തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ തലമുടി കണ്ട കാര്യം മാധ്യമങ്ങൾ അമിത പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിന്റെ നിലവാരം മനസിലാക്കാൻ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി ജി ആർ അനിൽ ആഹാരം കഴിക്കുമ്പോൾ ആണ് തലമുടി കിട്ടിയത്. അദ്ദേഹം അതിനെ സൂക്ഷിച്ചു നോക്കുന്ന ചിത്രങ്ങൾ ആണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. പിന്നീട് അദ്ദേഹം ആ പ്ളേറ്റിലെ ആഹാരം ഉപേക്ഷിച്ചു മ്റ്റൊരു പ്ളേറ്റിൽ പുതിയ ആഹാരം വരുത്തി കഴിക്കുകയും ചെയ്തു. അത് ഒറ്റപ്പെട്ട സംഭവമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊക്കെ വലിയ അക്ഷന്തവ്യമായ അപരാധമാണ് എന്ന രീതിയിലാണ് ചിലരുടെയൊക്കെ കാഴ്ചപ്പാട്. മനുഷ്യരാണ് പാചകം ചെയ്യുന്നതെങ്കിൽ അതിൽ മുടിയൊക്കെ ചിലപ്പോൾ ഉണ്ടായെന്നിരിക്കും. ആരും ബോധപൂർവ്വം ഇടുന്നതല്ല. എന്നാണു നാം സഹിഷ്ണുതയോടെ ചിന്തിക്കേണ്ടത്. ഈ ഈ വിഷയത്തെ കുറിച്ചുള്ള ചില പ്രതികരണങ്ങൾ വായിക്കാം.

***

 

 

എസ്.ശാരദക്കുട്ടി

കൊഴിയുന്ന തലമുടി ചുരുട്ടിക്കെട്ടി തെങ്ങിൻ ചോട്ടിൽ കുഴിച്ചിട്ട് മണ്ണ് ഉപ്പൂറ്റി കൊണ്ട് ചവിട്ടി ഉറപ്പിച്ചാൽ പനങ്കുല പോലെ തലമുടി വളരുമെന്ന് അമ്മുമ്മ പറയുമായിരുന്നു. അങ്ങനെ ചെയ്തിട്ടുമുണ്ട്. കുറെക്കാലം കഴിഞ്ഞ് അമ്മുമ്മയോട് എന്തിനാണിങ്ങനെ നുണ പറഞ്ഞു പറ്റിച്ചതെന്നു ചോദിച്ചപ്പോൾ അമ്മുമ്മ പറഞ്ഞത് , നിങ്ങൾ അഞ്ചാറു പെൺപിള്ളേരുടെ തലമുടി മുറിക്കുള്ളിൽ പറന്നു നടക്കാതിരിക്കാനാണ് , ആണുങ്ങൾ ഉണ്ണാൻ വരുമ്പോൾ ചോറിൽ മുടി കിടക്കരുത് അതിനാണ് എന്നൊക്കെയാണ്. കുഴിച്ചിട്ടു കാൽ കൊണ്ടമർത്തിയാൽ മുടി വളരുമെന്നുള്ള പ്രലോഭനം കുറേക്കാലത്തേക്കെങ്കിലും ഫലിച്ചു.

