ബിജെപിക്കാരനായത് കൊണ്ടാണ് അയാൾ സംരക്ഷിക്കപ്പെടുന്നത് എന്ന് ഗൗരവതരമാണ്

139

Habeeb Kavanur

ബിജെപി നേതാവായത് കൊണ്ടല്ല പോക്സോ പ്രതി പപ്പൻ മാഷ് അറസ്റ്റ് ചെയ്യപ്പെടേണ്ടത്. പക്ഷെ ബിജെപിക്കാരനായത് കൊണ്ടാണ് അയാൾ സംരക്ഷിക്കപ്പെടുന്നത് എന്ന് ഗൗരവതരമാണ്. പോക്സോ പ്രകാരം കേസെടുത്ത് 27 ദിനങ്ങൾ കഴിഞ്ഞിട്ടും ഒരു ബലാത്സംഗ പ്രതി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ പേടിക്കേണ്ടതുണ്ട്. കത്വയിലെയും ഉന്നാവോയിലെയും പിച്ചിച്ചീന്തപ്പെട്ട പെൺകുട്ടികളെക്കുറിച്ച് ആധി കൊണ്ടിരുന്നവരൊക്കെ മൗനത്തിലാണ്. മുടക്കോഴി മലയിൽ കയറി കൊടി സുനിയെയും കൂട്ടരേയും പൊക്കിയ, പെരുമ്പാവൂരിലെ കനാലിൽ നിന്ന് കിട്ടിയ ചെരുപ്പിന്റെ വാറിൽ നിന്ന് ജിഷയുടെ കൊലയാളിയെ തിരിച്ചറിഞ്ഞ പോലീസ് മാമന്മാരും നിസ്സഹായരാണ്.

എന്താണ് നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാന ഹേതു ? ബലാത്സംഗം ചെയ്യപ്പെട്ട കുട്ടികളുടെ മതവും ജാതിയും അവർക്ക് നീതി നിഷേധിക്കുന്നു. പീഡിപ്പിക്കുന്നവന്റെ സോഷ്യൽ പ്രിവിലേജുകൾ അവന്റെ തെറ്റുകൾ സംരക്ഷിക്കാൻ സഹായിക്കുന്നു. തെറ്റ് ചെയ്തവന് വീണ്ടും അതാവർത്തിക്കാൻ പ്രേരിപ്പിക്കുന്ന നിയമ സംവിധാനങ്ങൾ തുടർക്കഥയാകുന്നു. ഇവിടെ പ്രതി കണ്മുന്നിലുണ്ടായിട്ടും അതീവ ഗൗരവമായുള്ള കേസായിരുന്നിട്ടും അറസ്റ്റ് നടക്കാതെ പോകുന്നു. സ്വന്തം മണ്ഡലത്തിൽ ഉള്ള കേസായിരുന്നിട്ടും യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത തരത്തിൽ പ്രസ്താവന ഇറക്കുന്ന ടീച്ചറമ്മയുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പിന്റെ ബോധപൂർവമുള്ള വീഴ്ചകളും മനോഭാവങ്ങളും തുടർക്കഥയാകുന്നു.

സമ്പൂർണ്ണ സാക്ഷരതയും സംസ്ക്കാരവും പറഞ്ഞു വീമ്പിളക്കുന്ന നാട്ടിൽ നാലാംക്ലാസ്സുകാരിയായ കൊച്ചു പെൺകുട്ടി സ്വന്തം ഗുരുവിനാൽ പീഡിപ്പിക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇനിയും പിടിക്കപ്പെടാതെ രാഷ്ട്രീയ സ്വാധീനത്താൽ സുരക്ഷിതനായി കഴിയുന്നതിൽ ലജ്ജ തോന്നുന്നില്ലേ.ഇനിയെത്ര മെഴുകുതിരികൾ ഉരുകിത്തീർന്നാലാണ് നമ്മുടെ നീതിമനോഭാവത്തിന്റെ ഇരുണ്ടയിടങ്ങളിൽ വെളിച്ചം നിറയുക ? ഇനിയെത്ര ഹാഷ്ടാഗുകൾ വരച്ചു വെച്ചാലാണ് ഇരകൾക്ക് നീതികിട്ടിത്തുടങ്ങുക ? ഇനിയെത്ര തെരുവുകൾ ഉറക്കെ ശബ്ദിച്ചാലാണ് നീതിയുടെ വാതിലുകൾ തുറക്കപ്പെടുക ? വരൂ.. നമുക്ക് കത്വയിലെ ആസിഫയെക്കുറിച്ച് ഒച്ചവെക്കാം. നമുക്ക് ഉന്നാവോയിലെ വെന്തുവീണ കുട്ടികളെക്കുറിച്ച് ആകുലപ്പെടാം. നമുക്ക് നീതി നിഷേധിക്കപ്പെടുന്ന കാശ്മീരിലെ കുട്ടികളെക്കുറിച്ച് ശബ്ദിച്ചുകൊണ്ടേയിരിക്കാം. വരൂ… നിർഭയയെക്കുറിച്ച്, ടിങ്കിൾ ശർമ്മയെക്കുറിച്ച്, വലേറിയയെക്കുറിച്ച്, അയ്‌ലാൻ കുർദിയെക്കുറിച്ച്, കവിതയെഴുതാം…അതൊന്നും നമ്മുടെ അത്ര അടുത്തല്ലല്ലോ.