” 2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ “

എഴുതിയത് : ജോയ്സൻ ദേവസി
കടപ്പാട് : ചരിത്രാന്വേഷികൾ

ഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു കൂട്ടം മഹാശിലായുഗകാലത്തെ ശവകല്ലറകളെക്കുറിച്ച്,” വനപാതയിൽ കണ്ട ശവകല്ലറകൾ” എന്ന ശീർഷകത്തിൽ ഒരു വിവരണം ഞാൻ തയ്യാറാക്കിയിരുന്നു. അതു വായിച്ച ഒരുപാടുപ്പേർ അവരുടെ ആംശസകളും, അഭിപ്രായങ്ങളും രേഖപ്പെടുത്തുകയുണ്ടായി. ശേഷം വിലപ്പെട്ട ഒരുപാട് അറിവുകൾ പലരും അറിയിക്കുകയും, ചർച്ചചെയ്യുകയും അതു ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരുപാട് ചരിത്രകുതുകികൾക്ക് ആശ്രയകരമാണെന്നതും മറ്റും വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത്, എന്റെ വിവരണം ശ്രദ്ധിച്ച പ്രസ്തുത സ്ഥലത്ത് മുൻപ് താമസിച്ചിരുന്ന ഒരു വ്യക്തി നൽകിയ ഇതേ വിഷയത്തെക്കുറിച്ചുള്ള മറ്റൊരു അറിവിനെക്കുറിച്ചാണ്. നേരത്തെ ഞാൻ കണ്ടെത്തിയ മഹാശിലായുഗത്തിലെ ഒരു കൂട്ടം ശവകല്ലറകൾക്കു പുറമേ, വേറെയും ആ പ്രദേശത്ത് കാണാനാകുമെന്നും അവർ എന്നോട് പറഞ്ഞു. മാത്രമല്ല ഇവ നിൽക്കുന്ന സ്ഥലം കാടിനുള്ളിലേയ്ക്ക് കയറി മലയ്ക്കു മുകളിലായാണെന്നും, അവിടേക്ക് എങ്ങനെ എത്തിച്ചേരണമെന്നുള്ള വഴിയും അവർ നിർദ്ധേശിച്ചു തന്നു. വിലപ്പെട്ട ഈ വിവരങ്ങൾ ശേഖരിച്ചതിനു ശേക്ഷം, കുറച്ചു തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ഞങ്ങൾ കാട് കയറിയത്.

