ഇങ്ങനെയൊക്കെ ഇഷ്ടം പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ‘കാഴ്ച’ വെക്കുന്നുണ്ടാകും

119

Hairunneesa P

*കഠിനംകുളത്ത് ഭര്‍ത്താവ് കൂട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത കേട്ടപ്പോ എനിക്ക് തോന്നിയത് എന്താന്നോ. ഇങ്ങനെയൊക്കെ ഇഷ്ടം പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ‘കാഴ്ച’ വെക്കുന്നുണ്ടാകും. വില്‍ക്കുന്നുണ്ടാകും, ഇതിനൊന്നും സമ്മതിച്ചില്ലെങ്കില്‍ തല്ലി പരിപ്പ് എളക്കുകയോ കൊന്ന് കുഴിച്ചുമൂടുകയോ ചെയ്യുന്നുണ്ടാകും.
ആരാണ് ഇതൊക്കെ അറിയാന്‍ പോകുന്നത്!

ഒന്നാമത്, അച്ഛന്‍/വാപ്പ/ അപ്പന്‍ കഴിഞ്ഞാല്‍ പിന്നെ സ്ത്രീയുടെ കസ്റ്റോഡിയന്‍ ഭര്‍ത്താവാണ്. ഭര്‍ത്താവിന്റെ കൂടെ എത്ര ദുരൂഹമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടാലും നാട്ടുകാര് പൊതുവേ ഇടപെടില്ല. അത് അവരുടെ കുടുംബകാര്യം എന്ന തരത്തിലാണ് കണക്കാക്കുക. അതാണ് ഏറ്റവും അപകടവും.

എന്റെ ഭര്‍ത്താവ് എന്നെ അപകടപ്പെടുത്തുന്നു എന്ന് ഒരു ഭാര്യ പറയുകയും, ഏയ് അവള്‍ വെറുതെ പറയുന്നതാണ് അവള്‍ക്ക് മാനസികരോഗമാണ് എന്ന് ഭര്‍ത്താവ് പറയുകയും ചെയ്താല്‍- സംശയം വേണ്ട ഈ സമൂഹം ഭര്‍ത്താവിനോടൊപ്പമേ നിക്കൂ. തന്റെ നിവൃത്തികേട് സ്ഥാപിച്ചെടുക്കാന്‍ പിന്നെ ആ സ്ത്രീ മെനക്കെടേണ്ടി വരും. ഭര്‍ത്താവിന് ആ വക ബാധ്യതകളൊന്നുമില്ല. അയാള്‍ -നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനായി -എന്ന് പറയുന്നത് പോലെ, ജന്മനാ വിശ്വാസ്യനാണ്. ഭാര്യ തെളിവുകള്‍ നിരത്തി സംഭവം സ്ഥാപിച്ചെടുക്കുന്നത് വരേയും താന്‍ പറയുന്നത് തെളിയിക്കാനുള്ള ബാധ്യത അയാള്‍ക്കില്ല.

ഇങ്ങനെ പീഡനങ്ങളെക്കുറിച്ച് പുറത്തുപറയാനും, അത് വലിയ പ്രശ്‌നമാക്കാനും, സ്ഥാപിച്ചെടുക്കാനും, ജന്മനാ ‘ശക്തനായ’ ആണിനോട് പോരാടാനും, അയാളുടേത് മാത്രമായിരിക്കുന്ന വ്യവസ്ഥിതി ഉയര്‍ത്തുന്ന എല്ലാ ചോദ്യം ചെയ്യലുകള്‍ക്കും സംയമനത്തോടെ മറുപടി പറയാനും ഒക്കെ എത്ര പെണ്ണുങ്ങള്‍ക്ക് പറ്റും!!!! അതിലും ഒക്കെ ഭേദം ഈ പീഡനമാണെന്ന് ചിന്തിക്കുന്നവര്‍ വരെയുണ്ടാകാം…

ഒരു കാര്യം എനിക്കുറപ്പാണ്. വിവാഹിതരായ സ്ത്രീകള്‍ ഏല്‍ക്കുന്ന അബ്യൂസുകളാണ് ഏറ്റവും അതിഭയങ്കരമായിട്ടുള്ളത്. രണ്ട് കുടുംബങ്ങളുടെ അന്തസ് അവളുടെ കയ്യിലായിരിക്കും. അത് കളഞ്ഞുകുളിച്ച ശേഷം സ്വസ്ഥമായി ജീവിക്കാന്‍ അവള്‍ക്ക് പറ്റുമോ? വിവാഹമോചനം കഴിഞ്ഞ സ്ത്രീകള്‍ക്ക് പോലും ഇവിടെ നേരെ ചൊവ്വേ ജീവിക്കാന്‍ പറ്റുന്നില്ല. പിന്നെയാണ് ഇത്.
കഴിഞ്ഞ മാസം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന ഭര്‍ത്താവിനെക്കുറിച്ച് നമ്മള്‍ കേട്ടില്ലേ. ഇതുപോലെ എത്ര പാമ്പുകടി മരണങ്ങളും, മുങ്ങി മരണങ്ങളും, ഗ്യാസ് പൊട്ടിത്തെറിച്ച മരണങ്ങളുമൊക്കെ നിശബ്ദമായി, തീര്‍ത്തും സ്വാഭാവികമായി നമ്മളെ കടന്നുപോയിക്കാണും.

