അനുസരണയുള്ള മക്കളായി വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കാനല്ലേ ഈ സഖാക്കളും സംഘികളും ഒക്കെ പെങ്കുട്ടികളോട് പറയുന്നത്.ഞാനൊക്കെ എന്റെ വീട്ടുകാര്ടെ വാക്കും കേട്ട് അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നെങ്കി പതിനേഴാം വയസില്‍ പത്താം ക്ലാസ് തോറ്റ വല്ലവനേം കെട്ടി, പിന്നാലെക്കും പിന്നാലെ അവന്റെ കുട്ടികളെ പെറ്റ്, അതിറ്റങ്ങളെ പോറ്റി, വീട്ടുപണിയെടുത്ത് നടു തകര്‍ന്ന്, വിരസമായ ജീവിതത്തെച്ചൊല്ലി നിരാശപ്പെട്ട് ചത്തപോലെ ജീവിക്കുകയോ അല്ലെങ്കി മടുപ്പ് സഹിക്കാതെ ചാവുകയോ തന്നെ ചെയ്തേനെ.അങ്ങനെ ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ നാടാണിത്. അല്ല എന്ന് പറയാന്‍ പറ്റോ? വീടുകള്‍ക്കകത്ത് ഒരുപകരണം പോലെ ആയിത്തീര്‍ന്ന ലക്ഷം ലക്ഷം സ്ത്രീകള്‍. ഓര്‍ക്കുമ്പോ ഒര് നടുക്കമാണ് നെഞ്ചത്ത് വരുന്നത്. ഞാനും അതിലൊരാളാകേണ്ടിയിരുന്നു. പക്ഷേ എന്റെ വിധി ഞാന്‍ തന്നെ ധൈര്യപൂര്‍വം തിരുത്തി.
പഠനത്തിന്റെ പേരില്‍ നാടും വീടും വിട്ട് എറങ്ങി. സത്യത്തില്‍ കല്യാണം എന്ന കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടുള്ള ഓട്ടമായിരുന്നു അത്.അന്ന് തൊട്ടാണ് ശരിക്കും ലൈഫ് എക്സ്പീരിയന്‍സ് ചെയ്തത്. നല്ലതോ ചീത്തതോ ആയ അനുഭവങ്ങളുടെയെല്ലാം ബാധ്യത സ്വയം ഏറ്റെടുത്ത് അതിന്നൊക്കെ ചെറുതും വലുതുമായ അറിവുകള്‍ നേടി ലൈഫിനെ പഠിച്ചതും അതീപ്പിന്നെയാണ്.ഇപ്പോ എന്റെ ശരികളെ അംഗീകരിക്കാന്‍ വീട്ടുകാര്‍ക്ക് പറ്റുന്നുണ്ട്. പെണ്മക്കള് തന്റേടത്തോടെ തനിയെ ജോലി ചെയ്ത് ജീവിക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളാറുണ്ട്. അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ അധികാരം പ്രയോഗിക്കുന്നത് വൃത്തികേടാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.
ഇതിലേക്കെല്ലാം എത്താന്‍ അവര്‍ക്കും എനിക്കും പല ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ പെണങ്ങിയിട്ടുണ്ട്, ഞാന്‍ അടിയും ചവിട്ടും തുപ്പും കൊണ്ടിട്ടുണ്ട്. എന്നെപ്പോലെ ഒരു പെണ്‍കുട്ടി കേള്‍ക്കാനിഷ്ടപ്പെടാത്ത തരം തെറിവിളികള്‍ കേട്ടിട്ടുണ്ട്.വീട്ടുകാരുടെ മാനസിക പിന്തുണയില്ലാതിരുന്ന കാലത്ത് എനിക്ക് സപ്പോര്‍ട്ട് തന്ന സുഹൃത്തുക്കളുണ്ട്. ഇപ്പോഴും എന്നെ താങ്ങുന്ന സുഹൃത്തുക്കളുണ്ട്. സൗഹൃദം തെരഞ്ഞെടുക്കുന്നതില്‍ എത്രയോ തവണ എനിക്ക് തെറ്റുപറ്റിയിട്ടുണ്ട്. തെറ്റ് പറ്റണം, എന്നാലേ നമ്മുടെ ശരി എന്താണെന്ന് നമുക്ക് ക്ലിയറാകൂ.പക്ഷേ, ഒരു സൗഹൃദക്കൂട്ടായ്മയിലും എനിക്ക് അപകടം പറ്റിയിട്ടില്ല. ആരും എന്നെ തൊടാന്‍ വന്നിട്ടില്ല. തൊടാന്‍ കിട്ടാത്തത് കൊണ്ട് അപവാദങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സ്വാഭാവികമല്ലേ? നമ്മുടെ വ്യക്തിത്വം അനുനസരിച്ചാണ് കൊറേയൊക്കെ ആളുകള്‍ നമ്മളോട് എടപെടുകയെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ചൂഷണം…. അത് വഴിയേ പറയാം.