 എറണാകുളം ജില്ലയിലെ മലയാറ്റൂർ തുടങ്ങി അതിരപ്പിള്ളി റോഡിലേക്ക് എത്തിച്ചേരുന്നു പ്ലാന്റേഷൻ എസ്റ്റേറ്റിനുള്ളിലാണ് ഈ ചരിത്രനിധി സ്ഥിതിചെയ്യുന്നത്. രാവിലെതന്നെ ബൈക്കുമായി ചെക്ക്പോസ്റ്റ് പിന്നിട്ടു യാത്രതുടർന്ന ഞങ്ങൾ പ്രധാനസ്ഥലത്ത് എത്തുമ്പോഴുള്ള അവസ്ഥ കുറച്ചു ഭീകരമായിരുന്നു. നാട്ടുകാരും, ഗാർഡുകളും എല്ലാം പതിവിലും വിപരീതമായി റോഡിൽ ഒത്തുകൂടി നിൽക്കുന്നു. ചോദിച്ചപ്പോഴാണ് പറയുന്നത് 25 ഓളം ആനകളടങ്ങുന്ന ഒരു കൂട്ടം കാടിറങ്ങി വന്നിട്ടുണ്ടെന്നും, രംഗം കുറച്ച് മോശമാക്കിയാണ് അവരുടെ നിൽപ്പെന്നും. ഈ അവസ്ഥയിൽ കാട്ടിനുള്ളിലേക്ക് എങ്ങനെ പോകുമെന്ന് കരുതി ആശയക്കുഴപ്പത്തിലായ ഞങ്ങൾക്ക് പ്രദേശവാസിയായ ഒരു ചേട്ടൻ അല്പം ധൈര്യം തന്നു. മാത്രമല്ല പകുതിദൂരം അദ്ദേഹം കൂടെ വരികയും പിന്നെ പോവേണ്ട വഴി വിശദമായി കാണിച്ചുതരികയും ചെയ്തു. ആനയെ കണ്ടാൽ പേടിക്കണ്ടാനും, പുലിയോ ചീറ്റയോ ഉണ്ടേൽ സുക്ഷിച്ചാൽ മതിയെന്നും പറഞ്ഞു ആശാൻ ഞങ്ങളെ യാത്രയാക്കി. ഇതും കൂടി കേട്ടപ്പോൾ ഭയം ഇരട്ടിച്ചെങ്കിലും, കാടിനെയും കാട്ടുമൃഗങ്ങളെയും നല്ല രീതിയിൽ അറിയുന്ന കൂട്ടുകാരൻ കൂടെയുള്ള ധൈര്യത്തിൽ വരുന്നത് വരട്ടെയെന്ന് കരുതി ഞാൻ മലകയറി. മുകളിൽ ചെന്നപ്പോഴുള്ള അവസ്ഥ വേറെയൊന്നു തന്നെയാണ്. നേരത്തെ ഞാൻ കണ്ടത് “സിസ്റ്റ്” എന്നറിയപ്പെടുന്ന “ശവകല്ലറകൾ ” ആയിരുന്നെങ്കിൽ ഇവിടെയുള്ളത് “ഡോൾമെൻ ” അഥവാ “മുനിയറകൾ ” ആയിരുന്നു. മഹാശിലായുഗത്തിലെ ഒരു ശവം മറവു ചെയ്യുന്ന അഥവാ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയാണ് മുനിയറകൾ. ഇതിനകത്തായി പരേതനായ വ്യക്തിയുടെ ദഹിപ്പിച്ചതോ, അഴുകിപ്പിച്ചതോ ആയ അവശിഷ്ടങ്ങൾ പല ആകൃതിയിലുള്ള, കാലുകൾ ഉള്ളതും ഇല്ലാത്തതുമായ കലങ്ങളിൽ നിഷേപിച്ചു വെക്കുന്നു. ചിലപ്പോൾ ഇതിനകത്തു നിന്നും “സർക്കോഫാഗസ്” അഥവാ ശവപ്പെട്ടിയും, കല്ലിൽ തീർത്തതും, ഇരുമ്പിൽ നിർമ്മിച്ചതുമായ ആയുധങ്ങളും ലഭിക്കാറുണ്ട്. ഞാൻ ഇവിടം എത്തിയപ്പോൾ മുനിയറയുടെ അകം മുഴുവനായും തുറന്നുകിടക്കുന്ന രീതിയിലായിരുന്നു. അകത്ത് ഏതോ വന്യമൃഗങ്ങൾ കൂടൊരിക്കയതായി തോന്നിക്കുന്ന പുൽത്തകിടികളും കണ്ടു. എന്തായാലും നല്ല തനതായ ആക്യതിയോടെ രണ്ടു മുനിയറകൾ ഇവിടെ കാണാൻ സാധിച്ചുവെന്നത് ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു. 2000 വർഷങ്ങൾക്കിപ്പുറവും, ആരും സംരഷിക്കാനില്ലാഞ്ഞിട്ടും, വന്യമ്യഗങ്ങൾ വിഹരിക്കുന്ന ഇടമായിട്ടും കൂടി ഈ നിർമ്മിതികൾ അധികം നാശനഷ്ടങ്ങൾ ഏറ്റുവാങ്ങാതെ നിലകൊണ്ടുവെന്നത് അദ്ഭുതം തന്നെ. എല്ലാം വേണ്ട രീതിയിൽ കണ്ടശേഷം കുറച്ചു ചിത്രങ്ങളുമെടുത്ത് വന്യമൃഗങ്ങളുടെ ക്ഷമ പരീഷിക്കാതെ ഞങ്ങൾ മലയിറങ്ങി പോന്നു, ഒരുപാട് സന്തോഷത്തോടെ .

