ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം

380

Hairunneesa P

(വികാരജീവികള്‍ക്ക് വായിക്കാനുള്ള പോസ്റ്റല്ല. നിങ്ങളെക്കൊണ്ട് മടുത്തിട്ടും, നിങ്ങടെ വികാരപ്രകടനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞിട്ടും എഴുതുന്നതാണ്.. അതോണ്ട്, വികാരജീവികള്‍ മിണ്ടിപ്പോകരുത്)

ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം. അത് അവള്‍ തന്നെ എഴുതിവച്ചിട്ടും ഉണ്ട്. അവളുടെ വീട്ടുകാരും അതുതന്നെയാണ് പറയുന്നത്. അഥവാ അവളും വീട്ടുകാരും ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഫാത്തിമയുടെ മരണം, ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ നമുക്ക് വായിക്കേണ്ടി വന്നേനേ.

ഇതിന് മുമ്പ് സമാനമായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത ഒരു മരണം രോഹിത് വെമുലയുടേതായിരുന്നു. ഇതിനൊയൊക്കെ ആത്മഹത്യയായി കാണുകയും, മറ്റ് മാര്‍ഗങ്ങളില്ലാതെ അവര്‍ക്കത് ചെയ്യേണ്ടിവന്നുവെന്ന് പിന്നെയും പിന്നെയും ആവര്‍ത്തിച്ച്, മരിച്ചവരെ ഐക്കണാക്കി സെറ്റ് ചെയ്യുന്നതും വളരെയധികം അപകടം പിടിച്ച പ്രവണതയായിട്ടാണ് എനിക്ക് തോന്നുന്നത്.

ഫാത്തിമ പോയി, അല്ലെങ്കില്‍ രോഹിത് വെമുല പോയി. അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അവര്‍ മരണം തെരഞ്ഞെടുക്കില്ലായിരുന്നു. സ്വാഭാവികം!

മുന്നില്‍ ഒരു പ്രതിസന്ധി വരുമ്പോഴേക്ക് ആത്മഹത്യ ചെയ്യുന്നയത്രയും മനക്കട്ടിയില്ലാത്തവരാണ് പുതുതലമുറക്കാര്‍ എന്ന ഊ-ത്ത മാനസിക വിലയിരുത്തലല്ല നടത്തുന്നത്. പറയുന്നത് എന്താണ് എന്ന് ദയവുചെയ്ത് ശ്രദ്ധിച്ചുകേള്‍ക്കുക. കേട്ട ശേഷം വിയോജിക്കാം, അല്ലാതെ വൈകാരികമായി വെറുതെ രോഷം കൊണ്ടിട്ട് കാര്യമില്ല.

ഫാത്തിമയ്‌ക്കോ രോഹിത്തിനോ മുന്നില്‍ വന്ന പ്രതിസന്ധി ഒരു ദിവസം പുലര്‍ച്ചെ പെട്ടെന്ന് പൊട്ടിമുളച്ച പ്രതിസന്ധിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയില്‍ ജാതിക്കൊല നടക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടിവരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം എവിടെ എന്ന് ചോദിച്ച് വന്നാ, ഒരു പച്ചച്ചിരിയാണ് മറുപടി.

കാരണം, എല്ലാ ദിവസവും എവിടെയെങ്കിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇവിടെ കേരളത്തില്‍ നടക്കുന്ന ഒരു ‘ക്രൈം’ നാഷണല്‍ മീഡിയയില്‍ ഇടം നേടണമെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ, എത്ര സംഭവത്തിന് ശേഷമായിരിക്കും ഒരെണ്ണം അങ്ങനെ കത്തിക്കയറുന്നത്.

അപ്പോള്‍ നമ്മള്‍ കാണുന്ന റിപ്പോര്‍ട്ടുകള്‍ക്കപ്പുറത്തെ കാഴ്ചകളുടെ തീവ്രത ഒന്നാലോചിച്ച് നോക്കൂ…

ഇനി ഇത്തരം വാര്‍ത്തകളൊന്നും നിങ്ങള്‍ കാണുന്നില്ല എന്നാണെങ്കില്‍ അത് നിങ്ങളുടെ കാഴ്ചയുടെ കുഴപ്പം മാത്രമാണ്. എവിടെയാണ് ജീവിക്കുന്നത്, എന്താണ് ചുറ്റിലുമുള്ളത്… അവിടെ എങ്ങനെയാണ് നിന്നുപോകേണ്ടത് എന്നെല്ലാം ഓരോ മനുഷ്യനും സ്വയം കണ്ടെത്തിപ്പോകല്‍ നിര്‍ബന്ധമാണ്.