എന്നെപ്പോലെ ഇങ്ങനെ എത്രയോ പെങ്കുട്ടികളുണ്ട്. വീട്ടുകാരുടെ വാക്ക് കേക്കാതെ ജീവിക്കാന്‍ എറങ്ങിപ്പൊറപ്പെടുന്നവര്, ഒരുപാട് ബുദ്ധിമുട്ടിയും പഴി കേട്ടുമാണ് നമ്മളൊക്കെ ഇതുപോലെ തനിയെ ജീവിക്കുന്നത്.നമ്മുടെയൊക്കെ ആത്മാഭിമാനത്തിനെയാണ് ഈ സദാചാരക്കമ്മറ്റിക്കാര് ഇന്‍സള്‍ട്ട് ചെയ്യുന്നത്… അതുകൊണ്ടാണ് ചോദ്യം ചെയ്യുന്നത്. അല്ലാതെ ആരെയും സംരക്ഷിക്കാനും സുഖിപ്പിക്കാനും അല്ല. അതിന്റെയൊന്നും ആവശ്യം ഇവിടെയുണ്ടെന്ന് തോന്നുന്നും ഇല്ല.രണ്ടുമൂന്ന് കാര്യം കൂടി. വീട്ടീന്ന് തന്നിഷ്ടപ്രകാരം എറങ്ങുന്നു എന്നതിനര്‍ത്ഥം നമ്മള് വെടിയാകുന്നു എന്നല്ല. Infact അങ്ങനെ എറങ്ങിപ്പോകുന്ന പെങ്കുട്ടികള് വെടികളാകാനുള്ള ചാന്‍സ് കൊറവാണെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ സ്വതന്ത്ര ലൈംഗികബന്ധങ്ങളുടെ കാര്യത്തില്‍ എനിക്ക് വ്യക്തിപരമായി ഒരു മോശവും തോന്നുന്നില്ല.
സുരക്ഷിതമായ ലൈംഗികത മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്. അത് ചെയ്യാത്തത് കൊണ്ടും, അതിനുള്ള അവസരം ഇല്ലാത്തത് കൊണ്ടും മനുഷ്യര്‍ എത്ര സമ്മര്‍ദ്ദത്തിലാകും എന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റുകളോട് പോയി ചോദിച്ചാ അവര്‍ പറഞ്ഞുതരും. അല്ലെങ്കി സ്വയം ചോദിച്ചാലും മതി.പിന്നെ പ്രായപൂര്‍ത്തിയായ ആണോ പെണ്ണോ ഉഭയ സമ്മതപ്രകാരം ലൈംഗികത ആസ്വദിക്കുന്നുണ്ടെങ്കില്‍ അതില്‍ മൂന്നാമതൊരാളുടെ മൂക്ക് ചൊറിയുന്നത് എന്തിനാണെന്ന് എനിക്കിപ്പോളും മനസിലാകുന്നില്ല. നല്ല അച്ചടക്കത്തോടെ ജീവിക്കുന്ന മാതൃകാ കുടുംബിനികളും കുടുംബനാഥന്മാരും അവിഹിതത്തില്‍ ഏര്‍പ്പെടുന്നില്ലേ? എനിക്ക് നേരിട്ടറിവുള്ള സംഗതിയാണിത്. അപ്പോ പിന്നെ വെറുതെ മറ്റുള്ളവരുടെ കാര്യത്തില്‍ എടപെടുന്നതെന്തിന്.ഇനി അവിഹിതത്തിലേര്പ്പെടാത്തവരാണെങ്കിലും മറ്റൊരു വ്യക്തിയുടെ സ്വകാര്യജീവിതത്തില്‍, പ്രത്യേകിച്ച് സെക്സ് പോലുള്ള അതിസ്വകാര്യമായ ഒര് സംഗതിയില്‍ അവര്‍ക്കെന്താണ് റോള്‍.
