എന്താണ് ഹജ്ജ് റുപ്പിയും , ഗൾഫ് റുപ്പിയും ?

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യൻ രൂപയ്ക്ക് ഒരു രാജ്യാന്തര ചരിത്രമുണ്ടായിരുന്നു.പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരു ഇന്ത്യക്കാരന് 1950 കളില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ അയാള്‍ വിദേശ കറന്‍സി സൂക്ഷിച്ചു വയ്‌ക്കേതില്ലായിരുന്നു. ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യന്‍ രൂപ നിയമപരമായി മാറാന്‍ കഴിയുമായിരുന്നു. യു.എ.ഇ, കുവൈറ്റ്, ബഹറിന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെല്ലാം മിക്കവാറും എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഇന്ത്യന്‍ രൂപ ഉപയോഗിക്കാമായിരുന്നു. ഈ രാജ്യങ്ങ ളിലെല്ലാം ഏകദേശം ഇരുപത് വർഷത്തോളം ഇന്ത്യൻ രൂപ ഔദ്യോഗിക കറൻസി ആയിരുന്നു.ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോഴു ള്ളതിന് സമാനമായ സംവിധാനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ഉപയോഗിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ രൂപ വാങ്ങുകയും അതിനു പകരമായി റിസര്‍വ് ബാങ്ക് പൗണ്ട് നല്‍കുകയും ചെയ്യും.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ രൂപ ബ്രിട്ടീഷ് അധീനതയിലുള്ള വടക്കുകിഴക്കൻ ആഫ്രിക്ക, പേർഷ്യൻ ഗൾഫ് എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും കറൻസി ആയി ഉപയോഗി ച്ചിരുന്നു.1951ഓടെ വടക്കുകിഴക്കൻ ആഫ്രി ക്കൻ രാജ്യങ്ങളിൽ തദ്ദേശ കറൻസികൾ നിലവിൽ വന്നു .ഗൾഫ് രാജ്യങ്ങൾ ബ്രിട്ടനിലെ കറൻസിയായ പൗണ്ട്സ്റ്റെർലിങ് ആർബിഐയ്ക്ക് നൽകി അതിനുതുല്യമായ ഇന്ത്യൻരൂപ വാങ്ങും. ഈ രൂപയാണ് ഗൾഫ് രാജ്യങ്ങൾ കറൻസിയായി ഉപയോഗിച്ചിരുന്നത്. 1991ലെ ഉദാരവൽക്ക രണത്തിനു മുമ്പ് വിദേശ കറൻസികളുടെ വിലനിശ്ചയിച്ചിരുന്നത് സർക്കാരായി രുന്നു ;വിപണി അല്ല. അതുകൊണ്ടു ഇന്നു കാണുന്ന കറൻസിവിലയിലെ ചാഞ്ചാട്ടം അന്നുണ്ടായിരുന്നില്ല .

നാണയ വിനിമയത്തിലൂടെ ആയിരക്കണക്കിന് മില്യണ്‍ നഷ്ടമാകുന്ന കള്ളക്കടത്ത് കാരണം 1959ല്‍ ഇന്ത്യ ഗുരുതരമായൊരു വിദേശ നാണയ വിനിമയ പ്രതിസന്ധിയില്‍ പെട്ടു. ഇന്ത്യയുടെ വിദേശനാണ്യശേഖരം വളരെ കുറവായി മാറി. അത്യാവശ്യവസ്തുക്കൾക്കു മാത്രമേ ഇറക്കുമതിക്കായി വിദേശനാണ്യം ലഭിച്ചിരുന്നുള്ളൂ. സ്വാഭാവികമായും സ്വർണ ഇറക്കുമതി നിരോധിക്കപ്പെട്ടു. സ്വർണം കൈവശംവയ്ക്കുന്നതും , വിൽക്കുന്നതും നിയമവിധേയമായിരുന്നു താനും. ഇവിടെയാണ് ഇന്ത്യയിലും , ഗൾഫിലും ഒരേ ഇന്ത്യൻരൂപ ഉപയോഗിച്ചിരുന്നത് സ്വർണ്ണക്കടത്തുകാർക്കും , കള്ളക്കടത്തുകാർക്കും സഹായകമായത്.

