നിങ്ങളുടെ പേരിലും ഒരു ഗിന്നസ് അവാര്‍ഡ്..!

0
826

01

നിങ്ങള്‍ക്കും പേരിനു കൂടെ ഒരു ഗിന്നസ് ചേര്‍ക്കാന്‍ താല്പര്യം ഉണ്ടോ..? അതും സൌജന്യമായി…! ഏതെങ്കിലും ഒരു കഴിവ് എല്ലാ മനുഷ്യരിലും ഒളിഞ്ഞു കിടപ്പുണ്ട്. എന്തു കൊണ്ട് നിങ്ങള്‍ക്കും ശ്രമിച്ചു കൂടാ …? കുറച്ചു മനക്കരുത്തും പിന്നെ കുറച്ചു അധ്വാനവും ഉണ്ടെങ്കില്‍ എല്ലാം കയ്യെത്തും ദൂരത്തു തന്നെയുണ്ട്. നിരവധി മലയാളികള്‍ ഇതിനകം തന്നെ ഗിന്നസ് നേടിക്കഴിഞ്ഞു. ഇനി കാര്യത്തിലേക്ക് കടക്കാം. അതിനായി പ്രധാനമായും ഏഴു കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഓരോന്നായി വിവരിക്കാം .

1) ആദ്യമായി ഏതു തരത്തില്‍ ഉള്ള റെക്കോര്‍ഡ് ആണ് നേടേണ്ടത് എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ ഉണ്ടാക്കിയെടുത്തവ തകര്‍ക്കാന്‍ ചങ്കുറ്റം ഉണ്ടെങ്കില്‍, അതു തിരഞ്ഞെടുക്കാം അഥവാ പുതുതായി ഒരെണ്ണം താങ്കള്‍ക്ക് സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ ആണെങ്ങില്‍, റെക്കോര്‍ഡിന്റെ കാഠിന്യ സ്വഭാവം അനുസരിച്ച് ഗിന്നസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

വീട്ടിലെ പൂച്ചയെ പാല് കുടിപ്പിച്ചും പഴം തീറ്റിച്ചും വയറു വീര്‍പ്പിക്കുക, നിങ്ങളുടെ സ്വന്തം നാക്ക് ഉപയോഗിച്ച് കണ്ണിന്റെ പുരികം തൊടാന്‍ ശ്രമിക്കുക എന്നീ വില കുറഞ്ഞ പരിപാടികള്‍ക്ക് പോകാതിരിക്കുക. ഗിന്നസ് ബുക്കിന്റെ വില കളയുന്ന ഒരു സംഗതികളും അവര്‍ പ്രോത്സഹിപ്പിക്കുകയില്ല, അതുപോലെ അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍, ഗിന്നസ് കിട്ടുന്നതിനു മുന്‍പേ പോലീസ് അകത്താക്കും എന്നും ഓര്‍മ വേണം. ചുരുക്കം പറഞ്ഞാല്‍ പറ്റാവുന്ന പണി ചെയ്യുന്നതായിരിക്കും ഉചിതം.

2) അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാന്‍ അവരുടെ http://www.guinnessworldrecords.com എന്ന വെബ്‌സൈറ്റില്‍ കയറി Break a record എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ‘കസ്സര്‍ത്തിനെ’ കുറിച്ച് വിശദമായി വിവരിക്കുക. ഗിന്നസിന്റെ അടുത്തുള്ള ഒഫിസുമായി ബന്ധപ്പെട്ടാലും അവര്‍ നിങ്ങളെ അപേക്ഷ പൂരിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അപേക്ഷ തികച്ചും സൌജന്യമാണ് എങ്കിലും പരിപാടിയുടെ നടത്തിപ്പിനും മറ്റുമായി ഒട്ടേറെ ചെലവുകള്‍ക്കായി തുക നിങ്ങള്‍ കരുതേണ്ടതാണ്. കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വേണം എങ്കില്‍ അവരുടെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിക്കാവുന്നതാണ്. അതിനായി ഏകദേശം രൂപ 40,000 അധികം വരും. ഇല്ലെങ്കില്‍ അപേക്ഷ ഒത്തു നോക്കാന്‍ ഒരു മാസം വരെ കാലതാമസം എടുക്കും.

3) നിങ്ങള്‍ കൊടുത്ത അപേക്ഷ കൈപറ്റിയാല്‍, ഗിന്നസുകാര്‍ പണി തുടങ്ങുകയായി. അവര്‍ നിങ്ങള്‍ ചെയ്യേണ്ടതിനെ കുറിച്ച് ഒരു ലഘുലേഖ അയച്ചു തരും. നിലവിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ ആവശ്യമായ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കുന്ന ലഘുലേഖ സൂചിപ്പിക്കുന്നത്. മുന്‍പ് റെക്കോര്‍ഡ് ഉണ്ടാക്കിയവര്‍ അനുസരിച്ച രീതികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടത് അത്യാവശ്യമാണ്. കുറുക്കു വഴി തേടി പോയാല്‍ പാഴ്വേലയാകും എന്ന് ചുരുക്കം.