മുമ്പ് നാട്ടില്‍ വിവാഹിതയും അമ്മയുമായ ഒരു സ്ത്രീയുടെ ജാരനെ നാട്ടിലെ ആണുങ്ങള് ചേര്‍ന്ന് കെട്ടിയിട്ട് അടിച്ചപ്പോ ഞാന്‍ ഉമ്മാനോട് ചോദിച്ചതാണ് – എന്താ നാട്ടുകാരുടെ ബുദ്ധിമുട്ട് എന്ന്. അന്ന് വാപ്പ ഓടിപ്പാഞ്ഞ് വന്ന് മൊഖമടച്ച് ഒരടിയാണ്. ഞാന്‍ പിന്നെയും അതുതന്നെ ആവര്‍ത്തിച്ചു…. ഇന്നും എന്റെ ആ സംശയം എനിക്ക് ന്യായമായിട്ടാണ് തോന്നുന്നത്.(ഈ അടുത്ത കാലത്ത് അവിഹിതങ്ങളെ പറ്റി സംസാരിച്ചപ്പോ ഉമ്മ പറഞ്ഞത്, അതൊക്കെ ഓരോര്ത്തര്ടെ ഇഷ്ടോം തെരഞ്ഞെടുപ്പും അല്ലേ നമുക്കെന്ത് എന്നാണ്…. )
രണ്ട്…ഇനി, ലഹരിയുടെ കാര്യം. ഏത് തരം ലഹരിയും ആകട്ടേ അത് ഉപയോഗിക്കുന്ന വ്യക്തിയുടെ ചോയ്സല്ലേ. നശിക്കണോ വേണ്ടയോ എന്നൊരാള്‍ക്ക് സ്വയം തീരുമാനിച്ചൂടെ. അത് പറ്റില്ല നിങ്ങള്‍ നിര്‍ബന്ധമായും നന്നായേ പറ്റൂ എന്ന് മറ്റൊരാളോട് ശാഠ്യം പിടിക്കുന്നതെതിനാണ് !അങ്ങനെയാണെങ്കി ഈ നാട്ടില്‍ കള്ളോ സിഗററ്റോ ബീഡിയോ ഒന്നും വില്ക്കാന് പാടില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് സ്വന്തം താല്പര്യപ്രകാരം നശിക്കാം, വേറൊരു വിഭാഗത്തിന് അത് പാടില്ല, എന്നാണോ!, 🙂 നല്ല, മികച്ച നന്മയാണിത്. തീരെ കളങ്കമില്ല. വളരേ സത്യസന്ധമായ സ്നേഹമാണെന്നേ തോന്നുന്നുള്ളൂ…
മൂന്ന്….
ഇനി, മറ്റുള്ളവര്‍ ചതിയില്‍ പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന കാര്യം. വഴിയേ പറയാമെന്ന് നേരത്തേ പറഞ്ഞ കാര്യം. വീട്ടിനുള്ളില്‍ പെങ്കുട്ടികള് വന്‍ സുരക്ഷിതരാണല്ലോ അല്ലേ?? ആരാലും നോക്കാനും പറയാനും ഇല്ലാതെ വലിയൊരു കുടുംബത്തിനകത്ത് അലസമായി വളര്‍ന്ന ഒരാളാണ് ഞാന്‍. വീട് ഒരു പെണ്ണിന് അല്ലെങ്കി മുതിര്‍ന്ന സ്ത്രീക്ക് പോലും എത്ര സുരക്ഷിതമാണെന്ന് എനിക്കാരും പറഞ്ഞ് തരേണ്ട.വീട്ടിനകത്തും സ്കൂളിലും മദ്രസയിലും ബന്ധുവീട്ടിലും അയലോക്കത്തും ഒക്കെയായി എപ്പോഴെങ്കിലും സെക്ഷ്വലി ചൂഷണം ചെയ്യപ്പെടാത്ത ഒരൊറ്റ പെണ്ണിനെ…സത്യമാണ്….ഒരൊറ്റ പെണ്ണിനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഭര്‍ത്താവില്ലാത്ത നേരത്ത് എഴുപതുകാരനായ അമ്മായിയച്ഛന് ഓടിച്ചിട്ട് പിടിക്കുന്നത് പേടിച്ച് മുറിയടച്ച് ജീവിക്കേണ്ടി വന്ന ഒരുത്തിയുടെ കഥ കേട്ടത് കഴിഞ്ഞ ആഴ്ചയാണ്.ഡൊമസ്റ്റിക് വയലന്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ എന്താന്ന് ഒന്ന് ചെക്ക് ചെയ്ത് നോക്ക്. അപ്പോ അറിയാ വിവരം… എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. മെജോരിറ്റി ഡൊമസ്റ്റിക് വയലന്‍സും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നാണ് അടുത്ത കാലത്ത് വായിച്ച ഒര് പഠനത്തില്‍ കണ്ടത്.
