കുറ്റാരോപിതന്‍ (മാത്രമായ) അമ്പഴത്തില്‍ ജോസുകുട്ടി !

154

guilty man writing letter funnyഎത്രയും ബഹുമാനപ്പെട്ട മേഴ്സി ആന്റി,

ഈ കത്ത് മുഴുവന്‍ വായിക്കാതെ കീറി കളയരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആന്റിയുടെ മോന്‍ ലാലുവിനെ പിഴപ്പിച്ചത് ഞാന്‍ ആണെന്നാണ്‌ ആന്റി വിചാരിച്ചേക്കുന്നത്. എന്നാല്‍ ഞാന്‍ ഇനി ആ ഞെട്ടിക്കുന്ന സത്യം പറയാം. എട്ടാം ക്ലാസ്സിലാ പഠിക്കുന്നെ എന്നതൊക്കെ ശരി തന്നെ,പക്ഷെ ലാലു ഒരു ബൂലോക പിഴ ആണെന്നുള്ള സത്യം.അന്ന് ലാലുവിനെ എറണാകുളം കാണിക്കാന്‍ കൊണ്ട് പോയ കാര്യം ആന്റി ഓര്‍ക്കുന്നുണ്ടാവുമല്ലോ. എറണാകുളം കാണണം, എറണാകുളം കാണണം എന്ന് ലാലു പറഞ്ഞപോള്‍ കൂട്ടുകാരനേം കൂട്ടി സ്കൂള്‍ യൂണിഫോമിന്റെ അടിയില്‍ ബനിയനും ഇട്ടുകൊണ്ട്‌ വരാന്‍ ഞാന്‍ പറഞ്ഞു എന്നതും കൂട്ടി കൊണ്ടുപോയതും നേരാണ്. ഞാന്‍ കൊണ്ടുപോയില്ലരുന്നെലും ലാലുവും കൂട്ടുകാരനും കൂടി എരനാകുളത് പോയേനെ.ഞാന്‍ ഇല്ലെങ്കിലും എറണാകുളം അവിടെ തന്നെ ഉണ്ടാവുമല്ലോ. എന്റെ കൂടെ ആയിരുന്നകൊണ്ട് മറൈന്‍ ഡ്രൈവും, നേപ്പാളി കടയും ഷിപ്പ് യാര്‍ഡും കണ്ടിട്ട് തിരിച്ചു പോന്നു. അല്ലേല്‍ സെന്റ്‌ തെരേസാസ് കോളേജിന്റെ വാതില്‍ക്കലോ അവിടത്തെ പെണ്ണുങ്ങള്‍ കാര്‍ഡും സിഡിയും മേടിക്കാന്‍ വരുന്ന പൈകൊയുടെ മുന്‍പിലോ എങ്ങാനും അവന്‍ കുടിലു കെട്ടി പാര്‍പ്പു തുടങ്ങിയേനെ.

ഒരു ദിവസം കാലത്തെ ജര്‍മന്‍ ഷെപേര്‍ഡിനെ വേണം എന്ന് പറഞ്ഞു ഒരു നൂറിന്റെ ഡോളര്‍ തന്നപ്പോള്‍ ലാലു പറഞ്ഞത് , അമ്മാച്ചന്‍ തന്നു വിട്ടതാനെന്നും രൂപ ആയിട്ടു വീട്ടില്‍ കാശൊന്നും ഇല്ലെന്നും ആയിരുന്നു.ആറായിരം സ്കൊ .ഫീറ്റ്‌ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മേഴ്സി ആന്റിയുടെ ആങ്ങള മാണിചായാന് ഒരു പട്ടി കുട്ടിയെ വേണമെന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികം എന്ന് ഞാന്‍ വിചാരിച്ചു. അമ്മാച്ചന്‍ ഡോളര്‍ ആയിട്ടെ പൈസ ആര്‍ക്കെങ്കിലും കൊടുക്കു എന്ന് ലാലു പറഞ്ഞപോള്‍ അഹങ്കാരം ഉള്ള അമേരിക്കക്കാര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നും, പണ്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുന്നപോള്‍ വീട്ടില്‍ ചാവാലി പട്ടി പോലും ഇല്ലാതിരുന്നവന് ഇപ്പൊ കുരപ്പിക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡു തന്നെ വേണമെന്നും പറയാന്‍ സാധിച്ചത് ദൈവത്തിന്റെ ഒരു കളി എന്നെ എനിക്ക് തോന്നിയുള്ളൂ. ഡോളര്‍ മാറ്റാന്‍ ഷൌകത്തിന്റെ കടയില്‍ പരിചയപ്പെടുത്തിയതും നല്ല റേറ്റ് വാങ്ങി കൊടുത്തതും ഞാന്‍ തന്നെ. പട്ടിക്കുട്ടിയെ വാങ്ങി ഓട്ടോ പിടിച്ചു കേറ്റി വിടുവേം ചെയ്തു. എന്നാല്‍ മൂവായിരം രൂപ പട്ടിക്കുട്ടിക്ക് വില ഉണ്ട് എന്ന് അമ്മയോട് പറയണ്ട, ഇരുനൂറ്റമ്പതു രൂപയേ വില ഉള്ളു എന്ന് പറഞ്ഞ മതി എന്ന് മാണിചായന്‍ പറഞ്ഞു എന്ന് ലാലു പറഞ്ഞപോഴും ഞാന്‍ സ്വാഭാവികം എന്നെ വിചാരിച്ചുള്ളൂ. പിന്നീട് രണ്ടു പട്ടിക്കുട്ടികളെയും കൂടെ ലാലു എന്റെ കൂട്ടുകാരന്റെ കൈയില്‍ നിന്നും വാങ്ങിയപ്പോഴും ഞാന്‍ തന്നെ ആണ് ഡോളര്‍ മാറ്റി കൊടുത്തതും, എല്ലാം ശരിയാക്കി കൊടുത്തതും. പട്ടികളുടെ സംസ്ഥാന സമ്മേളനം നടത്താന്‍ ഒരു അമേരിക്കക്കാരന് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ആയിട്ട് അതിനു എതിര് നില്‍ക്കണ്ട എന്ന നിഷ്കളങ്കമായ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