പക്ഷേ ഒരു കുഞ്ഞു തലമുടിയെങ്കിലും ചോറിൽ കണ്ടാൽ അമ്മയെ എല്ലാവരും രൂക്ഷമായി നോക്കി. അമ്മ കുറ്റബോധം കൊണ്ടു ചൂളി . അച്ഛൻ വളർത്തിയ മക്കൾ നോട്ടം തുടരുകയും അമ്മ വളർത്തിയ മക്കൾ ഉരുകുകയും ചെയ്തു കൊണ്ടിരുന്നു.എന്റെ വീട്ടിൽ ഉണ്ണാൻ വന്ന എന്റെ കൂട്ടുകാരിക്ക് കറിയിൽ നിന്ന് മുടി കിട്ടിയത് അവർ ഊണിനു ശേഷം എന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അമ്മ വളർത്തിയ ഞാൻ നിന്നു ചൂളി . അതു കണ്ട് എന്റെ സ്വാധീനം തീരെയില്ലാത്ത എന്റെ മകൾ നേരെ നിന്നു എന്നോടു ചോദിച്ചു, “പെണ്ണുങ്ങളാണുണ്ടാക്കുന്നത് , അവർ നീളൻ മുടിയുള്ളവരാണ്‌. ചിലപ്പോൾ മുടിയൊക്കെ കിട്ടും. അതിനമ്മ ചൂളുന്നതെന്തിന്? അമ്മ പറിച്ചിട്ടതൊന്നുമല്ലല്ലോ”

കടയിൽ നിന്ന് , ചന്തയിൽ നിന്ന് ഒക്കെ വരുന്ന പച്ചക്കറികളിൽ ചുറ്റി നിൽക്കുന്ന തലമുടിയൊക്കെ എത്ര തവണ കഴുകി മാറ്റിയിരിക്കുന്നു. എത്ര മാത്രം ശ്രദ്ധയുണ്ടെങ്കിലാണ് ഒരു കറി വൃത്തിയായി പാത്രത്തിൽ വരുക എന്ന് ആർക്കാണറിയാത്തത് !!വീട്ടിലെ പെണ്ണുങ്ങളുടെ വർഷങ്ങളായുള്ള പണികളിലെ അമിത ശ്രദ്ധയെല്ലാം വൃഥാവിലാകും ഒരിക്കൽ ഒരു കറിയിൽ ഒരു തലമുടി കിട്ടിയാൽ . നമ്മൾ വാരിപ്പറിച്ച് കറിയിലിട്ടതാണെന്ന ഭാവത്തിലാണ് മുടി കാണുമ്പോൾ ചിലരുടെ നോട്ടം. മകളാണ് പറഞ്ഞു തന്നത് , കറിയിലെ കുറവുകൾ അമ്മയുടെ കുറവുകളല്ല എന്ന് . വേണമെങ്കിൽ കഴിക്കാം , അല്ലെങ്കിൽ എഴുന്നേറ്റു പോകാം . ഇതു രണ്ടും അമ്മയെ ബാധിക്കാൻ പാടില്ല എന്ന് . അവൾ എന്റെ മകൾ Maya ❤️❤️❤️❤️

***

 

SK Mini

ഇതുമായി ബന്ധപ്പെട്ട് രസകരമായ എന്റെ ഓർമ്മ പങ്കുവയ്ക്കാം എന്റെ അമ്മൂമ്മ അച്ഛന്റമ്മ തടിമിടുക്കന്മാരായ 4 ആണ്മക്കളും, ‘അണ്ണന്മാരെ’ ദൈവങ്ങളായി കണ്ടു ‘ചുരുണ്ടു’നടന്ന 4 പെണ്മക്കളുമായിരുന്നു. പാചകത്തിന് മേൽനോട്ടം നല്കുന്നതല്ലാതെ അമ്മൂമ്മ പാചകം ചെയ്യില്ല. ആണ്മക്കൾക്കു എന്നും ‘നല്ല പങ്കു’ ഒന്നാമതായി തന്നെ നൽകും;അപ്പൂപ്പനും. ബാക്കിയുള്ളത് മറ്റുള്ളവർ തട്ടിക്കൂട്ടി ഒപ്പിക്കും. പക്ഷെ ആരെങ്കിലും മുടി കിട്ടിയെന്ന് പരാതിപ്പെട്ടാൽ അമ്മൂമ്മേടെ മട്ടുമാറും. പക്ഷെ പുറത്തറിയാൻ പറ്റില്ല. ആണ്മക്കളോട് പറയും, മുടികിട്ടിയാൽ ഇടംകൈപ്പത്തിയിൽ ചുരുട്ടിവച്ചു ‘അമ്മമുടി’ എന്നു മനസാസ്മരിച്ചു ഭക്തിയോടെ, ബാക്കിയും കഴിച്ചു സ്ഥലം വിട്ടോളണം എന്ന്‌.അമ്മ ദേവിയെന്നല്ലേ വയ്പ്പ്, അപ്പോൾ തിരുമുടിയ്ക്കെതിരെ ക്രോധിക്കാൻ പാടില്ലെന്ന്!ആ കെണിയിൽ ആണ്മക്കൾ വീണു. അമ്മൂമ്മ മരിക്കും വരെ അങ്ങനെയൊരു പരാതി പിന്നീടുണ്ടായിട്ടില്ല. പെണ്ണുങ്ങളുടെ എണ്ണം കൂടുന്ന കുടുംബങ്ങളിൽ അമ്മമാർ എടുക്കുന്ന തന്ത്രപരമായ നിലപാടായിരിക്കണം ഇത്.മകൻ കുഞ്ഞായിരിക്കുമ്പോൾ ഒരിക്കൽ ഈ അടവ് എനിക്കും പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്.പക്ഷെ ആവർത്തിക്കാതിരിക്കാൻ തന്നെയാണ് ഇഷ്ടം

