ഗോവിന്ദ് ബാലകൃഷ്ണന്‍ (മലയാള സിനിമയിലെ പ്രതിനായക കഥാപാത്രങ്ങള്‍ – 4)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
244 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.

മലയാള സിനിമയിലെ പ്രതിനായക കഥാപാത്രങ്ങള്‍ – 4
ഗോവിന്ദ് ബാലകൃഷ്ണന്‍ (ആസിഫ് അലി)
ചിത്രം – ഉയരെ (2019)

ബോബി, സഞ്ജയ് എന്നിവരുടെ രചനയില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് മനു അശോകന്‍ സംവിധാനം ചെയ്ത 2019 ലെ മലയാള ചിത്രമാണ് ഉയരെ. മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം പറഞ്ഞ ഉയരെ 2019 ഏപ്രില്‍ 26 നാണ് പുറത്തിറങ്ങിയത്. ഇതിന് നിരൂപക പ്രശംസ ലഭിക്കുകയും ബോക്സ് ഓഫീസ് വിജയമായി മാറുകയും ചെയ്തു. പാര്‍വതി തിരുവോത്തിന്റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെ പല്ലവി.

‘ഉയരെ’യില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രം ആന്റിഹീറോ വേഷങ്ങള്‍ക്ക് ഒരു പുതിയ ഡൈമന്‍ഷന്‍ നല്‍കുകയായിരുന്നു. മുഖ്യകഥാപാത്രമായ പല്ലവിയുടെ സ്വതന്ത്രജീവിതത്തിനും സ്വപ്‌നങ്ങള്‍ക്കും വിലങ്ങുതടിയാകുകയാണ് കാമുകനായ ഇയാള്‍. സ്വാര്‍ഥപ്രണയം കൊണ്ട് കണ്ണുകാണാതാകുന്ന ഗോവിന്ദ് താനും പ്രണയിനിയും മാത്രമുള്ള ജീവിതം ആഗ്രഹിക്കുന്നു. പല്ലവിയിലെ വ്യക്തിയെ കാണാന്‍ അയാള്‍ തയ്യാറാകുന്നേയില്ല. അവള്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമ്പോള്‍ തങ്ങളുടെ പ്രണയത്തിന്റെ തീവ്രത കുറയുമെന്നും അവള്‍ക്ക് തന്നിലുള്ള ശ്രദ്ധ കുറയുമെന്നുമുള്ള സ്വാര്‍ഥത വച്ചു പുലര്‍ത്തുന്ന ഗോവിന്ദ് കൂടുതല്‍ അപകടകരമായ നീക്കങ്ങളിലേക്ക് തിരിയുന്നു. കാമുകിയെ ആസിഡ് കൊണ്ട് വിരൂപയാക്കിയ അക്രമകാരിയായ ഗോവിന്ദായി ആസിഫ് അലി മികച്ചു നിന്നു.

“വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരായ്ക്ക് വീട്ടി വന്നു കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം” എന്നാണ് ‘നരസിംഹ’ത്തിൽ മോഹൻലാലിന്റെ പൂവള്ളി ഇന്ദുചൂഡൻ നായികയോട് പറയുന്നത്‌. “വരുന്നോ എന്റെ കൂടെ, അമ്മു സ്വാമി നാഥനായിട്ടല്ല, എന്റെ വീട്ടിലെ അടിച്ചു തളിക്കാരിയായിട്ട്, വേലക്കാരിയായിട്ട്” എന്നാണ് മമ്മൂട്ടിയുടെ രവി മാമ്മൻ ‘ദുബായ്’ എന്ന ചിത്രത്തിൽ നായികയോട് പറയുന്നത്. രഞ്ജിത്തും രഞ്ജി പണിക്കരുമാണ് യഥാക്രമം ഈ ചിത്രങ്ങളിലെ സംഭാഷണം എഴുതിയത്. ഇതിനൊക്കെ കയ്യടിച്ചവരാണ് നമ്മൾ. ഇത്തരത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ട പുരുഷ മേധാവിത്വത്തിന്റെ അക്രമോത്സുക രൂപമാണ് ഈ ചിത്രത്തിലെ ഗോവിന്ദ് എന്നു കാണാം.

തങ്ങള്‍ മാത്രമുള്ള ലോകം, മറ്റൊന്നും മറ്റാരും അതിന് തടസ്സമാകരുത് എന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുടെ പ്രതിനിധിയാണ് ഗോവിന്ദ്. അന്ധമായ പ്രണയം കൊണ്ട് ഗോവിന്ദ് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെയാണ് അയാളെ പ്രതിനായകനിലേക്ക് പറിച്ചുനടുന്നത്. ഇടയ്ക്കിടെ സജലമാകുന്ന അയാളുടെ കണ്ണുകളില്‍ മിന്നിമറയുന്ന വികാരം സ്നേഹമാണോ അതോ മറ്റെന്തെങ്കിലുമോ എന്ന് ഒരു പക്ഷേ കാണുന്നവർക്ക് പോലും തിരിച്ചറിയാൻ കഴിയാതെ പോവുന്നുണ്ട്. അപൂർവമായി മാത്രമാണ് അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പോലും വിരിയുന്നത്. ഏത് സ്നേഹവും പരിധി വിട്ടാൽ പൊസ്സസ്സിവ്നസിലേക്ക് മാറും. അപ്പോൾ ബന്ധങ്ങളിൽ നിയന്ത്രണങ്ങളും വിലക്കുകളും വന്നു ചേരും. അന്തര്‍മുഖനും ഏകാകിയുമായ ഗോവിന്ദ് അന്ധനാക്കപ്പെടുന്നത് പ്രണയത്താലാണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെ പോലും തിരഞ്ഞുപിടിച്ച് വെര്‍ബല്‍ റേപ്പ് ചെയ്യുന്ന സോഷ്യല്‍ മീഡിയ കാലത്ത് ‘ഉയരെ’ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന് കാലിക പ്രസക്തിയും ഉണ്ടായിരുന്നു.

