Vani Jayate

എന്റെ ഹ്യുമർ സെൻസ് കാലഹരണപ്പെട്ടു പോയതാണോ എന്നറിയില്ല… അതോ എനിക്ക് കിളി പോയതോ? എല്ലാവരും ചിരിച്ചു മറിഞ്ഞു എന്നൊക്കെ പറഞ്ഞു കൈകൊട്ടി ആർക്കുന്ന ഗുരുവായൂർ അമ്പലനടയിൽ കണ്ടിട്ട് എനിക്ക് ഒരു ചിരിയും വന്നില്ല, വരും വരുമെന്ന് പ്രതീക്ഷയിൽ ഇരുന്ന ഇരിപ്പിൽ സിനിമ അവസാനിക്കുകയും ചെയ്തു. ഇനി എനിക്ക് ഇവരുദ്ദേശിച്ച തമാശകൾ മനസ്സിലാവാത്തതാണോ ആവോ.. ഗുരുവായൂരപ്പനറിയാം.

മലയാള സിനിമയിൽ തമാശ പടങ്ങൾ വന്നിട്ടുള്ളത് പല പല വേവുകൾ ആയിട്ടാണ്. ആദ്യ കാലത്ത് ഡോക്ടർ ബാലകൃഷ്ണന്റെയും ഹരിഹരന്റെയും ഒക്കെ തുടക്കകാലത്ത് ലേഡീസ് ഹോസ്റ്റലും, കോളേജ് ഗേളും തുടങ്ങിയ സിനിമകൾ വന്നു.. പിന്നെ ഹരിഹരൻ ട്രാക്ക് മാറിപ്പിടിച്ചപ്പോൾ സത്യൻ അന്തിക്കാടിന്റെതായി കുറുക്കന്റെ കല്യാണവും, മണ്ടന്മാർ ലണ്ടനിലും അപ്പുണ്ണിയും ഒക്കെയായി ഹാസ്യവും നർമ്മവും ഒക്കെ ഇടകലർന്നു കാമ്പുള്ള ചിരി സമ്മാനിച്ച സിനിമകൾ കുറെയുണ്ടായി. മോഹന്റെ ഒരു കഥ ഒരു നുണക്കഥയൊക്കെ ആ കാലഘട്ടത്തിൽ വന്നതാണ്. പിന്നീട് മലയാളത്തിൽ സ്ലാപ്പ് സ്റ്റിക്ക് കോമഡികളുടെ പുഷ്കലകാലത്തിന് തുടക്കമിട്ടത്, പ്രിയദർശന്റെ സിനിമകളിലൂടെയാണ്. ഹിന്ദിയിൽ നിന്നും അമോൽ പലേക്കറിനെയും, ഫാറൂക്ക് ഷെയ്ക്കിനെയും ഒക്കെ വെച്ച് ബസു ചാറ്റർജ്ജിയും ഋഷികേഷ്‌ മുക്കർജിയും ഒക്കെ കൊണ്ടുവന്നിരുന്ന മനോഹരമായ സിനിമകളിൽ നിന്നും കഥാ സന്ദർഭങ്ങൾ കടമെടുത്ത്, അതിൽ തന്റേതായ സ്ലാപ്പ് സ്റ്റിക്ക് കോമഡി വേർഷനുകൾ സൃഷ്ടിച്ച പ്രിയദർശൻ തുടക്കമിട്ടത് ഒരു ട്രെൻഡിനായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, അയൽവാസി ഒരു ദരിദ്രവാസി, ധീം തരികിട തോം … തുടങ്ങി ഒരുപാട് കോമഡികൾ