***

Satheesh Kumar

ഭക്ഷണത്തിൽ മുടി എന്നത്‌ അക്ഷന്തവ്യമായ ഒരു അപരാധമാകുന്നത്‌ പാചകം എന്നാൽ സ്ത്രീയുടെ ജോലിയാണ്‌ എന്ന പാട്രിയാർക്കൽ മനോഭാവത്തിൽ നിന്നാണ്‌.ഭക്ഷണത്തിൽ അന്യമായ മറ്റ്‌ എന്ത്‌ കലരുന്നതിനേക്കാളും അനേകമായ സാധ്യതകൾ ഉള്ള ഒന്നാണ്‌ തലമുടിയുടേത്‌.സ്റ്റാർ ഹോട്ടലുകളിലേത്‌ പോലുള്ള കണിശ പ്രോട്ടോക്കോളുകൾ സാധ്യമല്ലാത്ത ഗാർഹിക ചുറ്റുപാടുകളിൽ പണിയെടുക്കുന്ന വീട്ടമ്മമാർ എത്ര ശ്രദ്ധിച്ചാലും ഇടക്ക്‌ സംഭവിച്ചേക്കാവുന്ന ഒരു ചെറിയ അബദ്ധമാണത്‌. പാചകത്തിന്‌ മുൻപോ പാചകത്തിന്‌ ഇടയിലോ പാചക ശേഷമോ , വിളമ്പിയതിനും ഉണ്ണുന്നതിനും ഇടക്കു പോലുമോ സംഭവിച്ചേക്കാവുന്ന ഒന്ന്

എന്റെ ചെറുപ്പകാലത്ത്‌ ഗാർഹികപരിസരങ്ങളിൽ വലിയ സംഘർഷമുണ്ടാവുന്ന ഒരു സാഹചര്യമായിരുന്നു ഭക്ഷണത്തിലെ മുടി.അച്ഛൻ സ്ഥലത്തില്ലായിരുന്ന ബാല്യമായതുകൊണ്ടാവണം സ്വന്തം വീട്ടിൽ എന്നതിനേക്കാൾ മൂത്ത അമ്മാവന്റെ വീട്ടിലായിരുന്നു ഈ പറഞ്ഞ ആണധികാരത്തിന്റെ വെളിച്ചപ്പാടുറയൽ ഞാൻ കണ്ടിട്ടുള്ളത്‌. അധികാരം എന്നല്ല ,ആണഹങ്കാരം എന്നാണ്‌ പറയേണ്ടത്‌
ഭക്ഷണം പാത്രത്തോടെ വലിച്ചെറിയുക എന്നത്‌ അരിശനാടകത്തിലെ ഒന്നാം രംഗമായിരുന്നല്ലോ അന്നൊക്കെ.ആണിന്റെ ക്ഷോഭത്തേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്‌ അപരാധം ചെയ്തുപോയി എന്ന മട്ടിലുള്ള പെണ്ണിന്റെ നിൽപാണ്‌.

