തോക്കും കാക്കിയും ജയിലുകളും കൊണ്ട് ഞങ്ങളെ എതിരിടേണ്ടിവന്നത് താങ്കളുടെ രാഷ്ട്രീയം ദയനീയമായി തോറ്റുപോയിരിക്കുന്നത് കൊണ്ടാണ്

838

Hairunneesa P

ഒരു തരി ബഹുമാനം തോന്നാത്ത, ഒട്ടും പ്രിയങ്കരനല്ലാത്ത മി. നരേന്ദ്ര മോദി അറിയുന്നതിന് ഒരു ഇന്ത്യന്‍ പൗര എഴുതുന്നത്, നിങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മനുഷ്യവിരുദ്ധമാണെന്നും നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ, അല്ലേ ? ആ അറിവില്‍ നിന്നാണ് ഞാനുള്‍പ്പെടുന്ന അസംഖ്യം മനുഷ്യര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പൊലീസിനെ കൊണ്ട് തല്ലിച്ചും, വെടിവയ്പ് നടത്തിയും, ജയിലിലാക്കിയും താങ്കള്‍ താങ്കളുടെ അധികാരമുപയോഗിച്ച് ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

പ്രതിഷേധസ്വരവുമായി ഇറങ്ങിയ ഞങ്ങളെ തീവ്രവാദികളും മാവോയിസ്റ്റുകളുമായി ചാപ്പകുത്താന്‍ നോക്കി, ഇല്ലാത്ത തെളിവുണ്ടാക്കി പ്രതിഷേധക്കാര്‍ അക്രമികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, അതിന് പൊലീസിനെ കൂട്ടുപിടിച്ചു… താങ്കളുടെ പാര്‍ട്ടിക്ക് വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെല്ലാം സത്യാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് മി.മോദി.താങ്കളിച്ചെയ്യുന്നതെല്ലാം ജനാധിപത്യവിരുദ്ധമാണെന്ന് താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ, അല്ലേ? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പല നിറവും മണവും രുചികളും ഇവിടെ കാണും. പല വേഷവും ഭാഷയും സംസ്കാരങ്ങളും ഇവിടെയുണ്ടാകും. പലതുകള്‍ തമ്മില്‍ ഇവിടെ കൊടുക്കല്‍ വാങ്ങല്‍ നടക്കും. അങ്ങനെയാണ് ഈ രാജ്യം കൊല്ലക്കണക്കിന് കാലം കൊണ്ട് രൂപപ്പെട്ട് വന്നിരിക്കുന്നത്. അത് ഒരഞ്ചുവര്‍ഷത്തെ ഭരണകാലാവധി കൊണ്ട് മാറ്റിമറിക്കാനാണ് താങ്കളിപ്പോള്‍ ശ്രമിക്കുന്നത്, ഇന്ത്യന്‍ ജനതയോടും ഈ മണ്ണിനോടും അതിന്റെ ആത്മാവിനോടുമുള്ള ചതിയാണിതെന്ന് താങ്കള്‍ക്ക് അറിവുണ്ടായിരിക്കുമല്ലോ, അല്ലേ ?

ഇങ്ങനെ പലതുകളായി നിലനില്‍ക്കുന്ന ഒരു നാട്ടില്‍, ഒരു പ്രത്യേക വിഭാഗത്തെ (മുസ്ലീങ്ങള്‍) തെരഞ്ഞെടുത്ത്, അവരെ അന്യരായി ചിത്രീകരിച്ച്, അവരുടെ വേരുകളെ ചോദ്യം ചെയ്ത്, അതിനായി നിയമമുണ്ടാക്കി, ആ നിയമത്തെ അടിച്ചേല്‍പിക്കുകയാണ് താങ്കള്‍. അതിന് ഭരണഘടനാപരമായി താങ്കള്‍ക്ക് അവകാശമില്ലെന്ന് താങ്കള്‍ക്ക് ബോധ്യമുണ്ടായിരിക്കുമല്ലോ അല്ലേ? അത്തരം ഏകാധിപത്യ നടപടികളിലേക്ക് താങ്കള്‍ നീങ്ങുമ്പോള്‍ ഭരണഘടനയേയും, അതിന്റെ ദര്‍ശനങ്ങളേയും, അവയ്ക്ക് രൂപം നല്‍കിയ ദൈവതുല്യനായ അംബേദ്കറേയും, ഇന്ത്യന്‍ മണ്ണിന്റെ ചരിത്രത്തേയും, അതിന്റെ ജൈവികമായ മതേതര സ്വഭാവത്തേയും, താങ്കളിപ്പോള്‍ അന്യരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും തീവ്രവാദികളെന്നും മുദ്ര കുത്തുന്ന മുസ്ലീങ്ങളുടെ ആത്മാഭിമാനത്തേയും, അവരുടെ സ്വത്വത്തേയും ഉയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്.