പിന്നീടെപ്പോഴോ പ്രിയൻ ഹിന്ദിയിൽ നിന്നും ഹോളിവുഡിലേക്ക് തന്റെ കാച്ച്മെന്റ്റ് ഏരിയ മാറ്റിയപ്പോഴും കോമഡി കൈവിട്ടില്ലായിരുന്നു ഹാലോ മൈ ഡിയർ റോങ് നമ്പർ പോലുള്ള സിനിമകൾ ആ സ്ട്രീമിൽ ഒഴുകി വന്നതാണ്. കിലുക്കവും ചിത്രവുമൊക്കെയായി വെറും മൈൻഡ്‌ലെസ്സ് കോമഡിയിൽ നിന്നും ഇമോഷനും കലർത്തി കൂടുതൽ ജനപ്രിയമായ ഒരു രസക്കൂട്ട് അദ്ദേഹം സൃഷ്ടിച്ചെടുത്തു. അതിന് സമാന്തരമായി കൂടുതൽ ജീവിതഗന്ധികളായ കഥകളിൽ സ്ട്രോങ്ങ് ആയ നർമ്മത്തിന്റെ സാന്നിധ്യം സത്യൻ അന്തിക്കാടും, സിബി മലയിലും കമലുമൊക്കെ ആറ്റിക്കുറുക്കിയെടുത്ത് മറക്കാനാവാത്ത ചലച്ചിത്രാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകി. ശ്രീനിവാസനും രഘുനാഥ്‌ പാലേരിയുമായിരുന്നു മുഖ്യ കാർമ്മികർ, പിന്നെയാണ് സിദ്ധിക്ക് ലാലുമാരുടെ അരങ്ങേറ്റം. ഞാൻ റാംജിറാവുവിനെയും ഗോഡ് ഫാദറിനെയും കോമഡി ചിത്രങ്ങളായി വിലയിരുത്താറില്ല. അതിലൊക്കെ കോമഡി കഥ പറയാനുള്ള ഒരു ഔട്ട്ലെയർ മാത്രമായിരുന്നു. അവർ ചെയ്ത ഏക ഔട്ട് ആൻഡ് ഔട്ട് കോമഡി ഇൻ ഹരിഹർനഗർ മാത്രമാണ്.

അതെ സമയം കുടുംബചിത്രങ്ങളിൽ നിന്നും കളംമാറ്റിയ പിജി വിശ്വംബരനും, കലൂർ ഡെന്നീസും ചേർന്ന് മുകേഷിനെയും സിദ്ധിക്കിനെയും ജഗദീഷിനെയും വെച്ചു സമാന്തരമായി ഒരു കൂട്ടം ലോ ബഡ്ജറ്റ് കോമഡി സിനിമകൾ ഇറക്കി നിർമ്മാതാവിന് മുടക്കുമുതലും, പ്രേക്ഷർക്ക് എന്റർടൈൻമെന്റും പ്രദാനം ചെയ്തിരുന്നു. രാജസേനനും പ്രേക്ഷകരെ ചിരിപ്പിച്ച ഒരുപാട് സിനിമകൾ ആ കാലഘട്ടത്തിന് സമ്മാനിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴും യോദ്ധയും രാജമാണിക്യവും പോലുള്ള കോമഡി താങ്ങി നിർത്തിയിരുന്ന വമ്പൻ ഹിറ്റുകൾ വന്നുപോയിരുന്നു പക്ഷെ അപ്പോഴൊക്കെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മറന്നു ചിരിച്ചുല്ലസിക്കാൻ കഴിയുന്ന സ്ലാപ്പ് സ്റ്റിക്ക് കോമഡി ഴോൻറെ മലയാളത്തിൽ നിന്നും അന്യം നിന്ന് പോയിരുന്നു. ഇന്നും ഒന്ന് ഡൌൺ ആവുന്ന സമയത്ത് യൂട്യൂബിൽ തപ്പുന്നത് ഓടരുതമ്മാവായും, പൂച്ചക്കൊരു മൂക്കുത്തിയും പോലെയുള്ള സിനിമകളാണ്. പിന്നീട് ആ ഒരു ട്രാക്കിലിറങ്ങിയത് ദിലീപ് ആയിരുന്നു. മിസ്റ്റർ ബീനിനെ നിർലോഭം ആശ്രയിച്ചിരുന്ന ദിലീപിന്റെ പറക്കും തളികയും, സിഐഡി മൂസയുമൊക്കെ ഇന്നും ടെൻഷനുള്ളവർക്ക് വല്ലാത്ത റിലീഫാണ്. അതുപോലെ തന്നെയാണ് തിളക്കവും, കല്യാണരാമനും പഞ്ചാബി ഹൗസുമൊക്കെ.