4) ലഘുലേഖയിലെ നിയമങ്ങളെ കുറിച്ച് മതിയായ ജ്ഞാനം താങ്കള്‍ക്ക് ലഭ്യമല്ലെങ്ങില്‍, ഗിന്നസ് ബുക്കിന്റെ നിയമ ഉപദേശകന്റെ സേവനം ലഭ്യമാണ് (നിര്‍ബന്ധമില്ല). പരിപാടിക്ക് വേണ്ടത്ര സപ്പോര്‍ട്ട് ലഭിക്കും എന്ന് മാത്രമല്ല, മത്സരവേദിയില്‍ വെച്ച് തന്നെ, താങ്കള്‍ക്ക് ഗിന്നസ് ബുക്കിന്റെ അവാര്‍ഡ്, ഉപദേശകന്റെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. പക്ഷെ ചെലവ് പിന്നെയും കൂടും എന്ന് ചുരുക്കം. പരിപാടി ഇന്റര്‍നാഷണല്‍ ആയതിനാല്‍ അവര്‍ക്കുള്ള കൂലിയും താമസസൗകര്യങ്ങളും, അനുബന്ധ ചിലവുകളും നിങ്ങള്‍ തന്നെ വഹിക്കേണ്ടതാണ്. പരിപാടി കൊഴുപ്പിക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ കുറച്ചു പൈസ പോയാലും എന്താണ് കുഴപ്പം ..? കൂടാതെ നല്ല പരസ്യവും കിട്ടും.

പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോഴും, കായിക മേളകള്‍ സംഘടിപ്പികുമ്പോഴും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും, പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് അവബോധനം നല്കുന്നതിനും, കമ്പനികളുടെ മാര്‍ക്കെറ്റിംഗ് സംബന്ധമായ പത്ര സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടുന്നതിനും ഗിന്നസ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാണ്. ഏറ്റവും കൂടുതല്‍ വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്രിഷ്ടിക്കപെടുന്നതും ഈ വേളയില്‍ ആണ്. ഉദാഹരണത്തിന് നിങ്ങളുടെ ഉത്പന്നത്തിന് കൂടുതല്‍ വിപണനം ഉണ്ടാക്കിയെടുക്കണം എന്ന് കരുതുക. ഏതു തരത്തിലുള്ള വേള്‍ഡ് റെക്കോര്‍ഡ് ആണ് ഉണ്ടാക്കി എടുക്കേണ്ടത് എന്നറിയാന്‍ ഗിന്നസ്‌കാരുടെ ഉപദേശം തേടിയാല്‍ അവര്‍ നിങ്ങളെ സഹായിക്കുന്നതാണ്.

5) നിര്‍ബന്ധമായും പാലിക്കേണ്ട മറ്റു മൂന്നു കാര്യങ്ങള്‍ ഇനി പറയാം. പരിപാടി ഉടനീളം ചിത്രീകരിക്കുന്ന വീഡിയോ (കൂട്ടിച്ചേര്‍ക്കല്‍ പാടില്ല, ചിത്രങ്ങള്‍ വ്യക്തവും ആയിരിക്കണം), നിശ്ചല ചിത്രങ്ങള്‍, കൂടെ രണ്ടു സാക്ഷികളും, പരിപാടിയുടെ സമ്പൂര്‍ണമായ സമയക്രമവും, പാലിച്ചു പോന്ന നിയമങ്ങളും എഴുതി തയ്യാറാക്കി, അത് സത്യസന്ധമാണെന്ന് സാക്ഷ്യപെടുത്തുന്ന കയ്യൊപ്പ് ഇടുകയാണ് സാക്ഷികളുടെ ജോലി.

6) ഇതെല്ലാം കൂടി ഗിന്നസ് ബുക്ക് വെബ്‌സൈറ്റ് നിര്‍ദേശിക്കുന്ന വിലാസത്തില്‍ അയച്ചു കൊടുക്കുന്നതോട് കൂടി നിങ്ങളുടെ ജോലി കഴിഞ്ഞു. ഇനിയെല്ലാം അവരു നോക്കിക്കോളും, രണ്ടു മൂന്നു മാസത്തിനുള്ളില്‍, നിങ്ങള്‍ അയച്ച റെക്കോര്‍ഡും തെളിവുകളും ഒത്തു നോക്കി യോഗ്യമാണെന്നു തെളിഞ്ഞാല്‍ ഗിന്നസ് ബുക്കിന്റെ അവാര്‍ഡ് തപാലില്‍ ലഭിക്കും. അഥവാ എന്തെങ്കിലും കുറവ് കൊണ്ട് അയോഗ്യമാക്കിയാല്‍, വീണ്ടും ശ്രമിക്കാവുന്നതാണ്. ഉടനെ തന്നെ അവാര്‍ഡ് ലഭ്യമാക്കാന്‍ ഗിന്നസ് ബുക്കിന്റെ നിയമ ഉപദേശകന്റെ സേവനം ആവശ്യപെടുകയാണ് ഉചിതം. ഇനി ആരെങ്കിലും നിങ്ങള്‍ ഉണ്ടാക്കിയ റെക്കോര്‍ഡ് മറി കടക്കുകയാണ്എന്ന് കരുതുക. അപ്പോഴും ഈ ചെയ്തത് എല്ലാം വീണ്ടും ആവര്‍ത്തിക്കണം. മാത്രവുമല്ല, നിങ്ങളെ മറി കടന്നവരെ നിങ്ങള്‍ വീണ്ടും തോല്‍പ്പിക്കണം. ഇല്ലെങ്ങില്‍ നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ റെക്കോര്‍ഡ് മറ്റവന്റെ കയ്യിലിരിക്കും.