എത്ര മനോഹരവും മാനവികവും ആണ് ഞങ്ങളുടെ ഐക്യവും പ്രതിഷേധവുമെന്ന് താങ്കളും താങ്കളുടെ ആഭ്യന്തരമന്ത്രിയും കണ്ട്, അനുഭവിച്ചറിഞ്ഞിരിക്കുമല്ലോ, അല്ലേ ? അതിനെ നേരിടാന്‍ പിന്നെയും താങ്കള്‍ അക്രമത്തിന്റെ പാത തന്നെ തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിലും ഒരു നേതാവെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയില്‍ പോലും എന്തൊരു നാണം കെട്ട പരാജയമാണെന്ന് താങ്കള്‍ മനസിലാക്കിയിട്ടുണ്ടായിരിക്കുമല്ലോ, അല്ലേ ? ഇത്രയുമൊക്കെ നടക്കുമ്പോഴും താങ്കള്‍ വെറുമൊരു പ്രാദേശിക സംഘ് നേതാവിനെ പോലെ രാംലീല മൈതാനത്ത് വന്ന്, പതിവുപോലെ ഉത്തരവാദിത്തബോധമില്ലാതെ കള്ളങ്ങള്‍ പറയുകയും, കപട വൈകാരികത കാണിക്കുകയും ചെയ്തു, അതും ഹിറ്റ്ലറുടെ പ്രസംഗത്തിന്റെ ഈച്ചക്കോപ്പി.

എന്താണ് മി.മോദി, താങ്കള്‍ നിന്ന നില്‍പില്‍ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കള്‍ തിരിച്ചറിയാത്തത്? എത്ര പരിതാപകരമാണ് ആ അവസ്ഥ! താങ്കളുടെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തെപ്പോലും ജനാധിപത്യപരമായി ചോദ്യം ചെയ്തവരാണ് ഞങ്ങള്‍. ഞങ്ങളോട് താങ്കള്‍ രാഷ്ട്രീയം കൊണ്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. തോക്കും കാക്കിയും ജയിലുകളും കൊണ്ട് ഞങ്ങളെ എതിരിടേണ്ടിവന്നത് താങ്കളുടെ രാഷ്ട്രീയം ദയനീയമായി തോറ്റുപോയിരിക്കുന്നത് കൊണ്ടാണ്.ഞങ്ങളുടെ ആധികളും, ആശങ്കകളും, ഭയവും, പ്രതിസന്ധികളും, ചോദ്യങ്ങളും സ്നേഹപൂര്‍വ്വം ദുരീകരിക്കുകയെന്നതാണ് താങ്കളുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ചെയ്യേണ്ടിയിരുന്നത്. അതില്‍ താങ്കള്‍ പരാജയപ്പെട്ടുവെന്ന വസ്തുത താങ്കള്‍ മനസിലാക്കുന്നുണ്ടായിരിക്കും, അല്ലേ ? ഞങ്ങള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്.

എന്താണ് ഞങ്ങളുടെ രാജ്യത്തെ മുസ്ലീങ്ങളുടെ അവസ്ഥ ? ഞങ്ങളുടെ രാജ്യത്തെ മതേതരത്വത്തെ പരസ്യമായി ചോദ്യം ചെയ്ത താങ്കളും, താങ്കളുടെ ഇഷ്ടക്കാരും ന്യായപരമായി എങ്ങനെയാണ് ഇപ്പോഴും അധികാരികളായി നില കൊള്ളുന്നത് ? എന്താണ് ഞങ്ങളുടെ രാജ്യത്തെ സമ്പദ്ഘടനയുടെ അവസ്ഥ? ഞങ്ങളുടെ തൊഴില്‍ പ്രതിസന്ധികളെന്തായി? എവിടെ താങ്കള്‍ പറഞ്ഞ കള്ളപ്പണക്കാര്‍? എവിടെ അവരുടെ ലിസ്റ്റ്? സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാര്‍ ആരൊക്കെയാണ്? കശ്മീര്‍ ഇന്ത്യയുടെ ഭാഗമെങ്കില്‍ അവിടെ നടക്കുന്നത് എന്താണ് ? ഡിജിറ്റല്‍ ഇന്ത്യ എന്ന് പരസ്യപ്പെടുത്തി ഭരണത്തില്‍ക്കയറിയ താങ്കളെന്തിനാണ് ലോകത്തില്‍ ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ച രാജ്യമാക്കി ഇന്ത്യയെ നാണം കെടുത്തിയത് ? ജനങ്ങളുടെ ആശയവിനിമയങ്ങളെയും ആവിഷ്കാരങ്ങളെയും താങ്കളും താങ്കളുടെ കൂട്ടാളികളും ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?