ഇതിനുള്ള പ്രവര്‍ത്തന രീതി വളരെ എളുപ്പമുള്ള തായിരുന്നു. ബിസിനസുകാരെന്ന വ്യാജേന മുതിര്‍ന്ന പൗരന്മാരെ കള്ളക്കടത്തു കാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിനയക്കും. ഇവര്‍ കെട്ടുകണക്കിന് രൂപയുമായാണ് പോകുക. കള്ളക്കടത്ത് പണം ഉപയോഗിച്ച് അവിടെനിന്ന് സ്വര്‍ണം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇത് ഗള്‍ഫില്‍ ഇന്ത്യന്‍ രൂപയുടെ ആധിക്യം സൃഷ്ടിച്ചു. സ്വർണ്ണം ഇന്ത്യയിൽ എത്തുന്ന തോടെ സ്വർണക്കടത്തുകാരന്റെ തലവേദന കഴിയും. അതുവഴി വിദേശനാണ്യം ഇല്ലാതെ തന്നെ സ്വർണം ഇന്ത്യയിലെത്തിച്ചു.പക്ഷേ ആർബിഐയുടെ തലവേദന അവിടെ തുടങ്ങുന്നു. ഇത് അധിക രൂപ വില്‍ക്കുന്ന തിലേക്ക് റിസര്‍വ് ബാങ്കിനെ നയിക്കുമ്പോള്‍ വിദേശനാണയ വിനിമയത്തിലാണ് വിലയേറിയ നഷ്ടമുണ്ടാകുന്നത് .

Gulf Rupee and Haj Notes
Gulf Rupee and Haj Notes

ഗൾഫിലെ സർക്കാരുകൾ ആവശ്യത്തിനുള്ള രൂപ പൗണ്ട്സ്റ്റെർലിങ് നൽകി കൊണ്ടു പോകുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ നിന്നും മേൽപ്പറഞ്ഞ രീതിയിൽ കടത്തുന്ന രൂപ അവിടെ അനാവശ്യമാണ് . പണപ്പെരുപ്പവും സൃഷ്ടിക്കും. കയ്യിലുള്ള രൂപ ആവശ്യത്തിൽ അധികം ആകുമ്പോൾ ഗൾഫിലെ ബാങ്കുകൾ ആ രൂപ ആർബിഐക്ക് നൽകി പൗണ്ട് സ്റ്റെർലിങ് തിരികെവാങ്ങി. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യയിൽനിന്നും കടത്തിക്കൊണ്ടു പോയ രൂപയും തിരിച്ചുവാങ്ങി ആർബിഐ പൗണ്ട്സ്റ്റെർലിങ് തിരിച്ചുകൊടുത്തു ! ഒന്നുകൂടി വ്യക്തമാക്കിയാൽ ഇന്ത്യയുടെ അത്യാവശ്യ ഇറക്കുമതിക്ക് വേണ്ടി ശ്രദ്ധാപൂർവ്വം സൂക്ഷി ച്ചിരുന്ന പൗണ്ട്സ്റ്റെർലിങ് ആണ് ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചുനൽകിയത് ; ഔദ്യോഗികമായി ഒന്നുംതന്നെ ഇറക്കുമതി ചെയ്യാതെ!

ഗള്‍ഫ് മേഖലയിലേക്ക് മാത്രമായി ദുരുപയോഗ ങ്ങള്‍ ഒഴിവാക്കാനോ , അല്ലെങ്കില്‍ ലഘൂകരി ക്കാനോ ഒരു പ്രത്യേക സീരീസിലുള്ള നോട്ട് വിതരണം ചെയ്യാൻ ഇന്ത്യാ ഗവണ്‍മെന്റും , റിസര്‍വ് ബാങ്കും 1950കളുടെ മധ്യത്തോടെ പുതിയ ഒരു ക്രമീകരണത്തിന് തുടക്കം ഇട്ടു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ഭേദഗതി) നിയമം 1959, പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതിനെ തുടര്‍ന്ന് 1959 മെയ് ഒന്നിന് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് അംഗീകാരം നല്‍കുകയും ചെയ്തു.