 

‘തെറ്റ്‌ പറ്റിപ്പോയി എന്നിൽ ദയവുണ്ടാവണം ‘ എന്ന മട്ടിലുള്ള ഒരു ശരീര നിലയാണ്‌ അത്‌.
ഭക്ഷണത്തിൽ മുടി പെട്ടുകൂടാ എന്ന അറിവ്‌ അടുത്ത തലമുറയിലെ പെൺകുട്ടികളിലേക്ക്‌ പകരുവാൻ പര്യാപ്തമായ ഒന്ന്,
ഒരു ഭാഷയും ആവശ്യമില്ലാത്ത ഒരു കമ്മ്യൂണിക്കേഷൻ.
കാര്യങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ട്‌ എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു
ചോറിലെ തലമുടി എന്നത്‌. തീൻ മേശയിലെ ഭൂകമ്പമല്ലാതായിട്ട്‌ കാലം കുറേ ആയിട്ടുണ്ടാവണം.
അവളുണ്ടാക്കുന്ന ഭക്ഷണത്തിൽ വല്ലപ്പോഴും അവളറിയാതെ പെട്ട്‌ പോകുന്ന ഒരു മുടി അത്രയേറെ അഴുക്കുള്ളതല്ല എന്ന് മാത്രമല്ല പാചകമെന്നത്‌ അവൾ മാത്രം ചെയ്യേണ്ട ഒന്നല്ല എന്നും ബോധ്യപെട്ട്‌ തുടങ്ങിയിട്ടുണ്ട്‌ നവകാല പുരുഷന്മാർക്ക്‌.

ഒന്നോർത്താൽ ഭക്ഷണത്തിലെ കാണാത്ത അഴുക്കുകളേക്കാൾ എത്രയോ മാന്യനാണ്‌ കാണാൻ കഴിയുന്ന മുടി,വിളമ്പും മുൻപ്‌ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ നൈസായി എടുത്തു മാറ്റുമായിരുന്നു എന്നതുപോലെ കഴിക്കുമ്പോൾ ശ്രദ്ധയിൽ പെട്ടാലും അതിനെ ആ വിധം എടുത്തുമാറ്റാവുന്നതേ ഉള്ളൂ..
അവളുടെ മുടി കൊഴിയുന്നുണ്ടെന്നും അതിന്‌ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്‌ എന്നും ഒരു സ്നേഹം കൂടിയാക്കി മാറ്റാവുന്ന ഒന്നാണ് സത്യത്തിൽ‌ ആ സന്ദർഭം. ചിത്രത്തിൽ കാണുന്ന ഇന്നത്തെ വാർത്തയാണ്‌ അല്ലെങ്കിൽ എഴുതാൻ മാത്രം പ്രാധാന്യമില്ലാത്ത ഈ വിഷയത്തെകുറിച്ച്‌ എന്നെക്കൊണ്ട്‌ എഴുതിക്കുന്നത്‌.
ഭക്ഷണത്തിൽ മുടി എന്നതിൽ ഒരു വലിയ വാർത്തയുണ്ട്‌ എന്ന് ലേഖകന്‌ തോന്നിപ്പിക്കുന്നത്‌ ഞാൻ നേരത്തേ പറഞ്ഞ സാമൂഹ്യ പാഠം പഠിച്ചു വെച്ചിരിക്കുന്നു എന്നത്‌ കൊണ്ടാണ്‌..

