എഴുതിയത് : Jenu Johny

1991ൽ ഇറങ്ങിയ സിനിമകളാണ് പെരുന്തച്ചൻ , ഗോഡ്ഫാദർ , മൂക്കില്ലാരാജ്യത്ത് , സന്ദേശം , ജോർജുകുട്ടി c/o ജോർജുകുട്ടി , കിലുക്കം. തിലകൻ ഇല്ലാതെ സങ്കൽപ്പിക്കാൻ പ്രയാസമുള്ള ആറ് ചിത്രങ്ങൾ. രൂപത്തിലും ഭാവത്തിലും വളരെയധികം വൈവിധ്യം ഉള്ളതും സിനിമയിൽ അങ്ങേയറ്റം പ്രാധാന്യമുള്ളതും ആയ ആറ് കഥാപാത്രങ്ങൾ.

പെരുന്തച്ചനിലെ അഭിനയം മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന പേര് തിലകന് നേടിക്കൊടുത്ത സിനിമയാണ്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയെങ്കിലും നാഷണൽ അവാർഡ് തിലകന് ലഭിക്കാതെ അഗ്നീപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചന് ലഭിച്ചതിനോട് യോജിക്കാൻ കഴിയില്ല. അന്നൊരു സംസാരം ഉണ്ടായിരുന്നു , ‘ കൊച്ചനെ തച്ചൻ ചതിച്ചപ്പോൾ തച്ചനെ ബച്ചൻ ചതിച്ചു. ‘
ഗോഡ്ഫാദറിൽ അഞ്ഞൂറാനായി അഭിനയിക്കാൻ NN പിള്ള സമ്മതിച്ചില്ലേൽ തിലകൻ ഡബിൾ റോൾ അഭിനയിക്കേണ്ടി വന്നേനെ എന്ന് സംവിധായകർ പറഞ്ഞിട്ടുണ്ട്. എന്നാൽ ബാലരാമൻ ആയിട്ട് തിലകനെ കിട്ടിയില്ലേൽ ആ റോള് ചെയ്യാൻ വേറെ ഒരാളില്ല. അച്ഛന്റെ മുന്നിൽ മാത്രം ഭയത്തോടെ നിന്ന് ബാക്കി ആരെവേണേലും ഭയപ്പെടുത്താൻ കഴിയുന്ന വീരശൂരനായ ബാലരാമൻ തിലകന്റെ കൈയിൽ ഭദ്രം ആയിരുന്നു.

Image may contain: 8 people, people smilingമേൽപറഞ്ഞ രണ്ടു കഥാപാത്രങ്ങൾ ചെയ്ത ഒരാളെക്കൊണ്ട് പറ്റുമെന്ന് തോന്നാത്ത വേഷമാണ് മൂക്കില്ലാരാജ്യത്തെ കേശു. ക്രിയേറ്റിവ് ആയി കഥാപാത്രത്തെ ഇമ്പ്രവൈസ് ചെയ്യുന്നതിന്റെ ഒക്കെ ബെസ്റ്റ് ഉദാഹരണം. ഒരു പോലീസുകാരനോട് വിനയത്തോടെ കാണാതായവനെ അന്വേഷിച്ചിട്ട് പെട്ടെന്ന് പരുക്കനായി താങ്ക്യൂ എന്ന് പറയുന്ന രംഗം ഒക്കെ സ്മൂത്തായ വേരിയേഷനാണ്. ഫിസിക്കലായി സ്‌ട്രെയിൻ എടുക്കേണ്ടതും വ്യത്യസ്തമായ ബോഡി ലാംഗ്വേജുമുള്ള വേഷം തിലകൻ അനായാസം അഭിനയിച്ചു, ഇന്നും ചിരിപ്പിക്കുന്നു.

സന്ദേശത്തിലെ രാഘവൻ നായർ മക്കളുടെ വഴക്കിനിടയിൽ പെട്ടുപോവുന്ന സാധു ആയ അച്ഛൻ ആയിരുന്നു ആ വേഷം വളരെ സറ്റിലായി അദ്ദേഹം അവതരിപ്പിച്ചു. സിനിമയുടെ ക്‌ളൈമാക്‌സിൽ മാത്രമാണ് കഥാപാത്രത്തിന് വ്യത്യാസം ഉണ്ടാവുന്നത് , അതുവരെ ലീഡ് ചെയ്തവരെ നിഷ്പ്രഭമാക്കി ക്ലൈമാക്സ് ഒറ്റക്ക് അങ്ങ് സ്‌കോർ ചെയ്തു തിലകൻ.

അതുപോലെ തന്നെ കിലുക്കം എന്ന് പറയുമ്പോ ആദ്യം ഓർമ്മ വരിക മോഹൻലാൽ ജഗതി രേവതി ഒക്കെയാണേലും , അതിലെ കോമഡി പോർഷനും ഡ്രാമ പോർഷനും ഒരേപോലെ കൈകാര്യം ചെയ്തത് തിലകനാണ്. കിലുക്കത്തിലെ ക്ലൈമാക്സിലും കഥയുടെ ചുരുളഴിയുന്ന ഭാഗം ജസ്റ്റിസ് പിള്ള ആയി അദ്ദേഹം അങ്ങേയറ്റം മനോഹരമാക്കി.

തിലകന്റെ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു അണ്ടർറേറ്റഡ് കഥാപാത്രം ആയിരിക്കും ചീരങ്കണ്ടത്ത് ഇട്ടിച്ചൻ. മരുമകന്റെ ശത്രു ആയ ഒരു പക്കാ പരുക്കൻ ആൽഫ മെയിൽ പ്രമാണി അച്ചായൻ. സന്ദേശത്തിലെ അച്ഛന്റെ നേരെ വിപരീത കഥാപാത്രം.

ഒരു ഒറ്റ വർഷം മാത്രം റിലീസായ ചിത്രങ്ങളിൽ ആണ് പരസ്പരം യാതൊരു സാമ്യവുമില്ലാത്ത ആറ് പ്രധാന കഥാപാത്രങ്ങൾക്ക് അദ്ദേഹം ഏറ്റവും മികച്ച നിലവാരത്തിൽ സ്‌ക്രീനിൽ ജീവൻ നൽകി പ്രേക്ഷക പ്രശംസ നേടിയത്. തിലകനെ മലയാളം കണ്ട ഏറ്റവും മികച്ച നടനെന്നോ , ഇന്ത്യയിലെ തന്നെ മഹാനടനെന്നോ ഒക്കെ വിളിച്ചാൽ അതിശയോക്തിയോ ബിംബവത്കരണമോ അല്ല സ്‌ക്രീനിൽ കണ്ട് ബോധ്യപ്പെടാവുന്ന വസ്തുത മാത്രമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.