ഗുണ്ട്കാട് സാബു എന്ന കൊട്ട മധു.
ഷാജി കൈലാസ് സംവിധാനം ചെയ്ത് പ്രത്വിരാജ് നായകനായി എത്തിയ കാപ്പ എന്ന ചിത്രം നിറഞ്ഞ സദസില്‍ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ച ആകുന്ന മറ്റൊരു കാര്യമുണ്ട്. കാപ്പ എന്ന സിനിമയിലെ പ്രത്വിരാജ് അവതരിപ്പിച്ച കൊട്ടമധു എന്ന കഥാപാത്രം തിരുവനന്തപുരംകാരനായ ഗുണ്ട്കാട് സാബു എന്നയാളുടെ ജീവിതകഥ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. തിരുവനന്തപുരം യൂണിവേര്സിടി കോളേജില്‍ തന്റെ ജൂനിയര്‍ ആയി പഠിച്ചതാണ് ജി ആര് ഇന്ദുഗോപന് എന്ന് സാബു പറയുന്നു. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് ഗുണ്ട ആവേണ്ടി വന്ന സാബുവിന്റെ കഥ എന്നാല്‍ മുഴുവനായും കാപ്പയില്‍ പറയുന്നതല്ല. കുറച്ചു സിനിമാടിക് ചേരുവകകള്‍ കൂടി ചേര്‍ത്താണ് കാപ്പ ഇറങ്ങിയത്.
കോളേജ് കാലഘട്ടം മുതലേ നാടകവും സിനിമയും അഭിനയവും ഒക്കെയായി നല്ല ബന്ധമുണ്ട് സാബുവിന്. സീരിയലിലും അടുത്തിടെ ഇറങ്ങി ശ്രദ്ധേയമായ ‘ഹോളിവൂണ്ട്’ അടക്കം കുറച്ചു സിനിമകളിലും സാബു അഭിനയിച്ചിട്ടുണ്ട്. തിരുവനതപുരത്തിന്റെ കഥ പറഞ്ഞ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്തെ കുറിച്ച് പഠിക്കാന്‍, സുഹൃത്ത് കൂടിയായ സംവിധായകന് രാജീവ് രവി ആദ്യം സമീപിച്ചത് തന്നെയാണെന്ന് സാബു ഓര്‍മ്മിക്കുന്നു. ഇനി ഇറങ്ങാന്‍ പോകുന്ന ഒരുപിടി ചിത്രങ്ങളുടെ ഭാഗമാണ് ഗുണ്ട്കാട് സാബു. അഭിനേതാവായും പ്രൊഡക്ഷന്‍ കണ്ട്രോളര് ആയും പലതരത്തില്‍ സാബു സിനിമകളില്‍ ഭാഗമാകാറുണ്ട്. ഇനിയങ്ങോട്ടും മലയാള സിനിമയില്‍ സജീവമായി തുടരാന്‍ തന്നെയാണ് ഗുണ്ട്കാട് സാബുവിന്റെ പ്ലാന്‍.
ഗുണ്ടുകാട് സാബു ഫ്ളാഷ് ബാക്
ഒരുകാലത്തു തിരുവനന്തപുരം നഗരത്തിൽ മുഴങ്ങിക്കേട്ടൊരു പേരാണ് ഗുണ്ടുകാട് സാബു.തിരുവനന്തപുരം PMG ജംഗ്ഷന് അടുത്തുള്ള ഒരു കോളനി ആണ് ഗുണ്ടുകാട് … കൃത്യമായി പറഞ്ഞാൽ ഇപ്പോളത്തെ ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിന് അടുത്തുള്ള കോളനി. സാബു പ്രൗദിൻ എന്ന വ്യക്തി ഗുണ്ടുകാട് സാബു ആയതിനു പിന്നിൽ കിരീടത്തിലെ സേതുമാധവന്റെതു തുല്യമായ ഒരു കഥയുണ്ട്. ഒരു പക്ഷെ നമ്മുടെ നിയമവ്യവസ്ഥയുടെ കൂടെ ബലിയാടുകളാണ് സാബുവിനെ പോലുള്ളവർ. ഒരാൾ അബദ്ധവശാലോ മറ്റോ ഒരു കേസിൽ ഉൾപ്പെടുമ്പോൾ അവനെ ആജീവനാന്തം അങ്ങനെ തന്നെ പരിഗണിക്കുന്ന നിയമായാണ് നമ്മുടേത്. പോരെങ്കിൽ നമ്മുടെ നാട്ടിലെ വ്യവസായ-രാഷ്ട്രീയ ഉന്നതരുടെ താത്പര്യങ്ങളും.