ഒരു ദിവസം ലാലു പതിനായിരം രൂപ എന്റെ കൈയില്‍ കൊണ്ട് തന്നിട്ട് ഒരു പഴയ ബൈക്ക് വാങ്ങി കൊടുക്കണം എന്ന് പറഞ്ഞപോള്‍ ഞാന്‍ തന്നെ ആണ് പറഞ്ഞത് മോനെ നിനക്ക് വയസ്സ് പതിനെട്ടായില്ലല്ലോ,പിന്നെങ്ങനെയാ ലൈസെന്‍സ് ഒക്കെ എടുക്കുന്നെ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു ലൈസെന്‍സ് ഒന്നും വേണ്ട ഇച്ചായ, ഓടിക്കാന്‍ പഠിച്ചാ മതി, പിന്നെ ഇച്ചായന്റെ പേരില്‍ വണ്ടി എടുത്താ മതി എന്നാ മാണിചായന്‍ പറഞ്ഞത്, അല്ലെങ്കില്‍ അമ്മ പിടിക്കും എന്ന്. ഇതൊക്കെ കേട്ടപോള്‍ ഇങ്ങനെ ഒരു അമ്മാച്ചനെ ദൈവം എനിക്ക് കൊണ്ടെ തന്നില്ലലോ എന്ന് എനിക്ക് തോന്നിയില്ലെലെ അതിശയമുള്ളു. എന്നിട്ടും ഞാന്‍ അവനെ പറഞ്ഞു മനസിലാക്കാന്‍ ആണ് ശ്രമിച്ചത്‌. എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെകില്‍ പിറ്റേ ദിവസം വണ്ടി ഒരെണ്ണം പേരില്‍ കണ്ടേനെ. ഞാന്‍ അങ്ങനെ ചെയ്തില്ലലോ ?

പിന്നെ പിന്നെ ഡോളര്‍ മാറ്റം സ്ഥിരമായതും, ലാലു എന്നെ വിട്ടു നേരിട്ട് ഷൌകതുമായി ഇടപാട് തുടങ്ങിയതും ഞാന്‍ അറിഞ്ഞു. മാണി ചായന്റെ അലമാരയുടെ കള്ള താക്കോല്‍ ഇട്ടു തുറന്നു എന്നും ഡോളര്‍ വലിക്കുമായിരുന്നെന്നും മാണിചായന്‍ ഒരുപാട് പൈസക്കാരന്‍ ആയതു കൊണ്ട് അറിയത്തില്ല എന്നും സ്കൂള്‍ തിണ്ണയില്‍ ഇരുന്നു വണ്ടിമറിയചെടുത്തീടെ അരിഷ്ടം കുടിച്ചു പാമ്പ്‌ ആയപ്പോള്‍ ലാലു അറിയാതെ കക്കി എന്ന് എന്റെ കൂട്ടുകാരന്‍ സന്തോഷ്‌ പറഞ്ഞു.ഇതൊക്കെ അറിഞ്ഞപ്പോഴേ ഞാന്‍ ആന്റിയോട്‌ പറയാതെ ഇരുന്നത് ഞാന്‍ പറഞ്ഞാല്‍ ആന്റി വിശ്വസിക്കുമോ എന്ന് ഓര്‍ത്തിട്ടു തന്നെ ആയിരുന്നു . എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കന്‍ ഇത്രേം കുരുത്തം കേട്ടവന്‍ ആണെന്ന് പറഞ്ഞാല്‍ ദൈവം തമ്പുരാന്‍ പോലും വിശ്വസിക്കുമോ. ഒരുദിവസം ലാലുവിന്റെ മുറിയില്‍ നിന്നും ഫയറിന്റെ അഞ്ചു ലക്കവും, ഇരുപതിനായിരം രൂപയും, ഒരു മാന്‍ഷന്‍ ഹൌസ് ബ്രാണ്ടിയും പിടിച്ചപ്പോഴല്ലേ മേഴ്സി ആന്റിയും മാണിചായനും ഇതൊക്കെ അറിയുന്നത്.പിടിവീണപ്പോള്‍ അവന്റെ എല്ലാ കൊള്ളരുതായ്മക്കും ഞാന്‍ ആണ് കാരണക്കാരന്‍ എന്ന് പറയാന്‍ അവനു എങ്ങനെ തോന്നി? ദൈവദോഷം പറയുന്നതിന് ഒരു അതിരൊക്കെ ഉണ്ടല്ലോ.

