ഗ്രാമചത്വരത്തിലെ പക്ഷി

We have a natural right to make use of our pens as of our tongue, at our peril, risk and hazard. ~Voltaire
അതവിടെ വന്നതെങ്ങനെയെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നില്ല. അതിനെ ചൂഴ്ന്നുനിന്ന വിസ്മയവര്ണ്ണങ്ങളാണുഭ ആദ്യം കണ്ണില്‍പ്പെട്ടത്. പിന്നെ ഒരു ദിവസം തന്റെ മധുരശബ്ദത്തില്‍ അത് പാടിത്തുടങ്ങി. ഗ്രാമത്തിലുള്ളവരെല്ലാം അതിന്റെ ശബ്ദത്തിന്റെയും വര്‍ണ്ണത്തിന്റെയും മാസ്മരികതയില്‍ ഭ്രമിച്ച് അതിനു ചുറ്റും നൃത്തം വെച്ചു. അവര്‍ക്കിടയിലുണ്ടായിരുന്ന കവികളില്‍ പാരമ്പര്യക്കാര്‍ വൃത്തബദ്ധമായും ആധുനികര്‍ വൃത്തമില്ലാതെ മുറിഞ്ഞ വരികളിലും അതിനെപ്പറ്റി കവിതകളെഴുതി, പാടിനടന്നു. ക്രമേണ ഞങ്ങളുടെയെല്ലാം ദിവസങ്ങളില്‍ ഒരു ഭാഗം, അതിരുന്ന ഗ്രാമചത്വരത്തിലെ വൃക്ഷത്തിനു ചുറ്റുമായി കറങ്ങിത്തിരിഞ്ഞു. ഗ്രാമത്തിലെ കുട്ടികള്‍ പാഠശാലകളിലെത്താതെ ചത്വരത്തിലും അതിനടുത്തുള്ള ഊടുവഴികളിലും ചുറ്റിനടന്നു. അവിടെ പുതുതായുയര്‍ന്ന മുറുക്കാന്‍ കടകളില്‍ നിന്നും വാങ്ങിയ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ലഹരിത്തരികള് നുണഞ്ഞ് ഇടവഴികളില്‍ തുപ്പി അവിടമാകെ ചുവപ്പുനിറം പടര്‍ത്തി. അവരുടെ അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്കു നഷ്ടപ്പെടുന്ന പാഠങ്ങളെയോര്ത്ത് വേവലാതിപ്പെട്ടെങ്കിലും ചത്വരത്തിലെത്തുന്നത് ആധുനികതയുടെ വഴക്കമായി അതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതിനാല് അവര്‍ തങ്ങളുടെ വേപഥുവൊതുക്കി ശാന്തരായി.
ഗ്രാമത്തിലെ പക്ഷിശാസ്ത്രജ്ഞരും പ്രക്രുതിസ്നേഹികളും തങ്ങള്‍ പഠിച്ച പരിണാമശാസ്ത്രത്തിലോ വര്ഗ്ഗീകരണപ്പട്ടികയിലോ അങ്ങനെയൊരു ജനുസ്സിനെ കാണാഞ്ഞ് ആശങ്കപ്പെട്ടു. സൂക്ഷ്മനിരീക്ഷണത്തില്‍, മിക്ക പക്ഷികളെയും പോലെ ഫലാഹാരിയായ ഒരു സാധുവാണതെന്ന് അവര്‍ മനസ്സിലാക്കി. ചില യുവാക്കള്‍, ചത്വരത്തിനടുത്ത് പുതുതായിത്തുടങ്ങിയ തീന്മാളികയില് നിന്നും വാങ്ങിയ പന്നിയുടെ മാംസം അരച്ചുപരത്തി പൊരിച്ചെടുത്ത് വശങ്ങളില് അപ്പക്കഷണങ്ങള്‍ വെച്ചു പൊതിഞ്ഞ പുതിയൊരു വിഭവം (എന്നാലത് പടിഞ്ഞാറുകാരുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്നു) പക്ഷിയുടെ മുന്നില്‍ വെച്ച് അതിനെ പ്രലോഭിപ്പിക്കാന്‍ നോക്കി. പക്ഷിയാകട്ടെ, നിര്‍മമമായ ഒരു നോട്ടത്തോടെ അതിനെ അവഗണിച്ചു. എന്നാല്‍ ചത്വരം വിജനമായ രാത്രികാലത്ത് പക്ഷിനിരീക്ഷകരുടെ കണ്ണുകള്‍ തന്റെമേല്‍ ഇല്ലെന്ന് ഉറപ്പാക്കിയ പക്ഷി ക്ഷണനേരംകൊണ്ട് അതെല്ലാം അകത്താക്കി തന്റെ ഗൃഹാതുരതയോട് കൂറുകാട്ടി.