പാർട്ടി വളർത്താനും ബിസിനസ് വളർത്താനും ബ്ലേഡ്, മണൽ, അബ്കാരി ..പോലുള്ള മാഫിയകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പലരും ഇത്തരക്കാരെ ഉപയോഗപ്പെടുത്തുമ്പോൾ പിന്നെ ‘ഗുണ്ട’ എന്ന് പേരെടുത്ത ഒരുവന് ശാന്തജീവിതം അന്യമാകുന്നു. കിട്ടുന്നതോ ഒന്നാന്തരം വട്ടപ്പേരും . അവിടെയാണ് സാബു പ്രൗദിൻ എന്ന വ്യക്തി ഗുണ്ടുകാട് സാബുവായി പ്രവർത്തനം ചെയ്യപ്പെടുന്നത്.
മകൻ ബി.എസ്സി പഠിക്കുമ്പോൾ തന്നെ പൊലീസുകാരനായ അച്ഛൻ തന്റെ മകനൊരു എസ്.ഐയായി കാണണമെന്നാഗ്രഹിച്ചു. പക്ഷെ, അവനൊരു അടിപിടി കേസിൽ പെട്ടു. പകരം വീട്ടാനായി എതിരാളികളും കൊല്ലപ്പെടാതിരിക്കാനായി അവനും പയറ്റി നിന്നു. അച്ഛന്റെ മോഹങ്ങൾ അസ്തമിച്ചു. പറഞ്ഞു വരുന്നത് പൊലീസുകാരൻ അച്യുതൻ നായരുടെ മകൻ സേതുമാധവന്റെ കഥയല്ല. പൊലീസുകാരൻ പ്രഭാകരന്റെ മകൻ സാബു പ്രൗദിന്റെ കഥയാണ്. അങ്ങനെ പറഞ്ഞാൽ സാബുവിനെ തിരിച്ചറിയാൻ പറ്റില്ല. ഗുണ്ടുകാട് സാബുവെന്നു പറഞ്ഞാൽ എല്ലാവർക്കുമറിയാം.
‘കീരീട’ത്തിലെ സേതുമാധവൻ ‘ചെങ്കോലി’ൽ ജയിലിൽ നിന്നിറങ്ങുന്നു പിന്നെ പ്രതികാര കത്തിക്കിരയായി ഒടുങ്ങുന്നു. ഇവിടെ സാബു ജയിലിൽ നിന്നിറങ്ങി നടന്നു നീങ്ങിയത് സിനിമയിലേക്ക്. ഇപ്പോൾ അഭിനേതാവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സഹസംവിധായകൻ ഒക്കെയാണ് സാബു പ്രൗദിൻ. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ സാബുവിനെ ഭൂതകാലം വല്ലാതെ വേട്ടയാടുന്നുണ്ട്. ഇത്തരം കേസുകളിൽ ഒരിക്കൽപെട്ടാൽ പിന്നെ ഊരിപോകാൻ പറ്റില്ലല്ലോ
പക്ഷെ സാബു ഭാവി ജീവിതം സിനിമയിലൂടെ കരുപ്പിടിപ്പിക്കാനാൻ തീരുമാനിച്ചിരിക്കുന്നത്. സമാന്തര സിനിമയ്ക്കൊപ്പം നീങ്ങി. സ്വതന്ത്ര സംവിധായനാകണം. അന്താരാഷ്ട്ര സിനിമവേദികളിൽ അംഗീകാരം നേടുന്ന കാന്തി എന്ന സിനിമയിലെ നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് സാബു.
ആദിവാസി ജീവിതം പ്രമേയമാക്കിയ മലയാള ചിത്രം ‘കാന്തി’ മുംബയിൽ നടന്ന ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടി. ആശോക് ആർ. നാഥ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത് മുമ്പ് ഒട്ടേറെ കേസുകളിൽ പ്രതിയായ സാബു പ്രൗദിനാണ് (ഗുണ്ടുകാട് സാബു). എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സാബുവാണ്.
ഫെസ്റ്റിവലിൽ അവസാനപട്ടികയിൽ നോമിനേഷൻ ലഭിച്ച ഏക മലയാള ചിത്രവും കാന്തിയാണ്.അനിൽ മുഖത്തല കഥയും തിരക്കഥയും എഴുതിയ ചിത്രം നിർമ്മിച്ചത് ആർ.സന്ദീപാണ്. പൂന ഇന്റർനാഷൺൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്കും ബോസ്റ്റേൺ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.