മേഴ്സി ആന്റി എന്റെ അമ്മച്ചിയെ വിളിച്ചു ഞാന്‍ ആണ് ലാലുവിനെ പിഴപ്പിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ട് എന്നെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ഞാനിപ്പോ ഉപ്പുതറ എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ്. അമ്മച്ചീടെ ദേഷ്യം ഒന്നും മാറിയിട്ട് പോകാം എന്നാണ് അമ്മാച്ചന്‍ പറയുന്നേ. ഇവിടെ തോട്ടത്തില്‍ ഭയങ്കര അട്ടയാണ്.കടിച്ചാല്‍ പിന്നെ ഭയങ്കര ചൊറിച്ചിലാണ്.എന്നാല്‍ അമ്മാച്ചനെക്കാള്‍ ഭേദമാണ് അട്ട എന്ന് പറയുമ്പോള്‍ ആന്റിക്ക് ഏകദേശം എന്റെ സ്ഥിതി മനസിലായിക്കാണുമല്ലോ.

എന്നെ വീട്ടില്‍ നിന് ഇറക്കി വിട്ടതിന്റെ പിറ്റേന്ന് ലാലു ഒരു എഴുത്ത് എഴുതി വെച്ചിട്ട് കള്ള വണ്ടി കേറി പോയി എന്ന് ഞാന്‍ അറിഞ്ഞു. അവന്റെ കഴുത്തേല്‍ സ്വര്‍ണമാല ഒക്കെ ഉള്ള കൊണ്ട് അവന്‍ എങ്ങനേലും കുറെ കാലം ജീവിക്കും. കൈയിലെ കാശ് തീരുമ്പോള്‍ ലാലു തിരിച്ചു വരും. അന്ന് നേരിട്ട് ചോദിച്ചാല്‍ അവന്‍ എല്ലാം തത്ത പോലെ പറയും.കഴിഞ്ഞ ദിവസം മധുരക്ക് ടൂറു പോയ ചെറിയാനും സോബിയും അവിടെ ഏതോ ഹോട്ടലില്‍ പാത്രം കഴുകുന്ന ഒരാളെ കണ്ടപ്പോള്‍ ലാലുവിനെ പോലെ ഉണ്ട് എന്ന് കരുതി എന്തോ ചോദിച്ചപോള്‍ തമിഴില്‍ തെറി പറഞ്ഞു എന്ന് കേട്ടു. അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം. തമിഴ് പഠിക്കാന്‍ മാത്രം സമയം ആയില്ലല്ലോ ലാലു പോയിട്ട്.

ഒരാള്‍ തെറ്റ് ചെയ്തതതായി കോടതി വിധിക്കും വരെ അവരെ കുറ്റാരോപിതര്‍ എന്നെ വിളിക്കാന്‍ പറ്റു എന്ന് കോട്ടയത്തും നിന്ന് ഇറങ്ങുന്ന പത്രത്തില്‍ ഉണ്ട് എന്ന് ഇവിടുത്തെ പള്ളിയിലെ അച്ചന്‍ പറഞ്ഞു. അതുകൊണ്ട് ദയവു ചെയ്തു എന്റെ അമ്മയെ കണ്ടു എല്ലാം വിശദമായി പറയുമെന്നും, എനിക്ക് ഉടനെ തന്നെ വീട്ടില്‍ തിരിച്ചു കയറാന്‍ അവസരം ഒരുക്കി തരണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്
കുറ്റാരോപിതന്‍ (മാത്രമായ) അമ്പഴത്തില്‍ ജോസ് കുട്ടി