണിന്റെ ഇടങ്കാലനടി ഇടതു പോസ്റ്റിൽ തട്ടി മടങ്ങി പക്ഷേ ഇടത്തോട്ട് ചാടി വീണുകിടന്ന ബ്രസീലിയൻ ഗോളി കാർലോസിന്റെ ദേഹത്ത് തട്ടി ഗോളിലേക്ക് …..
ഷൂട്ടൗട്ടിൽ സെക്കന്റ് ടച്ച് അനുവദനീയമാണോ ഒരു കമന്റേറ്റർ അപ്പോൾ തന്നെ അത് പറയുന്നുണ്ടായി. …..
അടുത്തത് ബ്രസീലിനു വേണ്ടി ബ്രാങ്കോ – ഗോൾ.ഫ്രാൻസിനു വേണ്ടി ക്യാപ്റ്റൻ പ്ലാറ്റീനി ഗോളി ഇടത്തേക്ക് ചാടി. പന്ത് വലതു വശത്ത് ബാറിന് മുകളിലൂടെ ഗാലറിയിലേക്ക് ബ്രസീലിന് ശ്വാസം വീണു.ബ്രസീലിന്റെ അഞ്ചാമത്തെ ഷോട്ട് കളം നിറഞ്ഞ് കളിച്ച ജൂലിയോ സീസർ ഷൂട്ട് ഔട്ടിലെ ഏറ്റവും കനത്ത അടി വലത്തേ പോസ്റ്റിൽ തട്ടി മടങ്ങി… 3 – 3 ബ്രസീലിന്റെ ഷോട്ടുകൾ തീർന്നു.ഫ്രാൻസിന്റെ അഞ്ചാമത്തെ ഷോട്ടിനെത്തുന്നത് ലൂയിസ് ഫെർണാണ്ടസ് ഇടത്തോട്ട് ചാടിയ ഗോളി കാർലോസിന് പിടികൊടുക്കാതെ ഫ്രാൻസ് സെമിയിലേക്ക് ..അവിസ്മരണീയമായ കളി. കൂടെയിരുന്ന് കളി കണ്ടവരെ പോലും മറന്നു പോയ 130 മിനിട്ട്..മൂന്ന് ക്വാർട്ടറിലും വിജയികളെ കണ്ടെത്തിയത് പെനാൽട്ടി ഷൂട്ടിലായിരുന്നു.അർജന്റീന മാത്രം കളിക്കളത്തിലെ ഏറ്റവും മോശമായ മാർഗ്ഗത്തിലൂടെ വിജയം നേടി. മറഡോണ നേടിയ രണ്ടാം ഗോൾ അവിശ്വസനീയവും അതുല്യവുമായിരുന്നെങ്കിലും ഒന്നാം ഗോളിന്റെ നീച മാർഗ്ഗത്തെ സാധൂകരിക്കാൻ അതിനാവില്ല. 2 -1 ന് ഇംഗ്ലണ്ടിനെ കീഴടക്കി.
ജർമ്മനി മെക്സിക്കോയെ ഷൂട്ട് ഔട്ടിൽ തീർത്തപ്പോൾ മെക്സിക്കൻ സ്റ്റേഡിയത്തിൽ തിരമാലകൾ കരകാണാതെ മടങ്ങി.ബെൽജിയം സ്കിഫോയുടെ മികവിൽ സ്പെയിനെ പിടിച്ചു കെട്ടി പെനാൽട്ടിയിൽ വിജയം നേടി.
അർജന്റീനയുടെ ക്വാർട്ടർ കഴിഞ്ഞപ്പോൾ വെളുപ്പിന് അഞ്ചു മണിയോളമായി.പിന്നെ ഒരു ഓട്ടമായിരുന്നു തെക്കേല്ക്ക് കൃത്യം 5 മണിക്ക് അച്ചൻ എണീക്കും അതിനു മുമ്പ് അകത്ത് കയറണം. മില്ലുവഴി പോയാൽ വേഗം എത്താം മാക്കേനിക്കേല് പട്ടിയുണ്ട് ടൈഗർ ഒരു പക്ഷേ അവൻ വന്നേക്കും. അടുത്തെത്തിയാൽ അവൻ ഞങ്ങളെ അറിയും പരിസരത്തെ ഒരേയൊരു വളർത്തുനായയാണവൻ. അഴിച്ചു വിട്ടാൽ ഉടൻ എല്ലാ വീട്ടിലുമെത്തി എല്ലാവരുടേയും സുഖാന്വേഷണങ്ങൾ നടത്തിയേ തിരിച്ചു പോകൂ. എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ട ആ നായയെ ഒരിക്കലും മറക്കാനാവില്ല. ടൈഗറെ കടന്ന് നോക്കുമ്പോൾ വീട്ടിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട് വീണ്ടും..ഒച്ചയുണ്ടാക്കാതെ , മിണ്ടാതെ …കേറിക്കിടന്നു പിറ്റേന്ന് രാത്രി ഊണു കഴിഞ്ഞ് അമ്മേ തെക്കേ പോണ്‌ട്ടാ….ന്ന് പറഞ്ഞപ്പോ അച്ചന്റെ ചോദ്യം എന്താടാ അവിടെ വെളുപ്പിന് ലൈറ്റ് കണ്ടേ …..
