തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂളിന് ‘പഞ്ചമി’യെന്ന പേര് നൽകിയതിന് പിന്നിലുള്ള ചരിത്രം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴിൽ സമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ , ട്രേഡ് യൂനിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കേരളത്തിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്. വേതനവർധന, ദലിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുക എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങൾ. കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കുമെന്നായിരുന്നു മുദ്രാവാക്യം. വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശം അംഗീകരിച്ചില്ല.

സമരത്തിന്റെ ഫലമായി 1907 ൽ തിരുവിതാംകൂർ സർക്കാർ ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു. ഇത് സവർണജന്മിമാർ അംഗീകരിച്ചില്ല. ഇതിനെതിരെയുള്ള കലാപത്തിൻെറ ഭാഗമായി പഞ്ചമി എന്ന പുലയ പെൺകുട്ടിയുമായി അയ്യൻകാളി ഊരുട്ടമ്പലം പള്ളിക്കൂടത്തിൽ പ്രവേശിച്ചു. ഇത് വലിയ സംഘർഷത്തിന് വഴിവെച്ചു. ഈ സംഭവങ്ങൾ തൊണ്ണൂറാമാണ്ട് ലഹളകൾ എന്നപേരിലാണ് അറിയപ്പെടുന്നത് (1914 ആ​​ഗ​​സ്റ്റ് മ​​ധ്യം തൊ​​ട്ട് 1915 ആ​ഗ​​സ്റ്റ് മ​​ധ്യം വ​​രെ​​യു​​ള്ള ഘ​​ട്ട​​ത്തി​​ന് സ​​മ​​മാ​​യ കൊ​​ല്ല​വ​​ർ​​ഷ​​മാ​​ണ് 1090).
1907 ൽ ആണ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ആദ്യമായി താഴ്ന്ന ജാതിക്കാർക്ക് സ്ക്കൂൾ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത് .എന്നാൽ സമ്പന്നന്മാരായ ജന്മിമാർ അത് നടപ്പിലാക്കിയില്ല .അക്ഷരം അഗ്നി ആണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു . മാത്രമല്ല തങ്ങളുടെ പാടങ്ങളിൽ പണിയെടുക്കാനും , സമ്പത്തുണ്ടാക്കുന്നതിനും ഒരു ജന വിഭാഗം വേണം .അതിനു അവരെ അയിത്താചാരവും , അനാചാരവും വഴി അടിമകളാക്കി നില നിർത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു.

എന്നാൽ അയ്യൻകാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്കൂൾ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടങ്ങിയിരുന്നു .1907 ൽ ഊരൂട്ടമ്പലം സ്കൂളിലേക്ക്, പൂജാരി അയ്യർ എന്ന പിന്നോക്കാരന്റെ മകളായ പഞ്ചമിയെന്ന എട്ടുവയസുകാരി ബാലികയെയും , ഏഴുവയസുള്ള സഹോദരനായ കൊച്ചുകുട്ടിയേയും കൂട്ടി
അയ്യങ്കാളി എത്തി.അയിത്തജാതിക്കാരായ കുട്ടികളെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഹെഡ്മാസ്റ്റർ മറുപടി നൽകി.എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ മിച്ചൽസായ്പ്പിന്റെ പ്രത്യേക അനുമതി അയ്യങ്കാളി വാങ്ങിയിരുന്നു. ഹെഡ്മാസ്റ്ററുടെ നിർദ്ദേശം വകവെയ്ക്കാതെ അയ്യങ്കാളി പഞ്ചമിയെ സ്കൂളിനുള്ളിലെ ബഞ്ചിൽ കൊണ്ടിരുത്തി.സവർണകുട്ടികൾ സ്കൂളിൽ നിന്ന് വീടുകളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു . അതോടെ സ്കൂളിൽ ബഹളമുണ്ടാകുകയും ചെയ്തു.

തുടർന്ന് കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും , കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു .പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടി വയ്ക്കുകയും ചെയ്തു .ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ പ്രശ്നം മാറനല്ലൂർ ഗ്രാമത്തിൽ ആകെ പടർന്നു.ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ , ഇറയംകോട്,ആനമല ,കൊശവല്ലൂർ ,
കരിങ്ങൽ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ലഹള പടർന്നു .7 ദിവസം നീണ്ടു നിന്ന അക്രമങ്ങൾ ആയിരുന്നു ഈ പ്രദേശങ്ങളിൽ പുലയ സമുദായാംഗങ്ങൾക്കു നേരെയുണ്ടായത് .

കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും , സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു . ജീവൻ രക്ഷിക്കാനായി ആണുങ്ങൾ കുറ്റിക്കാടുകളിലും , പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ ,മാരയമുട്ടം ,പള്ളിച്ചൽ ,മുടവൂർ പാറ ,കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് ‘ഊരൂട്ടമ്പലം ലഹള’ എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെടുന്നു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.

