ദൈവവിശ്വാസികളാണെന്ന് നടിക്കാൻ മടിയില്ലാത്ത, പ്രത്യേകതരം യുക്തിവാദികളുടെ സംഘമാണ് സംഘപരിവാർ

0
174


ഇൻഡ്യയിൽ ഇപ്പോഴുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടമല്ല. പക്ഷെ ഈ ഭരണകൂടത്തെ ചലിപ്പിക്കുന്ന ഗവണ്മെന്റ് ഫാസിസ്റ്റ് പ്രവണതകൾ പ്രദർശിപ്പിക്കുന്ന ഒന്നാണ്. അതിനു കാരണം അതിനെ മറഞ്ഞിരുന്നു നിയന്ത്രിക്കുന്നത് വലതു തീവ്രപക്ഷ സംഘടനയായ ആർ.എസ്.എസ്സാണ് എന്നതാണ്. സാമ്രാജ്യത്വ ശക്തികളുമായി വലിയ തോതിൽ സന്ധി ചെയ്‌തിരിക്കുന്ന ഒരു പ്രസ്ഥാനമാണത്. ഫാസിസം അതിനാൽ തന്നെ അതിന്റെ ജനിതക ഘടനയിൽ എഴുതി ചേർത്തിരിക്കുന്ന ജന്മ ഗുണമാണ്. ചരിത്രത്തിന്റെയും കാലത്തിന്റെയും അന്ധകാരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ പ്രസ്ഥാനം ജനകീയ അടിത്തറയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രത്യയ ശാസ്ത്ര ഉപകരണമാണ് ഹിന്ദുമതം. അതിനപ്പുറം അവർക്ക് ഹിന്ദുമതവുമായോ മറ്റേതെങ്കിലും വിശ്വാസവുമായോ ബന്ധവുമില്ല.

അതുകൊണ്ടു മതത്തെ സംബന്ധിച്ചുള്ള ദൈവ ദർശനങ്ങളെ ചുവടുപിടിച്ചുള്ള സംവാദങ്ങളിലൂടെ സംഘപരിവാറിനെ നിങ്ങൾക്ക് സ്പർശിക്കാനാവില്ല. ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചുള്ള ആധികൾ അവരുടെ വിഷയമല്ല. ദൈവിക നൈതിക ബോധം അവരെ അലോസര പ്പെടുത്തുന്നില്ല. ദൈവത്തിന്റെ ജനപ്രിയത യാണ് മുഖ്യം. ആ അളവിൽ, തങ്ങൾ ദൈവവിശ്വാസി കളാണെന്ന് നടിക്കാൻ മടിയില്ലാത്ത, പ്രത്യേകതരം യുക്തിവാദികളുടെ സംഘമാണ് സംഘപരിവാർ. അതുകൊണ്ട് ശരിയായ മത വിശ്വാസകളിൽ നിന്ന് വിഭിന്നമായി, പശ്ചാത്താപമില്ലാതെ ഏത് മാർഗ്ഗം സ്വീകരിച്ചും തങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ അവർക്ക് കഴിയും.

ഇൻഡ്യൻ ഭരണകൂടത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ അവർ അതിവേഗം ഫാസിസ വത്കരിച്ചു കൊണ്ടിരിക്കു കയാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അവർക്ക് അതിൽ പൂർണ്ണമായും ഇപ്പോഴും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അവർ ഇപ്പോഴും ഒരു മധ്യവർഗ്ഗ പ്രസ്ഥാനമാണ്. ഇന്ത്യയിലെ വർക്കിങ് ക്ലാസ് ഇപ്പോഴും പൂർണ്ണമായും ഹിന്ദുത്വ വത്കരിക്കപ്പെട്ടിട്ടില്ല. അതിനാൽ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ഇടത് പക്ഷ പ്രസ്ഥാന ങ്ങളുടെയും സംയുക്തവും സംഘടിതവുമായ രാഷ്ട്രീയ ഒത്തുചേരലുകൾക്കും പ്രവർത്തനങ്ങൾക്കും വലിയ സാധ്യതയും സ്‌പേസുമുള്ള ഒരു സമയമാണ് മുന്നിലുള്ളത്. എന്നാൽ ഇതിന് ശ്രമിക്കുന്നതിന് പകരം ഒന്നൊഴിയാതെ എല്ലാവരും സന്ധിചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.