ദക്ഷിണേന്ത്യയുടെ തനതായ ഒരു ചരിത്രകാലഘട്ടമായ മഹാശിലായുഗ സംസ്ക്കാരത്തിലെ ഒരു നിർമ്മിതിയാണ് ഈ ശവകല്ലറകൾ. പൊതുവേ 1400 Bce (പൊതുവർഷത്തിനു മുൻപ്) 500 Ce(പൊതുവർഷത്തിനും) ഇടയിലാണ് ഈ നിർമ്മിതികളുടെ കാലഘട്ടം അനുമാനിച്ചിരിക്കുന്നതെങ്കിലും, ഡെക്കാൻ, കേരളം, തമിഴ്നാട്, കർണ്ണാടക പ്രദേശങ്ങളിൽ നിന്നും ലഭ്യമായ പഠന വിവരങ്ങനുസരിച്ച് കാലഘട്ടങ്ങൾക്ക് ഒന്നിൽ നിന്നും മാറ്റങ്ങളുണ്ട്. നമ്മുടെ തൃശ്ശൂരിലെ മച്ചാട്, പഴയന്നൂർ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച നിർമ്മിതികളുടെ കലപ്പഴക്കം നിർണ്ണയിച്ചിരിക്കുന്നത് 200 Bce – 200 Ce ക്കും ഇടയിലാണ്. അതേപ്പോലെ മറ്റൊരു കേന്ദ്രമായ കൊല്ലത്തുള്ള മങ്ങാട് നിന്നും കണ്ടെത്തിയ ഈ കാലഘട്ടത്തിലെ പുരാവസ്തുക്കളുടെ കാലപ്പഴക്കം 1000 Bce – 100 Bce വരെയാണ്. ഇവിടെ കേരളത്തിൽ പ്രത്യേകിച്ചും വെങ്കല സംസ്ക്കാരത്തെക്കുറിച്ചുള്ള തെളിവുകൾ നന്നേ കുറവായതിനാൽ മറ്റു വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ നമുക്ക് മഹാശിലായുഗത്തോടൊപ്പം വരുന്നത് ഇരുമ്പ് യുഗമാണ്. അതേ, ലോകത്തിലെ മഹത്തായ ഇരുമ്പു സംസ്ക്കാരങ്ങളായ ഗ്രീക്ക്, റോമൻ, ഇറാനിയൻ തുടങ്ങീയവരുടെ കൂടെ നമ്മുടെ നാട്ടിൽ വളർന്ന മഹത്തായ ഒരു സംസ്ക്കാരമാണ് മഹാശിലായുഗം. ഇരുമ്പുസംസ്ക്കാരത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തെക്കുറിച്ചുള്ള ശക്തമായ ഒരു തെളിവാണ് ഞാൻ കണ്ട ഈ ശവകല്ലറ. വലിയ കരിങ്കല്ലുകൾ ഇരുമ്പായുധങ്ങളുടെ സഹായത്തോടെ മുറിച്ച് ഓരോ ദീർഘചതുരത്തിലുള്ള ഭാഗങ്ങളാക്കി മുകളിലടക്കം നാലുഭാഗങ്ങളാക്കി ദീർഘചതുരാക്രൃതിയിൽ അടുക്കിവെച്ച് തീർത്തൊരു വലിയ കല്ലറയാണ് CIST അഥവാ ശവകല്ലറ. ഈ നിർമ്മിതി 90% മാനവും മണ്ണിനടിയിലായിരിക്കും. ഇതേ നിർമ്മിതി 90 % മണ്ണിനു മുകളിലായി, മേലെയൊരു കല്ലുപാളിയുമായി മൊത്തത്തിൽ അഞ്ചു കരിങ്കൽ ഭാഗങ്ങളായി കാണുന്നതാണ് Dolmens.

ഇതുതന്നെ 50 % മണ്ണിനു താഴെയും 50% മുകളിലുമായി കാണുന്ന നിർമ്മിതിയെ Dolmenoid Cist എന്നും അറിയപ്പെടുന്നു. ഈ ശവകല്ലറകളുടെ വായഭാഗം അഥവാ വാതിലായി വിശേഷിപ്പിക്കാവുന്ന ഭാഗത്ത് ഒരു Porthole അഥവാ അറയുടെ അകത്തേക്കായുള്ള ഒരു കിളിവാതിൽ കാണാവുന്നതാണ്. ഈ നിർമ്മിതികളെ പൊതുവായി ശവകല്ലറ, മുനിയറ എന്നു വിളിക്കുന്നു. എന്നിരുന്നാലും മുനിയറ എന്നപേര്, ശരിക്കും മുനികളും തപസ്സുമായി ഈ നിർമ്മിതികൾക്ക് യാതൊരു ബദ്ധമില്ലെങ്കിലും പേരിലെ അറയെ കാണിക്കും പോലെ ചെങ്കൽ തുരന്ന് അറകൾ നിർമിച്ചു ശവസംസ്ക്കാരത്തിനായി ഉപയോഗിക്കുന്ന Rock Cut Cave/Chamber നാണ് കൂടുതൽ അനുയോജ്യം. ഇവ കൂടാതെ കുടകല്ല്, തൊപ്പികല്ല്, നാട്ടുകല്ല്, കല്‌ല്പട്ടം,നന്നങ്ങാടി, ശവപ്പെട്ടി തുടങ്ങിയ ഒരുപാട് നിർമിതികളും നമുക്കീ കാലഘട്ടത്തിൽ കാണാം. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ, തൃശ്ശൂരിലെ ചൊവ്വന്നൂർ, പോർക്കളം, അരിയന്നൂർ, മലപ്പുറത്തെ കക്കാട് തുടങ്ങീയ സ്ഥലങ്ങൾ ഇത്തരം നിർമ്മിതികളാൽ പ്രസിദ്ധമാണ്. തെക്കേ ഇന്ത്യയിൽ 1200 Bce യിൽ PGW അഥവാ ചാരനിറം പൂശിയ പാത്രങ്ങളുടെ കൂടെയാണ് ഇരുമ്പുയുഗവും മേൽപ്പറഞ്ഞ നിർമ്മിതികളും വരുന്നത്. ഈ മുനിയറ, ശവകല്ലറ, നന്നങ്ങാടി എന്നിവയിൽ നിന്നും മനുഷ്യന്റെയും മ്യഗങ്ങളുടെയും അസ്ഥികൾ നിറച്ച മൺകലങ്ങൾ ധാരാളം കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ പലതരം ഇരുമ്പായുധങ്ങൾ, കല്ലുകളിൽ തീർത്ത ആഭരണങ്ങൾ തുടങ്ങീയവയും പുരാവസ്തുഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.