അൽപം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നത്‌ നേരു തന്നെയാണ്‌ പക്ഷേ അത്‌ ക്ഷമിക്കാൻ പറ്റാത്ത തരം ഒരു തെറ്റൊന്നുമല്ല എന്ന് മാത്രം ഞാനല്ല ഞാനല്ല എന്ന് മുടിയുള്ളവരൊക്കെയും അപരനിലേക്ക്‌ വിരൽ ചൂണ്ടി പരിഭ്രമിക്കാൻ തക്ക ഒന്നുമില്ല അതിൽ.അത്രയേ ഉള്ളൂ.(വീട്ടിൽ നിലവിലുള്ള നിയമമനുസരിച്ച്‌ എല്ലാ അലങ്കോലങ്ങളുടേയും ഉത്തരവാദി ഞാനാണ്.

അടുക്ക്‌ തെറ്റിക്കുന്നതും അഴുക്കാക്കുന്നതും ഞാൻ എന്നാണ്‌ ഡിഫാൾട്ട്‌ ആയി സെറ്റ്‌ ചെയ്ത്‌ വെച്ചിരിക്കുന്നത്‌..
എന്റെ നിരപരാധിത്തം തെളിയിക്കാൻ സത്യപ്രസ്താവനകളോ സാക്ഷികളോ ആവശ്യമില്ലാത്തത്‌ മുടിയുടെ കാര്യത്തിൽ മാത്രമാണ്‌.ചില നേരങ്ങളിൽ മൊട്ടത്തലയെന്നാൽ ചില്ലറ അനുഗ്രഹമല്ല..)

***

Maina Umaiban

എവിടെ നോക്കിയാലും നിന്റെ മുടിയാണല്ലോ എന്ന്‌ അവന്‍ ദേഷ്യപ്പെടുമ്പോള്‍ ചിലപ്പെഴെങ്കിലും എനിക്കു ചിരിവരും. നീണ്ട മുടിയുള്ള പെണ്ണിനെകെട്ടണമെന്ന്‌ ആഗ്രഹിക്കുന്ന സകലപുരുഷന്മാരെയും അന്നേരം ഞാനോര്‍ക്കും. സ്‌ത്രീയുടെ സൗന്ദര്യലക്ഷണങ്ങളിലൊന്നാണല്ലോ നീണ്ട പനങ്കുല പോലത്തെ മുടി.
പക്ഷേ, ഒരു മുടിയെങ്കിലും തോര്‍ത്തിലോ ചീപ്പിലോ നിലത്തോ കണ്ടുപോയാല്‍ ഇവര്‍ ഉറഞ്ഞുതുള്ളും.
തന്നത്താന്‍ ചോറുവെച്ച്‌ വാര്‍ക്കാനായപ്പോള്‍ മുതല്‍ അമ്മച്ചി പറയും ‘ചുറ്റിച്ചു വാര്‍ക്കണേ’ എന്ന്‌. തവിക്കണകൊണ്ട്‌ കഞ്ഞി ഇളക്കിയ ശേഷമേ വാര്‍ക്കാവൂ എന്നാണ്‌ സാരം. മുടിയോ മറ്റുനാരുകളോ വീണുപോയിട്ടുണ്ടെങ്കിലും ഇളക്കലില്‍ തവിക്കണയില്‍ ചുറ്റും. നീളമുള്ള മുടി പെണ്ണിനു മാത്രമായതുകൊണ്ട്‌ കുഞ്ഞു മുടിക്കഷ്‌ണം കണ്ടാലും പെണ്ണിനു തന്നെ കുറ്റം.

“മുടിയില്ലാതെ ഒറ്റദിവസംപോലും ചോറുണ്ണാനാവില്ല….നിന്റെയൊരു മുടി…”
ഹോ..പാവം…ഇത്രകാര്യമായിട്ട്‌ ഉച്ചത്തെ ഭക്ഷണത്തെക്കുറിച്ചുമാത്രം പറയുമ്പോള്‍ മുടി. കാരണം രാവിലെയും വൈകിട്ടും ഒപ്പമിരുന്നാണല്ലോ കഴിക്കുന്നത്. ഇങ്ങനെ എന്നും ഉച്ചത്തേക്കുള്ള ചോറില്‍ മുടിയുണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ ‘ഗള്‍ഫ്‌ ഗേറ്റു’കാരെ കാണേണ്ടിവന്നേനേ…. ( 2022 ൽ അതാണവസ്ഥ ????)

