കേട്ടാലും കേട്ടാലും മതിവരാത്ത കുഞ്ഞുണ്ണിക്കവിതകള്‍

1356

kunjunni
ചെറുവാചകങ്ങളില്‍ വലിയ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു വെച്ച സരസനായിരുന്നു നമ്മുടെ സ്വന്തം കുഞ്ഞുണ്ണി മാഷ്. മാഷിന്റെ ചെറുകവിതകളും ചൊല്ലുകളും മലയാളി ഉള്ളിടത്തോളം കാലം നിലനില്‍ക്കുകതന്നെ ചെയ്യും. ഒരു കാലത്തും പ്രസക്തി നഷ്ടപ്പെടാത്ത ചില കുഞ്ഞുണ്ണി വചനങ്ങള്‍

 • ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
  ഒരു മയില്‍പ്പീലി ഉണ്ടെന്നുള്ളില്‍
  വിരസനിമിഷങ്ങള്‍ സരസമാക്കാനിവ
  ധാരാളമാണെനിക്കിന്നും.
 • വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
  ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍,
  ‘സ്വയം നന്നാവുക’.
 • വായിച്ചാലും വളരും.
  വായിച്ചില്ലെങ്കിലും വളരും.
  വായിച്ചാല്‍ വിളയും.
  വായിച്ചില്ലെങ്കില്‍ വളയും.
 • എനിക്ക് വിശക്കുമ്പോള്‍ ഉണ്ണും ഞാന്‍
  ദാഹിക്കുമ്പോള്‍ കുടിക്കും
  ക്ഷീണിക്കുമ്പോള്‍ ഉറങ്ങും
  ഉറങ്ങുമ്പോളെഴുതും കവിതകള്‍.
 • കുഞ്ഞുണ്ണിക്കൊരു മോഹം
  എന്നും കുഞ്ഞായിട്ടു രമിക്കാന്‍
  കുഞ്ഞുങ്ങള്‍ക്ക് രസിച്ചീടുന്നൊരു
  കവിയായിട്ടു മരിക്കാന്‍.
 • സത്യമേ ചൊല്ലാവൂ
  ധര്‍മ്മമേ ചെയ്യാവൂ
  നല്ലതേ നല്‍കാവൂ
  വേണ്ടതേ വാങ്ങാവൂ
 • കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
  കുട്ടിയും കോലും മരിച്ചുപോയ്
  വിദേശത്ത് നിന്നും ഇറക്കുമതിചെയ്ത
  ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ
 • തീര്‍ച്ചയുള്ള വാക്കേ
  മൂര്‍ച്ചയുള്ള വാക്ക്.