മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്

0
184
Rinse Kurian
എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണു തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഭിന്നശേഷിയുള്ള ഈ ഒൻപതുവയസുകാൻ ക്വാഡൻ ബെയിൽസിന്റെ വാക്കുകൾ. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിച്ചതിനെ പറ്റിയാണ് ഈ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്.
ഓസ്ട്രേലിയയിൽ നിന്നുള്ള ഈ വിഡിയോ കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ്. മകനെ സ്കൂളിൽ നിന്നും വിളിക്കാൻ ചെന്നപ്പോഴാണു കൂട്ടുകാർ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരിൽ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവൻ കരഞ്ഞുകൊണ്ട് ഓടി കാറിൽ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു.
ഈ കണ്ണീർ ഫെയ്സ്ബുക്ക് ലൈവിലൂടെ അമ്മ പങ്കുവച്ചു. പരിഹാസവും അധിക്ഷേപങ്ങളും കുട്ടികൾക്ക് എത്രവലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഈ വിഡിയോ തെളിയിക്കുന്നു. വിഡിയോ വൈറലായതോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഈ അമ്മയ്ക്കും മകനും പിന്തുണ ഏറുകയാണ്. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളർ ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.അമേരിക്കൻ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി സമാഹരിച്ചത് 250,000 യുഎസ് ഡോളറാണ്. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോർണിയയിലെ ഡിസ്നി ലാൻഡിലേക്ക് അയക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനൊപ്പമെന്ന് വെളിപ്പെടുത്തി. എൻആർഎൽ ഓൾ സ്റ്റാർസ് മാച്ചിൽ ടീമിനെ ഫീൽഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവർ ക്ഷണിക്കുകയും ചെയ്തു. ക്വാഡന്റെ അമ്മ യരാഖ ബെയില്സ് പങ്കുവച്ച വിഡിയോ ലോകമെമ്പാടും വലിയ ചർച്ചയായി.
മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്; കുഞ്ഞിനോട് ഗിന്നസ് പക്രു
ഗിന്നസ് പക്രുവും ഈ വിഡിയോ പങ്കുവച്ച് കുറിപ്പിട്ടിരുന്നു. മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്.ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ഈ വരികൾ ഓർമ്മ വച്ചോളു. ‘ഊതിയാൽ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’–ഇളയ രാജ. ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്’ അദ്ദേഹം കുറിച്ചു.