ആദികവി മുതല്‍ പാടി തുടങ്ങിയതാണ്‌ സ്ത്രീയുടെ മുടിയെക്കുറിച്ച്. മുടിയില്ലാത്ത പെണ്ണ്‌ എന്തിനു പറ്റും? പക്ഷേ, ഒരു മുടി നാരുപോലും കൊഴിഞ്ഞു വീഴാന്‍ പാടില്ല…കൊഴിയും മുമ്പുള്ള മുടിയുടെ അഴകിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ …. കൊഴിഞ്ഞമുടിക്ക് ‘വീണപൂവി’ന്റെ ഗതിയാണ്‌. ഇത്രയും അറപ്പുള്ള സംഗതിയില്ല പിന്നെ…
ഒരിക്കല്‍ ഹോട്ടലില്‍ നിന്ന്‌ ചോറുണ്ണുമ്പോള്‍ സഹപ്രവര്‍ത്തകന്റെ ചോറില്‍ മുടി. അവന്‍ പതുക്കെ മുടിയെടുത്ത്‌ മാറ്റി ഭാവഭേദമൊന്നുമില്ലാതെ കഴിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരത്ഭുതം ആദ്യമായി കാണുകയായിരുന്നു. ‘ലോകത്തെ ഞെട്ടിക്കുന്ന സംഭവം’ ഇതൊക്കെയാണെന്ന്‌ അപ്പോള്‍ തോന്നി.
മുടി കൊഴിയുന്നതിനും വളരാനും എത്രയെത്ര മരുന്നുകളാണ്‌ പരസ്യങ്ങളില്‍…കേശസംരക്ഷണത്തിന്‌ എത്ര ചിലവാണ്‌. എണ്ണ, ,സോപ്പ്‌, താളി, ഷാംപൂ….താരന്‌, കൊഴിച്ചിലിന്‌, പേനിന്‌ ….

 

എലിവാലുപോലുള്ള മുടിയാണെങ്കിലും അത്‌ ഒപ്പംവെട്ടി വൃത്തിയാക്കുന്നത്‌ പ്രാണസങ്കടമാണ്‌ പലര്‍ക്കും. നീളം കുറഞ്ഞാല്‍ പെണ്ണല്ലാതാകുമോ എന്ന ഉത്‌കണ്‌ഠ. എന്റെ എലിവാലുപോലത്തെ മുടിയങ്ങ്‌ വെട്ടിക്കളഞ്ഞാലോ എന്ന്‌ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. ഒന്നാമത്‌ ഈ സംരക്ഷണമൊന്നും എനിക്കു പറ്റുന്ന പണിയല്ല. രാവിലെ ധൃതിപിടിച്ച്‌ ഓഫീസിലേക്ക്‌ ഓടുമ്പോള്‍ മുടിയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റാറില്ല. വേനലില്‍ മുടി വരുത്തുന്ന ചൂടിനെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുന്നതാണ്‌ നല്ലത്‌. സഹപ്രവര്‍ത്തകമാരെല്ലാവരും ഇത്തവണത്തെ ചൂടില്‍ മുടി മേലോട്ട്‌ വാരിവലിച്ച്‌ കെട്ടി ജോലിചെയ്‌തു. അതു കണ്ടപ്പോള്‍ ‘മക്കളെ ഇതു കുളിക്കടവല്ല..ബേങ്കാണ്‌ ‘എന്നാണ്‌ കളിയായിട്ടാണെങ്കിലു്‌ം ഒരു മാനേജര്‍ പ്രതികരിച്ചത്.
കൊഴിഞ്ഞ്‌ കോലുപോലായ മുടി കുറച്ചുമുറിച്ചു മാറ്റിയപ്പോള്‍ അനിയത്തിയോട്‌ അമ്മച്ചി ചോദിച്ചത്‌ ‘നിനക്കെന്തു പ്രാന്താ’ണെന്നായിരുന്നു….അങ്ങനെയാണ്‌ നമുക്കുചുറ്റും കുറച്ചല്‌പം മുടി മുറിച്ചു കളഞ്ഞാല്‍ ഗ്രാമസൗന്ദര്യം പോയെന്നും നാഗരികയായെന്നും കേള്‍ക്കേണ്ടി വരും.

