സർക്കാർ ജോലിയും വിവാഹക്കമ്പോളവും സ്ത്രീധനവും

111

സുദർശൻ

ഒരു PSC അപാരത.

2000 ത്തിലാണ് ഞാൻ ഉദ്യോഗാർത്ഥം തിരുവനന്തപുരത്ത് എത്തുന്നത്. അന്ന് തിരുവനന്തപുരത്ത് ഞാൻ കണ്ട വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഭൂരിപക്ഷവും സർക്കാർ ജോലി സ്വപ്നം കണ്ടു നടക്കുന്നവരായിരുന്നു. (ഇന്നും കുറവല്ല.) ‘പത്മനാഭൻ്റെ രണ്ടു ചക്രം കിട്ടുന്ന ജോലി വേണം’ എന്നാണ് പ്രാദേശികമായ പ്രയോഗം. എന്നാൽ അതിനു പിന്നിലെ കാരണം അന്വേഷിച്ചു പോയാൽ അത്ര നിഷ്കളങ്കമല്ല ഈ ആഗ്രഹം എന്നു നമുക്ക് കാണാം.

ജോലി സുരക്ഷയാണ് ഒന്നാമത്തെ കാരണം. സംശയമില്ല. പിന്നെ ജോലിയിലുള്ള സ്വാതന്ത്യം, വിവാഹ മാർക്കറ്റിൽ വിലപേശാം. കിമ്പളം വാങ്ങി ധനികരാകാനുള്ള അവസരം. ഇതെല്ലാം യാതൊരു മറയുമില്ലാതെ അവർ തുറന്നു പറയും. ഞാൻ കണ്ട പലരും PSC യുടെ പല പരീക്ഷകൾ എഴുതുകയും രണ്ടോ മൂന്നോ റാങ്കുലിസ്റ്റുകളിൽ ഇടം പിടിച്ചവരുമായിരുന്നു.

തിരുവനന്തപുരത്തും കൊല്ലത്തും ധാരാളം PSC കോച്ചിംഗ് സെൻ്ററുകൾ കാണാൻ കഴിയും. തിരുവനന്തപുരത്തെ ഒരു കോച്ചിംഗ് സെൻറർ പ്രസിദ്ധീകരിച്ച PSC ഗൈഡിൽ വന്ന ചോദ്യങ്ങൾ അതുപോലെ തന്നെ പരീക്ഷക്കും വന്നതായി ചില ആരോപണങ്ങൾ ആകാലത്ത് ഉയർന്നിരുന്നു. ലക്ഷങ്ങൾ കൊടുത്താൽ പരീക്ഷാ ചോദ്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ഒരു സംഘം ഉണ്ടെന്നും ശ്രുതിയുണ്ടായിരുന്നു. അതെല്ലാം കണക്കിലെടുത്താൽ ഇന്നത്തെ PSC എത്രയോ മാറിയിട്ടുണ്ട്. എന്നാലും പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾ ഇവിടെ ഇപ്പോഴും ഉണ്ടെന്നുള്ളതും നാം കാണേണ്ടതാണ്. അതായത്, എന്തു വില കൊടുത്തും ഒരു സർക്കാർ ജോലി നേടുക എന്നത് ഈ പ്രദേശത്തുള്ള കുറെയാളുകളുടെ ജീവിത ലക്ഷ്യം തന്നെയായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ആണ്.
മലബാറുകാർക്ക് അത്ര പരിചിതമല്ല ഇവയൊന്നും. ഒരു ശരാശരി മലബാറുകാരൻ്റെ സ്വപ്നങ്ങളിൽ സർക്കാർ ജോലി അധികം കടന്നു വരാറില്ല. പ്രവാസമാണ് അവർക്ക് പഥ്യം.

അതുകൊണ്ടു തന്നെ വിവാഹക്കമ്പോളത്തിൽ അത്തരം വിലപേശലുകൾ കാണാറില്ല. മലബാർ പ്രദേശങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകരായി എത്തിയിരുന്നത് പലരും തിരുവിതാംകൂറിലുള്ളവരാണ്..  മലബാർ പ്രദേശത്ത് നിന്നുള്ള ഉദ്യോഗാർത്ഥികൾ കുറവായതിനാൽ പ്രാദേശിക മേൽവിലാസത്തിൽ പേരു റജിസ്റ്റർ ചെയ്ത് അവർ ജോലി നേടിയിരുന്നു.
വീണ്ടും തിരവനന്തപുരത്തേക്കു വരാം. ഒരു അന്താരാഷ്ട്ര പുസ്തകശാലയിലെ ജോലിക്കാരനായിരുന്നു ഞാൻ. അതു കൊണ്ടു തന്നെ പല വിഭാഗങ്ങളിലുള്ള ആളുകൾ നിത്യേന അവിടെ സന്ദർശകരായിരുന്നു. അങ്ങിനെയാണ് സർക്കാർ ജോലി മോഹികളെ അടുത്തറിയാൻ കഴിഞ്ഞത്.