ടൂറിസ്റ്റ് വിസയില്‍ വന്ന് രാഷ്ട്രീയ പ്രതിഷേധത്തിന് പങ്കെടുത്തുവെന്ന കാരണത്താല്‍ വിദേശവനിതയോട് രാജ്യം വിട്ടുപോകാന്‍ പറയുന്ന, അത്രയും സൂക്ഷമതയുള്ള ഭരണമാണ് താങ്കളുടേതെങ്കില്‍ ചോദിക്കട്ടെ, എവിടെ മൂന്ന് വര്‍ഷം മുമ്പ് കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ്? താങ്കള്‍ ഇഷ്ടപ്പടി മെനഞ്ഞെടുത്ത നിയമത്തെ തികച്ചും ജനാധിപത്യപരമായി ചോദ്യം ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെന്താ ജാമ്യമില്ലാത്തത് ? അയാള്‍ ചെയ്ത കുറ്റമെന്താണ്?  ഉത്തര്‍പ്രദേശില്‍ ഔദ്യോഗിക കണക്ക് പ്രകാരം 19 പേരെയാണ് താങ്കളുടെ അടുപ്പക്കാരനായ ആദിത്യനാഥിന്റെ പൊലീസ് തെരുവില്‍ കൊന്നിട്ടത്.

ഒരു മനുഷ്യന്റെ തോളില്‍, അവന്‍ കുറ്റവാളിയാണെങ്കില്‍ പോലും ബലമായി കൈ വയ്ക്കാന്‍ പോലും മറ്റൊരു മനുഷ്യന് ഇന്ത്യന്‍ നിയമസംവിധാനത്തില്‍ അധികാരമില്ല. അങ്ങനെ ചെയ്താല്‍ ഏത് പൊലീസുകാരനും, ഏത് മുഖ്യമന്ത്രിയും എന്തിന് പ്രധാനമന്ത്രിപദം അലങ്കരിച്ച് വൃത്തികേടാക്കിയിരിക്കുന്ന താങ്കള്‍ പോലും പ്രതിയാകേണ്ടി വരുന്ന സംവിധാനമാണ്. അപ്പോള്‍ ആദിത്യനാഥിനെതിരെ എന്ത് നടപടിയുണ്ട്?

ഒന്നും വേണ്ട, താങ്കള്‍ എട്ടാം ക്ലാസ് വരെയേ സ്കൂളില്‍ പോയിട്ടുള്ളൂവെന്ന് താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് താങ്കളുടെ കയ്യില്‍ ബിരുദ സര്‍ട്ഫിക്കറ്റുണ്ടാകുന്നത് ??? ഇന്ത്യയിലെ എല്‍ പി സ്കൂള്‍ കുട്ടികള്‍ വരെ പോസ്റ്ററെഴുതി ചോദിക്കുന്നു, താങ്കളുടെ ഇല്ലാത്ത സര്‍ട്ഫിക്കറ്റ് മി. മോദി.അഞ്ചേ അഞ്ച് വര്‍ഷത്തേക്ക് ഞങ്ങളുടെ കാര്യങ്ങള്‍ നോക്കിനടത്തി, ഞങ്ങളെ സേവിക്കുക എന്നതാണ് താങ്കളുടെ ജോലി. അതിലധികമുള്ള ജോലി താങ്കള്‍ ചെയ്യേണ്ടതില്ല.