ഈ സന്ധിചേരലിലൂടെ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ പാളയത്തിൽ എത്തിക്കുകയായിരിക്കും എല്ലാവരും കൂടി ചെയ്യുന്നത്. യഥാർത്ഥത്തിൽ ഈ സന്ധി ചേരലാണ് ഇൻഡ്യയിൽ ഇപ്പോൾ ഫാസിസത്തെ ശക്തിപ്പെടുത്തി കൊണ്ടിരി ക്കുന്നത്. അയോധ്യയിലെ ശിലയിടൽ പ്രത്യക്ഷപ്പെടു ത്തുന്നത് ഈ രാഷ്ട്രീയ യാഥാർഥ്യമാണ്. കോണ്ഗ്രസ് ഒട്ടും ലജ്ജയില്ലാതെ അത് തുറന്നു കാട്ടി. ഇൻഡ്യൻ ഇടതുപക്ഷം അർത്ഥഗർഭമായ മൗനത്തിൽ മുഖം പൂഴ്ത്തി. ഇടതുപക്ഷം ഒരു സംയുക്ത കറുത്തദിനം ആചരിക്കാൻ പോലുമാകാത്ത വിധം കേരളത്തിൽ നിർവീര്യമാക്കപ്പെട്ടു. ഈ രാഷ്ട്രീയ ശൂന്യതയുടെ ഫലമായി ‘ഇനി മറ്റൊന്നും ചെയ്യാനില്ല’ എന്ന നിരാശയിലേക്ക് ജനാധിപത്യ വാദികളും ഇടതുപക്ഷ വിശ്വാസികളും വീണുപോയിരിക്കുന്നു. അയോധ്യ വിധിയോടും ശിലയിടലിനോടുമുള്ള ജനാധിപത്യ/ഇടതു പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ അതിന്റെ സാക്ഷ്യപത്രമാണ്.

തൊണ്ണൂറ്റി രണ്ടിലെ ആ ഡിസംബർ ആറിന് തച്ചുടക്കപ്പെട്ടത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെയും നിയമവാഴ്ചയുടെയും താഴികക്കുടങ്ങളാണ് എന്ന് അന്നും ഇന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതല്ലാതെ അത് ഒരു മുസ്ലിം പ്രശ്നം മാത്രമായി ഇത് വരെ തോന്നിയിട്ടില്ല.
അത് പോലെ തന്നെ സുപ്രീം കോടതി ഇന്ത്യയിലെ നിയമവാഴ്ചയുടെ ധ്വംസനം എന്ന് കണ്ടെത്തിയ ബാബ്‌റി മസ്ജിദ് തകർക്കൽ നടന്ന ഡിസംബർ 6 ‘ഹിന്ദു ഗർവ് ദിവസ്’ ആയി ആഘോഷിക്കുന്നവർ പിന്നെയും പിന്നെയും തകർത്തു കൊണ്ടിരിക്കുന്നതും അതേ താഴികക്കുടങ്ങൾ തന്നെ ആണ്!!
ബാബ്‌റി മസ്ജിദ് – രാമജന്മ ഭൂമി തർക്കം കൊണ്ട് ഇവിടത്തെ സാധാരാണ മുസ്ലിമിനോ ഹിന്ദുവിനോ ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല നഷ്ടങ്ങൾ ഒരു പാട് ഉണ്ടായിട്ടുണ്ട് താനും. എന്നാൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ തർക്കം കാരണം ഈ മണ്ണിൽ കുത്തിയൊലിച്ച ചുടു ചോരയിൽ നിന്നും രാഷ്ട്രീയ ലാഭം കൊയ്തവരോ കൊയ്യാൻ ശ്രമിച്ചവരോ ആണ്. അതിൽ ഏറ്റവും ലാഭം കൊയ്തത് ബി ജെ പിയും സംഘ് പരിവാറുമാണ്!!
ഈ രാഷ്ട്രീയക്കാർ എല്ലാം അവരവർക്ക് അധികാരത്തിൽ എത്താനുള്ള കുറുക്കുവഴിയായി മതത്തെയും മതവികാരങ്ങളെയും സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഇവർ ചൂഷണം ചെയ്യുന്നതാവട്ടെ ഏത് നിമിഷവും പൊട്ടാൻ പാകത്തിൽ ‘വിശ്വാസികൾ’ കൊണ്ട് നടക്കുന്ന മതവൈകാരികതയും!!