ഒരു ചെറിയ കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. പുസ്തകശാലയിൽ ഇടക്കെല്ലാം സന്ദർശിക്കാറുള്ള ഒരാളുണ്ടായിരുന്നു. ഒരു ദിവസം അയാൾ ചെറിയ കുശലങ്ങൾക്കു ശേഷം പുസ്തകങ്ങൾ റാക്കിൽ നിന്നെടുത്തു മറിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേർ അയാളെ തേടി അവിടെയെത്തുകയും മൂന്നു പേരും ഒരുമിച്ച് പുറത്തേക്കു പോകുകയും ചെയ്തു. അല്പസമയത്തിനു ശേഷം ഞാൻ ജനലിലൂടെ നോക്കുമ്പോൾ അവർ മൂവരും താഴെ റോഡിൻ്റെ ഒരു വശത്ത് നിന്ന് വലിയ ചർച്ചയിലാണ്. എന്നെ സംബന്ധിച്ചിടത്തോളം തീരെ അപ്രസക്തമായ ഒരു കാര്യമായതിനാൽ ഞാൻ എൻ്റെ ജോലിയിലേക്ക് മടങ്ങി. ഏകദേശം അര മണിക്കൂർ കഴിഞ്ഞ് അയാൾ ഒറ്റക്ക് തിരിച്ച് കയറി വന്നു. അല്പം അസ്വസ്ഥനാണെന്ന് കണ്ടാലറിയാം. എൻ്റെ മുന്നിലിരുന്നു. അയാൾക്കെന്തോ എന്നോട് പറയാനുണ്ടെന്ന് എനിക്ക് മനസ്സിലായി എങ്കിലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. കൂട്ടിലിട്ട വെരുകിനെ പോലെ അയാളെന്തൊക്കെയോ മുരളുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ തുടങ്ങി. അയാൾപറഞ്ഞത് ചുരുക്കിപ്പറയാം. അയാൾ ഒരു പെണ്ണു കണ്ടിരുന്നു. പെണ്ണിൻ്റെ ചേട്ടനും അമ്മാവനുമാണ് വന്നത്. അവർ വന്നത് സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാനാണ്. അവർ പറഞ്ഞ സ്ത്രീധനം വളരെ കുറഞ്ഞു പോയി. ഒരു കാറും വീടും, കുറച്ചു പണവുമാണത്രെ അയാൾ ചോദിച്ചത്.

‘താങ്കൾ എന്തു ജോലി ചെയ്യുന്നു’?
ഞാൻ ചോദിച്ചു. ‘ജോലിയൊന്നും ആയിട്ടില്ല’ എങ്കിലും PSC യുടെ രണ്ടു റാങ്ക് ലിസ്റ്റിൽ അയാൾക്ക് 50 ന് അടുത്ത് റാങ്കുണ്ട്. ഒരു വർഷത്തിനുള്ളിൽ ജോലി ഉറപ്പാണ്.’ എങ്കിൽ ജോലിയായിട്ട് വിവാഹം എന്നാണത്രെ പെൺ വീട്ടുകാരുടെ നിലപാട്. തൻ്റെ സത്യസന്ധതയെ സംശയിച്ച പെൺ വീട്ടുകാരെ അയാൾ അസഭ്യം പറഞ്ഞു. ലോകത്തിൻ്റെ നെറികേടിനെ കുറിച്ച് കുണ്ഠിതപ്പെട്ടു. ഈ ലോകം സത്യസന്ധരുടെയല്ല എന്ന് അയാൾ അടിവരയിട്ടു പറഞ്ഞു. ഞാൻ കണ്ണു മിഴിച്ചിരുന്ന് എല്ലാം കേട്ടു. പുസ്തകശാലയിലെ ജോലിക്കാരൻ എല്ലാം കേൾക്കാൻ വിധിക്കപ്പെട്ടവനാണ്. കസ്റ്റമറെ പിണക്കരുത്. You are paid for that. റീജിയണൽ മേധാവിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി. അല്പസമയം കൂടി പുസ്തകങ്ങൾക്കിടയിലൂടെ നടന്ന് അയാൾ പുറത്തിറങ്ങി ധൃതിയിൽ അടുത്ത ബാറിലേക്ക് കയറി. പറഞ്ഞു വന്നത്, ആളുകൾ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ കാണുന്നത്. നമുക്ക് മനസ്സിലാവില്ല ഈ മനശ്ശാസ്ത്രം.