എന്റെ പിതാവിനെയും, അദ്ദേഹത്തിന്റെ പിതാവിനെയും, അദ്ദേഹത്തിന്റെ പിതാക്കന്മാരേയും അവരുടെ ഉമ്മമാര്‍ പെറ്റിട്ടത് ഈ മണ്ണിലാണ്. അതിന്റെ തെളിവ്, ഇന്ന് ജീവനോടെയിരിക്കുന്ന ഞാന്‍ തന്നെയാണ്. എന്റെ ഞരമ്പിലോടുന്ന ചോരയാണ്. എന്റെ ഓരോ കോശങ്ങളും അതിലെ ജീവനും ശ്വാസവുമാണ്. പ്രബലരായ സുല്‍ത്താന്മാര്‍ പരസ്പരം പോരടിച്ച് ബലം തെളിയിച്ചിട്ടുള്ള മണ്ണാണ് ഇത്. കണക്കും കച്ചവടവും കൈമുതലാക്കിയ കാരണവന്മാരാണ് എന്റേത്, എന്റെ പാരമ്പര്യത്തെക്കുറിച്ച് ഇതിലും ഊറ്റം കൊള്ളാനെനിക്കറിയാം.

പക്ഷേ ഞാനത് ചെയ്യാത്തത്, ഞാനും നിങ്ങളുമടങ്ങുന്ന ആധുനിക മനുഷ്യന്റെ പിറവി ആഫ്രിക്കയില്‍ നിന്നാണെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെ മാനിക്കുന്നത് കൊണ്ടാണ്. അല്ലെങ്കിലും ആരാണ് മി.മോദി മണ്ണിന്റെ യഥാര്‍ത്ഥ ഉടമകള്‍? അങ്ങനെ ഉദാത്തരായ ഉടമകള്‍ ഏത് മണ്ണിനാണ് ഉള്ളത്? വന്നുകൂടിയവരും, കൂടിക്കലര്‍ന്നവരും ചേക്കേറിയവരും തന്നെയല്ലേ എല്ലാവരും ? എട്ടാം ക്ലാസ് വരെ പഠിച്ച ഒരാള്‍ക്ക് മനുഷ്യന്റെ ചരിത്രത്തെപ്പറ്റി അറിയുമായിരിക്കുമല്ലോ അല്ലേ ? അങ്ങനെയിരിക്കെ ജീവനോടെയുള്ള മനുഷ്യരോട് അവര്‍ ആരെന്ന് തെളിയിക്കാനുള്ള രേഖകള്‍ ചോദിക്കുന്നതിന്റെ അടിസ്ഥാനം എന്തൊരു ശൂന്യതയാണ്!

അല്ലെങ്കില്‍ത്തന്നെ അങ്ങനെ തെളിവുകള്‍ ചോദിക്കാന്‍ താങ്കള്‍ ആരാണ്? എന്താണ് താങ്കളുടെ ചരിത്രം? തിരിച്ചും ഇതുപോലെ ചോദ്യം ചോദിക്കാനുള്ള അധികാരം ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട്. അതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്, അക്കാര്യം താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ, അല്ലേ ?? അപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, നാക്ക് പിഴുതിടുന്നതും, നാക്കിന് വിലങ്ങിടുന്നതും ജനാധിപത്യവിരുദ്ധം ആകുമല്ലോ.അങ്ങനെയെങ്കില്‍ താങ്കള്‍ ലോകം കണ്ട ജനാധിപത്യവിരുദ്ധനായ നേതാവും മനുഷ്യനുമാണ്. അത്തരത്തിലൊരാളെ എന്റെ ഭരണാധികാരിയായി കാണാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ജനത്തോട് കള്ളം പറഞ്ഞും എത്ര നാണം കെട്ടും അക്രമം നടത്തിയും അധികാരത്തില്‍ തുടരുക തന്നെ എന്ന് തീരുമാനിക്കുന്നിടത്ത് ഒരു നേതാവ് മരിക്കുകയാണ്. പിന്നെ ബോധം മറിഞ്ഞുപോയ കേവല മനുഷ്യനാണയാള്‍. താങ്കള്‍ അത്തരത്തിലുള്ള ഒരാളാണ്.ആയതിനാല്‍, ഇത്രയും അനര്‍ഹനായ താങ്കള്‍ ആ കസേരയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഞാന്‍ പറയുന്നു. അത്രമാത്രം, എന്ന് ഒരു ഇന്ത്യന്‍ പൗര.
ഒപ്പ്
#downbjpsarkar
#downfascistrulers
#caa
#nrc
#releaseazad
#whereisnajeeb
#justiceforkashmir