ആഴത്തിലുള്ള അപകര്‍ഷതാബോധം ഈ കഥാപാത്രത്തിനുണ്ടെങ്കിലും പുറമെ പ്രകടമാക്കുന്നില്ല. ഒരര്‍ഥത്തില്‍ ഇത്തരം സ്വഭാവസവിശേഷതകള്‍ ഉള്ളവര്‍ അത്യന്തം അപകടകാരികളായേക്കാമെന്നും സിനിമ സൂചന നല്‍കുന്നു, ഇന്‍ട്രോവെര്‍ട്ട് ആയ ഗോവിന്ദിന്റെ പ്രണയവും പ്രതികാരവും അതിന്റെ എല്ലാ സൂഷ്മാശംങ്ങളോടെയും ആസിഫ് ആവിഷ്ക്കരിച്ചിട്ടുണ്ട്.

ഒരവസരത്തിൽ പല്ലവിയുടെ അച്ഛൻ (സിദ്ധിഖ്) അവളോട് പറയുന്നുണ്ട്, “മോളേ, നീ എന്തു കണ്ടിട്ടാണ് അവനെ ഇഷ്ടപ്പെട്ടതെന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷേ..” എന്ന്. വേറൊരവസരത്തിൽ അവനിലേക്ക് അടുക്കാനുണ്ടായ സാഹചര്യം അവൾ അച്ഛനോട് പറയുന്നുണ്ട്. അത് എത്ര മാത്രം വിശ്വസനീയമാണ് എന്ന് സ്ത്രീകൾക്ക് ഒരു പക്ഷേ പറയാൻ പറ്റും. പക്ഷേ, ഒരു പ്രത്യേക പ്രായത്തിലുള്ള പെണ്കുട്ടി പെട്ട ഒരു സവിശേഷ സാഹചര്യത്തിൽ അവളുടെ അച്ഛൻ പോലും കൂടെയില്ലാതിരുന്ന അവസരത്തിൽ അവൾക്ക് ഒരു തരം സുരക്ഷിതത്വ ബോധം അയാൾ നല്കിയിരിക്കാം.

എല്ലാ പുരുഷന്മാരുടെ ഉള്ളിലും സത്യത്തിൽ ആണധികാരത്തിന്റെ ഒരു ഗോവിന്ദ് ഒളിഞ്ഞിരിപ്പുണ്ട്. സൂക്ഷ്മമായ അഭിനയശൈലിയിലൂടെ ആ കഥാപാത്രത്തെ ഒരു സാധാരണ മനുഷ്യനായി തോന്നിപ്പിക്കുകയും എന്നാല്‍ രോഗാതുരമായ അയാളുടെ മാനസികാവസ്ഥയെ സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്തു എന്നിടത്താണ് സംവിധായകനും നടനും വിജയിച്ചത്. ഇത്തരത്തിലുള്ള മനുഷ്യരുടെ പ്രത്യേകത അവര്‍ ചെയ്യുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമായിരിക്കും എന്നാണ് അവര്‍ക്ക് തോന്നുക എന്നതാണ്. കുറ്റബോധം അവരെ തൊട്ടുതീണ്ടുന്നില്ല. ഈ മൂഡ് ചിത്രത്തിലുടനീളം ആസിഫ് അലി നിലനിര്‍ത്തുന്നുണ്ട്. മുഖത്തിന്റെ ഒരു ഭാഗം പൊള്ളി വിരൂപമായ ശേഷം എയർ ഹോസ്റ്റസിന്റെ ജോലി ചെയ്യുന്ന പല്ലവിയോട് പിന്നീട് വിമാനത്തിൽ വെച്ചു കണ്ടുമുട്ടുമ്പോഴും അയാൾ പെരുമാറുന്ന രീതി ശ്രദ്ധിക്കുക. അവിടെ അയാൾ പല്ലവിയോട് കാണിക്കുന്ന അപ്രമാദിത്വവും സ്വാർത്ഥതയും നിറഞ്ഞ പെരുമാറ്റം ഭീകരമായാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക. പല്ലവിയുടെ ജോലി തന്നെ കളയിക്കാൻ അയാൾ തുടർന്നും ശ്രമിക്കുന്നുണ്ട്.

വളരെ ക്ലീഷേ ആയിട്ടുള്ള ഒരു വില്ലനല്ല ഗോവിന്ദ്. അയാളുടെ രോഗാതുരമായ പ്രണയം അയാളെ സംബന്ധിച്ച് 100 ശതമാനം ശരിയാണ്. അത് സ്വയം വിശ്വസിക്കുകയും പ്രേക്ഷകരെ വിശ്വസിപ്പിക്കുകയും ചെയ്യാന്‍ ഇവിടെ നടന് കഴിഞ്ഞു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ പലപ്പോഴും മനസ്സുകൊണ്ട് ഗോവിന്ദിനെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നുണ്ട്. അത് തന്നെയാണ് ആസിഫ് അലിയെന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