പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു

0
463

പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു (പത്തുമാസങ്ങൾക്കു മുമ്പ് സംഭവിച്ചത് )

ആസാമിൽ നിന്നും ഒരു നല്ല വാർത്ത, മാനുഷികത ജയിക്കുന്ന ഏത് വാർത്തയും നല്ല വാർത്തയാണ്.

ഒരു മുസ്‌ലിം അദ്ധ്യാപകന്റെ ഭാര്യ ആൺകുട്ടിയെ പ്രസവിച്ചു. ഏതാനും ദിവസങ്ങൾക്കകം തന്നെ മാതാവിന് ഒരു സംശയം. കുഞ്ഞിന് തന്റെ കുടുംബത്തിലെ ആരുമായും രൂപ സാദൃശ്യമില്ല. മാത്രമല്ല, താൻ പ്രസവിച്ച അന്നേ ദിവസം ആശുപത്രിയിൽ പ്രസവിച്ച ബോഡോ യുവതിയുമായി കുഞ്ഞിന് നേരിയ മുഖച്ഛായ. സംശയം ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയുമായി ബന്ധപ്പെട്ടു. “ഭാര്യയെ മാനസിക രോഗത്തിന് ചികിത്സിക്കൂ” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

അദ്ദേഹം പിന്മാറിയില്ല. ആർ ടി ഐ പരാതിയിലൂടെ അന്നേ ദിവസം അവിടെ ജനിച്ച കുട്ടികളുടെ ലിസ്റ്റ് കരസ്ഥമാക്കി. ബോഡോ ഫാമിലിയെ കണ്ടെത്തി. വിവരം പറഞ്ഞപ്പോൾ അവരാ സംശയം തള്ളിക്കളഞ്ഞു. പിന്മാറാൻ തയ്യാറാകാതെ അദ്ദേഹം ഡി എൻ എ ടെസ്റ്റ് നടത്തി. ഭാര്യയുടെ സംശയം അസ്ഥാനത്തല്ല എന്ന് തെളിഞ്ഞു.അവർ കേസ് ഫയൽ ചെയ്തു. രണ്ട് കുടുംബത്തിലും ഡി എൻ എ നടത്തുവാൻ തീരുമാനമായി. കുട്ടികൾ പരസ്പരം മാറിപ്പോയത് തന്നെയെന്ന് തെളിയിക്കുന്ന റിസൾട്ട് വന്നു.

കുട്ടികളെ കൈമാറാനുള്ള രേഖകൾക്കായി ഇരു കുടുംബങ്ങളും ഒന്നിച്ച് കോടതിയെ സമീപിച്ചു. കുട്ടികളെ കൈമാറാൻ കോടതി ഉത്തരവിട്ടു. ഇത്രയും പ്രോസസ്സുകൾ നടന്നു കഴിഞ്ഞപ്പോഴേക്കും രണ്ട് വർഷത്തിലധികമായിരുന്നു.കഴിഞ്ഞ ജനുവരി നാലിനായിരുന്നു കുട്ടികളെ കൈമാറേണ്ടിയിരുന്നത്. രണ്ട് കുടുംബവും അതിന് വേണ്ടി തയ്യാറായി കോടതിയിലെത്തി.. പക്ഷേ രണ്ട് വർഷം പോറ്റിവളർത്തിയ മാതാപിതാക്കളെ വിട്ട് പോകാൻ കുട്ടികൾ തയ്യാറായില്ല. അമ്മമാരെ കെട്ടിപ്പിടിച്ച് അവർ വാവിട്ട് കരഞ്ഞു. അതോടെ മാതാപിതാക്കളും പൊട്ടിക്കരഞ്ഞു.. ഈ അവസ്ഥയിൽ കുഞ്ഞുങ്ങളെ പരസ്പരം കൈമാറിയാൽ അവരുടെ ജീവിതം തന്നെ തകർന്നു പോകുമെന്ന് ഇരുകുടുംബങ്ങൾക്കും ബോധ്യപ്പെട്ടു.

അവർ മറ്റൊരു സംയുക്ത ഹർജിയുമായി ജനുവരി ഇരുപത്തിനാലിന് വീണ്ടും കോടതിയെ സമീപിക്കും. കുട്ടികളെ കൈമാറേണ്ട. രണ്ട് വർഷം വളർത്തിയ കുഞ്ഞുങ്ങൾ എന്നെന്നേക്കുമായി അവർക്ക് വേണം. അതിനുള്ള രേഖകൾ വേണം.

ബോഡോ – മുസ്‌ലിം സംഘർഷങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്ന ആസാമിൽ നിന്നും രണ്ട് മത വിഭാഗങ്ങളിലെ ഈ കുഞ്ഞുങ്ങൾ വളർത്തു മാതാക്കളോടൊപ്പം ജീവിതം തുടരുമ്പോൾ അത് നല്കുന്ന സന്ദേശം വളരെ കൃത്യമാണ്.
1. നമ്മുടെ മതങ്ങളും ദൈവവും എല്ലാം പ്രസവമുറിയിലെ ഒരു നേഴ്‌സ് വിചാരിച്ചാൽ മാറാവുന്നതെ ഉള്ളു.
2. മനുഷ്യനും മാനുഷികതയ്ക്കും മുന്നിൽ മറ്റെല്ലാം അപ്രസക്തമാണ്

Advertisements