സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന മത യാഥാസ്ഥിതിക പുരുഷന്മാരെ ട്രോളി യുവതിയുടെ പോസ്റ്റ്

Hairunneesa P എഴുതുന്നു

എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോൾ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകൾ കാണാൻ പറ്റണം… (മനോഹരമായ കാലുള്ളവരുടേതാണെങ്കിൽ) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളിൽ വച്ചുമതി. അപ്പഴേ അത് നയനാന്ദകരമാകൂ, പൊതുസ്ഥലങ്ങളിൽ ഇതത്ര മാന്യമായ വസ്ത്രധാരണമല്ല. ഇനി അഥവാ മുണ്ടുടുത്താൽ തന്നെ മടക്കിക്കുത്തരുത്!

മുണ്ട് മടക്കിക്കുത്തി നടക്കുന്ന പുരുഷമ്മാരുടെ കാലുകൾ കാണുമ്പോൾ ഞങ്ങൾ സ്ത്രീകൾ പെട്ടെന്ന് പ്രകോപിതരാകും. ഞങ്ങളുടെ ഉള്ളിലിരുപ്പ് എന്താന്ന് ഞങ്ങൾക്കല്ലേ അറിയൂ, ഞങ്ങളത്ര നല്ലവരൊന്നുമല്ല. അപ്പോൾ പ്രശ്നങ്ങളൊഴിവാക്കാൻ വേണ്ടി പറയുന്നതാണ്. അല്ലാതെ ഒരു നിർബന്ധബുദ്ധിയുടെ പേരിൽ പറയുന്നതല്ല.

പിന്നെ ‘പാന്റ്’ അത് ഭയങ്കര ടൈറ്റുള്ളത് കൊള്ളില്ല. സ്വൽപം ലൂസൊക്കെയുള്ള, കുത്തുന്ന നിറങ്ങളില്ലാത്ത (നരച്ചതാണെങ്കി അത്രയും നല്ലത്), സിബ്ബ് വേണ്ട, ഇലാസ്റ്റിക്കോ വള്ളിയോ മതി. മൂത്രമൊഴിക്കുമ്പോൾ സിബ്ബിനിടയിലൂടെ സംഗതി പുറത്തെടുക്കുന്നത് അപകടമാണ്. ഒന്നാമത് എളുപ്പമുള്ള രീതി ആയതുകൊണ്ട് നിങ്ങളേത് പൂരപ്പറമ്പിന് നടൂല് നിന്നും അത് തൊറക്കും. അത് പാടില്ല, താഴേക്ക് അഴിക്കുന്ന പാന്റാകുമ്പോ എല്ലായിടത്തൂന്നു അത് അഴിക്കാൻ നിങ്ങക്ക് പറ്റാതാകും. (പറ്റുന്നവർക്ക് അതിനുള്ള ശിക്ഷ വേറെ ഉണ്ടായിരിക്കും) രണ്ടാമത്… സംഗതി തിരിച്ചിടുമ്പോൾ സിബ്ബ് കുടുങ്ങാനുള്ള സാധ്യത, എത്ര കേസുകളാണ് ദിവസവും ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത്.

നിങ്ങളുടെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിക്കുന്നത് ഞങ്ങക്ക് സഹിക്കില്ല. പിന്നെയെന്തിനാണ് ഞങ്ങൾ സ്ത്രീകളാണെന്നും പറഞ്ഞ് ഇങ്ങനെ നടക്കുന്നത്??

കുപ്പായമാണെങ്കിലും കണ്ണടിച്ച് പോകുന്ന നിറങ്ങള് കൊള്ളൂല, പിന്നെ ഹാഫ് കയ്യുള്ളത് ഇടരുത്, ഫുൾ സ്ലീവ് കഷ്ടപ്പെട്ട് മടക്കിവയ്ക്കണം,

ഒരിക്കലും ഇൻസേർട്ട് ചെയ്യരുത്, അപ്പോൾ നിങ്ങടെ ബാക്ക് തള്ളി നിക്കാൻ സാധ്യതയുണ്ട്. അതും ഞങ്ങളിൽ പ്രകോപനമുണ്ടാക്കും. ഞങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും നിങ്ങള് കാണിക്കണ്ട, ഞങ്ങളതൊക്കെ രഹസ്യമായിട്ട് തുണ്ട് വീഡിയോകളിൽ കണ്ടോളാം, അല്ലെങ്കി ഒളിച്ചിരുന്ന് കണ്ടോളാം, നിങ്ങളായിട്ട് കാണിക്കണ്ടെന്ന് മാത്രം, വേറൊന്നും കൊണ്ടല്ല, നിങ്ങളിത് സ്ഥിരമായിട്ട് ഇങ്ങനെ കാണിച്ചോണ്ട് നടന്നാ ഞങ്ങക്കതിലുള്ള രസം പോകും. അതാണ്!