ബാബ്‌റി മസ്ജിദ് – രാമജന്മ ഭൂമി കേസിൽ സുപ്രീം കോടതി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച അന്തിമ വിധി നിയമത്തിന്റെ സ്ട്രിക്ട് സെൻസിൽ നോക്കിയാൽ ഒരു പെർഫെക്റ്റ് വിധിന്യായം അല്ല എന്നത്‌ തർക്കമില്ലാത്ത കാര്യമാണ്. അതിനെ ന്യായ വിധി എന്ന് കാണുന്നതിനപ്പുറം ഒരു ഒത്തുതീർപ്പ് വിധി എന്ന് പറയുന്നതാണ് കൂടുതൽ ശരി.എന്നാൽ ഏത് സുപ്രീം കോടതി പറഞ്ഞാലും വർത്തമാന ഇന്ത്യയിൽ മറിച്ചൊരു വിധി പ്രായോഗികമാകില്ല എന്നത് ശബരിമല വിധിയിൽ നമ്മൾ കണ്ടതാണ് എന്നിരിക്കെ ആ വിധിന്യായം ഒരു പ്രായോഗിക വിധി ആയിരുന്നു.
എന്നാൽ അതെ വിധി ന്യായത്തിൽ ബാബ്‌റി മസ്ജിദ് പ്രശ്നത്തിൽ നാളിതു വരെ നടന്ന എല്ലാ അതിക്രമങ്ങളെയും അന്യായങ്ങളെയും കൃത്യമായി ചൂണ്ടി കാണിച്ചിട്ടുള്ളതും ഒരു ചരിത്ര രേഖയായി മാറിയ ആ വിധിന്യായത്തിലെ അത്തരം കണ്ടത്തെലുകൾ ചരിത്രത്തിന്റെ ഭാഗമായി എക്കാലവും നില നിൽക്കുകയും ചെയ്യും!!
“Lex non cogit ഡി impossibilia” എന്നൊരു ലീഗൽ മാക്സിം ഉണ്ട്; law does not compel a man to do which he cannot possibly perform എന്നതാണ് അതിന്റെ ഇംഗ്ലീഷ്. സുപ്രീം കോടതി അല്ല സാക്ഷാൽ ഭഗവാൻ ശ്രീ രാമൻ തന്നെ വന്ന് പറഞ്ഞാലും പ്രായോഗികമല്ല എന്ന് ബോധ്യമുള്ള ഒരു കാര്യം കോടതി പറയേണ്ടതില്ല, പറയില്ല, പറയരുത്!!
എന്നാൽ അതേ സുപ്രീം കോടതിക്ക്‌ ഇവിടത്തെ ന്യൂനപക്ഷ വിഭാഗത്തിന്മേൽ ഉണ്ടായിരുന്ന പ്രതീക്ഷ അവർ കാത്തു സൂക്ഷിച്ചു; ന്യായമല്ല എന്ന് ബോധ്യപ്പെട്ടിട്ടും കോടതി പറഞ്ഞ ‘ന്യായം’ അവർ അംഗീകരിച്ചു; ന്യായമല്ല എന്ന ബോധ്യത്തോടെ തന്നെ!!(ആ ന്യൂനപക്ഷം പരമോന്നത കോടതിയിൽ അർപ്പിച്ച പ്രതീക്ഷകൾ പലപ്പോഴും അസ്ഥാനത്ത് ആയിപ്പോയിട്ടുണ്ട് എന്ന് പറയാതെ പോകുന്നില്ല).
മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ആ പ്രശ്നം അവിടെ അവസാനിക്കണം. അത് അവിടെ അവസാനിക്കരുത് എന്നുള്ളത് മുസ്ലിം വൈകാരികത ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യണം എന്ന് ആഗ്രഹിക്കുന്നവരുടെ അജണ്ട ആണ്. അതിൽ പോയി തല വെച്ചു കൊടുക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധി മാത്രമാണ്.
ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു; ഭരണഘടന ഉറപ്പു നൽകിയ നിയമവാഴ്ചയും, മതേതരത്വവും, ന്യൂനപക്ഷാവകാശ സംരക്ഷണവും തകർക്കപ്പെട്ട ദിവസമാണ് 1992 ഡിസംബർ 6; അത് തിരിച്ചു പിടിക്കേണ്ട ജനാധിപത്യ പോരാട്ടം നടത്തേണ്ടത് ഈ നാടിന്റെ ആത്മാവിനെ സ്നേഹിക്കുന്ന എല്ലാവരും ചേർന്നാണ്. അതിനിടയിൽ അതി വൈകാരികത പറഞ്ഞു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞേ പറ്റൂ!!