എന്തായാലും സങ്കല്‍പിക്കാവുന്നതിലും അധികവും, തീവ്രതയുള്ളതുമായ ക്രൈമുകള്‍ ഈ സമൂഹത്തില്‍ നടക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. പിടിക്കപ്പെടുന്നതിനെക്കാള്‍ എന്തുകൊണ്ടും കൂടുതലായിരിക്കും പിടിക്കപ്പെടാത്ത കുറ്റങ്ങള്‍… ഒരു കുറ്റം പിടിക്കപ്പെടുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് അയാള്‍ക്ക് അതിനുള്ള പ്രേരണ കിട്ടിയത് എവിടെ നിന്നായിരിക്കും എന്നാണ്. അത് അയാള്‍ടെ മനസില്‍ നിന്ന് തന്നെയാണെങ്കിലും അതിനുമുണ്ടാകില്ലേ ഒരു പശ്ചാത്തലം!

അപ്പോ ആ കുറ്റമോ, അതിനോട് അനുബന്ധമായ ഒരു കുറ്റമോ, അതിലെക്കെല്ലാം അയാളെയോ, നമ്മളെയോ എത്തിക്കുന്ന പ്രേരകഘടമോ നേരത്തേ ഇവിടെയുണ്ട്.ഇന്നാട്ടിലെ നീതിന്യായ വ്യവസ്ഥയോ, പൊലീസോ, ഭരണാധികാരികളോ, സമൂഹം എന്ന് പറയപ്പെടുന്ന ആള്‍ക്കൂട്ടമോ, അവരുടെ നേതാക്കളായി നടക്കുന്ന രാഷ്ട്രീയക്കാരോ, എന്തിനധികം- മരിച്ചവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ നടക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകള്‍ പോലും ഒരിക്കലും ഈ വിഷയങ്ങളെ അഡ്രസ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല.

വളരെ – വളരെ- ചുരുക്കം ആളുകള്‍ ഇതെല്ലാം പറയുന്നത് കേള്‍ക്കാം. പക്ഷേ ദൈവം സഹായിച്ച് അത് ശ്രദ്ധിക്കാന്‍ മിക്കവരും താല്‍പര്യപ്പെടാറും ഇല്ല. പറഞ്ഞവര്‍ വീണ്ടും വീണ്ടും അതുതന്നെ പറയും. എക്കാലവും ഈ വാദങ്ങളുണ്ടായിരുന്നിരിക്കുമെന്നും അത് ഇതുപോലൊക്കെ തണുത്തും താഴ്ന്നും ആരുടേയും കണ്ണിലും കാതിലും പെടാതെ മങ്ങിപ്പോയിരിക്കും എന്നും ഞാന്‍ കരുതുന്നു.
സത്യത്തില്‍ നിലവിലെ അവസ്ഥ എന്ന് പറയുന്നത് നമ്മുടെ ചോയ്‌സ് തന്നെയാണ്. നമുക്കിതാണ് സൗകര്യം…
ഇപ്പോ പെണ്ണുങ്ങളുടെ കേസ് പറയുകാണെങ്കില്‍, മണ്ണ്- പെണ്ണ്- ധനം എന്നാണല്ലോ വെയ്പ്. മണ്ണും ധനവും പോലെ മറ്റൊരു അസറ്റാണ് പെണ്ണ്. എന്നുവച്ചാ മണ്ണും ധനവും കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യാനുള്ള ഒരു ‘മുതല്‍’. അപ്പോ പിന്നെ ക്രയവിക്രയങ്ങളൊക്കെ സ്വാഭാവികം.
അല്ലേ?

അതാണ് സൗകര്യം എന്ന് പറഞ്ഞത്. കുറ്റങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ സമൂഹം തന്നെ ഒരുക്കിക്കൊടുക്കുക. അതിന്റെടേല്‍ വല്ലപ്പോഴും ഇതുപോലെ വല്ലവരും പിടിക്കപ്പെടുമ്പോള്‍, എല്ലാവര്‍ക്കും കൂടി അയാളെ വിചാരണ ചെയ്യുകയും തെറി വിളിക്കുകയും കല്ലെറിയുകയും ചെയ്യാം. അതോടെ എല്ലാവരും നന്മയുടെയും നീതിയുടേയും സമത്വത്തിന്റേയും വക്താക്കളുമായി. ഏത് കുറ്റത്തിന്റെ കാര്യവും ഇതൊക്കെ തന്നെ. പല നാള്‍ കള്ളന്മാരില്‍ -ഒരുനാള്‍ ഒരു കള്ളന്‍ പിടിക്കപ്പെടുന്നു. അയാളെ എല്ലാരും കൂടി പഞ്ഞിക്കിടുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറ്റവാസനകളും അതില്‍ രഹസ്യമായി മുങ്ങിക്കിടക്കുന്നു.

സമൂഹം മാറണമെന്നല്ല കെട്ടോ, ഇത്രയും പ്രസംഗിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയൊരു ആശയം തന്നെ എനിക്കില്ല. ഇങ്ങനെയെല്ലാം ഞാന്‍ ചിന്തിക്കുന്നു, എന്ന് പറഞ്ഞതാണ്. അല്ലെങ്കിലും ഇവിടെയിപ്പോ ആര്‍ക്കും വിവരമില്ല എന്ന് എനിക്ക് അഭിപ്രായല്ല. എല്ലാവര്‍ക്കും നല്ല വിവരമാണ്. അത് കൂടിയതിന്റെ കൊഴപ്പമേയുള്ളൂ.

*കഠിനം കുളത്തെ കേസ് കേട്ടതേയുള്ളൂ, അതിന്റെ സത്യാവസ്ഥയൊന്നും എനിക്ക് അറിയില്ല. വാര്‍ത്തകളിക്കൂടി അറിഞ്ഞു. അത്ര തന്നെ., ഒരുദാഹരണമായി പറഞ്ഞു എന്ന് മാത്രം.

Advertisements