ഇക്കാര്യം വസ്‌ത്രത്തിലെത്തുമ്പോള്‍ പറയുകയും വേണ്ട. തിങ്ങി നിറഞ്ഞ ബസ്സില്‍ കുറച്ചു പുറകില്‍ നില്‌ക്കേണ്ടി വരുന്ന ഒരു സ്‌ത്രീയുടെ കാര്യം അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. സാരിയുടെ തലപ്പിനെ ഷാളിനെ, മഫ്‌ത്തയെ തിരക്കിനിടയില്‍ നിന്നും മോചിപ്പിച്ചെടുക്കുമ്പോഴേക്കും പുതിയതൊരെണ്ണം വാങ്ങേണ്ട അവസ്ഥയിലെത്തും. മുടിയിലെ സ്ലൈഡുകള്‍, ക്ലിപ്പ്, റിബണ്‍ എല്ലാം ഇങ്ങനെ തന്നെ. എല്ലാംകൂടി പെറുക്കികൂട്ടിയാല്‍ ബസ്സുകാര്‍ക്ക്‌ സ്റ്റേഷനറിക്കട തുടങ്ങാം.

ഒരു ദിവസം ബസ്സില്‍ നിന്നിറങ്ങുമ്പള്‍ എന്റെ മുടിക്കെന്തോ കനം. നോക്കുമ്പോള്‍ പേന. ഒരു സഹപ്രവര്‍ത്തകയ്‌ക്ക്‌ ആ വകുപ്പില്‍ കിട്ടിയത്‌ കണ്ണടയായിരുന്നു.മുമ്പേ ഇറങ്ങിയ ചേച്ചിയുടെ സാരിത്തലപ്പില്‍ പുറകിലിറങ്ങിയയാള്‍ ചവിട്ടിയതോടെ ചേച്ചി ദാ കിടക്കുന്നു റോഡില്‍ മൂക്കും കുത്തി.അപ്പോഴാണ്‌ ആ വഴിപോയ മദാമ്മയെ ശ്രദ്ധിച്ചത്‌. മുടിയോ വസ്‌ത്രമോ അവരുടെ നടപ്പിനെ ബാധിക്കുന്നേ ഇല്ലെന്നു തോന്നി. മുണ്ടും കുപ്പായവും തലയില്‍ തട്ടവുമിട്ടിരുന്ന അലവിതാത്ത പണ്ട് ആറ്റില്‍ വീണുപോയപ്പോള്‍, അവര്‍ക്കു നീന്താനറിയാമായിരുന്നിട്ടും തുണിയാകെ മേലാകെ ചുറ്റി മുങ്ങാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ശത്രുവായ പീതാംബരന്‌ ചാടേണ്ടിവന്നു രക്ഷിക്കാന്‍….

