എന്റേതായി ഇനിയൊന്നും അവശേഷിക്കുന്നില്ല, ഞാനിപ്പോള്‍ വട്ടപ്പൂജ്യമാണ്

113

Hairunneesa P

ഇന്നലെ ഉച്ചയോടടുപ്പിച്ച്, വീട്ടിലേക്കുള്ള പാല്‍ വാങ്ങിക്കാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു മുഹമ്മദ് സഈദ് സല്‍മാനിക്ക് ഇളയ മകന്റെ ഫോണ്‍ വരുന്നത്. ആയുധമേന്തിയ, നൂറോളം വരുന്ന ആളുകളുടെ ഒരു കൂട്ടം അവരുടെ വീടിരിക്കുന്ന ഗലിയിലേക്ക് അതിക്രമിച്ചുകയറുകയും അവിടെയുള്ള കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്.
ഖജൂരി ഖാസില്‍ നിന്ന് 1.5 കിലോമീറ്റര്‍ ദൂരെ, ഗാംരിയിലാണ് സഈദിന്റെ വീട്. ഫോണ്‍ വന്നതിന് പിന്നാലെ അവിടേക്ക് ഓടിയെത്തിയെങ്കിലും വീട് നില്‍ക്കുന്നയിടത്തേക്ക് പോകാന്‍ സഈദിനെ, തൊട്ടടുത്തുള്ള ഗലികളിലെ ആളുകള്‍ സമ്മതിച്ചില്ല. അവിടെ അപകടകരമായ അവസ്ഥയാണ്, അങ്ങോട്ട് ചെന്നാല്‍ കൊല്ലപ്പെടും എന്നവര്‍ ഉറപ്പിച്ചുപറഞ്ഞു.

”സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുമെന്ന് എനിക്ക് തോന്നി, അവിടെത്തന്നെ കാത്തുനില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. മണിക്കൂറുകളാണ് അതേ അവസ്ഥയില്‍ ഞാന്‍ നിന്നത്, അപ്പോഴൊക്കെ എന്റെ കുടുംബമൊന്നാകെ തീര്‍ന്നുകാണുമെന്ന് ഞാനോര്‍ത്തു…”- നാല്‍പത്തിയെട്ടുകാരനായ സഈദ് പറയുന്നു. എന്നാല്‍ സഈദിന്റെ ചിന്തകളില്‍ നിന്ന് വിരുദ്ധമായി കുടുംബത്തിലെ മിക്കവാറും പേരും എങ്ങനെയോ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പക്ഷേ 85കാരിയായ ഉമ്മ മാത്രം കത്തിപ്പടര്‍ന്ന തീയില്‍പ്പെട്ടു. നാല് നിലയുള്ള വീട് മുഴുവനായി എരിഞ്ഞുതീര്‍ന്നപ്പോള്‍ അതിനൊപ്പം വൃദ്ധയായ അക്ബരിയും എരിഞ്ഞുതീര്‍ന്നു.

ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു സഈദ്. ഇതിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത് വീടിന്റെ രണ്ട് നിലകളിലായി സജ്ജീകരിച്ച ടെയലറിംഗ് വര്‍ക്ക് ഏരിയകളിലായിരുന്നു. എല്ലാം തീയില്‍ കരിഞ്ഞുതീര്‍ന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയും ആഭരണങ്ങളും കൊള്ള ചെയ്യപ്പെട്ടിരിക്കുന്നു. ”എന്റേതായി ഇനിയൊന്നും അവശേഷിക്കുന്നില്ല. ഞാനിപ്പോള്‍ വട്ടപ്പൂജ്യമാണ്..” – സഈദ് പറയുന്നു.

Advertisements