ഒച്ചയുണ്ടാക്കാതെ കയറിയെങ്കിലും അകത്തെ ഇരുട്ടിൽ പായ ഇട്ടെങ്കിലും അവനവന്റെ തലയിണ കണ്ടുപിടിക്കാൻ അകത്തെ ലൈറ്റിട്ടു പോയി..അച്ചന്റെ ചോദ്യം കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി.
മുള്ളാൻ എണീറ്റതാ… മറുപടിയും ഓട്ടവും ഒപ്പം കഴിഞ്ഞു.സെമിക്ക് മുമ്പ് ഇടവേളയുണ്ട്.ജോമോന്റെ അപ്പനും അമ്മയും യാത്ര പോയി. ഞങ്ങൾ പകലും അവിടെ കൂട്ടാറുണ്ടായിരുന്നു.അവരുടെ വീട്ടിൽ സഹായത്തിന് ഒരു തമിഴൻ പയ്യനുണ്ടാവിരുന്നു. തമ്പി എന്നായിരുന്നു അവനെ വിളിച്ചിരുന്നത് എല്ലാവരും.
അവന്റെ പേരാണോ , അനിയൻ എന്ന അർത്ഥത്തിലാണോ ആവോ.കാക്ക ജോസിന്റെ അനിയത്തി മേരി വരും വീട്ടു സഹായത്തിന്.അപ്പനും അമ്മയും യാത്ര പോയപ്പോൾ ജോമോന്റെ മേമ കൂട്ടിന് വന്നു. (സീന …?)
അവളും പ്രീഡിഗ്രി എഴുതി റിസൽട്ട് കാത്തിരിക്കുകയായിരുന്നു.പകൽ എല്ലാവരും കൂടി ചീട്ട് കളി പിന്നെ അപ്പുറത്തെ വെളിംപറമ്പിൽ ക്രിക്കറ്റ്.രണ്ടുകളിയുള്ള ഒരു ദിവസം ആദ്യ കളിക്ക് ശേഷം ഞങ്ങളെല്ലാവരും ഒന്ന് പുറത്തിറങ്ങി കപ്പേള വരെ നന്നു. ജോജോയുടെ വീര സാഹസിക കഥകളായിരുന്നു പ്രധാനം ചാക്കോച്ചൻ അതു കേട്ട് ഒച്ചയില്ലാതെ ചിരിക്കും…..
തിരിച്ചു വന്നപ്പോൾ ജോമോനേ …അപ്പന്റെ ഒരു വിളി അതോടെ എല്ലാം ശാന്തം പിന്നീട് എല്ലാ കളിയും വളരെ ശാന്തരായണ് കണ്ടിരുന്നത്. അതു കഴിഞ്ഞാണ് അവർ യാത്ര പോയത്.ജോമോന്റെ അമ്മ പറഞ്ഞു നിങ്ങള് പകലും വന്നോളു ഇവിടെ ആരുമില്ലാട്ടോ.. പകൽ ശീട്ടു സെമികൾ ഓരോ കളിവീതമാണ്
ജർമ്മനി – ഫ്രാൻസ്
അർജന്റീന – ബെൽജിയം.
ആ മഴയത്ത് ഉറക്കമൊഴിച്ചുകളികൾ കണ്ടതിന്റെ ആസ്വാദ്യത ഇപ്പോഴുണ്ടാകുമോ..
ലോകകപ്പ് മഴയോടുളലോകകപ്പിന് വിസലൂതും മുമ്പേ ഹൃദയവും തലച്ചോറും രണ്ട് ടീമാവും
ഹൃദയം കൊണ്ട് ചാമ്പ്യൻമാരാക്കേണ്ട ടീമിനെ സാമാന്യ ബുദ്ധിയുടെ ടീം തരിപ്പണമാക്കും.
ഇന്ന് ഖത്തറിൽ പന്തുരുളും മുമ്പേ എല്ലാവരും ടീമുകളെ പങ്കിട്ടെടുത്തു.നമുക്കും വേണ്ടേ ഒരു ടീം..
അഞ്ചാം ക്ലാസിൽ അരാന്റസ് ഡി നാസി മെന്റോ എന്ന പെലെയെ കുറിച്ച് പഠിച്ച പാഠത്തോടൊപ്പം ബ്രസീലിനെ ഹൃദയത്തിൽ കുടിയിരുത്തി.ആ ഹൃദയവും കൊണ്ട് 1986 മുതൽ ലോകകപ്പ് ടി വി യിൽ കണ്ടു തുടങ്ങി ഹൃദയമല്ല കളിക്കളം വാഴുന്നതെന്ന് ആ കാഴ്ചകൾ പഠിപ്പിച്ചു. ഒരു ടീമിനൊപ്പം നിന്നാൽ കളി ആസ്വദിക്കാൻ പറ്റുമോ….