ഊരൂട്ടമ്പലം സ്കൂളിൽ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു.അവിടെയും സവർണ്ണ ജന്മിമാർ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂൾ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി . അയിത്ത ജാതിക്കാരുടെ സ്കൂൾ പ്രവേശനം , അവർക്ക് തൊഴിൽ സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ചില ആവശ്യങ്ങൽ കൂടി ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂറിൽ ആദ്യമായി ഒരു കർഷകതൊഴിലാളി പണിമുടക്കിന് അയ്യൻകാളി ആഹ്വാനം ചെയ്തു.

1913 ജൂൺ മാസത്തിൽ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കർഷക തൊഴിലാളികൾ പണിമുടക്കി .ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു .കർഷക തൊഴിലാളികൾ പാടത്ത് ഇറങ്ങാതായതോടെ ജന്മിമാരുടെ പാടങ്ങളിൽ മുട്ടി പുല്ലു കിളിർത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാൻ ജന്മിമാർ പലതും ചെയ്തു . അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താൽ 2000 രൂപയും , 2 കഷ്ണമാക്കി കൊടുത്താൽ 1000 രൂപയും ഇനാം പ്രഖ്യാപിച്ചു.കർഷക തൊഴിലാളികൾ മുഴുവനും പട്ടിണിയിലായപ്പോൾ അയ്യൻകാളി അതിനും പ്രതിവിധികൾ കണ്ടെത്തി. തീരദേശത്തെ മത്സ്യതൊഴിലാളികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി കർഷക തൊഴിലാളികളെ അവർ മത്സ്യബന്ധനത്തിൽ പങ്കാളികളാക്കി .

സമരം ശക്തമായതോടെ എങ്ങനെയും സമരം തീർക്കണമെന്ന ചിന്ത ജന്മിമാർക്കും , സർക്കാരിനും ഉണ്ടായി .ഇതിന്റെ ഫലമായി അന്നത്തെ ദിവാൻ രാജഗോപാലാചാരി സമരം ഒത്തു തീർപ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു.ഫസ്റ്റു ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി .കെ നാഗർപിള്ള ആയിരുന്നു മധ്യസ്ഥൻ .ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തീർപ്പാക്കി . ഇതിനോട് ജന്മിമാരും സഹകരിച്ചു .ജോലി സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു .1914 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു .അങ്ങനെ 1913 ജൂണിൽ തുടങ്ങിയ ആദ്യത്തെ കർഷകതൊഴിലാളി സമരം 1914 മെയിൽ അവസാനിച്ചു.

തി​​രു​​വി​​താം​​കൂ​​ർ ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​മാ​​യ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ​​ട് അ​​ടു​​ത്തു​​കി​​ട​​ക്കു​​ന്ന നെ​​യ്യാ​​റ്റി​​ൻ​​ക​​ര താ​​ലൂ​ക്കി​​ലാ​​ണ് ഊ​​രൂ​​ട്ട​​മ്പ​​ലം സ​​ർ​​ക്കാർ പ​​ള്ളി​​ക്കൂ​​ടം ഉള്ളത്.ജന്മിമാര്‍ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടി പള്ളിക്കൂടം പിന്നീട് രാജാവ് പുനര്‍നിര്‍മിച്ചു.സ്കൂളിൽ എല്ലാവർക്കും പ്രവേശനവും നല്‍കി. ചരിത്രത്തിന്‍റെ ഭാഗമായി മാറിയ ഈ പള്ളിക്കൂടം പിന്നീട് എല്‍.പി സ്‌കൂളായും തുടർന്ന് യു.പിയായും ഉയര്‍ന്നു.

പഞ്ചമി തൊട്ടശുദ്ധമാക്കി എന്നു പറയുന്ന ആ ബഞ്ച് ഇന്നും ഊരൂട്ടമ്പലം സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ മുറിയിൽ ഗാന്ധി ചിത്രത്തിനു താഴെയായി ചരിത്ര സ്മാരകമായി സൂക്ഷിച്ചു പോരുന്നു. പഞ്ചമിക്കായി സ്‌കൂളില്‍ ഒരു സ്മാരകം വേണമെന്ന് ആവശ്യമുയര്‍ന്നു. പിന്നീട് മാറനല്ലൂര്‍ പഞ്ചായത്ത് സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് കെട്ടിടം നിർമ്മിച്ചു .ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ ഊരൂട്ടമ്പലം സ്‌കൂളിലെ ആദ്യ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമിയുടെ പേര് നൽകി .

അങ്ങനെ ഇവിടെ പ്രവേശനം ലഭിക്കാതിരുന്ന പഞ്ചമി ഈ സ്‌കൂളിന്റെ ഭാഗമായിക്കഴിഞ്ഞു. പിന്നീട് വർഷങ്ങൾക്ക് ശേഷം ജന്മിത്വത്തിനും , ജാതി വ്യവസ്ഥക്കു മെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന ഊരൂട്ടമ്പലം ഗവ.യുപി സ്കൂൾ ഹൈടെക് ക്ലാസ് മുറികളുമായി
അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരിലാണ് ഇനി മുതൽ അറിയപ്പെടാൻ പോകുന്നത് : ഊരൂട്ടമ്പലം മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ .

വാൽ കഷ്ണം

വിദ്യകൊണ്ടല്ലാതെ അവർണ സമൂഹത്തിനുയരാൻ മറ്റൊരു മാർഗവുമില്ലെന്ന് മനസിലാക്കിയ അയ്യങ്കാളി തന്റെ ജനതയ്ക്കു വിദ്യാഭ്യാസം ലഭിക്കുവാനായി 1904 ൽ വെങ്ങാനൂരിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. അവർണരായ കുട്ടികൾക്കു വേണ്ടി അവർണ്ണർ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ സ്കൂൾ ആയിരുന്നു അത്. എന്നാൽ സ്കൂൾ നിർമ്മിച്ച അന്നെദിവസം രാത്രി തന്നെ സവർണവിഭാഗത്തിൽപ്പെട്ടവർ സ്കൂളിനു തീവെച്ചു.
അയ്യൻകാളി അനുചരന്മാരുമായി വന്ന് പുര പുനഃസ്ഥാപിച്ചു. അന്ന് രാത്രി പ്രമാണിമാർ വീണ്ടും സ്കൂളിന് തീ വച്ചു. ക്ഷമ നശിച്ച അയ്യൻകാളി മാടമ്പിമാരുമായി ഏറ്റുമുട്ടി. ദിവസങ്ങളോളം പലർക്കും പരിക്കേറ്റു. വിദ്യാർജ്ജനത്തിന്റെ പേരിൽ ചോരചീന്തി. ഒടുവിൽ തോറ്റു പിൻവാങ്ങിയത് മാടമ്പിമാരായിരുന്നു. യുദ്ധഭൂമിയിൽ നിന്നും അയ്യൻകാളിയുടെ സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി സമരത്തിന്റെ ഫലമായി 1907 ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ആദ്യമായി ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു.

⚡അറിവു നേടാനുള്ള സമരം,
⚡പണിമുടക്ക് സമരം,
⚡വഴിനടക്കൽ സമരം,
⚡ഭൂമിക്കായുള്ള സമരം,
⚡സംഘടിക്കാനുള്ള സമരം
എന്നിങ്ങനെ പൗരബോധത്തിലൂന്നിയ പോരാട്ടങ്ങൾ എഴുതപ്പെടാത്ത ചരിത്രത്തിൽ ആദ്യം രേഖപ്പെടുത്തിയ ആൾ മഹാത്മ അയ്യൻകാളിയായിരുന്നു. കേരളത്തിൻെറ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ കാലഘട്ടം തൻെറ പോരാട്ടങ്ങൾ കൊണ്ടും അവകാശ ബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹനായ അദ്ദേഹത്തെ ‘മഹാത്മ അയ്യൻകാളി’ എന്നു തന്നെ നൂറുവട്ടം വിളിച്ചാലും കുറഞ്ഞുപോകില്ല.

തൻെറ സമുദായത്തിന് 10 ബി.എ ക്കാരെ ആഗ്രഹിച്ച അദ്ദേഹത്തിന് ഇന്ന് തന്റെ സമുദായത്തിലെ കുട്ടികളുടെ ബൗദ്ധികവും , വിദ്യഭ്യാസപരവുമായ വളർച്ചയിൽ നിശ്ചയമായും നിർണായകമായ സ്വാധീനമാണുള്ളത്. കുടുബമഹിമയോ , കലാലയ ബിരുദങ്ങളോ അവകാശപ്പെടാനില്ലാത്ത ഈ മഹാത്മാവിനെ കാലമെത്ര കഴിഞ്ഞാലും ആദരപൂർവ്വം കേരള സമൂഹം സ്മരിക്കപ്പെടുമെന്നു തീർച്ച.

Leave a Reply
You May Also Like

നെഞ്ചിടിപ്പ് അറിയാൻ ഡോക്ടർക്ക് മുന്നിൽ സ്ത്രീകൾ തുണിപൊക്കി കാണിക്കുമ്പോഴുള്ള ലജ്ജയാണ് ആ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്

ഡോക്ടര്‍മാരുടെ അടയാളമായ സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിക്കപ്പെട്ടത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി ????ഫ്രഞ്ച് ഡോക്ടറായ…

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് എവിടെയാണ് ? എന്താണ് കപ്പല്‍ ലിഫ്റ്റ് ?

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി മനുഷ്യരുമായി…

1953 -ൽ നെഹ്‌റു B B C ന്യൂസ്‌ ന് നൽകിയ അഭിമുഖം

1953 -ൽ നെഹ്‌റു B B C ന്യൂസിന് നൽകിയ അഭിമുഖം .ഭാരതത്തിന്റെ 75 ആം…

എന്താണ് മസിൽ ? പ്രോട്ടീൻ പൗഡർ കഴിച്ചാൽ മസിൽ കൂടുമോ ? വേ പ്രോട്ടീൻ എന്താണ് ?

എന്താണ് മസിൽ ? പ്രോട്ടീൻ പൗഡർ കഴിച്ചാൽ മസിൽ കൂടുമോ? വേ പ്രോട്ടീൻ എന്താണ് ?…