*തമിഴ്നാട്ടിലെ ആദിച്ചനെല്ലൂർ, അമ്യതമംഗലം, കുന്നത്തൂർ,സനൂർ, തെങ്കാശി, കോർക്കയ്, കലുഗുമലയ്, പുതുക്കോട്ടെയ്,ഒധുഗത്തൂർ. *കേരളത്തിലെ പുലിമാട്ടു, ശെങ്കോട്ട, മുതുക്കാർ, പെരിയകനാൽ, മങ്ങാട് . *ആദ്രപ്രദേശിലെ കഥംബപൂർ, നാഗർജുനകൊണ്ട, യെല്ലേശ്വാരം, ഗല്ലപള്ളി, അമരാവതി . തുടങ്ങീയ സ്ഥലങ്ങൾ ദഷിണേന്ത്യയിലെ പ്രധാന മഹാശിലായുഗ, ഇരുമ്പുയുഗ കേന്ദ്രങ്ങളാണ്. ഈ കാലഘട്ടത്തിലെ ജനങ്ങൾ പ്രധാനമായും ഒരു കൂട്ടം നാടോടികളുടെയും ആട്ടിടയൻമാരും അടങ്ങുന്ന സംഘങ്ങളായിരുന്നു.
ഈ ചരിത്രനിധി പരിചയപ്പെടുത്തിയ പ്രിയ സുഹ്യത്തായ Vineetha Vineesh ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.

കൂടുതൽ ചിത്രങ്ങൾക്കായി👇
https://m.facebook.com/story.php?story_fbid=423196702932327&id=100057260027527

You May Also Like

ചന്ദ്രനെ നോക്കുമ്പോൾ, അത് നമ്മുടെ ഭൂതകാലത്തിന്റെ പ്രതീകം മാത്രമല്ല, നമ്മുടെ ഭാവിയിലേക്കുള്ള വഴി തെളിയിക്കുന്ന ഒരു വിളക്കുമാടവുമാണ്

free thinker കടപ്പാട് : നമ്മുടെ പ്രപഞ്ചം മനുഷ്യചരിത്രത്തിലുടനീളം എണ്ണമറ്റ കഥകൾക്കും കെട്ടുകഥകൾക്കും ശാസ്ത്രീയ അന്വേഷണങ്ങൾക്കും…

എന്തുകൊണ്ട് എയർ കണ്ടിഷറിന്റെ കപ്പാസിറ്റി ടണ്ണിൽ അളക്കുന്നത് ?

എയർ കണ്ടീഷനിംഗ് വ്യവസായത്തിലെ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പദങ്ങളിലൊന്ന് “ടൺ” ആണ്

എന്താണ് മുരു ?

എന്താണ് മുരു ? കേരളത്തിൻ്റെ പല ഭാഗങ്ങളിലും പതിറ്റാണ്ടുക ളായി തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ…

ആരാണ് ‘ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയ’ത്തിലെ ചന്ദ്രശേഖരന്‍ ?

ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരിലാണ് ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്‌റ്റേഡിയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.2012ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നാ യിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം.