ജിഎസ്‌ടി; കേന്ദ്രം നല്‍കാനുള്ളത് 2900 കോട‌ി; കേരളം സുപ്രീംകോടതിയിലേക്ക്

121

ജിഎസ്‌ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോട‌ിയാണ്‌ ലഭിക്കാനുള്ളത്‌. കേന്ദ്രനികുതിയിൽനിന്നുള്ള സംസ്ഥാനവിഹിതത്തിന്റെ മാസതവണയായ 1300 കോടിയും ലഭിക്കാനുണ്ട്‌. സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന്‌ സുപ്രീംകോടതിയിൽ ഹർജി നൽകാൻ ധാരണയായി.

മാന്ദ്യത്തിന്റെ പേരിൽ 1,75,000 കോടി കോർപറേറ്റ്‌ നികുതിഇളവ്‌ പ്രഖ്യാപിച്ചപ്പോൾ, സംസ്ഥാനവിഹിതമാണ്‌ അനിശ്ചിതത്വത്തിലായത്‌. കോർപറേറ്റ്‌നികുതി ഉൾപ്പെട്ട കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്‌. കേരളത്തിന്‌ 5370 കോടിയുടെ കുറവുണ്ടാകുമെന്നാണ്‌ പ്രാഥമിക കണക്ക്‌.

സഹകരിക്കാൻ തയ്യാറാകുന്ന സംസ്ഥാനങ്ങളെയും ഒപ്പംകൂട്ടിയുള്ള നിയമനടപടികൾക്ക്‌ കേരളം മുൻകൈ എടുക്കും. തുടർനടപടികൾക്കും, മറ്റ്‌ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിനും ഏകോപനചുമതല ടാക്‌സസ്‌ കമീഷണർക്കായിരിക്കും.

ഈ വർഷത്തെ കേരളത്തിന്റെ അനുവദനീയ വായ്‌പയിൽ 6645 കോടി കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ വായ്‌പ എടുക്കലും പ്രയാസത്തിലായി. എല്ലാവിധ ചെലവും ചുരുക്കിയിട്ടും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതേ സ്ഥിതിയിലാണ്‌ മിക്ക സംസ്ഥാനങ്ങളും. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ജിഎസ്‌ടി മന്ത്രിതലസമിതിക്കുശേഷം വിഷയത്തിൽ ഒരുമയോടെ നിൽക്കാൻ കേരളം, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ്‌, രാജസ്ഥാൻ ധനമന്ത്രിമാർ തീരുമാനിച്ചിരുന്നു.

ജിഎസ്ടി നിയമത്തിന്‌ അംഗീകാരം നൽകിയതിലൂടെ പാർലമെന്റ് സംസ്ഥാനങ്ങൾക്ക്‌ നൽകിയ വാഗ്ദാനമാണ് ജിഎസ്‌ടി നഷ്‌ടപരിഹാരം. ഓരോവർഷവും 14 ശതമാനം വരുമാനവർദ്ധനവില്ലെങ്കിൽ, ആ കുറവ് നഷ്ടപരിഹാരത്തുകയിലൂടെ നികത്തുമെന്നതാണ്‌ വ്യവസ്ഥ. ഇത് ആദ്യഘട്ടത്തിൽ ഓരോ മാസവും നൽകിയിരുന്നു.

പിന്നീട് രണ്ടു മാസത്തിലൊരിക്കലാക്കി. ഇപ്പോൾ നിർത്തിവച്ച സ്ഥിതിയായി. നഷ്ടപരിഹാരം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ ജിഎസ്‌ടിയ്‌ക്കായി സംസ്ഥാനങ്ങളുടെ ധനപരമായ അധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറായത്‌.

നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയശേഷമാണ്‌ സംസ്ഥാനങ്ങൾ ജിഎസ്‌ടിയിൽ ചേരാൻ തീരുമാനിച്ചത്‌.