അങ്ങനെയിരിക്കെ ഒരുദിവസം പക്ഷി സംസാരിക്കാന്‍ തുടങ്ങി. തനിക്കുചുറ്റും കൂടുന്നവരുടെ ആശംസകളും കുശുകുശുക്കലുകളും ഏറ്റുപറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ക്രമേണ, ഗ്രാമം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നവയൊക്കെ, രഹസ്യം സൂക്ഷിപ്പുകാരില്നിന്നു തന്നെ പക്ഷിയുടെ ചെവിയിലെത്തി. പക്ഷി തന്നെത്തേടിയെത്തിയവരോട് അതൊക്കെ രഹസ്യമായി എറ്റുപറഞ്ഞു. ഗ്രാമമുഖ്യന്റെ അപഥസഞ്ചാരവും ഖജനാവുസൂക്ഷിപ്പുകാരന്റെ കയ്യിട്ടുവാരലും മുതല്‍ ഗ്രാമസമൂഹത്തിന്റെ ഓരോ അപഭ്രംശവും അങ്ങാടിപ്പാട്ടായി. കൂട്ടിക്കൊടുപ്പുകാരനും നോട്ടിരട്ടിപ്പുകാരനും തങ്ങള്‍ സൂര്യനു താഴെ നഗ്നരായി നില്ക്കുന്നതായി അനുഭവപ്പെട്ടു. പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും തങ്ങളുടെ ഗുദാമുകളുടെ വാതിലുകള്‍ അനാവൃതമാകുന്നതുകണ്ട് ഞെട്ടി. തങ്ങളെ നിത്യദാരിദ്ര്യത്തിലേക്കു തള്ളിയിട്ടിരിക്കുന്ന ഭരണക്കാരുടെ നൃശംസതകള്‍ കണ്ട് ഗ്രാമജനത ഇളകിവശായി. അവര്‍ ചത്വരത്തിനു ചുറ്റും ഒത്തുകൂടുകയും ഭരണാധിപന്മാര്ക്കെതിരെ പന്തം കൊളുത്തി ആക്രോശിക്കുകയും ചെയ്തു. പക്ഷിയാകട്ടെ, ദേശാന്തരങ്ങള്‍ താണ്ടുന്ന തന്റെ ശബ്ദത്താല്‍, അയല്‍ഗ്രാമങ്ങളിലും പൂമണമുള്ള പന്തങ്ങള്‍ക്ക് തീ പകര്‍ന്നു.
ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പ്, അതിനെ ബാധിച്ച വ്രണങ്ങളെ മൂടിവെക്കുന്നതിലുള്ള അധികാരികളുടെ ശുഷ്കാന്തിയെ ആശ്രയിച്ചാണിരിക്കുന്നത്. തങ്ങള്‍ക്കെതിരെ രൂപം കൊള്ളുന്ന കൊടുങ്കാറ്റിനെപ്പറ്റി ഭരണാധിപന്മാര് ജാഗ്രവാന്മാരായി. മുഖ്യ ന്യായാധിപനെ കാര്യങ്ങള്‍ തെര്യപ്പെടുത്തി, തങ്ങള്‍ക്കു വേണ്ട ഉത്തരവുകള്‍ എഴുതിവാങ്ങി. അനന്തരം ഉത്തരവുകളുമായി മുന്നേറിയ പീരങ്കിപ്പട ചത്വരത്തിനു ചുറ്റും തടിച്ചുകൂടിയ ജനതതിക്കുനേരെ കനിവുണ്ടകള് കത്തിച്ചുവിട്ടു. ശ്വാസം നിലച്ചുപോയവരെ ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള ചതുപ്പു നികത്താന്‍ വിട്ട് മറ്റുള്ളവരെ കോട്ടയ്ക്കുള്ളിലെ പ്രകാശനിബദ്ധമായ അറകളില്‍ സുഖവാസത്തിനയച്ചു.
ചത്വരത്തില്‍ മടങ്ങിയെത്തിയ കിങ്കരന്മാര് ന്യായശാസനങ്ങളില് എഴുതിയിരുന്നതുപോലെ, പക്ഷിയെപ്പിടിച്ച് നാവരിഞ്ഞ് ചുണ്ടുകള്‍ ചേര്‍ത്തുവെച്ച് ഭരണമുദ്രയായ സ്വസ്തിക അടയാളപ്പെടുത്തി വര്‍ണ്ണമനോഹരമായ ചില്ലുകൂട്ടിലടച്ചു.
*** *** ***
ഗ്രാമത്തിലിപ്പോള്‍ ശാന്തിയും സമാധാനവും കളിയാടുന്നു. ന്യായപാലനം എത്രയും ശുഷ്കാന്തിയോടെ നടത്തപ്പെടുന്നു. ഞാനിതാ, വളരെനാളായി നിലച്ചുപോയ എന്റെ രാത്രിസഞ്ചാരത്തിനായി ഇറങ്ങുന്നു….
405 total views, 3 views today