7) ഒരു വര്‍ഷം 50,000 ത്തില്‍ കൂടുതല്‍ പേര്‍ ഗിന്നസ് നേടുന്നുണ്ട് എങ്കിലും, അതില്‍ ഏറ്റവും നല്ല 4,000 പേര്‍ക്കു മാത്രമേ ഗിന്നസ് ബുക്കില്‍ ഇടം കൊടുക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയ സംഭവം എത്ര വലുതാണ് എങ്കിലും. പുസ്തകത്തില്‍ കയറാമെന്ന് ഒരു ഉറപ്പും അവരുടെ ഭാഗത്ത് നിന്നും തരില്ല. പുസ്തകത്തിന്റെ വലുപ്പവും നിലവാരവും നിയന്ത്രിക്കാനും കൂടുതല്‍ പേരേ ഇതിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. അഥവാ ഗിന്നസ് ബുക്കില്‍ കയറി കൂടിയില്ലെങ്കിലും നിങ്ങള്‍ ചെയ്തത് എല്ലാം വെറുതെയായി എന്ന് കരുതണ്ട. നിങ്ങളുടെ പേരിന്റെ കൂടെ ഒരു ‘ഗിന്നസ്’ തനിയേ വീണിരിക്കും. അതു നാട്ടുകാര്‍ താങ്കള്‍ക്ക് തരുന്ന ചെറിയ ഉപഹാരം.

ഉയരം കൊണ്ട് നിങ്ങള്‍ ലോകത്തില്‍ ഒന്നാമനാണെന്ന് കരുതുക, നിങ്ങളുടെ ശരീരത്തിന് വലുപ്പം കൂടുതലാണെന്ന് പറഞ്ഞു അപേക്ഷ സമര്‍പ്പിക്കാം. മറ്റൊരാള്‍ ഇതിനെ മറി കടക്കാന്‍ അപേക്ഷ കൊടുക്കാത്തിടം കാലം നിങ്ങള്‍ തന്നെ ഒന്നാമത് എന്നു വേണം കരുതാന്‍. ലോകത്തില്‍ ഏറ്റവും ഉയരം കൂടുതല്‍ സ്ത്രീ ഉള്ളപ്പോള്‍ നീളം കൂടുതല്‍ ഉള്ള കയ്യിനും കാലിനും കൈ വിരലുകള്‍ക്കും വെവ്വേറെ സ്ത്രീകള്‍ക്ക് അവാര്‍ഡുകള്‍ നില നില്ക്കുന്നുണ്ട് എന്നതാണ് വിചിത്രം.

ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ കച്ചവട പുസ്തകത്തില്‍ കയറിപറ്റാന്‍ വേണ്ടി, ഒരു പാട് പേര്‍ അപകടത്തില്‍ പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ ശവകുടീരത്തില്‍ ഒരു പൂ വെക്കാന്‍ പോലും ഗിന്നസ് അധികൃതര്‍ വരുമെന്ന് കരുതണ്ട. എന്തെങ്കിലും ആവശ്യത്തിനു വിളിച്ചു ചോദിച്ചാല്‍, നിങ്ങളുടെ കസ്സര്‍ത്തുകള്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കാനാകും മറുപടി. പശ്ചിമ ബംഗാള്‍ പോലീസില്‍ ഹോം ഗാര്‍ഡായ ശൈലേന്ദ്ര നാഥ് റോയി ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിനിടെ ദാരുണമായി മരിച്ചത് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. മനോഹരമായ വര്‍ണ്ണ താളുകളില്‍ വിവിധ രാജ്യത്തിലെ ആളുകള്‍ ഉണ്ടാക്കുന്ന റെക്കോര്‍ഡുകള്‍ അച്ചടിക്കുക എന്നതിലുപരി, നിങ്ങളുടെ ജീവന് യാതൊരു ഉത്തരവാദിത്ത്വവും ഏറ്റെടുക്കുകയില്ല എന്നത് വളരെ കൃത്യമായി വെബ്‌സൈറ്റില്‍ വിവരിക്കുന്നുണ്ട്. ഒരു രാജ്യമോ, സര്‍വകലാശാലയോ നല്കുന്ന പദവിയോ അംഗീകാരമോ ആയി ഇതിനെ കാണാന്‍ കഴിയില്ല എന്നതും മറ്റൊരു വസ്തുതയാണ്.