അതിൻ പ്രകാരം ഗള്‍ഫില്‍ രൂപയുടെ പ്രത്യേക പതിപ്പ് നോട്ട് വിതരണം ചെയ്യുന്നതിന് ഈ നിയമം ഇന്ത്യാ ഗവണ്‍മെന്റിനും , റിസര്‍വ് ബാങ്കിനും അനുവാദം നല്‍കി. ഈ കറന്‍സി നോട്ടിന് ഇന്ത്യന്‍ രൂപയുടെ അതേ മൂല്യവും നൽകി.1959ൽ ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിക്കാനായുള്ള നോട്ടാണ് ഗൾഫ് റുപ്പി അല്ലെങ്കില്‍ വിദേശ റുപ്പി എന്നപേരിൽ അറിയപ്പെടുന്നത്.

മാസങ്ങള്‍ നീണ്ട രഹസ്യ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ധനമന്ത്രാലയം ഇത്തരം ഒരു പരിഷ്‌കരണം കൊണ്ടുവന്നത് . ഇക്കാര്യം നടപ്പാക്കാനായി ചുമതലപ്പെടുത്തിയത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയെ ആയിരുന്നു. 1959 ഏപ്രില്‍ 27ന് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഗള്‍ഫ് രൂപ ഇന്ത്യയിലെ നോട്ടിന്റെ പരമ്പരാഗത രീതിയില്‍ ആയിരുന്നെങ്കിലും നിറത്തിലും , ഡിസൈനിലും പ്രകടമായ വ്യത്യാസങ്ങ ളുണ്ടായിരുന്നു . ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഇസഡ്’ (‘Z’ )എന്ന അക്ഷരത്തില്‍ തുടങ്ങുന്നതും ആയിരുന്നു. ഒന്ന്, പത്ത്, നൂറ് രൂപ നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ബോംബെയിലെ ഓഫീസില്‍ മാത്രമാണ് തിരിച്ചെടുത്തിരുന്നതും.ഗള്‍ഫിലെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ആറ് ആഴ്ചത്തെ സമയമാണ് നല്‍കിയിരുന്നത്. രൂപ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനം വളരെ എളുപ്പമുള്ളതായിരുന്നു. അതോടുകൂടി ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഇന്ത്യൻ രൂപ കൈമാറ്റത്തിനായി ആർബിഐയിലേക്ക് തിരിച്ചുവരാതായി .ഇതോടെ സാധാരണ ഇന്ത്യന്‍ രൂപ ഗള്‍ഫില്‍ സ്വീകരിക്കാതെയുമായി. ഇതോടെ കള്ളക്കടത്തും നിലച്ചു .കള്ളക്കടത്തുകാര്‍ സ്വര്‍ണക്കടത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടി.