ബർമൂഡ, ട്രൌസർ, കളസങ്ങളും നിരോധിക്കണം. ഇതിനെല്ലാം മുകളിൽ പാൻറോ മുണ്ടോ ഗൌണോ ഷർട്ടോ ഉടുക്കുകയാണെങ്കിൽ ഓക്കെ. അങ്ങനെയല്ലെങ്കിൽ ഇവയൊക്കെ ഞങ്ങൾ സ്ത്രീകൾ കൂടി ഇറങ്ങിനടക്കുന്ന പൊതുവിടങ്ങളിൽ ‘സഭ്യത’യുടെ ‘അതിർവരമ്പുകൾ’ ‘ഭേദി’ക്കും. അത് കളി വേറെയാണ്, ചോദ്യോം വർത്താനോം ഒന്നുല്ല, അക്കാര്യത്തിൽ ഞങ്ങൾ സ്ത്രീകൾ ഒറ്റക്കെട്ടാണ്. അത് ഞങ്ങളുടെ സംസ്കാരത്തിന്റെയും ഞങ്ങളുടെ സ്ത്രീത്വത്തിന്ർറെയും വിഷയമാണ്, നോ കോംപ്രമൈസ്…

കയ്യും കഴുത്തും മൂടുന്ന ജാക്കറ്റ്, കോട്ട്- പോലുള്ളവ, യഥേഷ്ടം ധരിക്കാം. അതിൽ മറ്റ് മാനദണ്ഡങ്ങളൊന്നുമില്ല!

ടീഷർട്ട്, ബനിയൻ- എന്നിങ്ങനെയുള്ള കുപ്പായങ്ങൾ നിരോധിക്കണം. ഷർട്ടിന് താഴെ നിർബന്ധമായും ഷിമ്മീസിടണം. അല്ലെങ്കി നിങ്ങളുടെ പാപ്പം നെഴലടിച്ച് പുറത്തുകാണും. പാപ്പം, സ്ത്രീകളുടേത് മാത്രേ അട്രാക്ടീവായിരിക്കാൻ പാടൂ, പുരുഷന്റെ പാപ്പം അങ്ങനെ മാർക്കറ്റ് വാല്യൂ ഉള്ള പാപ്പമാകുന്നതിൽ ഞങ്ങക്ക് യോജിപ്പില്ല. മാത്രല്ല, നിങ്ങക്ക് പാലുൽപാദിപ്പിക്കാനും കഴിവില്ലല്ലോ,

ബെൽറ്റ് ഇട്ടാലും ഇട്ടില്ലെങ്കിലും കുഴപ്പമില്ല, ഷഡ്ഡിയുടെ ഇലാസ്റ്റിക് പുറത്ത് കാണരുത്, കണ്ടാ അപ്പോത്തന്നെ അത് ഊരിവാങ്ങി, തൊണ്ടിയാക്കി കണക്കാക്കി അയാൾക്കെതിരെ കേസെടുക്കണം.

ഇതിനെല്ലാം പുറമേ ചൂട് കാലത്ത് കുപ്പായമിടാതെ ഒരിക്കലും നടക്കരുത്. അന്തസിന് ചേർന്ന കാര്യമല്ലത്. അന്തസ് സ്വന്തമായിട്ടില്ലെങ്കിൽ അത് ഞങ്ങൾ നിർബന്ധിച്ച് നിങ്ങളെക്കൊണ്ട് പിടിപ്പിക്കും. മിനിമം ഒരു മുലക്കച്ചയെങ്കിലും കെട്ടിയേ പുറത്തിറങ്ങാവൂ, അല്ലെങ്കിൽ പരമാവധി കയ്യില്ലാത്ത സ്ലിപ് പോലുള്ള ഇന്നർവെയേഴ്സാകാം.

എന്നിരിക്കിലും, ഓരോ ആണിനും മതപരമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. അപ്പോഴും ഞങ്ങൾ സ്ത്രീകളുടെ മേൽനോട്ടത്തിലായിരിക്കും ഫൈനൽ ഡിസിഷൻ. അതിപ്പോ കള്ളിമുണ്ടോ, കാവിയോ, ലുങ്കിയോ ഡബിളോ എന്തുമാകട്ടെ, അതിലെല്ലാം ഞങ്ങൾക്ക് ഞങ്ങളുടേതായ വീക്ഷണകോണകങ്ങളുണ്ട്. അതുടുത്തേ പറ്റൂ.

ഹേ പുരുഷാ, പറയുമ്പോ മുഖം ചുളിച്ചിട്ട് കാര്യമില്ല, എല്ലാം നിങ്ങളുടെ നന്മയ്ക്കാണ്. ഞങ്ങളുടെ വീട്ടിലും വാപ്പയും ആങ്ങളമാരും ഉള്ളതാണ്. ഞങ്ങക്കുമുണ്ട് മൂപ്പെത്തിയ കാരണവമ്മാർ, ഞങ്ങളല്ലാതെ നിങ്ങളെ നോക്കാൻ മറ്റാരുണ്ട്… നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് അത്രമാത്രം പ്രധാനമാണ്…

#weprotectmen

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.