ഈ സിനിമ കാണാൻ ഒരുങ്ങി ഇറങ്ങുന്നതിന് മുമ്പ് വായിച്ച പോസിറ്റിവ് റിവ്യൂകൾ കണ്ടപ്പോൾ മനസ്സിൽ ഒരു ലഡു പൊട്ടിയിരുന്നു. ഒരു മൈൻഡ്‌ലെസ്സ് കോമിക്ക് റിലീഫ് ഈ കാലഘട്ടത്തിലെ മലയാള സിനിമ അർഹിച്ചിരുന്നു. എല്ലാം മറന്ന് ചിരിക്കാൻ, സമ്മർദ്ധങ്ങളെ മാറ്റി നിർത്താൻ മറ്റൊരു ഉദ്ദേശങ്ങളും കൂടാതെ ചിരിപ്പിക്കാൻ വേണ്ടി മാത്രമുള്ള സിനിമകൾ. എന്നാൽ ഇതിൽ അത്തരത്തിലുള്ള ഒരൊറ്റ സീൻ പോലുമില്ല. കണ്വലൂറ്റഡ് ആയ കഥാ സന്ദർഭങ്ങളിലൂടെ കോമഡി സൃഷ്ടിക്കാനുള്ള അദ്ധ്വാനം തോന്നിപ്പിക്കുന്ന പരിശ്രമങ്ങൾ. സ്പൂഫ്, ബ്ലാക്ക് ഹ്യുമർ, സറ്റയർ എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനുള്ള ശ്രമങ്ങളാണെങ്കിലും ചിരി വരണ്ടേ…. തുടക്കം മുതൽ ഒടുക്കം വരെ ഏതാണ്ട് നിഖിലാ വിമലിന്റെ ഈ സിനിമയിലെ എക്സ്പ്രഷൻ പോലെയാണ് കണ്ടിരുന്നത്. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സാമാന്യം ഭേദപ്പെട്ട നർമ്മമുഹൂർത്തങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഒരു സീരീസിന്റെ സ്‌ക്രിപ്‌റ്റെഴുതിയ ദീപു പ്രദീപിന്റെ പേരിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല എന്ന് ഇവിടെ വിഷമത്തോടെ പറയേണ്ടി വരും. യോഗി ബാബുവിന്റെ സാന്നിധ്യം പോലും സിനിയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും നൽകിയിട്ടില്ല. പൃഥ്വിരാജിന്റെ പെർഫോമൻസ് – ഒരു പുരോഗതിയും തോന്നിയില്ല. ബേസിൽ – അതെ ബേസിൽ തന്നെ. ഇനിയും ഇതിന്റെ നിരവധി വേർഷനുകൾ വരുമായിരിക്കും എന്നെ പറയാനുള്ളു.
നന്ദനത്തെ ട്രോൾ ചെയ്യുമ്പോഴും അതിന്റേതായൊരു ഹ്യുമർ ഇൻഡ്യൂസ് ചെയ്യാനുള്ള ഒരു പോസിബിലിറ്റി നോക്കണമായിരുന്നു.