വളരെ എളുപ്പത്തില്‍ സൗദി റിയാലാക്കി മാറ്റാമെന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള ഹാജിമാരും , ഗള്‍ഫിലെ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ വാങ്ങിയിരുന്നു. ഈ നോട്ടുകള്‍ വാങ്ങി ബോംബെയില്‍ കൈമാറ്റം ചെയ്യുന്ന തിന് ഇന്ത്യാ ഗവണ്‍മെന്റ് ആദ്യഘട്ടത്തില്‍ സൗദിയിലെ ബാങ്കുകള്‍ക്കും , വ്യാപാരി കള്‍ക്കും അനുമതി നല്‍കിയിരുന്നു. ഈ വഴി കള്ളക്കടത്തുകാര്‍ ഉപയോഗിക്കുമെന്ന ഭയം പിന്നീടുണ്ടായി.
ഇതേതുടര്‍ന്ന് മക്കയിലേക്കും , മദീനയിലേക്കും തീര്‍ഥാടനത്തിനു പോകുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഹജ്ജ് രൂപ നോട്ടുകള്‍ വിതരണം ചെയ്തു. അങ്ങനെ ഹജ്ജ് യാത്രികർക്ക് വേണ്ടി 1959ൽ ആർബിഐ ഇറക്കിയ ഇന്ത്യൻ രൂപയുടെ പ്രത്യേക പതിപ്പാണ് ഹജ്ജ് റുപ്പി എന്നറിയപ്പെടുന്നത് . പത്ത്, നൂറ് രൂപ നോട്ടുകളായിരുന്നു ഇതിനായി അച്ചടിച്ചത്. മറ്റ് നോട്ടുകളില്‍ നിന്ന് വിഭിന്നമായി നിറത്തിലും , ഡിസൈനിലും വ്യത്യാസങ്ങളോടു കൂടി ഈ നോട്ടിലെ നമ്പറിന്റെ തുടക്കത്തില്‍ എച്ച്എ (HA) എന്നീ അക്ഷരങ്ങള്‍ അധികമായി ചേര്‍ത്തിരുന്നു.1960കളില്‍ സൗദി റിയാലിന് പകരമായി ഹജ്ജ് രൂപ കൈമാറ്റം ചെയ്തിരുന്നു.സൗദിഅറേ ബ്യയിലെ ഔദ്യോഗിക കറൻസി റിയാൽ ആയിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ഇന്ത്യൻ രൂപയ്ക്ക് പകരമായി സൗദി റിയാൽ നൽകിയിരുന്നു.
1960കളുടെ തുടക്കത്തിൽ ഇന്ത്യ രൂപയുടെ മൂല്യത്തിൽ കുറവ് വരുത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ഗൾഫ് രാജ്യങ്ങൾ സ്വന്തം കറൻസിയെ പറ്റി ആലോചിക്കുന്നത്. അതായത് രൂപയുടെ മൂല്യം കുറച്ചു കഴിഞ്ഞാൽ കുറഞ്ഞ മൂല്യത്തിന് ആയിരിക്കും പൗണ്ട് സ്റ്റെർലിങ് കൈമാറ്റം നടക്കുക എന്നൊരാശങ്ക അവർക്കുണ്ടായിരുന്നു – അഥവാ അവർക്ക് തുടക്കത്തിൽ ലഭിച്ച അത്രയും രൂപ തിരിച്ചു കൊടുത്താൽ പകരമായി ലഭിക്കുന്നത് ആദ്യം നിക്ഷേപിച്ച പൗണ്ട്സ്റ്റെർലിങ്നേക്കാൾ കുറവായിരിക്കും. അങ്ങനെയാണ് ക്രമേണ ഈ രാജ്യങ്ങളെല്ലാം ഗൾഫ് റുപ്പിയുടെ ഉപയോഗം നിർത്തി സ്വന്തം കറൻസി ഉപയോഗിച്ചു തുടങ്ങിയത് .

ഹജ്, ഗള്‍ഫ് കറന്‍സി നോട്ടുകളുടെ വിതരണം 1960കളുടെ മധ്യംവരെ തുടര്‍ന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുകയും , ഗള്‍ഫ് രാജ്യങ്ങള്‍ ഉയര്‍ച്ചയുടെ ഘട്ടത്തിലായിരുന്നപ്പോ ഴായിരുന്നു അത്. കുവൈറ്റും , ബഹ്റൈനും 1961 ലും , 1965 ലും ദിനാറിലേക്ക് മാറി. 1966 ജൂണിലാണ് ഇന്ത്യ രൂപയുടെ മൂല്യം കുറച്ചത്. ഇതിന് ദിവസങ്ങൾക്കു ശേഷം ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ ഗൾഫ് റുപ്പി പിൻവലിച്ചു . മറ്റു കറൻസികൾ ഉപയോഗിക്കാൻ തുടങ്ങി. ഒമാനിൽ 1970 വരെ ഗൾഫ് റുപ്പി ഉപയോഗി ച്ചിരുന്നു .മിക്കവാറും ഒമാനിലെ തുറമുഖങ്ങ ളിലാണ് ഗള്‍ഫ് റുപ്പി സ്വീകരിച്ചിരുന്നത്. 1970 മെയില്‍ ഗള്‍ഫ് റുപ്പിയുടെ സ്ഥാനത്ത് ഒമാനില്‍ സൗദി റിയാല്‍ അവതരിപ്പിക്കപ്പെട്ടു. ഗള്‍ഫ് രൂപ 21 രൂപയ്ക്ക് റിയാലിലേക്ക് മാറ്റി ഒമാനി സര്‍ക്കാര്‍ വീണ്ടെടുത്തു. 1972ലാണ് നിലവിലെ കറന്‍സിയായ ഒമാനി റിയാല്‍ ഒമാന്റെ ഔദ്യോഗിക കറന്‍സിയായി മാറിയത്.