 

മുടിയും ആഭരണവും വസ്‌ത്രവുമൊക്കെ ജനനം മുതല്‍ സ്‌ത്രീയെ പലതരം അസ്വാതന്ത്യങ്ങളുടെ കയത്തില്‍ കൊണ്ടുപോയിടുന്നു. രക്ഷപെടാന്‍, വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുകയും ചെയ്യും.ഒരു പെണ്‍കുട്ടി ജനിച്ചാല്‍ പറ്റുന്നതും വേഗത്തില്‍ കാതുകുത്തുന്നതാണ്‌ ഇന്നത്തെ രീതി. കുറച്ചു പ്രായമായവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് കല്ല്യാണത്തിന്റെ തലേന്നാണ്‌ കാതുകുത്തിയതെന്നൊക്കെ…മകള്‍ വളര്‍ന്നു സ്വയം തീരുമാനിക്കാനാവുന്ന പ്രായമാവുമ്പോള്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ എന്നു വിചാരിക്കാന്‍ പറ്റുന്ന എത്രപേരുണ്ട്‌?ഉണ്ട്‌ ഒരുപാടുപേരുണ്ട്‌..പക്ഷേ, വീട്ടുകാരുടെ ബന്ധുക്കളുടെ സുഹൃത്തുളുടെ സ്‌നേഹപൂര്‍വ്വമായ സമ്മര്‍ദ്ദത്തിനു മുന്നില്‍….
ഈ സമ്മര്‍ദ്ദമാണ്‌ മാറ്റങ്ങളുണ്ടാക്കാതെ പോകുന്നതും.

അടുത്തിരുന്നു ജോലിചെയ്യുന്ന കുട്ടിക്ക്‌ അവള്‍ മുമ്പണിഞ്ഞിരുന്ന മുത്തുമാലകളായിരുന്നു ഭംഗി. പക്ഷേ, വിവാഹം കഴിഞ്ഞതോടെ വലിയൊരു തുടല്‍മാല…ഭര്‍തൃവീട്ടുകാരുടെ കഴിവിനെ കാണിക്കാനാവണം അത്ര വലിയൊരു മാലയുടെ ആവശ്യം. പലപ്പോഴും പലരും സൗന്ദര്യത്തിനിണങ്ങും വിധമായിരിക്കില്ല ആഭരണങ്ങള്‍ ധരിക്കുന്നത്‌. എല്ലാവരെയും തൃപ്‌തിപ്പെടുത്താന്‍..കുടുംബ മഹിമ കാണിക്കാന്‍…
‘ഒന്നുമില്ലെന്നേ..ഉള്ളതൊക്കെ വിറ്റുകള്ളു കുടിച്ചു…..ധൂര്‍ത്തടിച്ചു…കടം തീര്‍ത്തു..’ തുടങ്ങിയ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകേള്‍ക്കാതിരിക്കാന്‍.എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഞാനും വിധേയയാണ്‌.എന്തിനാ ഈ സാരിയും ചുരിദാറും.. അയഞ്ഞ പാന്‍സും ഷര്‍ട്ടുമിട്ടാല്‍ പോരെ..എന്ന് അവനെന്നോട്‌ ചോദിക്കാം.പക്ഷേ, ആ വേഷത്തിലേക്കു മാറുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യത്തിനുത്തരം പറയാന്‍…

Leave a Reply
You May Also Like

ഒരു വിസ്മയമാണ് നരൻ എന്ന സിനിമയും …മുള്ളൻകൊല്ലി വേലായുധനും

രാഗീത് ആർ ബാലൻ ഒരു വിസ്മയമാണ് നരൻ എന്ന സിനിമയും …മുള്ളൻകൊല്ലി വേലായുധനും… സ്വന്തം അച്ഛനെ…

ഫഹദ് ഫാസിലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആണ് സിബി

രാഗീത് ആർ ബാലൻ “എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ സ്പോട്ടിൽ എന്റെ…

ഗാന്ധിജിയുടെ ശവസംസ്ക്കാര സീനില്‍ അഭിനയിച്ചത് 3 ലക്ഷം പേര്‍; ഗാന്ധി സിനിമയുടെ ലോക റെക്കോര്‍ഡ്‌

ഇദ്ദേഹത്തിന്റെ പേര് റിച്ചാര്‍ഡ് ആറ്റിന്‍ബോറോ, ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുണ്ടോ

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും, എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക, തീരുമാനമെടുക്കുക.