ഞാൻ അലസമായൊരു എഴുത്തു വേലയെ ആണ് ഇതിന്റെ പോരായ്മകൾക്ക് പ്രതിക്കൂട്ടിൽ നിർത്തുക. ഒരു തട്ടിക്കൂട്ട് ഫീൽ ആണ് സ്ക്രിപ്റ്റിന്. ദോഷം പറയരുതല്ലോ വിപിൻദാസ് കുറെ മികച്ച ഷോട്ടുകൾ കൺസീവ് ചെയ്തിട്ടുണ്ട്. വളരെക്കാലത്തിന് ശേഷം ഒരു സിനിമയിൽ സ്പ്ളിറ്റ് സ്‌ക്രീൻ വളരെ എഫെക്റ്റീവ് ആയി ഉപയോഗിച്ച് കണ്ടിട്ടുള്ളത് ഇതിലാണ്. ഈ ഇൻസ്റ്റാ റീലുകളും ഒക്കെ വെച്ച് സുപരിചിതരായ ആളുകളും അവരുടേതായ ഫാൻ ബേസും ഉണ്ടാവും. അത്കൊണ്ട് താനെന്ന ചിലരുടെ ചേഷ്ടകളും മറ്റും കാണുമ്പോൾ രസിക്കുന്നവരുണ്ടാവും. എന്നാൽ അതധികം കാണാത്ത എനിക്കൊക്കെ അവരെ ഈ സിനിമയിലെ പെര്ഫോമെൻസ് വെച്ചാണ് വിലയിരുത്താൻ കഴിയുകയുള്ളൂ. അവരിൽ പലരും അരോചകമാണ് എന്ന് മാത്രം പറയുന്നു.

മലയാള സിനിമ ഒഴുകിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഓളത്തിന് രക്ഷപ്പെട്ടു പോവുമായിരിക്കും, പക്ഷെ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി സിനിമകളുടെ കൂട്ടത്തിൽ നിർത്താനുള്ള മേന്മയൊന്നും ഈ സിനിമയ്ക്കില്ല. ഇനി എല്ലാം മറന്ന് ചിരിക്കാനുള്ള അവസരം എന്നൊക്കെ വിചാരിച്ചു പോവാതെ ജസ്റ്റൊരു ടൈം പാസിന് വേണ്ടി തീയറ്ററിൽ കയറുന്നവരാണെങ്കിൽ ഒക്കെ.. തിരിച്ചു കടിക്കില്ല എന്ന് മാത്രം പറയാം. സുന്ദരന്മാരെയും സുന്ദരിമാരെയും തിളക്കമുള്ള വേഷങ്ങളും കുറെ ആഘോഷങ്ങളുമൊക്കെ കണ്ടു പോരാം..
ഗുരുവായൂർ അമ്പലനടയിൽ – തീയറ്റർ റിലീസ്

You May Also Like

പ്രശസ്ത നടി ‘കരകാട്ടക്കാരൻ’ കനകയുടെ വീടിന് തീപിടിച്ച സംഭവം ഞെട്ടലുണ്ടാക്കി

പ്രശസ്ത നടി ‘കരകാട്ടക്കാരൻ’ കനകയുടെ വീടിന് തീപിടിച്ച സംഭവം ഞെട്ടലുണ്ടാക്കി അന്തരിച്ച ഇതിഹാസ നടി ദേവികയുടെ…

ആ അപരിചിതരായ യുവാക്കൾക്കൊപ്പം ടൗണിലേക്ക് പോകാനായി വാഹനത്തിൽ കയറിയത് തെറ്റായ തീരുമാനം ആയിരുന്നു

“They chose the wrong shuttle “!!! 🎬 Shuttle (2008) IMDB റേറ്റിംഗ് :…

നിങ്ങൾ ഇത് വരെ ഈ ചിത്രം കാണാത്ത ഒരാളാണെങ്കിൽ…

ദീപു ഒരു പക്ഷേ ഇതെല്ലാവരുടെയും കപ്പിലെ ചായ ആകാൻ വഴിയില്ല. മിക്കവാറും എല്ലാവർക്കും മഴ ഇഷ്ടമായിരിക്കും.മഴയുടെ…

നടി കനകലത അന്തരിച്ചു (സിനിമാരംഗത്തെ ഇന്നത്തെ പ്രധാനവാർത്തകൾ )

നടി കനകലത അന്തരിച്ചു , ‘ഗു’ ഒഫീഷ്യൽ ട്രെയിലർ, ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ടർബോ’ രണ്ടാംസ്ഥാനത്ത് ,