ഗള്‍ഫ് രൂപ അവസാനിച്ചെങ്കിലും ഇന്ത്യയുടെ വികസനത്തില്‍ അത് സുപ്രധാനമായൊരു പങ്കുവഹിച്ചു.സാമ്പത്തിക മേഖല മുന്നോട്ടു പോകാന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കേണ്ടത് ആവശ്യമാണെന്നു പറഞ്ഞ് ലോക ബാങ്ക് സംഘം 1965ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 1966 ജൂണില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന സചീന്ദ്ര ചൗധരി, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയു ടെ ആശിര്‍വാദത്തോടെ രൂപയുടെ വിനിമയ മൂല്യം പ്രഖ്യാപിച്ചു. അതോടെ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 4.76 ല്‍നിന്ന് 7.5 ലേക്ക് ഉയര്‍ന്നു. ഇത് പലരേയും അത്ഭുതപ്പെ ടുത്തിയെന്നു മാത്രമല്ല ഊഹാപോഹങ്ങള്‍ മാസങ്ങള്‍ നില നില്‍ക്കുകയും ചെയ്തു.

1970ന്റെ തുടക്കത്തിലാണ് ഹജ്ജ്, ഗള്‍ഫ് രൂപകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നത്. നാണയങ്ങള്‍ ശേഖരിക്കുന്നവര്‍ ഇന്ന് ഏറ്റവും അധികം ആവശ്യപ്പെടുന്ന ഇനമാണിത്. സ്പിങ്ക് ആന്‍ഡ് സണ്‍ നടത്തിയ ഒരു ലേലത്തില്‍, 10ന്റെ ഒരു ഗള്‍ഫ് രൂപ നോട്ടിന് 120 പൗണ്ടും നികുതി തുകയും ലഭിച്ചപ്പോള്‍ ,100ന്റെ ഹജ്ജ് രൂപയ്ക്ക് 44,000 പൗണ്ടും ലേലത്തില്‍ ലഭിച്ചു. വിവിധ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ നിരവധി വ്യാജ നോട്ടുകള്‍ വന്‍ വിലയ്ക്ക് വിറ്റുപോകുകയും ചെയ്തിരുന്നു.
ഗള്‍ഫ്, ഹജ്ജ് രൂപകള്‍ അപ്രത്യക്ഷമായിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യ ഇന്നും പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വാണിജ്യ, സാംസ്‌കാരിക രംഗങ്ങളിൽ ശക്തരായി തുടരുകയാണ്. മറ്റു രാജ്യങ്ങളിലെ കേന്ദ്രബാ ങ്കിന്റെ വിദേശനാണ്യശേഖരത്തിലും, ഔദ്യോ ഗിക കറൻസിയായും ഇന്ത്യൻ രൂപയുടെ ഉപയോഗം ഇന്ന് ലോകത്ത് എവിടെയും ഇല്ല .

You May Also Like

തമോദ്വാരങ്ങൾ- മിത്തും യാഥാർഥ്യവും

തമോഗർത്തങ്ങൾ ഇപ്പോഴും സജീവമായ ഗവേഷണ വിഷയമാണ്, അവയെക്കുറിച്ച് നമുക്ക് ഇനിയും കണ്ടെത്താനുണ്ട്.

ഡിഎൻഎ രൂപത്തിൽ ശേഖരിച്ചാൽ, ഒരു പഞ്ചസാരത്തരിയുടെ വലിപ്പമുള്ള ചിപ്പിൽ ഒരു സിനിമ മുഴുവനായി സൂക്ഷിക്കാം

✍ വിവരശേഖരണം: Rafi Msm Muhammed ഹാർഡ് ഡിസ്കുകൾക്ക് പകരമായി ഡി.എൻ.എ. യിൽ ഡാറ്റകൾ സംഭരിക്കുന്നതിനുള്ള…

വൃക്ഷങ്ങൾ ചതുരാകൃതിയിലോ , ത്രികോണാകൃതിയിലോ ‌ വളരാതെ സിലിണ്ടർ ആകൃതിയിൽ വളരുന്നത് എന്തുകൊണ്ടാണ് ?

അറിവ് തേടുന്ന പാവം പ്രവാസി വൃക്ഷങ്ങൾ ചതുരാകൃതിയിലോ , ത്രികോണാകൃതിയിലോ ‌ വളരാതെ സിലിണ്ടർ ആകൃതിയിൽ…

പ്രകൃതിയൊരുക്കിയ മഹാവിസ്മയം

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് തെക്കൻ സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന ബൈക്കൽ തടാകം, 5,387 അടി…