പെങ്കുട്ടികള് എവിടേം സെയ്ഫല്ല.
വീട്ടിലും നാട്ടിലും പുറത്തും ഒന്നും. അല്പം തന്റേടവും കാര്യപ്രാപ്തിയും ഉണ്ടെങ്കി തട്ടിമുട്ടി നിന്നുപോകാം. ഏത് ചതിക്കുഴിയേയും ചാടിക്കടക്കാം. ഇതിനൊപ്പം തന്നെ നല്ലതിനേയും ചീത്തതിനേയും വേര്‍തിരിച്ച് മനസിലാക്കാനുള്ള പാകതയും വേണ്ടിവരും. അതാര്‍ക്കും പഠിപ്പിക്കാന്‍ പറ്റില്ല. അത് ജീവിച്ച് പഠിക്കുക തന്നെ വേണം.അതിന് പെങ്കുട്ടികളെ നേരെ ചൊവ്വേ ജീവിക്കാന്‍ സമ്മതിക്കണം. അല്ലാതെ നിങ്ങള്‍ നിങ്ങടെ ജീവിതത്തീന്ന് സമ്പാദിച്ച അറിവുകള്‍ അവരുടെ മേല്‍ അടിച്ചേല്പിക്കുകയല്ല വേണ്ടത്. സംയമനത്തോടെ ആ അറിവുകള്‍ അവര്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കാം. ബാക്കി അവര്‍ പഠിക്കട്ടേന്നേ. അതിന് വേണ്ടി ഇത്തിരി അനുഭവിക്കട്ടേന്നേ. അഞ്ച് രൂപേടെ ലോക്കല്‍ സോപ്പ് ഒന്നും അല്ലല്ലോ, അങ്ങനങ്ങ് തേഞ്ഞുതീരാന്‍.
അനുഭവത്തിക്കൂടി തന്നെയാണ് ലൈഫ് പഠിക്കേണ്ടത്. നന്നാകാനുള്ളത് നന്നാകും അല്ലാത്തത് അതിന്റെ വഴിക്കും. അങ്ങനൊക്കെത്തന്നെ അല്ലേ ഇവിടെ എല്ലാരും ജീവിക്കുന്നത്. പത്തരമാറ്റ് വിജയം കൈവരിച്ചവരാണോ നിങ്ങളൊക്കെയും.എന്തായാലും വല്ല വീട്ടുപകരണത്തിന്റേയും മട്ടില്‍ ജീവിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് ആത്മഹത്യയൊക്കെ.പിന്നെ ഇങ്ങനെ ആധി കൂട്ടി ആങ്ങളമാര് ഓടിനടക്കുന്നത് പെങ്ങമ്മാരോടുള്ള സ്നേഹം കൊണ്ടല്ല എന്നും, അതിന് പിന്നില്‍ ആങ്ങളമാര്‍ക്ക് ആങ്ങളമാരുടേതായ ഉദ്ദേശങ്ങളും താല്പര്യങ്ങളും ഉണ്ടെന്നും ഒട്ടും മനസിലാകുന്നില്ല കെട്ടോ. വി എസ് പറഞ്ഞ പോലെ, നമ്മളും അരിയാഹാരം കഴിക്കുന്നവരാണ് സഖാക്കളേ, ഒരുപാടങ്ങ് സംരക്ഷിക്കല്ലും നിങ്ങള്‍.(എന്റെ അനുവാദമില്ലാതെ ഫേസ്ബുക്കിനും വാട്ട്സ് ആപിനും പുറത്ത് ഈ പോസ്റ്റ് എടുത്ത് ആര് പബ്ലിഷ് ചെയ്താലും വിവരമറിയും. എന്റെ പേര് വച്ചിട്ടായാലും അല്ലാതെയും. പോസ്റ്റോ ഫോട്ടോയോ വാളില്‍ നിന്നെടുക്കുമ്പോ എന്റെ അനുവാദം വാങ്ങണം. വീഴുന്ന തേങ്ങയൊക്കെ പെറുക്കി വീട്ടില്‍ കൊണ്ടുപോയി കൂട്ടാന്‍ വെച്ച് തിന്നാന്‍ ഇത് പൊതു പറമ്പല്ല. )