നന്നായി പഠിച്ചാ, നല്ല ജോലി കിട്ടും, നല്ല വരനെ കിട്ടും, നല്ല വധുവിനെ കിട്ടും, ജീവിതം സെറ്റിലാകും, അതോണ്ട് ഒന്നും നോക്കണ്ട- മിണ്ടാതെ പഠിച്ചോ എന്നുപറഞ്ഞ് മക്കളെ വളര്‍ത്തരുത്. കാരണം പഠിക്കാന്‍ പോകുന്നിടത്തും ജോലി ചെയ്യുന്നിടത്തും, കൂട്ടുകാര്‍ക്കിടയിലും, മറ്റെവിടെയും എപ്പോള്‍ വേണമെങ്കിലും നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരാം. ആ എന്‍കൗണ്ടറിന് അവര്‍ പ്രാപ്തരായേ പറ്റൂ. (നിര്‍ബന്ധബുദ്ധിയാണ്, അല്ലാതെ ഓപ്ഷണല്‍ അല്ല)

ദുര്‍ബലരായ മനുഷ്യരുണ്ട്, എന്ത് പറഞ്ഞാലും എത്ര കൊണ്ടാലും ഫൈറ്റ് ചെയ്യാന്‍ പറ്റാത്തവരുണ്ട്. അവരെ വിട്, പക്ഷേ ഫൈറ്റ് ചെയ്താല്‍ ഒരുപക്ഷേ പരിപൂര്‍ണ്ണമായും വിജയിക്കാന്‍ സാധ്യതയുള്ളവരെ കൂടി ഒതുക്കുന്നതാണ് ഇപ്പോഴുള്ള നിങ്ങളുടെ ശിക്ഷണവും, നിങ്ങള്‍ നടത്തുന്ന ക്യാംപയിനുകളും…

അതാര്‍ക്കാണ് ഉപകാരപ്പെടുക എന്ന് ഞാന്‍ എന്റെ വായ കൊണ്ട് പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല!

രക്തസാക്ഷിയാകാന്‍ അല്ല നമ്മുടെ മക്കളെ പ്രേരിപ്പിക്കേണ്ടത്. രക്തസാക്ഷിയാകാതിരിക്കാനാണ് പ്രേരിപ്പിക്കേണ്ടത്.

മരിച്ചവര്‍ക്ക് നിങ്ങളുടെ നീതി ആവശ്യമില്ല, എന്നാലോ ജീവിച്ചിരിക്കുന്നവര്‍ക്ക് അത് വേണം… വേണം എന്നല്ല, കിട്ടിയേ തീരൂ. ഫാത്തിമയുടേതും രോഹിത്ത് വെമുലയുടേതും വംശഹത്യയോട് ചേര്‍ത്തുവായിക്കാവുന്ന മരണങ്ങളാണ്. അങ്ങനെ ഇനിയും മരണങ്ങള്‍ സംഭവിക്കുന്നത് രാഷ്ട്രീയമായി ആരോഗ്യകരമായ അവസ്ഥ ആയിരിക്കില്ല.

രോഷമോ, അഭിമാനമോ, ധാര്‍മ്മികതയോ അല്ല പ്രതിരോധമാണ് മക്കളെ പഠിപ്പിക്കേണ്ടത്. ഇല്ലാത്ത മതേതരത്വവും ഇല്ലാത്ത നന്മകളും ഇല്ലാത്ത സ്‌നേഹങ്ങളും ദയവുചെയ്ത് നിങ്ങളവരെ പഠിപ്പിക്കരുത്. എന്നിട്ട് അവരെക്കൊണ്ട് അതിജീവിക്കാന്‍ പറ്റാത്ത ആക്രമണങ്ങളിലേക്ക് അവരെ ഇട്ടുകൊടുക്കരുത്. ചോദ്യം ചോദിക്കാനും, ചിന്തിക്കാനും, ലോകത്തിലേക്ക് തുറന്നുവിട്ട് ലോകത്തെ പഠിക്കാനും അവരെ പരിശീലിപ്പിക്കണം.

ഇതെല്ലാം കടന്നും അവര്‍ക്ക് മരണം തെരഞ്ഞെടുക്കേണ്ടിവന്നു എങ്കില്‍ അഭിമാനത്തോടെ അവരെ ഷഹീദുകളായി കണക്കാക്കണം…