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന്- നരേന്ദ്ര മോദി’എത്ര ലജ്ജാകരമാണ് ഒരു മതേതര രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ പ്രസ്താവന! ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രങ്ങളിൽ വിഷം ചേർത്തു എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ലാതിരുന്ന സംഘപരിവാരങ്ങളെ രാഷ്ട്രീയമായി വളർത്തിയ രഥയാത്രകളും വർഗ്ഗീയ ധ്രുവീകരണത്തിന്റെ യുദ്ധകാഹളങ്ങളും വംശഹത്യകളും, ഇന്ത്യ നടത്തിയ പോരാട്ടമായും മറ്റൊരു സ്വാതന്ത്ര്യസമരമായും രാജ്യത്തെ പ്രധാനമന്ത്രി നിർലജ്ജം വ്യാഖ്യാനിക്കുന്നത് കേട്ടിരിക്കേണ്ടിവരുന്ന ഒരു ജനാധിപത്യ മതേതര രാജ്യത്തിൻറെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ കഴിയുന്നില്ല!ഹിന്ദുത്വരാഷ്ട്രീയം എന്ന മദയാനയുടെ ചട്ടമുറിവായിരുന്നു എല്ലാക്കാലത്തും രാമക്ഷേത്രം.പതിനാറാം നൂറ്റാണ്ടിൽ പണികഴിച്ച ബാബറിപള്ളി ഏതെങ്കിലും ക്ഷേത്രം തകർത്ത് ഉണ്ടാക്കിയതാണെന്നതിന് നാളിതേവരെ ഒരു തെളിവും കിട്ടിയിട്ടില്ല.ഇനി അങ്ങനെയൊരു തെളിവ് തേടി ഭൂതകാലത്തിലേക്ക് ആഴത്തിൽ കുഴിച്ചാലും തട്ടിയും തടഞ്ഞും പുറത്തുവരിക ബുദ്ധകാലത്തിന്റെയോ അതിനുമുൻപോ ഉള്ളതോ ആയ ഏതെങ്കിലും അവശിഷ്ടങ്ങൾ ആയിരിക്കാം.ബാക്കിയെല്ലാം ആരോ പറഞ്ഞുപരത്തിയ അമ്മൂമ്മക്കഥയുടെ വികാസപരിണാമങ്ങൾ മാത്രമാണ് .അത് തന്നെയാണ് ഈ നിമിഷം വരെ എത്തിനിൽക്കുന്നതും.
ഹിന്ദുത്വ അജണ്ടകളുടെ പരീക്ഷണവിജയം എന്നതിനപ്പുറം രാജ്യത്തിൻറെ ചരിത്രത്തിൽ എന്തുപ്രസക്തിയാണ് രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനുള്ളത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.സംഘപരിവാരങ്ങൾക്കോ സോ കോൾഡ് നിഷ്പക്ഷർക്കോ പുളകം തോന്നിയേക്കാവുന്ന ചക്കരവാക്കുകൾ ചൊരിഞ്ഞ് ഒരു ശരാശരി സംഘപരിവാറുകാരൻ , ഇന്ത്യയെന്ന പരമാധികാര റിപ്പബ്ലിക്കൻ രാജ്യത്തെ ‘പ്രധാനമന്ത്രി’ എന്ന വിശിഷ്ടമായ ഒരു പദവിയിൽ ഇരുന്നുകൊണ്ട് ഭൂരിപക്ഷ മതവികാരത്തെ ത്രസിപ്പിച്ച് നടത്തിയ ഈ പൊറാട്ടുനാടകം അങ്ങേയറ്റം നിർഭാഗ്യകരമാണ്.വരാനിരിക്കുന്ന ഭീകരമായ പ്രച്ഛന്നവേഷങ്ങൾ അരങ്ങിൽ എന്തൊക്കെ ആടുമെന്ന് കണ്ടറിയണം!ആധുനിക ജനാധിപത്യബോധത്തിലേക്ക് വികസിക്കേണ്ട ഒരു തലമുറ ഇതിന്റെ മുന്നിൽ പതറിപ്പോകാതിരിക്കട്ടെ.ബഹുസ്വരതയുടെ കണ്ഠനാളങ്ങൾ നിശ്ചലമാകാതിരിക്കട്ടെ!